Wednesday, July 01, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) മുപ്പതാം ദിവസം. (2026 ജൂൺ 30) സംഗ്രഥിതമായ വ്യക്തിത്വമാണ് യുക്തൻ്റേത്. ചിന്തയും വാക്കും പ്രവൃത്തിയും ഏകോപിപ്പിക്കാൻ കഴിയുന്നു എന്നതാണ് സംഗ്രഥിതാവസ്ഥ. ഓരോ വ്യക്തിത്വ തലത്തിലും അതിൻ്റെ ഊർജ്ജമുണ്ട്, അതിനെയൊക്കെ ഏകോപിപ്പിച്ച് ശ്രേഷ്ഠമായ ഒരു കാര്യത്തിനു വേണ്ടി വിനിയോഗിക്കണം. അതിനു തപസ്സു ചെയ്യാൻ കഴിയണം. ആ തപസ്സിൻ്റെ പ്രകൃതം വ്യക്തിത്വത്തിൻ്റെ മുഴുവൻ തലങ്ങളെയും പങ്കെടുപ്പിച്ച് ദൂരക്കാഴ്ച്ചയോടെയുള്ള ആലോചനയാണ്. ശാരീരിക - മനോ - ബുദ്ധി - പ്രാണ സംഗ്രഥിതാവസ്ഥ അനന്തമായ സാദ്ധ്യതകളെ തരുന്നു. അതിനെ പ്രയോജനപ്പെടുത്തുക. സഗരപുത്രന്മാർക്ക് അംഗബലമുണ്ടായിരുന്നു. എന്നാൽ വൈജ്ഞാനിക- വൈകാരിക ഏകോപനം സാധിച്ചില്ല. ഭൂമിക്കു നാശമായി, സ്വയം ഭസ്മമായി. ഏതെങ്കിലും ശക്തിയുടെ ആനുപാതികമല്ലാത്ത വിനിയോഗം ആത്മനാശത്തിനിടയാക്കും. ഇച്ഛാ ജ്ഞാന ക്രിയാ ശക്തികളുടെ ഏകോപനം വഴി ഭഗീരഥൻ അസാദ്ധ്യമെന്നു കരുതിയത് സാധിച്ചെടുത്തു. വിഭാണ്ഡകൻ പരിഹാസ്യനാവുന്നത് അതിരുവിട്ട നിയന്ത്രണങ്ങളോടെ മകനെ വളർത്താൻ ഉദ്യമിച്ചതിനാലാണ്. അത് പരാജയമായിരുന്നു. സ്വാഭാവികമായി കുട്ടികൾ പലതും അറിയും. എന്നാൽ അവർക്ക് അറിയാം എന്ന മുൻവിധിയും അപകടമാണ്. യഥാസമയം പറഞ്ഞ് പക്വതയോടെ ഉൾക്കൊള്ളുന്ന അവസ്ഥ വേണം. ശരീരത്തെ സംബന്ധിക്കുന്ന ഉത്തരവാദിത്തം ആദരവോടെ സ്വയം ഏറ്റെടുക്കണം. പ്രകൃതിക്ക് ഇതിൽ പങ്കില്ല. ആകർഷണീയത ഉണർത്തി ആവേശം നൽകുന്നതിനെ വിവേകം കൊണ്ടു നിയന്ത്രിക്കാൻ കഴിയുന്നതാണ് സംസ്കാരം. പരീക്ഷണങ്ങളിൽ നിന്നു പിൻവലിയാൻ ഉദ്ബുദ്ധരാക്കണം. ഉദാത്തീകരണമാണ് ഉത്തമ മാതൃക. തീർത്ഥയാത്ര തുടർന്ന് കലിംഗരാജ്യത്തെത്തി. മൗനം അഗാധമാവും തോറും ദൂരെയുള്ള വേദമന്ത്രധ്വനി ശ്രവ്യമാകുന്നു. വൈതരണിനദിയും കടന്ന് താപസഭൂമിയായ മഹേന്ദ്രപർവ്വതത്തിനു സമീപമെത്തി. അവിടെയാണ് ഭാർഗ്ഗവ രാമൻ തപസ്സു ചെയ്യുന്നത്. അവിടെ പരശുരാമൻ്റെ ശിഷ്യനായ അകൃതവ്രണനെ കാണുന്നു. നാളെ, ചതുർദശി നാളിൽ ഭാർഗ്ഗവൻ്റെ ദർശനം സാദ്ധ്യമാണ്, ഇന്ന് ആ പുരാവൃത്തങ്ങൾ, ഭൃഗുവംശത്തിൽ പിറന്ന ഭാർഗ്ഗവൻ്റെ കഥ പറയാം. ചന്ദ്രവംശ രാജാവ് ഗാഥിയുടെ സുന്ദരിയായ പുത്രിയായിരുന്നു സത്യവതി. ഭൃഗുമഹർഷിയുടെ പുത്രനായ ഋചീകൻ സത്യവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ഒരു ചെവി മാത്രം കറുത്ത ആയിരം വെള്ളക്കുതിരകളെ ശുല്ക്കമായി നല്കണമെന്ന നിബന്ധന പാലിച്ച് ഋചീകൻ സത്യവതിയെ വിവാഹം ചെയ്തു. വിവാഹശേഷം സത്യവതിക്കും മാതാവിനും അഭീഷ്ടപ്രകാരം പുത്രന്മാരുണ്ടാവാൻ ഭൃഗുമഹർഷി അനുഗ്രഹിച്ച് തീർത്ഥപ്രസാദം നൽകി. പ്രസാദം പരസ്പരം മാറിയതിനാൽ, ക്ഷത്രിയ വൃത്തിയുള്ള ബ്രാഹ്മണൻ സത്യവതിക്കും ബ്രാഹ്മണ രീതി പുലർത്തുന്ന ക്ഷത്രിയൻ അമ്മയ്ക്കും ജനിക്കാനിടയാവുമെന്നു വന്നപ്പോൾ, തൻ്റെ സങ്കല്പ പ്രകാരം തന്നെ വേണമെന്ന സത്യവതിയുടെ പ്രാർത്ഥന മാനിച്ച്, തപസ്വിയും വേദജ്ഞനുമായ ജമദഗ്നി സത്യവതിക്ക് പുത്രനായി പിറന്നു. രേണുകയെ വിവാഹം ചെയ്ത ജമദഗ്നിക്കു പിറന്ന അഞ്ചു പുത്രന്മാരിൽ ഏറ്റവും ഇളയവനായിരുന്നു ഭാർഗ്ഗവൻ. ഒരിക്കൽ ചിത്രരഥൻ എന്ന ഗന്ധർവനെ കണ്ട് രേണുകയ്ക്ക് മനശ്ചാഞ്ചല്യമുണ്ടായി, ബ്രഹ്മതേജസ്സും ധൈര്യവും നഷ്ടപ്പെട്ടു. കുപിതനായ ജമദഗ്നി രേണുകയെ വധിക്കാൻ ആവശ്യപ്പെട്ടപ്പോൾ നാലു മക്കളും പിന്മാറിയിടത്ത് ഭാർഗ്ഗവൻ മാതാവിനെ വധിച്ചു. സംപ്രീതനായ പിതാവിൽ നിന്ന് മാതാവിൻ്റെ ജീവൻ, സഹോദരന്മാരുടെ ശാപമുക്തി, മാതൃഹത്യാ പാപമുക്തി തുടങ്ങിയവ നേടി. ദത്താത്രേയ പ്രസാദം കൊണ്ട് ആയിരം കൈകൾ നേടിയ ശക്തനായ രാജാവ് കാർത്തവീര്യാർജ്ജുനൻ, ജമദഗ്നി മഹർഷിയുടെ ഹോമപ്പശുവിനെ മോഷ്ടിച്ചു. ഇതോടെ ഭാർഗ്ഗവൻ യുദ്ധത്തിൽ കാർത്തവീര്യാർജ്ജുനനെ വധിച്ചു. പ്രതികാരമായി രാജാവിൻ്റെ മക്കൾ ജമദഗ്നി മഹർഷിയെ വധിച്ചു. ക്ഷത്രിയവർഗ്ഗത്തെ മുച്ചൂടും മുടിയ്ക്കാനുള്ള പ്രതിജ്ഞയെടുത്ത ഭാർഗ്ഗവരാമൻ ഇരുപത്തൊന്നു പ്രാവശ്യം സഞ്ചരിച്ച് ക്ഷത്രിയരെയാകെ വധിച്ചു. ക്ഷത്രിയരുടെ കാമം അധികരിച്ച ധർമ്മലോപത്തിൽ സമഷ്ടി ഇച്ഛാശക്തി പ്രവർത്തിച്ചതാണ് അത്. സ്യമന്തപഞ്ചകത്തിലെ സരസ്സിൽ രക്തം നിറഞ്ഞു. ഭാർഗ്ഗവരാമൻ പിതൃതർപ്പണം നിർവ്വഹിച്ചു, ദാനങ്ങൾ ചെയ്തു. അകൃതവ്രണൻ കഥ പറഞ്ഞു നിർത്തി. ചതുർദശിയിൽ ഭാർഗ്ഗവരാമനെ കണ്ടു നമിച്ചു. ദക്ഷിണദേശത്ത് നാരീ തീർത്ഥവും തുടർന്ന് പ്രഭാസതീർത്ഥവും സന്ദർശിച്ചു. അവിടെ, ദ്വാരകയിൽ നിന്ന് ബലരാമനും ശ്രീകൃഷ്‌ണനും യാദവരുമായി എത്തി. പാണ്ഡവരുടെ അവസ്ഥയിൽ ബലരാമൻ അമർഷം കൊണ്ടു. ഇത് ധർമ്മത്തെക്കുറിച്ച് ആളുകൾ തെറ്റായി ധരിക്കാൻ ഇടയാക്കും. ചെയ്യേണ്ടത് സമയത്തു ചെയ്യണമെന്ന് സാത്യകിയും പറഞ്ഞു. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 30.06.2026.