ദമ്പതിമാരുടെ കടമകൾ*🌺
ശ്രീ വിവേകാനന്ദസ്വാമികൾ
*ഗൃഹസ്ഥനും സന്ന്യാസിയും*
*തനി തമസ്സ് , തമസ്സ് . സാമാന്യജനങ്ങൾ സകലരും ഘോരതിമിരത്തിൽ ആണ്ടുപോയിരിക്കുന്നു . സന്ന്യാസിമാരുടെ ഇടയ്ക്കുമാത്രം രജസ്സു കണ്ടു , സത്ത്വഗുണവുമുണ്ട് ; അവരാണ് ഭാരതത്തിന്റെ മേരുദണ്ഡം - നട്ടെല്ല് . യഥാർത്ഥസന്ന്യാസി ഗൃഹസ്ഥന്മാരുടെ ഉപദേഷ്ടാവാണ് . അവരുടെ ഉപദേശവും ജ്ഞാനദീപവും കിട്ടിയിട്ടാണ് പണ്ടുകാലത്ത് പലപ്പോഴും ഗൃഹസ്ഥന്മാർ ജീവിതായോധനത്തിൽ വിജയം നേടിയത് . സന്ന്യാസിമാരുടെ അമൂല്യമായ ഉപദേശത്തിനു പകരം ഗൃഹസ്ഥന്മാർ അവർക്ക് അന്നവസ്ത്രങ്ങൾ കൊടുക്കുന്നു . ഈ കൊള്ളക്കൊടയില്ലായിരുന്നെങ്കിൽ , ഭാരതവർഷത്തിലെ ജനങ്ങൾ , അമേരിക്കയിലെ ആദിമനിവാസികളായ റെഡ്ഡിൻഡ്യന്മാരെപ്പോലെ നാമാവശേഷരായിപ്പോയേനേ . ഗൃഹസ്ഥന്മാർ സന്ന്യാസിമാർക്കു രണ്ടുരുള ചോറു കൊടുക്കുന്നതുകൊണ്ടാണ് അവരിന്നും ഉത്കർഷമാർഗ്ഗത്തിൽ സഞ്ചരിക്കുന്നത് .*
*സന്ന്യാസിമാർ കർമ്മഹീനരല്ല . അവരാണ് കർമ്മത്തിന്റെ ഉറവിടം . എല്ലാ ഉന്നതാദർശങ്ങളും അവരുടെ ജീവിതത്തിൽ പ്രായോഗികകാര്യമായി പരിണമിക്കുന്നു . അതുകൊണ്ട് , അവരുടെ അടുക്കൽനിന്ന് ഈ ആശയങ്ങളെല്ലാം കൈക്കൊണ്ടു ഗൃഹസ്ഥന്മാർ കർമ്മക്ഷേത്രത്തിൽ ജീവിതസംഗ്രാമത്തിനു സമർത്ഥരായിത്തീർന്നിരുന്നു , തീരുന്നു . പരിശുദ്ധസന്ന്യാസികളുടെ ജീവിതം കണ്ടു ഗൃഹസ്ഥന്മാർ പവിത്രങ്ങളായ ആശയങ്ങൾ തങ്ങളുടെ ജീവിതത്തിൽ പകർത്തുന്നു ; അങ്ങനെ , യഥാവിധി കർമ്മതത്പരരായി ഭവിക്കുന്നു . സന്ന്യാസിമാർ ഈശ്വരദർശനത്തിനും ലോകകല്യാണത്തിനും വേണ്ടി , സർവ്വസ്വത്യാഗമെന്ന ഉത്കൃഷ്ടതത്ത്വം തങ്ങളുടെ ജീവിതത്തിൽ പ്രതിഫലിപ്പിച്ച് , ഗൃഹസ്ഥന്മാരെ എല്ലാക്കാര്യങ്ങളിലും ഉത്സാഹിപ്പിക്കുന്നു ; അതിനു പകരമായി അവർ ഇവർക്ക് രണ്ടുപിടി ആഹാരവും കൊടുക്കുന്നു . കൂടാതെ , സർവത്യാഗിളായ സന്ന്യാസികളുടെ സ്നേഹാശീർവാദങ്ങൾകൊണ്ട് അവർക്ക് ആഹാരം ഉത്പാദപ്പിക്കുവാനുള്ള താത്പര്യവും സാമർത്ഥവും വർദ്ധിക്കുന്നു . ആളുകൾ അറിവില്ലാതെ സന്ന്യാസാശ്രമത്തെ നിന്ദിക്കുന്നു . മറുനാടുകളിലെ കഥയെന്തുമാകട്ടെ . ഈ ദേശത്ത് അമരം പിടിക്കാൻ സന്ന്യാസിമാരുള്ളതുകൊണ്ടാണ് ഗൃഹസ്ഥന്റെ ജീവിതനൗക സംസാരസാഗരത്തിൽ മുങ്ങിപ്പോകാത്തത് .*
*ദോഷങ്ങൾ ഏറെക്കുറെ എല്ലാ ആശ്രമങ്ങളിലുമുണ്ട് . ദോഷങ്ങളിരുന്നാലും , ഈ ആശ്രമം ഇത്രനാളും എല്ലാ ആശ്രമങ്ങളുടേയും മകുടമായി ഉയർന്നു നിലകൊള്ളുന്നു ; അതിനു കാരണമെന്ത് ? യഥാർത്ഥസന്ന്യാസിമാർ സ്വന്തം മുക്തികൂടെ ഉപേക്ഷിക്കുന്നു - ജഗന്മംഗളത്തിനു വേണ്ടിയാണ് അവരുടെ ജന്മം . . . - ബഹു ജനഹിതായ ബഹുജനസുഖായ , " ലോകഹിതത്തിനും ജനക്ഷേമത്തിനും വേണ്ടി ' യാണ് സന്ന്യാസിയുടെ ജന്മം . സന്ന്യാസം സ്വീകരിച്ചിട്ട് ഈ ലക്ഷ്യം മറക്കുന്നവൻ - വൃഥൈവ തസ്യ ജീവനം , അവന്റെ പിറവി പാഴായിപ്പോയി . സമസൃഷ്ടങ്ങളുടെ ഗഗനഭേദിയായ നിലവിളിക്കു നിവൃത്തി വരുത്താൻ , വിധവയുടെ ബാഷ്പധാര തുടച്ചുനീക്കാൻ , പുത്രവിയോഗംകൊണ്ടു പിടയുന്ന പിതാക്കളുടെ പ്രാണനു ശാന്തിയരുളാൻ , അജ്ഞരായ സാമാന്യജനത്തെ ജീവിതായോധനത്തിനു സമർത്ഥരാക്കാൻ , ശാസ്ത്രജ്ഞാനപ്രചാരണംകൊണ്ട് സകലർക്കും ഐഹികവും പാരമാർത്ഥികവുമായ മംഗളം കൈവരുത്താൻ , ജ്ഞാനദീപം പ്രകാശിപ്പിച്ച് സകലരിലും ഉറങ്ങിക്കിടക്കുന്ന ബ്രഹ്മസിംഹത്തെ ഉണർത്താൻ , പരാർത്ഥം പ്രാണദാനം ചെയ്യാൻ - അതേ , ഇതിനുവേണ്ടിയാണ് സന്ന്യാസിയുടെ ജനനം .*
*ഗൃഹസ്ഥൻ സന്ന്യാസിയെ " നമോ നാരായണായ ' എന്നു പറഞ്ഞുകൊണ്ടു വന്ദിക്കണം , സന്ന്യാസി അപ്പോൾ ഗൃഹസ്ഥനെ അനുഗ്രഹിക്കണം ........🙏🏻*
(തുടരും)
*ഹരി ഓം*
🌿🌿🌿🌿🌿🌿🌿🌿
*✍🏻അജിത്ത് കഴുനാട്*
*✍🏻അജിത്ത് കഴുനാട്*
No comments:
Post a Comment