അഹന്താസുരന്റെ സ്വപ്ന വിചാരം
Saturday 12 October 2019 1:14 am IST
ശ്രീഗണേശന് ധൂമ്രവര്‍ണന്‍ എന്നൊരു അവതാര രൂപം കൈകൊണ്ടിരിക്കുന്നു എന്ന് ശ്രീനാരദന്‍ വ്യക്തമാക്കി. ധൂമ്രവര്‍ണന്‍ എന്ന പേരുകേട്ടപ്പോള്‍ തന്നെ അഹന്താസുരന്‍ ചാടി എഴുന്നേറ്റു. പക്ഷേ കാലുറച്ചില്ല. തലകറങ്ങി താഴെ വീണു. അസുരവീരന്മാര് അഹന്താസുരനെ താങ്ങിപ്പിടിച്ച് സിംഹാസനത്തില്‍ തന്നെ ഇരുത്തി.
ധൂമ്രവര്‍ണന്റെ പേരുകേട്ടപ്പോള്‍ തന്നെ അഹന്താസുരന്‍ നിലംപതിച്ചത് കണ്ട് നാരദമഹര്‍ഷി അത്ഭുതപ്പെട്ടു. അസുരവീരന്മാര് കാര്യം വിശദീകരിച്ചു. മഹര്‍ഷേ അസുരരാജന് രാത്രിയില്‍ ഉറക്കം ശരിയായി ലഭിച്ചില്ല. അതിന്റെ ക്ഷീണമാണ്. ഉറക്കം ശരിയായില്ലെങ്കില്‍ ഏത് അതികായനും തളരുമല്ലോ? എന്നാല്‍ ഉറക്കം കിട്ടാത്തവിധത്തില്‍ എന്തു പ്രശ്നമാണ് അസുരരാജാവിനെ അലട്ടിക്കൊണ്ടിരിക്കുന്നതെന്നറിയാനായിരുന്നു നാരദര്‍ക്കു താത്പര്യം.
അസുരരാജന് രാത്രിയില്‍ ഒരു സ്വപ്നം കണ്ടു. എല്ലാ വഴിയിലും ജനങ്ങള്‍ കൂട്ടത്തോടെ നാമം ജപിച്ചു നടക്കുന്നു. സംന്യാസിമാര്‍ അവര്‍ക്ക് നേതൃത്വം നല്കുന്നു. ഇവര്‍ക്ക് എങ്ങനെ ഇത്ര ധൈര്യം വന്നു എന്ന് എന്ന് അസുരന്മാര് ആശങ്കപ്പെട്ടു നില്ക്കുന്നു. ഇതെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നതോടെ തെല്ലു ഭയപ്പാടോടെയെങ്കിലും അസുരരാജന് ഗര്‍ജിച്ചു. എന്നാല്‍ ആ ഗര്ജനത്തിനും ഒരു കരച്ചിലിന്റെ പ്രകൃതം മാത്രമാണ് ഉണ്ടായിരുന്നത്.
അഹന്താസുരന്‍ അപ്പോള്‍ മുന്നില്‍ കണ്ടത് ശ്രീഗണേശ്വരന്‍ ഉഗ്രരൂപം കൈകൊണ്ട് ധൂമ്രവര്ണനായി നില്‍ക്കുന്നതാണ്. സാക്ഷാല്‍ ശ്രീസദാശിവരുദ്രന്റെ രൗദ്രത മുഴുവന്‍ ആ മുഖത്ത് പ്രകടമായിരുന്നത്രേ. എന്നാല്‍ മൂഷിക വാഹനനായിത്തന്നെയാണ് കാണപ്പെട്ടത്. പുകപോലെ അവ്യക്തമായ നിറം. ഏതോ യാഗാഗ്നിയില്‍ നിന്നും ഉയര്‍ന്നു വന്ന് കാര്മേഘരൂപത്തില് ശക്തി പ്രാപിച്ചവനെപ്പോലെ തോന്നി.
ആ ധൂമ്രവര്‍ണന്‍, തന്നെ പരാജയപ്പെടുത്തുന്നതായി സ്വപ്നം കണ്ട അസുരരാജന് വിഷയം അസുരസഭയില് അവതരിപ്പിച്ചിരുന്നു. ആ വിഷയം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോഴും അഹന്താസുരന്റെ മുഖം ഭയചകിതമായിരുന്നു. ഞങ്ങള്‍ അസുരന്മാരെല്ലാവരും ചേര്‍ന്ന് പണിപ്പെട്ട് ആശ്വസിപ്പിച്ചു സമാധാനപ്പെടുത്തി. ഈ സമയത്താണ് മഹര്‍ഷേ, അങ്ങയുടെ ആഗമനം.
അപ്പോള്‍ ഞാന്‍ ധൂമ്രവര്ണാവതാരത്തെക്കുറിച്ചു പറഞ്ഞതാണ് അസുരരാജന്റെ ഇപ്പോഴത്തെ വീഴ്ചയുടെ കാരണം അല്ലേ?
നാരദ മഹര്‍ഷി ഇതു ചോദിച്ചപ്പോള്‍ മറുപടി പറയാനാകാതെ അസുരവീരന്മാര് ആശങ്കപ്പെട്ടു.
No comments:
Post a Comment