Thursday, February 13, 2020

*🎼വിവേകചൂഡാമണി*

നാമനുഭവിക്കുന്ന ഈ നശ്വരജഗത്ത് മായയിൽ നിന്നാണുണ്ടായത്. ഉള്ള ബ്രഹ്മത്തെ നാം കാണുന്നില്ല -- ഈ അജ്ഞാനം ഹേതുവായി തത് സ്ഥാനത്ത് ജഗത്-പ്രതീതി ഉണ്ടായിത്തീർന്നിരിക്കയാണ്. (ഉള്ളത് ബ്രഹ്മം ജഗത്ത് മായമൂലം ഉണ്ടായത്). ശരീരത്തിലൂടെ (ഇന്ദ്രിയദ്വാരാ) നാമരൂപാത്മകമായ സ്ഥൂല വസ്തുക്കളായും, മനസ്സിലൂടെ വികാരങ്ങളായും ബുദ്ധിയിലൂടെ
വിചാരങ്ങളായും കാണപ്പെടുന്നത് ഏകമായ ബ്രഹ്മം തന്നെയാണ്. ഈ സത്യമറിയാതെ, വസ്തു-വികാര-വിചാര-സഞ്ചയമായ ലോകത്തെ ശരീരമനോബുദ്ധികളിലൂടെ അനുഭവിക്കുമ്പോൾ കൂടുതൽ കൂടുതൽ വാസനകൾ നമ്മിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നു. വാസനകൾമൂലം വീണ്ടും വീണ്ടും കർമ്മം ചെയ്യാൻ പ്രേരിതരായിത്തീർന്ന നാം അവയാൽ ബന്ധിക്കപ്പെട്ട് ഭിന്നഭിന്ന വ്യക്തികളാണെന്ന് അഭിമാനിക്കാനിടയായി. ഇവയ്ക്കെല്ലാം കാരണം അവിദ്യയത്രെ.

അവിദ്യ (പരമാത്മതത്ത്വത്തെ അറിയാതിരിക്കൽ) വ്യഷ്ടിയിൽ
(ജീവനിൽ) വാസനയെന്നും സമഷ്ടിയിൽ (ഈശ്വരനിൽ)
മായയെന്നും വ്യവഹരിക്കപ്പെട്ടു വരുന്നു. പരമാത്മാവ് (ബ്രഹ്മം)
മായയാകുന്ന ഉപാധി കൈക്കൊണ്ടാണ് ഈശ്വരനായത്.
വാസന അഥവാ അവിദ്യ (വ്യഷ്ടിയിലെ മായ) എന്ന ഉപാധിയിലൂടെ ബ്രഹ്മം ജീവനായിത്തീരുന്നു. മായ (സമഷ്ടിയിലെ അവിദ്യ')
എന്ന ഉപാധിയിലൂടെ ഈശ്വരനും. അതായത് വ്യഷ്ടികാരണ ശരീരാഭിമാനിയാണ് ജീവൻ സമഷ്ടി കാരണശരീരാഭിമാനി' ഈശ്വരനും.

ഓരോ വ്യക്തിയും അവനവന്റെ അവിദ്യ (വാസന) കാരണം
സ്വന്തം മനസ്സുകൊണ്ട് തന്റേതായ ഒരു ലോകം തനിക്കുവേണ്ടി സൃഷ്ടിക്കുന്നു. എല്ലാവരുടേയും (എല്ലാ സൃഷ്ടികളുടേയും സകല
ജീവന്മാരുടേയും) ലോകങ്ങൾ ഒന്നിച്ചു ചേർന്നതാണ് മൊത്തത്തിലുള്ള ജഗത്ത് (സമഷ്ടിപ്രപഞ്ചം) സമഷ്ടിമനസ്സ് സമഷ്ടിവാസന
(മായ) കാരണം സൃഷ്ടിച്ചതാണ് ഈ സമഷ്ടിജഗത്ത് എന്നർത്ഥം.
ബ്രഹ്മം സമഷ്ടിവാസന യിലൂടെ ഈശ്വരനായിത്തീരുന്നു;
സമഷ്ടി മനസ്സിലൂടെ പ്രപഞ്ചസൃഷ്ടികർത്താവായ ബ്രഹ്മാവായും ഭവിക്കുന്നു.

ഈ നിരൂപണത്തിൽനിന്ന് ഒരു വസ്തുത വ്യക്തമാവുന്നു.
ഈശ്വരനുണ്ടോ?' എന്നൊരുവൻ ചോദിക്കയാണെങ്കിൽ എനിക്ക് അച്ഛനുണ്ടോ? എന്നൊരു വിഡ്ഢി ചോദിക്കുന്നതുപോലെ തനി
അസംബന്ധമാണത്. ഞാൻ ഉണ്ട് എന്നതുതന്നെ എനിക്കച്ചനുണ്ട്
എന്നതിന് തെളിവാണ്. അച്ഛനില്ലാതെ ഞാനുണ്ടാവില്ല -- തീർച്ച. ആ അച്ഛൻ ആരാണെന്ന് അറിയുന്നില്ലായിരക്കാം. പക്ഷേ കാരണം കൂടാതെ കാര്യമുണ്ടാവില്ലല്ലോ.

(സ്വാമി ചിന്മയാനന്ദ)

No comments: