Wednesday, March 11, 2020

വിവേകചൂഡാമണി - 87
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ആത്മസ്വരൂപം നിത്യബോധം

"അഹങ്കാരം മുതൽ ദേഹം വരെയുള്ള എല്ലാ ഉപാധികളും വിഷയങ്ങളും, സുഖം മുതലായ അനുഭവങ്ങളുമെല്ലാം കുടം പോലെ പ്രത്യക്ഷമായി അറിയാൻ കഴിയുന്നത് നിത്യബോധസ്വരൂപമായ ആത്മാവിന്റെ പ്രകാശത്തിലാണ്."

ആത്മസ്വരൂപത്തിന്റെ വിവരണം തുടരുന്നു;

ശ്ലോകം 130
അഹങ്കാരാദിദേഹാന്താ 
വിഷയാശ്ച സുഖാദയഃ
വേദ്യന്തേ ഘടവത് യേന 
നിത്യബോധ സ്വരൂപിണാ

അഹങ്കാരം മുതൽ ദേഹം വരെയുള്ള എല്ലാ ഉപാധികളും വിഷയങ്ങളും, സുഖം മുതലായ അനുഭവങ്ങളുമെല്ലാം കുടം പോലെ പ്രത്യക്ഷമായി അറിയാൻ കഴിയുന്നത് നിത്യബോധസ്വരൂപമായ ആത്മാവിന്റെ പ്രകാശത്തിലാണ്.

സൂക്ഷ്മമായ അഹങ്കാരം മുതൽ സ്ഥൂലമായ ദേഹം വരെയുള്ള എല്ലാ ഉപാധികളേയും അവയുടെ വിഷയങ്ങളേയും വളരെ വ്യക്തമായി അറിയുന്നത് ആത്മാവിന്റെ സാന്നിദ്ധ്യത്താലാണ്.  കുടം പോലെ (ഘടവത്) എന്നു പറഞ്ഞത് പുറമെ നമ്മൾ കാണുന്ന ഏതൊരു വസ്തുവിനെയും പോലെ എന്ന അർത്ഥത്തിലാണ്.

നമ്മുടെ ഉള്ളിൽ സൂക്ഷ്മ ശരീരത്തെ ഉൾപ്പടെ അറിയുന്നവനായി, അഥവാ ജ്ഞാതാവായി ആത്മാവുണ്ട്.  അതുകൊണ്ടാണ്, പുറത്തുള്ള വസ്തുവിനെ അറിയും പോലെ എല്ലാറ്റിനെയും അറിയാൻ കഴിയുന്നത്.

ഒരു കുടത്തിനോ മറ്റേതെങ്കിലും വസ്തുവിനോ സ്വന്തമായി പ്രകാശമില്ല, മറ്റൊന്നിന്റെ പ്രകാശം കൊണ്ടാണ് നാം അതിനെ കാണുന്നത്. സൂര്യപ്രകാശത്തിലോ മറ്റു പ്രകാശങ്ങളാലോ ആണ് വസ്തുക്കളെ കാണാനാകുന്നത്.  ആ പ്രകാശങ്ങളൊക്കെ വസ്തുക്കളിൽ നിന്ന് വേറിട്ടതാണ്.  അതുപോലെ, ആത്മചൈതന്യത്തിന്റെ പ്രകാശംകൊണ്ടാണ് എല്ലാറ്റിനേയും നമുക്കറിയാനാകുന്നത്. 

ആത്മസ്വരൂപം നിത്യബോധമാണ്.  അതിനാൽ എല്ലാറ്റിനേയും എപ്പോഴും പ്രകാശിപ്പിച്ചുകൊണ്ടിരിക്കാനാകും. സ്വയംപ്രകാശമായ അതിന്റെ സാന്നിദ്ധ്യത്തിൽ സകലതും പ്രകാശിക്കുന്നു.

ശ്ലോകം 131
ഏഷോളന്തരാത്മാ പുരുഷഃ പുരാണോ
നിരന്തരാഖണ്ഡസുഖാനുഭൂതിഃ
സദൈകരൂപഃ പ്രതിബോധമാത്രോ
യേനേഷിതാ വാഗസവശ്ചരന്തി

ഈ അന്തരാത്മാവ് പുരാണ പുരുഷനും, നിരന്തരവും അഖണ്ഡവുമായ സുഖാനുഭൂതിയാകുന്ന ഏക സ്വരൂപത്തോട് കൂടിയതും, ബുദ്ധിവൃത്തികൾ തോറും നിരന്തരം പ്രതിബിംബിക്കുന്നതുമാണ്. ഇതിന്റെ പ്രേരണയാലാണ് ഇന്ദ്രിയങ്ങളും പ്രാണന്മാരും പ്രവർത്തിക്കുന്നത്. 

ആത്മാവിനെ ഇവിടെ അന്തരാത്മാവ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. നിരന്തരമായ ഇടതടവില്ലാത്ത ആനന്ദമെന്ന് പറയാൻ കാരണം ദുഃഖങ്ങൾ ഉണ്ടാക്കുന്ന ഉപാധികൾക്കൊന്നിനും അവിടെ സ്ഥാനമില്ലാത്തതിനാലാണ്.

എന്നാൽ, എല്ലാ അന്തഃകരണ വൃത്തിയേയും ഇന്ദ്രിയങ്ങളുടേയും പ്രാണന്മാരുടേയും പ്രവർത്തനങ്ങളേയും വേണ്ട വിധത്തിലാക്കുന്നതും ആ അന്തരാത്മാവ് തന്നെയാണ്.

പുരാണ പുരുഷൻ എന്നാൽ പണ്ടേയ്ക്ക് പണ്ടേ ഉള്ളവനും എന്നും പുതുതായി ഇരിക്കുന്നവനുമാണ് എന്നാണ്. എന്നും യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന  ഏക വസ്തു അത് മാത്രമാണ്.
Sudha Bharath 

No comments: