Friday, September 28, 2018

തലക്കുളത്തൂര്‍ ഭട്ടതിരി തിരുവനന്തപുരത്ത് താമസിച്ചിരുന്ന വേളയില്‍ മഹാരാജാവുമായി ഒരു സംവാദമുണ്ടായി. നാളെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഏതുവഴിയാകും മതില്‍ക്കകത്തേക്ക് കടക്കുന്നതെന്ന് മഹാരാജാവ് ഭട്ടതിരിയോട് ചോദിച്ചു. അതു തനിക്കറിയാമെന്നും എന്നാലിപ്പോള്‍ പറയുന്നില്ലെന്നും ഭട്ടതിരി മറുപടി പറഞ്ഞു. 
പതിവായി കിഴക്കേ ഗോപുരത്തില്‍ കൂടിയായിരുന്നു മഹാരാജാവിന്റെ മതില്‍ക്കകത്ത് എഴുന്നള്ളത്ത്. എന്നാല്‍ ഭട്ടതിരിയോട് സംസാരിച്ചതിന്റെ അടുത്ത ദിവസം തിരുമനസ്സ് കിഴക്കേ ഗോപുരത്തിന്റെ തെക്കുവശത്തായി നിന്നു കൊണ്ട് ഇന്ന് ഇതുവഴിയാണ് മതില്‍ക്കകത്തേക്ക് പോകുന്നതെന്നറിയിച്ചു.  ആ ഭാഗത്തെ മതില്‍ വെട്ടിപ്പൊളിക്കാന്‍ വേലക്കാരോട് പറഞ്ഞു. മതില്‍ പൊളിക്കുന്നതിനിടയില്‍ ഒരു ഓലത്തുണ്ട് ഇരിക്കുന്നതു മഹാരാജാവ്  കണ്ടു. ഭട്ടതിരി തന്റെ കൈപ്പടയില്‍ 'ഇതിലേ എഴുന്നള്ളും'  എന്നെഴുതിയ ഓലയാണതെന്ന് അതെടുത്തു പരിശോധിച്ച മഹാരാജാവിന് ബോധ്യപ്പെട്ടു. ഇതു കണ്ട രാജാവ് വിസ്മയഭരിതനായി. വൈകാതെ ഭട്ടതിരിയുടെ ഇരുകൈകളിലും പാരിതോഷികമായി  വീരശൃംഖല അണിയിച്ചു. പൊളിച്ച മതില്‍ക്കെട്ട് അടയ്ക്കാന്‍ രാജാവ് പിന്നീട് അനുവദിച്ചില്ല. പകരം ഭട്ടതിരിയുടെ സ്മാരകമായി അവിടെ വാതില്‍ പണിതു. 'ചെമ്പകത്തിന്‍മൂട്ടില്‍ നട' എന്ന പേരിലാണ് ആ വാതില്‍ പിന്നീട് അറിയപ്പെട്ടത്. 
പില്‍ക്കാലത്തും ഇത്തരം നിരവധി സന്ദര്‍ഭങ്ങളില്‍ മഹാരാജാവ് ഭട്ടതിരിക്ക്  സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. കോഴിക്കോട്, ചിറയ്ക്കല്‍ രാജാക്കന്മാരില്‍ നിന്നും അദ്ദേഹത്തിന് സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജ്യോതിഷപാണ്ഡിത്യത്താല്‍ ഭട്ടതിരി പിന്നീട് വിശ്രുതനായിത്തീര്‍ന്നു. 
ഭട്ടതിരിയും വില്വമംഗലത്തുസ്വാമിയാരും സമകാലീനരായിരുന്നെന്ന് വിശ്വസിച്ചു പോരുന്നു. ഇത് സമര്‍ഥിക്കുന്നതിന് ഒരു കഥയും പ്രചാരത്തിലുണ്ട്. 
വില്വമംഗലം സ്വാമിയാര്‍ക്ക് ഒരിക്കല്‍ അതികഠിനമായ വയറ്റുവേദന വന്നു. സഹിക്കവയ്യാതെ, ഇതിനെന്തു പ്രതിവിധിയെന്ന് ശ്രീകൃഷ്ണഭഗവാനോട് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. (സ്വാമിയാര്‍ക്ക് ശ്രീകൃഷ്ണന്‍ പ്രത്യക്ഷനായത് പ്രസിദ്ധമാണ്). ഒടുവില്‍ ഒരു യോഗീശ്വരനെക്കണ്ട് സ്വാമിയാര്‍ വേദനയെക്കുറിച്ച്  പറഞ്ഞു. അദ്ദേഹം നല്‍കിയ സിന്ദൂരം കഴിച്ചതോടെ സ്വാമിയാരുടെ ഉദരവേദന ശമിച്ചു. പിന്നീടൊരിക്കല്‍ ശ്രീകൃഷ്ണസ്വാമി പ്രത്യക്ഷപ്പെട്ട വേളയില്‍ സ്വാമിയാര്‍ ഇക്കാര്യം പറഞ്ഞു. 'ഇത് ഈ ജന്മം കൊണ്ട് തീര്‍ന്നോട്ടെ എന്നാണ് കരുതിയത്. അതിപ്പോള്‍ മൂന്നു ജന്മത്തേക്ക് ആക്കിത്തീര്‍ന്നു' എന്നായിരുന്നു ഭഗവാന്‍ മറുപടിയായി പറഞ്ഞത്. ഇതോടെ സ്വാമിയാര്‍ക്ക് വിഷമമായി. 
ഇനിയുള്ള ജന്മനിയോഗങ്ങളെക്കുറിച്ച് അറിയാന്‍ അദ്ദേഹം തലക്കുളത്തൂര്‍ ഭട്ടതിരിയെ വിളിച്ചു വരുത്തി. ചേര, കാള, കാട്ടുതുളസി എന്നിങ്ങനെ മൂന്നു ജന്മങ്ങളാണ് സ്വാമിയാര്‍ക്കുള്ളതെന്ന് ഭട്ടതിരി പ്രശ്‌നം വെച്ചു പറഞ്ഞു. ഈ ജന്മങ്ങളിലെല്ലാം മനുഷ്യജന്മമെടുത്ത് താനും ജനിക്കുമെന്ന് ഭട്ടതിരി പറഞ്ഞു. മാത്രവുമല്ല, ഓരോ ജന്മത്തിലും സ്വാമിയാര്‍ക്ക് അപകടം സംഭവിക്കുമെന്നും അപ്പോഴെല്ലാം താന്‍ രക്ഷയ്‌ക്കെത്തുമെന്നും തുളസിയായി ജന്മമെടുക്കുന്നതോടെ സായുജ്യം ലഭിക്കുമെന്നും ഭട്ടതിരി അറിയിച്ചു. അപ്രകാരം നടന്നതായാണ് കേള്‍വി. 
മൂന്നാം ജന്മത്തില്‍ സ്വാമിയാര്‍ ഒരു വിഷ്ണുക്ഷേത്രത്തില്‍ തീര്‍ഥമൊലിച്ചിറങ്ങുന്ന ഓവിനടുത്താണ് തുളസിയായി പിറന്നത്. ഒരിക്കല്‍ ശാന്തിക്കാരന്‍ അഭിഷേകത്തിനായി പൂവും ചന്ദനവും ചാര്‍ത്താനൊരുങ്ങിയപ്പോള്‍ തുളസി മാത്രം കൂട്ടത്തില്‍ കണ്ടില്ല. അത് അന്വേഷിച്ച് നടന്ന് അദ്ദേഹം ഓവു ചാലിനരികെയെത്തി. അവിടെ നിന്ന തുളസിയില്‍ നിന്ന് ഒരില മാത്രം പറിക്കാനൊരുങ്ങിയപ്പോള്‍ അത് വേരോടെ പിഴുതു പോന്നു.  മണ്ഡപത്തില്‍ ജപിച്ചു കൊണ്ടിരുന്ന ബ്രാഹ്മണന്‍ അതു കണ്ടു. അതു മുഴുവന്‍ ബിംബത്തില്‍ ചാര്‍ത്താന്‍ അദ്ദേഹം ശാന്തിക്കാരനോട് പറഞ്ഞു. അദ്ദേഹം അപ്രകാരം ചെയ്തു. മണ്ഡപത്തില്‍ ജപിച്ചു കൊണ്ടിരുന്ന ബ്രാഹ്മണന്‍ ഭട്ടതിരിയാണെന്ന് പറയപ്പെടുന്നു. 
(11)ഗീതാഗാനം ചെയ്കയെന്നാല്‍ മറ്റു ശാസ്ത്രങ്ങളെന്തിനോ?
ഇതല്ലോ പത്മനാഭന്റെ മുഖപത്മവിനിസ്സൃതം (1)
ഗീതയും ഗംഗയും ഗായത്രിയും ഗോവിന്ദനും ശരി
ഗകാരം നാലുമായ്‌ച്ചേര്‍ന്നാല്‍ പുനര്‍ജന്മം പെടാ ദൃഢം (3)
(മഹാഭാരതം ഭീഷ്മവധപര്‍വം അധ്യായം-43 വിവര്‍ത്തനം ശ്രീ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)
(12) ഭക്തകവി പൂന്താനം പാടുന്നു
കെട്ടിവാര്‍ കുഴല്‍, വകഞ്ഞു പിന്നിലള-
കേഷൂപീലികള്‍ തൊടുത്തു പൂ-
മ്പട്ടുകൊണ്ടു വഴിവോടുടുത്തു രസി
ഹാരമിട്ടു വനമാലയും
പൊട്ടണിഞ്ഞ നിടിലത്തടത്തിലുടല്‍
പാര്‍ത്തു പാര്‍ഥരഥമേത്യ ച-
മ്മട്ടി മുഷ്ടിയില്‍ മുറുക്കിനിന്നരുളു-
മിഷ്ടദൈവതമുപാസ്മ ഹേ
(പൂന്താനസര്‍വസ്വം-ഗുരുവായൂര്‍ ദേവസ്വം പ്രസിദ്ധീകരണം. ''പാര്‍ഥസാരഥിസ്തവം'' പേജ്- 250) 
(13) തുഞ്ചത്തെഴുത്തച്ഛന്‍ ഗീതോപദേശ സന്ദര്‍ഭം വിവരിക്കുന്നു
കമലദളനയനനൊടു വിജയനഥ ചൊല്ലിനാന്‍
കാരുണ്യവാരിധേ, ശ്രീപതേ, ദൈവമേ!
കലിതരണമരണമിഹ വന്നയോദ്ധാക്കളെ
കാണ്മാനടുത്തു നിര്‍ത്തേണമിസ്യന്ദനം
മറുതലകളിരു പുറവുമടര്‍ കരുതി നിന്നതിന്‍-
മധ്യേമഹാരഥം നിര്‍ത്തിനാനച്യുതന്‍.
സുഹൃദനുജതനയഗുരുജനപിതൃപിതാമഹ-
ന്മാരെയും യുദ്ധ സന്നദ്ധരായ് കണ്ടവന്‍
ത്രിദശവരതനയനതി കരുണയൊടു ചൊല്ലിനാന്‍
തേര്‍ പിന്‍തിരിച്ചു വിടര്‍ത്തിനിര്‍ത്തീടുക.
ഗുരുവധമിതതിദുരിതമരുതരുതു മാധവ!
കൂട്ടൊല്ലതേര്‍ പിന്‍തിരിക്കെന്നു ഫല്‍ഗുനന്‍
അതി കുരണമമരകുലവരനൊടുര 
ചെയ്തു താ-
നായുധം വച്ചു തേരില്‍ കിടന്നീടിനാന്‍.
ജഗദുദയഭരണപരിഹരണബഹുലീലയും.
ചെയ്താഴിയില്‍ പള്ളികൊള്ളുന്ന നാഥനും.
അനുചിതമിതറിക നൃപകുലമതിനു നല്ലത-
ല്ലയ്യോ നിനക്കു ദുഷ്‌കീര്‍ത്തിയുണ്ടായ് വരും
ഫലമതിനു നരകമൊരു ഗതിവരികയില്ലെടോ
പാര്‍ഥിവന്മാര്‍ക്കുയുദ്ധം വെടിഞ്ഞീടിനാല്‍.
പരമപുരുഷനുമതിനു പരിചൊടുളീടിനാന്‍
പാര്‍ഥനധ്യാത്മമായുള്ളതെപ്പേരുമേ.
വിമലനജനഖിലജഗദിധിപനഥകാട്ടിനാന്‍
വിശ്വസിച്ചീടുവാന്‍ വിശ്വരൂപത്തെയും.
ഭയപമൊടവനതുപൊഴുതെരുതെരെ നമസ്‌കരി-
ച്ചഭയമരുളകെന്നു കൂപ്പിസ്തുതിച്ചീടിനാന്‍.
മധു മഥനനമരസുതനൊടുപദേശമായ്
മായാപ്രഭാവമതു നീങ്ങും പ്രകാരമുടന്‍
ഉഴറിയരുളിനമൊഴികളുപനിഷ-
ത്താകയാലോതിനാന്‍, ഗീത- യെ-
ന്നാദരാല്‍ ജ്ഞാനികള്‍.
അതുപൊഴുതു, ചപലതകളഖിലമകലക്കള-
ഞ്ഞര്‍ജുനന്‍ പോരിനായ് വില്ലെടുത്തീടിനാന്‍.
ഉപനിഷത്തിലൂടെ -272 /ബൃഹദാരണ്യകോപനിഷത്ത്- 71/ സ്വാമി അഭയാനന്ദ
Friday 28 September 2018 1:04 am IST
നാലാം അധ്യായം
ഒന്നാം ബ്രാഹ്മണം
ഓം. ജനകോ ഹ വൈദേഹ ആസാഞ്ചക്രേ...
വിദേഹ രാജാവായ ജനകന്‍ സഭയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവിടെ യാജ്ഞവല്‍ക്യന്‍ വന്നു.
രാജാവ് അദ്ദേഹത്തോട് എന്തിനാണ് അങ്ങ് വന്നിരിക്കുന്നത് എന്ന് ചോദിച്ചു. പശുക്കളെ ആഗ്രഹിച്ചാണോ അതോ സൂക്ഷ്മവസ്തു നിര്‍ണയത്തിനുള്ള പ്രശ്‌നങ്ങളെ ഉദ്ദേശിച്ചാണോ വന്നിരിക്കുന്നത്? രണ്ടിനേയും ആഗ്രഹിച്ചാണ് വന്നതെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
'വിജ്ഞാനമാനന്ദം' എന്ന് മൂന്നാം അധ്യായത്തിന്റെ അവസാനം പറഞ്ഞ ബ്രഹ്മത്തെ വാക്ക് തുടങ്ങിയ ദേവതാ രൂപത്തില്‍ വിവരിക്കണമെന്ന് കരുതിയാണ് ഈ ബ്രാഹ്മണം ആരംഭിക്കുന്നത്. ആത്മജ്ഞാനത്തെക്കുറിച്ച് ഇതില്‍ കൂടുതല്‍ വ്യക്തമാക്കുന്നു. യാജ്ഞവല്‍ക്യന്‍ തന്നെയാണ് ഇവിടേയും പ്രധാന ആചാര്യന്‍. വാക്ക് തുടങ്ങിയവയില്‍ ബ്രഹ്മബുദ്ധിയോടു കൂടിയ ഉപാസനയെയാണ് ഇനി പറയുന്നത്.
നേരത്തെ വിവരിച്ച ഉപനിഷത്ത്പുരുഷനെക്കുറിച്ച് കൂടുതലറിയറിയാന്‍ ഇതുകൊണ്ട് കഴിയും.
വിദേഹ രാജാവായ ജനകന്‍ തന്നെ സന്ദര്‍ശിക്കുവാന്‍ വരുന്നവരെ കാണുന്നതിന് ഇരിക്കുകയായിരുന്നു. അപ്പോഴാണ് യാജ്ഞവല്‍ക്യന്‍ തന്റെ കാര്യത്തിനു വേണ്ടിയോ, രാജാവ് ജിജ്ഞാസുവാണ് എന്നറിഞ്ഞ് അനുഗ്രഹിക്കുന്നതിനോ ആയി അവിടെ വന്നത്.
പശുക്കളെ ആഗ്രഹിച്ചാണോ അണുക്കള്‍ ഉള്‍പ്പടെയുള്ള സൂക്ഷ്മവസ്തുക്കളെ നിര്‍ണയിക്കുന്നതു സംബന്ധിച്ച് തന്റെ ചോദ്യങ്ങളെ കേള്‍ക്കാനാണോ വന്നത് എന്ന് രാജാവ് ചോദിക്കുന്നു.രണ്ടും ഉദ്ദേശിച്ച് എന്ന് മറുപടി.
വാജപേയ യാഗം ചെയ്തതിനാലും ആജ്ഞയോടെ രാജ്യത്തെ ശാസിക്കുന്നതിനാലുമാണ് സമ്രാട്ട് എന്ന് രാജാവിനെ വിശേഷിപ്പിച്ചത്. ഭാരത വര്‍ഷത്തിന്റെ അധിപന്‍ എന്നും പറയാം.
യത്തേകശ്ചിദബ്രവീത്തത് ശൃണവാമേതി; അബ്രവീന്മേ ജിത്വാ ശൈലിനിഃ വാഗ് വൈ ബ്രഹ്മേതി...
 രാജാവേ അങ്ങേക്ക് ആചാര്യന്‍ പറഞ്ഞു തന്നതിനെ തനിക്ക് കേള്‍ക്കണമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ശിലീനന്റെ മകനായ ജിത്വാവ്, വാക്കാണ് ബ്രഹ്മം എന്ന് പറഞ്ഞ് തന്നിട്ടുണ്ടെന്ന് ജനകന്‍ പറഞ്ഞു.
അച്ഛനും അമ്മയും ആചാര്യനും അനുശാസിച്ചവന്‍ പറയുന്നതുപോലെയാണ് ശൈലിനി അങ്ങേക്ക് വാക്കാകുന്ന ബ്രഹ്മത്തെ പറഞ്ഞു തന്നത്.
 സംസാരിക്കാന്‍ കഴിയാത്തവന് എന്ത് പറ്റും?
വാക്കിന്റെ ശരീരവും പ്രതിഷ്ഠയും എന്താണെന്ന് അങ്ങേക്ക് പറഞ്ഞ് തന്നിട്ടുണ്ടാ? എന്ന് യാജ്ഞവല്‍ക്യന്‍ ചോദിച്ചു. 'ഇല്ല' എന്ന് ജനകന്‍ പറഞ്ഞു.
സമ്രാട്ടേ, ഈ ബ്രഹ്മം ഒരു കാല് മാത്രമുള്ളതാണ്.
ഇതെല്ലാം അറിയാവുന്ന അങ്ങ് തന്നെ അത് എനിക്ക് പറഞ്ഞ് തരണമെന്ന് ജനകന്‍ പറഞ്ഞു.
വാക്ക് എന്ന ഇന്ദ്രിയം തന്നെയാണ് വാക്കാകുന്ന ബ്രഹ്മത്തിന്റെ ശരീരം. ആകാശമാണ് പ്രതിഷ്ഠ. പ്രജ്ഞ എന്ന് കരുതി  ഈ ബ്രഹ്മത്തെ ഉപാസിക്കണം എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
പ്രജ്ഞ എന്നാല്‍ എന്താണ്? ജനകന്‍ ചോദിച്ചു.
വാക്ക് തന്നെയാണ് പ്രജ്ഞ. വാക്ക് കൊണ്ടാണ് ബന്ധുക്കള്‍ അറിയപ്പെടുന്നത്. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം, ഇതിഹാസം, പുരാണം, വിദ്യകള്‍, ഉപനിഷത്തുകള്‍, മന്ത്രങ്ങള്‍, സൂത്രങ്ങള്‍, അനുവ്യാഖ്യാനങ്ങള്‍, വ്യാഖ്യാനങ്ങള്‍, യാഗം, ഹോമം, അന്നദാനം, ജലദാനം , ഈ ജന്മം, പരലോകം, ജീവജാലങ്ങള്‍ എന്നിയെല്ലാം വാക്ക് കൊണ്ടാണ് അറിയപ്പെടുന്നത്.
വാക്ക് തന്നെയാണ് പരമമായ ബ്രഹ്മം. ആരാണോ ഇങ്ങനെ അറിഞ്ഞ് വക്കാകുന്ന ബ്രഹ്മത്തെ ഉപാസിക്കുന്നത് അയാളെ വാക്ക് ഉപേക്ഷിക്കില്ല. എല്ലാ ഭൂതങ്ങളും അയാളെ സന്തോഷിപ്പിക്കും. ദേവനായിത്തീര്‍ന്ന് ദേവന്മാരില്‍ ലയിക്കുമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
ഇത് കേട്ട് ജനകന്‍ പറഞ്ഞു. അങ്ങേക്ക് ഞാന്‍ ആനയെപ്പോലുള്ള കാളയോടു കൂടി ആയിരം പശുക്കളെ തരും. ശിഷ്യനെ  ഉപദേശത്താല്‍ കൃതാര്‍ഥനാക്കാതെ ശിഷ്യനില്‍ നിന്ന് ധനം സ്വീകരിക്കരുതെന്ന് എന്റെ അച്ഛന്‍ കരുതിയിരുന്നുവെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.വാക്ക് എന്നാല്‍ വാഗ്‌ദേവത ബാല്യത്തില്‍ അമ്മയും ഉപനയനം വരെ അച്ഛനും തുടര്‍ന്ന് ആചാര്യനും
 വേണ്ട വിധം നയിച്ച ഒരാള്‍ പറയുന്ന കാര്യങ്ങള്‍ പ്രമാണത്തില്‍ നിന്ന് മാറില്ല.
ബ്രഹ്മത്തിന് ഒരു കാല്‍ മാത്രം എന്ന് പറഞ്ഞത് ബ്രഹ്മജ്ഞാനം പൂര്‍ണമല്ല എന്ന അര്‍ഥത്തിലാണ്.
രണ്ട് അരണികള്‍ ചേര്‍ത്ത് കടയുമ്പോള്‍ അഗ്നിയുണ്ടാകുന്നതുപോലെയാണ് വിദ്യയുടെയും വെളിപ്പെടല്‍. വിദുരന്റെ ചോദ്യങ്ങളെ ഉദ്ദേശിച്ച് മൈത്രേയ മഹര്‍ഷി പറഞ്ഞത് വെറുംവാക്കല്ല. പല കാലങ്ങളില്‍ പലര്‍ക്കും ഉണ്ടായ അനുഭവങ്ങളെ താരതമ്യം ചെയ്താണ് ഇതു പറഞ്ഞത്.
അരണികള്‍ കടയുമ്പോള്‍ അഗ്നി എവിടെനിന്നാണ് ഉണ്ടാകുന്നത്? വാസ്തവത്തില്‍ ഈ അഗ്നി ആ അരണികളില്‍ അന്തര്‍ലീനമായി കിടക്കുന്നതുതന്നെയല്ലേ? താമസ ശക്തിയാല്‍ ആ അഗ്നിയെ കാണാന്‍ കഴിഞ്ഞില്ലെന്നുമാത്രം. എന്നാല്‍ ആ അരണികളിലുണ്ടായ സ്പന്ദനത്തില്‍ കൂടി ഉരസിയപ്പോല്‍ ഉണ്ടായ തരംഗങ്ങളാണ് അഗ്നിയെ സ്പഷ്ടമാക്കിയത്.
അതേപോലെയാണ് കാലാത്മാവായ വിദുരര്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ തന്നിലുണ്ടായ സ്പന്ദനങ്ങളാണ് വിദ്യയായി, വിദുരര്‍ക്കുള്ള മറുപടിയായി പ്രകാശിച്ചത്. തന്നില്‍ ഉറങ്ങിക്കിടന്ന വിദ്യ പ്രസന്നമാവുകയായിരുന്നു.
ഇതുപോലെ  ഉറങ്ങിക്കിടന്ന വിദ്യയെ തപസ്സുകൊണ്ട് പ്രകാശിപ്പിച്ചാണ് പണ്ട് ബ്രഹ്മദേവന്‍ സൃഷ്ടികര്‍മങ്ങള്‍ നടത്തിയത്. അങ്ങനെ ബ്രഹ്മദേവന്‍ തന്റെ ശക്തിയെ പ്രകാശിപ്പിച്ചു.
ബ്രഹ്മദേവന്‍ താനിരിക്കുന്ന മഹാപത്മം കാറ്റിലും പ്രളയജലത്തിന്റെ ഓളങ്ങളിലും കമ്പനം ചെയ്യുന്നതു കണ്ടു. അപ്പോള്‍ കാലപ്രചോദിതനായി ഒരു ബ്രഹ്മദേവന്‍ ആ കാറ്റിനേയും തന്റെ ഇരിപ്പിടമായ പത്മത്തേയും പിടിച്ചുകുലുക്കിയ കാരണജലത്തേയും തന്റെ ആത്മവൈഭവത്തിനാല്‍ ഉള്ളിലേക്കു സേവിച്ചു.
കാലപ്രചോദിതനായി ബ്രഹ്മദേവന്‍ കാരണജലത്തേയും, ആ പ്രളയജലത്തേയും വായുവിനോടൊപ്പം പാനം ചെയ്തു. പ്രളയജലം ഇല്ലാതായപ്പോള്‍ താനിരുന്നതായ ആ മഹാപുഷ്‌കരം മാത്രം ബാക്കിയുണ്ട്.. നേരത്തെ ആലോകനം ചെയ്തിരുന്ന ലോകങ്ങളൊന്നും തന്നെ ബാക്കിയില്ല. കാലത്താല്‍ പ്രേരിപ്പിക്കപ്പെട്ടവനായി ബ്രഹ്മദേവന്‍ താനിരിക്കുന്ന പത്മകോശത്തെത്തന്നെ വിഭജിച്ച് ലോകങ്ങള്‍ സൃഷ്ടിച്ചു.കാല പ്രചോദിതനായി എന്ന് മൈത്രേയ മഹര്‍ഷി ഇടയ്ക്കിടെ പറയുന്നതുകേട്ടപ്പോള്‍ വിദുരര്‍ക്കു സംശയം  ആരാണ് ഈ കാലന്‍ (അഥവാ കാലം) ''കാലാഖ്യം ലക്ഷണം ബ്രഹ്മന്‍ യഥാവര്‍ണയനഃ പ്രഭോ'' എന്ന് വിദുരര്‍ ചോദിച്ചപ്പോല്‍ മൈത്രേയ മഹര്‍ഷി തന്റെ ദിവ്യദര്‍ശനത്താല്‍ പരതി. കാലാഖ്യനായ ആ പുരുഷനാണ് തന്റെ മുന്നില്‍ നില്‍ക്കുന്നത്. താനാരെന്നു തിരിച്ചറിയാതെ പരതി നടക്കുന്ന ഒരു യോഗിയെപ്പോലെ തന്റെ മുന്നില്‍ ചോദ്യമുന്നയിച്ച ആ യമധര്‍മ്മനെ മൈത്രേയ മഹര്‍ഷി കണ്ണുകള്‍ കൂമ്പി നോക്കിക്കണ്ടു.
കാലമാകുമ്പോള്‍ ആരെയും കൂട്ടിക്കൊണ്ടുപോകുന്ന കാലന്‍. ഈ കാലമാകുന്നത് എങ്ങനെ തിരിച്ചറിയും. കാലചക്രം തിരിയുന്നത് മനസ്സില്‍ ശ്രദ്ധയോടെ നോക്കിക്കണ്ടാല്‍ മതി. അതിന് അന്തരീക്ഷത്തിലേക്കും ജീവജാലങ്ങളിലേക്കും നോക്കിക്കണ്ട് തന്റെ ഉള്ളിലേക്കു തന്നെ ശ്രദ്ധ പതിപ്പിച്ചാല്‍ മതി. നല്ല രീതിയില്‍ ഉള്ളിലേക്കു നോക്കാന്‍ സുദര്‍ശനം വേണം. ഭഗവാന്‍ അനുഗ്രഹിച്ചാല്‍ ആ സുദര്‍ശനം ഭക്തന്റെ കൂടെത്തന്നെ എപ്പോഴുമുണ്ടാകും. അംബരീഷന്റെ കഥയില്‍ അതു വ്യക്തമാക്കപ്പെടുന്നുണ്ട്.
ബ്രഹ്മാവ് പ്രളയജലത്തിലെ കമ്പനത്തെ വീക്ഷിച്ച ശേഷമാണ് ആ പ്രളയജലത്തെ മനസ്സിനുള്ളിലാക്കി ചിന്തിച്ചത്. ഈ പ്രളയം എങ്ങനെയുണ്ടായി എന്ന് ചിന്തിച്ചു. ഭഗവാന്റെ മനസ്സിലുണ്ടായ കമ്പനമാണ്. അഥവാ തരംഗമാണ് പ്രകര്‍ഷേണ കൃതമായ പ്രകൃതിയില്‍ പ്രകര്‍ഷേണയുള്ള ലയമുണ്ടാക്കിയത്. അപ്പോള്‍ തരംഗങ്ങള്‍ക്ക് അത്രയേറെ ശക്തിയുണ്ടെന്ന് പ്രളയജലത്തിലെ ഓളങ്ങള്‍ ശ്രദ്ധിച്ചാലറിയാം.
നശീകരണ ശക്തിയുള്ള ആ തരംഗങ്ങളെ ക്രിയാത്മകമായി ഉപയോഗിച്ചാല്‍ സൃഷ്ടിയും നടത്താം. (ഭാരതം അണുശക്തിയെ ക്രിയാത്മകമായി ഉപയോഗിച്ചതുപോലെ.)
വിഷ്ണുമായയാല്‍ പ്രകാശിക്കുന്നതാണ് കാലം. ഈ കാലം വാസ്തവത്തില്‍ അവ്യക്തമാണ്. കാലത്തിനെ നഗ്നനേത്രങ്ങളാല്‍ നോക്കിക്കാണാനാവില്ല. എന്നാല്‍ ഏതു കാര്യത്തിനും ഒരു കാരണമുണ്ടാകുമെന്ന് വ്യക്തം. ആ വ്യക്തതയ്ക്കു പിന്നിലെ കാരണമാണ് കാലം.
സാധാരണ എല്ലാവരും ശരീരത്തിനെ മാത്രം കാണുന്നു. സിദ്ധികളെ ഇഷ്ടപ്പെടുന്നു. വെറും ജ്ഞാനമെങ്കില്‍ ആര്‍ക്കും തൃപ്തിയാവുകയില്ല. സിദ്ധികൂടി ഉïെങ്കിലേ സ്വാരസ്യം ഉള്ളൂ. മനോനില ഇങ്ങനെ ഇരുന്നാല്‍ എല്ലാവരുടെ നോട്ടവും സിദ്ധിയിലായിരിക്കും. ജ്ഞാനോപശാന്തിക്ക് ആളില്ല. അങ്ങനെയുള്ളവരെ നേര്‍വഴിക്കു കൊïുവരാന്‍ ജ്ഞാനം മൂലം സിദ്ധികളെ പ്രാപിക്കാമെന്നു പറയേïിയിരിക്കുന്നു. ജ്ഞാനത്തില്‍ എല്ലാം അടങ്ങും. ജ്ഞാനി, സിദ്ധികളെപ്പറ്റി വിചാരിക്കുകപോ
ലുമില്ല. ജ്ഞാനമേ മുഖ്യം. ജ്ഞാനമാണ് മുഖ്യം. അതു കഴിഞ്ഞിട്ട് സിദ്ധികളെപ്പറ്റി ആലോചിക്കാം. സിദ്ധികള്‍ ശരീരത്തെപ്പറ്റിയുള്ളവയാണ്. യഥാര്‍ഥ സിദ്ധി ജ്ഞാനമാണ്. ജ്ഞാനിയാണ് യഥാര്‍ഥ സിദ്ധപു
രുഷന്‍. സിദ്ധമായുള്ളതിനെ ചേര്‍ന്നിരിക്കുന്നവന്‍ സ്വതസ്സിദ്ധനാണ്. സ്ഥിതമായ സത്യം എന്താണെന്നറിഞ്ഞ് അത് താനായിരിക്കുന്നതാണ് സിദ്ധി (ഉള്ളത് നാല്‍പ്പത്). വരങ്ങള്‍ കൊടുക്കാന്‍ കഴിവുള്ളവന്‍, അവന്‍. ആത്മലാഭമാണ് മുഖ്യവരം.
തിരുവിളയാടര്‍ പുരാണത്തില്‍ സിദ്ധര്‍പ്പടലത്തില്‍ ശിവപെരുമാള്‍ തന്റെ ഭക്തന്‍ സിദ്ധികളെപ്പറ്റി ചിന്തിക്കുകയില്ലെന്നും അവനാ
ര്‍ക്കും വരത്തെ കൊടുക്കുന്നില്ലെന്നും അക്കാര്യം സാന്നിധ്യമാത്രത്താല്‍ നിറവേറ്റപ്പടുമെന്നും പറഞ്ഞിരിക്കുന്നു.
സിദ്ധികളെക്കൊïുള്ള പ്രയോജനം അവര്‍ക്കു കിട്ടുന്നു. അതിനാല്‍ സിദ്ധന്‍ ദ്വൈതത്തെ താങ്ങുന്നില്ല. ജ്ഞാനിയാവുന്നില്ല. ജ്ഞാനസിദ്ധിയാണ് സിദ്ധി. മറ്റു സിദ്ധികളെ ആര്‍ജിക്കാതിരിക്കുന്നതാണ് നല്ലത്.

ചമ്മട്ടിയും-കയ്യുമായി ധര്‍മ്മക്ഷേത്ര പോര്‍ക്കളത്തി-
ലമ്മഹാത്മാ വര്‍ജുനന്‍തന്നകം തെളിവാന്‍
തേര്‍ത്തടങ്ങളില്‍നിന്നുംകൊïു ചെയ്ത ദിവ്യഗാനമിന്നും
പാര്‍ത്തലത്തില്‍ ദരികളില്‍ മാറ്റൊലിക്കൊള്‍വൂ!
നാഥനന്നു നല്‍കിയോരുനാന്മറപ്പാല്‍നവനീതം
നാദബ്രഹ്മചൈതന്യത്തിന്‍ നവാവതാരം!
വാനിലേറ്റുമെഴുന്നൂറു കല്‍പടവുള്ളൊരു കോണി
മാനസംപോയ്മഴുകേïും ജാഹ്നവീതീര്‍ത്ഥം!
(ചിത്രശാല)
മഹാകവി വീïും അനുസ്മരിക്കുന്നു
കണ്ണന്‍ കപടഗോപാലന്‍
കൈവല്യാംബുഘനാഘനം
ചെയ്ത കാര്യം സകലവും
ജഗന്മോഹനമോഹനം!

ആയുധം കയ്യിലേന്താതെ-
യടര്‍ക്കള മണഞ്ഞതും
ചമ്മട്ടിപൂïു തങ്കത്തേര്‍
ചങ്ങാതിക്കു തെളിച്ചതും

അത്തേര്‍ത്തടത്തില്‍നിന്നു കൊ-
ïതിമഞ്ജുളരീതിയില്‍
അഖിലോപനിഷത്സാര-
മ ''ന്നര''ന്നരുള്‍ ചെയ്തതും

ചെയ്ത കാര്യം സകലവും
ജഗന്മോഹന മോഹനം!
(15) ''കാവ്യകൗസ്തുഭം''
ഭക്തമഹാകവി, ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്
നമുക്ക് പാര്‍ഥസാരഥിയെയും ഗീതയെയും
കാട്ടിത്തരുന്നു.
തൂങ്ങിക്രീഡിക്കുമോമല്‍ക്കുറുനിരകള്‍
വിയര്‍ക്കുന്ന ഫാലത്തിലൊട്ടി-
പ്പൊങ്ങിപ്പൊറിപ്പരക്കും തുരഗഖുരജമാം
മണ്ണില്‍ നീലാംഗമെല്ലാം.
മുങ്ങിച്ചെമ്പിച്ചു വാടീകവിളുകള്‍ ചെറുതാ-
യെങ്കിലും മന്ദഹാസം
മങ്ങിപ്പോകാതെ, പോര്‍ത്തേര്‍ കുതുകമൊടു തെളി-
ക്കുന്ന കണ്ണന്‍ സഹായം!
(ശ്ലോ.5)
എല്ലാം ബന്ധുക്കളല്ലോ മറുവശമണിയായ്
നിന്നിടും കൂട്ടരെന്നി
മിഥ്യാബോധം നിമിത്തം സമരവിമുഖനായ്
ത്തീര്‍ന്ന പാര്‍ഥന്റെ മോഹം
തത്ത്വജ്ഞാനോപദേശം വഴി മുഴുവനുടന്‍
തീര്‍ത്തു, താന്‍ നഷ്ടശൗര്യം
വീശിക്കത്തിച്ചു, വില്ലും ശരവുമുടനെടു-
പ്പിച്ച ശൗരിക്കു കൂപ്പാം. ''മഹാമാധുരി.''
(പേജ്- 50.612)
ശൈവസമ്പ്രദായങ്ങള്‍- കാശ്മീരശൈവസിദ്ധാന്തത്തിന്റെ പ്രത്യേകതകള്‍ എന്തെന്നു നോക്കാം. ഇത് പ്രത്യഭിജ്ഞാദര്‍ശനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ത്രികം എന്നും പറയും. മേല്‍ക്കൊടുത്ത കാശ്മീരശൈവമൊഴിച്ചുള്ള ശൈവസമ്പ്രദായങ്ങള്‍ എല്ലാം തന്നെ, വൈഷ്ണവസമ്പ്രദായങ്ങളെപ്പോലെ, ദ്വൈതദര്‍ശനങ്ങളാണ്. ജീവാത്മാവും പരമാത്മാവും എപ്പോഴും രണ്ടായിത്തന്നെ ഇവയില്‍ കരുതപ്പെടുന്നു.
കുടം ഉണ്ടാക്കുന്ന ആളും (നിമിത്തകാരണം) കുടം ഉണ്ടാക്കുവാനുപയോഗിക്കുന്ന മണ്ണും (ഉപാദാനകാരണം) രണ്ട് എന്നപോലെ ഈശ്വരനും ജഗത്തും രണ്ടു തന്നെ എന്നും ദ്വൈതികള്‍ വാദിക്കുന്നു. ശങ്കരാചാര്യര്‍ക്ക് നിമിത്തകാരണവും ഉപാദാനകാരണവും രണ്ടും ഒന്നു തന്നെ, ഈശ്വരന്‍ തന്നെ. തന്മൂലം ഭക്തിയുടെയും ഈശ്വരാനുഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവയുടെ എല്ലാം സാധനാപഥങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അപരോക്ഷമായ, പ്രത്യക്ഷസിദ്ധമായ ആദ്ധ്യാത്മികഅനുഭൂതിയുടെ പശ്ചാത്തലത്തില്‍ ദ്വൈതം, ദ്വൈതാദ്വൈതം, വിശിഷ്ടാദ്വൈതം, ശുദ്ധാദ്വൈതം, അദ്വൈതം തുടങ്ങിയ ഇത്തരം നിരവധി ഹിന്ദുവിശ്വാസപദ്ധതികളെ എങ്ങിനെ വിശദീകരിക്കാം, സമന്വയിപ്പിക്കാം എന്നത് ആദ്ധ്യാത്മികതയെക്കുറിച്ചു പഠിക്കുമ്പോള്‍ നമുക്കു ചര്‍ച്ച ചെയ്യാം.
ഈ കാശ്മീരശൈവത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങള്‍ പലതും സ്തുത്യര്‍ഹമായ വിധത്തില്‍ ഇംഗ്‌ളീഷുഭാഷയിലേക്കു തര്‍ജ്ജിമ ചെയ്ത ജയദേവ്‌സിങ്ങിന്റെ അഭിപ്രായത്തില്‍ ഈ ശൈവപഥത്തിന്റെ വേരുകള്‍ അതിപ്രാചീനകാലത്തിലാണ്ടുകിടക്കുന്നവയാണ്. ക്രമേണ ഇതും, ഇന്നു നാം കാണുന്ന മറ്റു ഹിന്ദുവിശ്വാസപദ്ധതികളെപ്പോലെ, യുക്തിയുടെയും അനുഭവത്തിന്റെയും തലം കൈമോശം വന്ന് കേവലം സമ്പ്രദായത്തിന്റെ ചട്ടക്കൂടും ചടങ്ങുകളും ആയി ചുരുങ്ങി നിലനിന്നുപോന്നു. വസുഗുപ്തന്‍ എന്ന മഹാത്മാവ് ആണ് പിന്നീട് ഇതിന്റെ താത്വികതലത്തെ വീണ്ടെടുത്തത്.
ആത്യന്തികയാഥാര്‍ത്ഥ്യം, പ്രപഞ്ചം, സ്വാതന്ത്ര്യവാദവും ആഭാസവാദവും, ഷഡധ്വാക്കള്‍, ശങ്കരാചാര്യരുടെ അദ്വൈതവാദവും ഇതും തമ്മിലുള്ള സാജാത്യവൈജാത്യങ്ങള്‍, ജീവാത്മാവ്, ബന്ധനം അഥവാ പാശം, മോക്ഷം എന്നിങ്ങനെ എട്ടുവിഭാഗങ്ങളായി തരം തിരിച്ച് ജയ്‌ദേവസിങ്ങ് ഈ സിദ്ധാന്തത്തെ പ്രത്യഭിജ്ഞാഹൃദയത്തിന്റെ പരിഭാഷയില്‍ വിശദമാക്കുന്നുണ്ട്. അഭിനവഗുപ്തപരമ്പരയിലെ അവസാനത്തെ കണ്ണിയായി കരുതപ്പെടുന്ന സ്വാമി ലക്ഷ്മണ്‍ ജൂ-വിന്റെ കാശ്മീര്‍ ശൈവിസം എന്ന പുസ്തകവും ഈ ദര്‍ശനപദ്ധതിയെ മനസ്സിലാക്കാന്‍ സഹായിക്കും. 
കഴുത്തില്‍ അണിഞ്ഞ മാല കഴുത്തില്‍ത്തന്നെ ഉണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ വിസ്മരിച്ച് അങ്ങുമിങ്ങും പരതി അവസാനം അവിടെത്തന്നെ ഉണ്ട് എന്നു വീണ്ടും ബോധ്യപ്പെടുന്നതു പോലെ ജീവാത്മാവ് ദേഹി-ദേഹഘടന യുമായി താദാത്മ്യം പൂണ്ട് ശിവനെന്ന തന്റെ യഥാര്‍ത്ഥസ്വരൂപത്തെ മറന്നിട്ട് വീണ്ടും സ്വയംബോധ്യപ്പെടലാണ് പ്രത്യഭിജ്ഞ. അതിനു വഴി കാട്ടുന്ന ശാസ്ത്രമാണ് പ്രത്യഭിജ്ഞാശാസ്ത്രം.
ആത്യന്തികയാഥാര്‍ത്ഥ്യം- യാഥാര്‍ത്ഥ്യം അതിന്റെ ആത്യന്തികതലത്തില്‍ പരമശിവനാണ്, ചിത്ത് അഥവാ പരസംവിത് ആണ്. ഈ പദത്തിന് മറ്റു ഭാഷകളില്‍ സമാനപദം ഇല്ല. ഏകദേശധാരണയ്ക്ക് ബോധം (കോണ്‍-ഷ്യസ്‌നസ്സ്) എന്നു പറയാം. ബോധം എന്നു പറയുമ്പോള്‍ എന്തിന്റെ എന്ന ആകാംക്ഷ സ്വാഭാവികമായും ഉണ്ടാകുന്നു. അതായത് ആ പദം ജ്ഞാതാവ്-ജ്ഞാനം എന്ന ബന്ധത്തെ ആണ് ദ്യോതിപ്പിക്കുന്നത്. എന്നാല്‍ ചിത്താകട്ടെ നിലനില്‍പ്പിനായി മറ്റൊന്നിനെ ആശ്രയിക്കുന്നില്ല. മാറ്റത്തിന്റേതായ എല്ലാ അനുഭവങ്ങളുടേയും മാറ്റമില്ലാത്ത തലമാണ് അത്. അത് പരസംവിത് ആണ്. ജ്ഞാതാ-ജ്ഞാനം- ജ്ഞേയം (അറിയുന്നവന്‍- അറിവ്- അറിയപ്പെടുന്ന വസ്തു) എന്ന ത്രൈപുരബോധത്തിന്, ത്രിപുടീബോധത്തിന് തൊട്ടുമുമ്പുള്ള ബോധാവസ്ഥ ആണ് അത്. താന്‍ തന്നെത്തന്നെ അറിയുന്ന തലം എന്നു പറയാം. ആത്മാനം ആത്മനി അവലോകയന്തം എന്നു തപസ്സുചെയ്യുന്ന ശിവന്റെ ബോധാവസ്ഥയെ കാളിദാസന്‍ കുമാരസംഭവത്തില്‍ വിശദമാക്കിയത് ഇവിടെ ശരിക്കും ചേരും. 
പ്രത്യഭിജ്ഞാശാസ്ത്രത്തിലും തന്ത്രത്തിലും ഇതിനെ പ്രകാശവിമര്‍ശമയം എന്നു പറയുന്നു. പ്രകാശം, വിമര്‍ശം എന്നീ രണ്ടു പദങ്ങളും ചിത്തിനെപ്പോലെ തന്നെ സമാനപദങ്ങളില്ലാത്തതാണ്. കഠോപനിഷത്തില്‍ തമേവ ഭാന്തം അനുഭാതി സര്‍വ്വം. തസ്യ ഭാസാ സര്‍വ്വമിദം വിഭാതി എന്നു പറഞ്ഞിട്ടുണ്ട്- പ്രകാശിക്കുന്ന അതിനെ മറ്റെല്ലാം അനുപ്രകാശിക്കുന്നു. അതിന്റെ പ്രകാശത്താല്‍ ഈ എല്ലാം വിളങ്ങുന്നു. ശങ്കരാചാര്യസ്വാമികളും ബ്രഹ്മം പ്രകാശമാണ് എന്നു സ്വീകരിച്ചിട്ടുണ്ട്. സൂര്യനും രത്‌നവും പ്രകാശങ്ങള്‍ തന്നെ. അപ്പോള്‍ ഇവ തമ്മില്‍ എന്താണ് വ്യത്യാസം? ഈ ശാസ്ത്രപ്രകാരം ആത്യന്തികയാഥാര്‍ത്ഥ്യം പ്രകാശം മാത്രമല്ല വിമര്‍ശവുമാണ്. കാളിദാസവാക്യത്തിലെ തന്നെ (ആത്മാനം) പ്രകാശം എന്നു കരുതിയാല്‍ തന്നേത്തന്നെ തന്നില്‍ (ആത്മനി) കാണല്‍, അറിയല്‍, അനുഭവിക്കല്‍ ആണ് വിമര്‍ശം എന്നു പറയാം. സ്വവിമര്‍ശ: പുരുഷാര്‍ത്ഥ: എന്നു പരശുരാമകല്‍പസൂത്രം. പഞ്ചസാരയുടെ മധുരം പോലെ അനുഭവിച്ചറിയേണ്ട ഒന്നാണ് ഇത്.
ഈ പ്രകാശവിമര്‍ശം ആണ് സമാധ്യവസ്ഥയില്‍ ഏതൊരാള്‍ക്കും അനുഭൂതമാകുന്നത്. തന്ത്രദീക്ഷയില്‍ ഗുരു ശിഷ്യന്/ശിഷ്യയ്ക്ക് ഈ അവസ്ഥയാണ് പകര്‍ന്നു നല്‍കേണ്ടത്, ഉള്ളില്‍ ഉണര്‍ത്തേണ്ടത്. പരമഹംസന്‍ താന്ത്രികമായ ശാംഭവീദീക്ഷയിലൂടെ നരേന്ദ്രന്  അനുഭവവേദ്യമാക്കിയതും ഇതാണ്. ദീക്ഷയിലൂടെ ഇത്തരത്തില്‍ അനുഭൂതമായ ബോധാവസ്ഥയെ സ്ഥിരപ്പെടുത്താനും അതിന്റെ ആഴം കൂട്ടാനും സമയദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ആണ് തന്ത്രസാധനയും ഹഠയോഗക്രമവും മറ്റു ഹിന്ദുസാധനാപദ്ധതികളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. 
ദീക്ഷയിലൂടെ ഈ ബോധസ്ഫുരണം തെളിയാതെ ചെയ്യുന്ന തന്ത്ര- യോഗസാധനകള്‍ വൃഥാവ്യായാമം ആണ്. ഈ ദൃഷ്ടിയില്‍ ഇന്നത്തെ ശ്രീചക്രനവാവരണപൂജയും, ശ്രീവിദ്യാജപവും, പഞ്ചമകാരവും വാമാചാരവും ആസനപ്രാണായാമാദികളും എല്ലാം വെറും കാട്ടിക്കൂട്ടലാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. പ്രാചീനഗോത്രതലത്തിലെ ദൈവവാദത്തില്‍ അധിഷ്ഠിതങ്ങളായ വിശ്വാസ, ആചാരാനുഷ്ഠാനങ്ങളുടെ തുടര്‍ച്ചയായ മൃഗബലിക്കും ഇവിടെ പ്രസക്തി ഒന്നും ഇല്ലെന്നും കാണാം. ഈ സ്ഫുരണത്തെ ഉണ്ടാക്കുന്ന ആളാണ് ശരിയായ ഗുരു എന്ന് ഗോരക്ഷനാഥന്‍ തന്റെ സിദ്ധസിദ്ധാന്തപദ്ധതിയില്‍ സ്പഷ്ടമാക്കിയത് നാം ഈ ലേഖനത്തിലെ നാഥസമ്പ്രദായത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കണ്ടതാണ്. 
ചിത്ത് ഈ വിമര്‍ശപ്രക്രിയ ആകുന്ന ചിദ്രൂപിണി ശക്തിയും ആകുന്നു. തന്മൂലം വിമര്‍ശത്തെ പരാശക്തി, പരാവാക്, സ്വാതന്ത്ര്യം, ഐശ്വര്യം, കര്‍ത്തൃത്വം, സ്ഫുരത്താ, സാരം, ഹൃദയം, സ്പന്ദം എന്നെല്ലാം ഈ ശാസ്ത്രത്തില്‍ വിളിക്കുന്നു. അപ്പോള്‍ ചിത്ത് ശിവന്‍ (പ്രകാശം) മാത്രമല്ല ശക്തിയുമാണ്. ചിത്ത് ശക്തിമാന്‍ കൂടി ആയതുകൊണ്ടാണ് അതിന് പ്രപഞ്ചസൃഷ്ടി സാധ്യമാകുന്നത്. അതായത് ഈ ദര്‍ശനത്തിലെ ആത്യന്തികയാഥാര്‍ത്ഥ്യം നിഷ്‌ക്രിയം അല്ല; സക്രിയം (ഡയനമിക്) ആണ്. തന്ത്രത്തിലും ഇങ്ങിനെ തന്നെ. ഈ ചിത്തിനെ അനുത്തരം എന്നും പറയുന്നു. കാരണം ഇതിനുമപ്പുറം മറ്റൊന്നില്ല തന്നെ. ഇത് ഒരേ സമയം വിശ്വോത്തീര്‍ണ്ണവും വിശ്വമയവും ആണ്.

Thursday, September 27, 2018

കണ്ടെത്തുന്ന അറിവ് എന്നും നമ്മില്‍ സന്നിഹിതമാണ്. കണ്ടെത്തുന്നയാളുടെ ശരീരവും ബുദ്ധിയും മനസ്സും ആണ് പരിണമിക്കുന്നത്. പരിണമിക്കുന്നതിനനുസരിച്ച് ദര്‍ശനശേഷിയും ഗ്രഹണശേഷിയും വര്‍ദ്ധിക്കുന്നു എന്നുമാത്രം. പക്ഷേ അറിവ് ഒരിക്കലും പരിണമിക്കുന്നില്ല. അറിവിനു പരിണാമം ഇല്ലാത്തതിനാല്‍ മനുഷ്യന്‍ ഒരിക്കലും നിലവില്‍ ഇല്ലാത്ത ഒന്നിനെ കണ്ടെത്തുന്നുമില്ല. മനുഷ്യന്‍റെ ഇന്ദ്രിയപരമായ ഗ്രഹണ ശേഷി ഓരോ തലമുറകള്‍ മാറുമ്പോഴും പരിണമിക്കുന്നുണ്ട്. അതിനനുസരിച്ച് അവന്‍ സൂക്ഷ്മമായത് പലതും കണ്ടെത്തുകയാണ്. പക്ഷേ നാം ഒന്നും പുതുതായി കണ്ടെത്തുകയല്ല എന്നതാണ് സത്യം. ഇല്ലാത്ത ഒന്നിനെ അറിയുവാനോ കണ്ടെത്തുവാനോ സാധിക്കില്ല. ഒരേ ആശയംതന്നെ ഒരേ സമയമോ പലകാലങ്ങളിലോ ആയി പലരിലും ഒരുപോലെ രൂപപ്പെടുന്നത് അതിന് തെളിവാണ്. വിവേകാനന്ദസ്വാമികള്‍ പറയും ''ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണം കണ്ടെത്തും മുമ്പും ആ പ്രക്രിയ ഇവിടെ ഉണ്ട്. '' അദ്ദേഹം കണ്ടെത്തിയ യുക്തിയുടെ സമാന തലത്തില്‍ എത്തിച്ചേരുന്ന ഏതൊരാളും അതു സ്വയം മനസ്സിലാക്കാം. അല്ലാതെ അതു പഠിച്ചറിഞ്ഞും മനസ്സിലാക്കാം. എല്ലാ അറിയലിനും ഇങ്ങനെ രണ്ടു സാദ്ധ്യതകള്‍ ഉണ്ട്. ഭഗവദ്ഗീതയില്‍ പറയുന്നുണ്ട് നാം പൂര്‍വ്വജന്മം ആര്‍ജ്ജിച്ച വിദ്യകളുടെ തുടര്‍ച്ചയാണ് ഈ ജന്മത്തില്‍ വരുക എന്ന്. അതുകൊണ്ടാണ് ചിലര്‍ക്ക് ചില വിഷയങ്ങളോട് അധികം വാസന. എന്നുമാത്രമല്ല മറ്റൊരാള്‍ പത്തോ പന്ത്രണ്ടോ കൊല്ലംകൊണ്ട് പഠിക്കുന്ന കാര്യങ്ങള്‍ ചിലര്‍ കുറച്ചുകാലംകൊണ്ട് പഠിക്കുന്നത്.
വിദ്യ നേടുന്ന കാരൃത്തില്‍ നാം ഇത്രയേ ചെയ്യുന്നുള്ളൂ. അഭ്യാസംകൊണ്ട് സ്വന്തം ശേഷിയെ സംസ്കരിക്കുന്നു. അറിയപ്പെടുന്നതെല്ലാം നമ്മില്‍തന്നെയുണ്ട്. അതിനാല്‍ അറിവ് പരിണമിക്കുന്നില്ല. എങ്ങനെയെന്നാല്‍ ആകാശം അനന്തമാണ്. നമ്മള്‍ ഒരു കുഴലിനകത്തുകൂടെ നോക്കുമ്പോള്‍ ആ‍ നോക്കുന്ന കുഴലിന്‍റെ വൃത്തം വലുതാകുന്നതിനനുസരിച്ച് കാഴ്ചയും വലുതാകും. ഒടുവില്‍ കുഴല്‍ മാറ്റിയിട്ടുനോക്കുമ്പോള്‍ സമഗ്രമായനുഭവപ്പെടും. അനന്തതയില്‍ വിലയിക്കുന്നതായും തോന്നും. പരിണമിക്കുന്നുവെന്നു തോന്നുന്നത് അറിവല്ല, അറിയാനുള്ള കഴിവാണ് പരിണമിക്കുന്നത്.
''സര്‍വ്വജ്ഞന്മാര്‍ പല കാലങ്ങളിലും ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകുകയുംചെയ്യും'' എന്ന് വിവേകാനന്ദസ്വാമികള്‍ പറയുന്നത് അങ്ങനെയാണ്. ''ജ്ഞാനസംബന്ധമായ ഏതൊരു ശാഖയിലായാലും ശരി ഒരനുഭവം ഒരാള്‍ക്ക് ഒരിക്കല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അതിനു മുമ്പും അതിനു ശേഷവും പലരിലും ഉണ്ടായിട്ടുണ്ടാകണം. ഒരിക്കല്‍ സംഭവിച്ചത് എപ്പോഴും സംഭവിക്കാം.'' എന്നാണ് സ്വാമികള്‍ പറയുന്നത്. ഒന്നും ആരുടെയും മാത്രം സ്വന്തമല്ല, എല്ലാം എല്ലാപേരിലും എല്ലാകാലത്തും ഉണ്ട് എന്നതാണ് ഭാരതീയദര്‍ശനം. അതിനാല്‍ ഋഷിമാര്‍ അറിവുകളെ തന്‍റെതാക്കി അഭിമാനിക്കുന്നതിലോ അഹങ്കരിക്കുന്നതിലോ ശ്രദ്ധകൊടുത്തിരുന്നില്ല.
ചൈതന്യവത്തായ അറിവ് വടിവാര്‍ന്നതാണല്ലോ ബാഹ്യമായ ഒരോ രൂപവും. അങ്ങനെയാണെങ്കില്‍ ഈ അറിവ് വ്യക്തമാകുന്നതിനുമുമ്പ് അവ്യക്തതയില്‍ എവിടെയായിരുന്നു. ഇപ്പോള്‍ വ്യക്തമായതും സ്ഥിതിചെയ്യുന്നതും എവിടെയാണ്. അറിവ് എന്നില്‍ അവ്യക്തമായിരിക്കുന്നു, എന്നില്‍ വ്യക്തമാകുന്നു. എന്നില്‍തന്നെ സ്ഥിതിചെയ്യുന്നു. വിലയിക്കുന്നതും എന്നില്‍തന്നെ. ''ഭൂവാദി ഭൂതമതിനാവാസമില്ല, വെറു-
മാഭാസമാമിതറിവി-
ന്നാഭാവിശേഷം'' എന്നാണ് ജനനീനവരത്നമഞ്ജരിയില്‍ ശ്രീനാരായണഗുരു പറയുന്നത്. ഗുരു ഈശ്വരനെ അറിവെന്നു പറയുന്നു.
അറിവും അറിയുന്നയാളും അനുഭവവും ഒന്നുതന്നെയാണ്.
''അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ‌ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമർന്നതു മാത്രമായിടേണം.''
മൗനം
-----------------
  ഒരാളുടെ ചോദ്യത്തിലെ ഭാവം അയാളുടെ മനോഭാവം ആയതിനാല്‍ അര്‍ഹിക്കുന്നിടത്തു മാത്രം പ്രതികരിക്കുന്ന ശീലം ഉണ്ടാകണം. ചോദ്യം ചോദിക്കുന്ന രീതിയില്‍ പരിഹാസമോ നീരസമോ ആണെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് അവരുടെ ഭാവം പ്രകാശിപ്പിക്കുക എന്നതില്‍ മാത്രമാണ് ശ്രദ്ധ എന്നാണ്. അതില്‍കവിഞ്ഞ് വിഷയത്തിലോ അതിന്‍റെ മറുപടിയിലോ താല്പര്യമില്ല എന്നറിയണം. അങ്ങനെയുള്ള വാക്കുകളോട് നാം മൗനം പാലിക്കുന്നതാണ് നല്ലത്. അപ്പോള്‍ പരസ്പരസ്നേഹം മൗനത്തിലെങ്കിലും നിലനില്‍ക്കും. അല്ലാത്ത പക്ഷം പറഞ്ഞു ജയിക്കുന്നതിന്‍റെ ശബ്ദകോലാഹലത്തില്‍ പരസ്പരം അകന്നുപോകും. എപ്പോഴും ഉദ്ദേശ്യശുദ്ധി ഉള്ളവരാകേണ്ടതുണ്ട്. അതിന് വാക്കുകളില്‍ സ്നേഹം ഉണ്ടാകണം. സ്നേഹമുള്ള വാക്കുകളോട് സ്നേഹത്തിലും സ്നേഹശൂന്യമായ വാക്കുകളോട് മൗനത്തിലുമാണ് പ്രതികരിക്കേണ്ടത്. വേണ്ടുന്നിടത്തുമാത്രം വാക്കുകള്‍ ഉപയോഗിക്കുകയും വേണ്ടാത്തിടത്ത് മൗനം പാലിക്കുകയും ചെയ്യുമ്പോള്‍ നമ്മില്‍ അടങ്ങുന്ന വാക്കുകള്‍ നമ്മുടെ ഉള്‍ക്കരുത്ത് വര്‍ദ്ധിപ്പിച്ചുകൊണ്ടേ ഇരിക്കും.

*മൗനംകൊണ്ട് പരസ്പരം സ്നേഹിക്കാന്‍ കഴിയുന്നിടത്ത് വാക്കുകള്‍കൊണ്ട് അകലുന്നതെന്തിന്...?*
രാസലീല 20* 
കൃഷ്ണഗ്രഹഗൃഹീതാത്മാ ന വേദ ജഗദീദൃശം
നിശമ്യഗീതം തദനംഗവർദ്ധനം 
വ്രജസ്ത്രിയ: കൃഷ്ണഗൃഹീതമാനസാ:
കൃഷ്ണനാൽ ഗ്രഹിക്കപ്പെട്ട മനസ്സോടുകൂടിയ വ്രജസ്ത്രീകൾ. അവര് വ്രജസ്ത്രീകളാണ്. അവര് വ്രജത്തിലാണ്. പാരിവ്രജ്യം എന്നൊരു പദവി ഉണ്ട്. കുടുംബവും ഇല്ല്യ. കുട്ടികളും ഇത് ഇല്ല്യ. ബന്ധുക്കളും ഇല്ല്യ. യദരഹേവ വിരജേത് തദരഹേവ പ്രവ്രജേത്. ആ വ്രജനം ആർക്ക് സ്വഭാവമായിട്ട് സ്വാഭാവികമായിട്ട് തീർന്നിരിക്കുവോ അവരാണ് വ്രജസ്ത്രീകൾ. അവരുടെ ഭാവമാണ് പാരിവ്രജ്യം. അവര് ഭഗവാന് ചുറ്റും വ്രജനം ചെയ്യുന്നവരാണ്. അവരുടെ ഭക്തി എങ്ങനെ ആണ് ആജഗ്നുരന്യോന്യം അലക്ഷിതോദ്യമാ: യമുനാ പുളിനത്തിൽ കണ്ണൻ വേണുഗാനം ചെയ്യണു. വേണുഗാനം ഓരോ ഗൃഹത്തിലും ജോലി ചെയ്യുന്ന ഗോപികയുടെ ചെവിയിൽ ചെന്നു വീണു. ഓരോ ഗോപികയും വര്വാണ്. . കൃഷ്ണന്റെ അടുത്തേയ്ക്. എങ്ങനെ വന്നു. ഒരു ഗോപിക വേറൊരു ഗോപികയെ കുറിച്ച് ചിന്തിച്ചില്ല്യ. മറ്റൊരു ഗോപികയെ കുറിച്ച് ചിന്തിച്ചില്ല്യ. തനിച്ച് താൻ മാത്രമായിട്ടാണ് അദ്ധ്യാത്മ ജീവിതം. രണ്ടമതൊരാൾ കയറിയാൽ അദ്ധ്യാത്മ ജീവിതം സാമൂഹികമായിട്ട് പോവും. രണ്ടാളുകൂടീട്ടുള്ള അദ്ധ്യാത്മയാത്രയേ ഇല്ല്യ. ഇവിടെ ഏക ഋഷി ആണ്. ഓരോരുത്തരും താൻ തനിയെ ആണ്. രണ്ടാളും ഒന്നിച്ചു പോവാനേ പറ്റില്ല്യ. അങ്ങനെ ഒരു മാർഗ്ഗമുണ്ടെങ്കിൽ അത് ഭക്തിയാണ്. ഭക്തിയിൽ എന്റെ മാർഗം നിങ്ങളുടെ അല്ല. നിങ്ങളുടെ മാർഗം എന്റെ അല്ല. ഓരോരുത്തർക്കും അവരവരുടെ മാർഗമാണ്. വ്രജസ്ത്രീയ:
ആജഗ്മു: അന്യോന്യം അലക്ഷിതോദ്യമ: ഒരാള് എവിടേക്കാ പോകുന്നതെന്ന് മറ്റേ ആൾക്ക് അറിയാൻ പാടില്ല്യ. ഒരു ഗോപിക പോകുന്ന സ്ഥലം മറ്റൊരു ഗോപികക്ക് അറിയില്ല്യ. അവര് അവരുടെ പാട്ടിനാണ്. യഥാർത്ഥ അദ്ധ്യാത്മലോകത്തുള്ള മഹാത്മാക്കളെയും ശ്രദ്ധിച്ചാലറിയാം ഒക്കെ തനിയെ ആണ്. ഒന്നും പരസ്പരം ചേർന്ന് പോവാൻ പറ്റില്ല്യ. മാത്രമല്ല ഒരാളുടെ മാർഗം വേറൊരാൾക്ക് പുറമേയ്ക് കാണിച്ചു കൊടുക്കുണുമില്ല്യ. സാധനയിൽ തന്നെ അതിര് കവിഞ്ഞു ഒരാളുടെ മാർഗത്തിനെ അതിര്കവിഞ്ഞ് പറഞ്ഞുകൊടുത്താൽ കൺഫ്യൂഷനേ ഉണ്ടാവുള്ളൂ. സഹായം ഉണ്ടാവില്ല്യ. അതുമാത്രമല്ല ഓരോരുത്തരുടേയും സാധന രഹസ്യമായിട്ടിരിക്കണം. എനിക്കും ഭഗവാനും തമ്മിലുള്ള ബന്ധം വ്രജസ്ത്രീക്കും കൃഷ്ണനും തമ്മിലുള്ള ബന്ധംപോലെ ആണ്. പത്നീപതികൾ തമ്മിലുള്ള ബന്ധത്തിനെ അടുത്ത വീട്ടുകാരോട് പറയാൻ പറ്റ്വോ.അംബരീക്ഷചരിതത്തിൽ പറയണുണ്ട് നല്ല സ്ത്രീകൾ തന്റെ പുരുഷനെ വശീകരിക്കുന്നതു പോലെ ഭക്തന്മാർ എന്നെ വശീകരിക്കുന്നു. അങ്ങനെ വശീകരിച്ച് വെച്ചിരിക്കുന്ന ഒരു സ്ത്രീക്ക് തന്റെ പുരുഷനോടുള്ള ബന്ധത്തിനെ വേറെ ആരോടും പറയാൻ പറ്റാത്തതുപോല ആണ് ഭക്തനും ഭഗവാനും തമ്മിലുള്ള ബന്ധം. അത് രഹസ്യമാണ് സീക്രട്ടാണ് അതുകൊണ്ട് തന്നെ sacred ഉം ആണ്. രഹസ്യമായാലേ അത് പവിത്രമാവുള്ളൂ. പവിത്രമായിട്ടിള്ളതൊക്കെ രഹസ്യമാണ്. പവിത്രമായിട്ടുള്ളത് പുറമേക്ക് പറഞ്ഞാൽ അശ്ലീലമായിട്ട് പോവും.അശ്ലീലം മറച്ചു വെച്ചാൽ പവിത്രമാവില്ല്യ. അദ്ധ്യാത്മ ജീവിതവും അങ്ങനെ ആണ്. ഭക്തിയും അങ്ങനെ ആണ്. ഭഗവദ് ആരാധനയും അങ്ങനെ ആണ്. ശ്രീരാമകൃഷ്ണദേവർ പറയും കൊതുകുവലയ്കുള്ളിൽ ഇരുന്നു കൊണ്ട് നാമജപം ചെയ്യും ഭക്തൻ. പുറമേക്ക് ആർക്കും അറിയില്ല ചിലപ്പോ ലൗകികനെ പ്പോലെ നടക്കും. വീട്ടിലുള്ളവർ തന്നെ വിചാരിക്കും അവൻ ഉറങ്ങ്വാണ്. എട്ട് മണി ആയിട്ടും എഴുന്നേറ്റിട്ടില്ല്യാന്ന്. അത്ര കണ്ട് രഹസ്യം. രഹസ്തർപ്പണതർപ്പിതായൈ നമ: എന്ന് ലളിതാസഹസ്രനാമത്തിൽ ദേവിക്ക് ഒരു നാമം. രഹസ്യമായി തർപ്പണം ചെയ്താൽ മാത്രം സന്തോഷപ്പെടുന്നവളാണ് ഭക്തിയുടെ രൂപത്തിൽ നമ്മുടെ ഹൃദയത്തിൽ ആവിർഭവിക്കുന്ന ഡാകിനീശക്തീ ആയ ചിത്ശക്തി ആയ ഭക്തി ആയ ലളിതാംബിക അഥവാ ശാരദ അഥവാ രാധ. നിങ്ങൾ എന്തു പേരു പറഞ്ഞാലും ശരി ഭക്തിക്ക് ഒരു മൂർത്തി രൂപം കൊടുത്തതാണ് രാധ. ഭക്തിക്ക് ഒരു മൂർത്തി രൂപം കൊടുത്തതാണ് ലളിതാംബിക. ഭക്തിക്ക് ഒരു മൂർത്തി രൂപം കൊടുത്തതാണ് ബ്രാഹ്മീശക്തി ആയ ശാരദ. ആ ഭക്തി ചിത്ശക്തി ആണ്. അകമേക്കുണ്ടാവുന്ന ആനന്ദാനുഭവമാണ്. ആ ആനന്ദാനുഭവം എത്ര കാലം നമ്മള് advertisement ന്റെ ലോകത്തില് ഇരിക്കുന്നുവോ എത്ര കാലം നമ്മള് propagation ന്റെ ലോകത്തില് ഇരിക്കുന്നുവോ എത്ര കാലം നമ്മള് അഭിമാനത്തിന്റേയും അഹങ്കാരത്തിന്റേയും ബാഹ്യ ലോകത്തിൽ നിന്നുള്ള അംഗീകാരത്തിന്റേയും ഒക്കെ ലോകത്തില് ഇരിക്കുന്നുവോ അത്ര കാലം ഇവൾ വരില്ല്യ. അപ്പോ ഈ ബാഹ്യ അംഗീകാരം മുഖ്യമല്ലാതായി പ്പോകുന്നുവോ ബാഹ്യമായിട്ടുള്ള യാതൊന്നും പ്രധാനമല്ലാതായിട്ട് പോകുന്നുവോ അപ്പോഴാണ് അന്യോന്യമലക്ഷിതോന്മാരായി നമ്മള് തീരുന്നത് എന്ന്വാച്ചാൽ എന്റെ മാർഗം അടുത്തൂള്ള ആൾക്ക് അറിയില്ല്യ. അടുത്തുള്ള ആളിന്റെ മാർഗ്ഗത്തില് എനിക്ക് ശ്രദ്ധയില്ല്യ. അയാൾ എങ്ങനെ പോയാലും വേണ്ടില്ല്യ. എനിക്കും ഭഗവാനും തമ്മിലുള്ള ഹൃദയബന്ധത്തിൽ ഞാനും ഭഗവാനും മാത്രേ ഉള്ളൂ. അവിടെ വേറെ ആരും ഇല്ല്യ. വേറൊന്നും അറിയില്ല്യ. ആജഗ്മു: അന്യോന്യമലക്ഷിതോദ്യമാ. വേറെ ആരെ ക്കുറിച്ചും അവര് ചിന്തിക്കുന്നില്ല്യ. എന്താ അവരെ വലിക്കുന്നത് കാന്തമാണ്. കാന്തം എന്നുള്ള വാക്ക് കാന്തൻ എന്നുള്ള വാക്കും ഒക്കെ ഒന്നാണ്. ആകർഷിക്കുക, കർഷിക്കുക സ യത്ര കാന്തോ ജവലോല കുണ്ഡലാ: അലങ്കാരങ്ങൾ ഒക്കെ ധരിച്ച് കൊണ്ട് കാന്തന്റെ അടുത്തേയ്ക് കൃഷ്ണന്റെ അടുത്തേയ്ക് ഗോപസ്ത്രീകൾ ഓടി വര്വാണ്. എങ്ങനെ വന്നു. അലങ്കാരം ഒക്കെ ചെയ്തു കൊണ്ട് make up ഒക്കെ ചെയ്തു കൊണ്ട് നല്ല വണ്ണം അലങ്കരിച്ചു കൊണ്ട് കൃഷ്ണൻ കണ്ടു സന്തോഷിക്കണം എന്ന് പറഞ്ഞു ശരീരത്തിനെ സൗന്ദര്യവത്താക്കി കൊണ്ട് വന്നു. പതുക്കെ ആണ് വന്നത്. അവർക്ക് കൃഷ്ണൻ മാത്രേ ഉള്ളൂ. ബാക്കി ഒക്കെ മറന്നു പോയി. 
ശ്രീനൊച്ചൂർജി 
രാസലീല19* 
ഉണ്ണും ചോറും തിന്നും വെറ്റിലയും കൃഷ്ണൻ. 
നമാഴ്വാർ എന്ന ഭക്തനെ കുറിച്ചു പറഞ്ഞു ഉണ്ണുന്ന ചോറും തിന്നുന്ന വെറ്റിലയും ഒക്കെ കൃഷ്ണനായി തീർന്നൂന്നാണ്. നമാഴ്വാർ ചെറിയ കുട്ടി ആയിരിക്കുമ്പോൾ ഇഴഞ്ഞു പോയി ഒരു മരത്തിന്റെ പൊത്തില് കയറി ഇരുന്നു കുട്ടി. ലോകം മറന്നുപോയി. അങ്ങനെ പതിനെട്ടു വർഷം ഇരുന്നു. കൃഷ്ണൻ ഗ്രഹിച്ചാൽ ഇതൊക്കെ ആണ് അപകടം. കൃഷ്ണഗ്രഹഗൃഹീതാത്മാ ന വേദ ജഗദീദൃശം. ഈ പതിനെട്ടു വർഷം ഭാവ സ്ഥിതി. പതിനെട്ടാമത്തെ വർഷം കാശിയിലെവിടെയോ ഉള്ള മധുരകവി എന്നു പറയുന്ന ഭക്തൻ ഗുരുവിനെ അന്വേഷിച്ച് കൊണ്ടുനടക്കണ ആള് രാത്രി എവിടെയോ ഒരു നക്ഷത്രം ഇങ്ങനെ നടക്കണത് കണ്ടു. അതിന്റെ കൂടെ നടന്നു. നേരം വെളുത്താൽ അത് മറയും. അപ്പോ അവിടെ ഇരിക്കും. അടുത്ത ദിവസം രാത്രീം ആ നക്ഷത്രം കാണും. അതിന്റെ പുറകെ നടക്കും. നേരം വെളിച്ചായാൽ അത് മറയും. അവിടെ ഇരിക്കും. അങ്ങനെ നടന്നു നടന്ന് തമിഴ് നാട്ടില് നമാഴ്വാർ ഇരിക്കുന്ന സ്ഥലത്ത് വന്നു. ആ പുളിമരത്തിന്റെ ചുവട്ടിൽ വന്നു. അവിടെ ബാഹ്യപ്രജ്ഞയേ ഇല്ലാതെ കൃഷ്ണഗ്രഹഗൃഹീതാത്മാ ന വേദ ജഗദീദൃശം. ജഗത്തേ അറിയാതിരിക്ക്യാണ്. മധുരകവി, ഈ ഭക്തൻ നമസ്കരിച്ച് ഇങ്ങനെ എങ്ങനെ ഒരാൾക്ക് ഇരിക്കാൻ പറ്റും. അഹങ്കാരം ഉള്ളിടത്തോളം കാലം ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന പോലെ ധ്യാനത്തിൽ നിന്ന് എഴുന്നേല്കും. ഉറക്കത്തിൽ നിന്ന് എഴുന്നേല്കാൻ എന്താ കാരണം. ല്ലേ സുഖമായി ഉറങ്ങണു. അങ്ങനെ ഇരുന്നൂടെ. പക്ഷേ രാവിലെ ആവുമ്പോ എഴുന്നേല്കണു. ഇനി കിടക്കണില്ല്യാ ന്ന് തോന്നും. കുട്ടികൾക്ക് സ്കൂളിൽ പോണം. വലിയവർക്ക് ജോലിക്ക് പോണം. സ്ത്രീകൾക്ക് അടുക്കളയിൽ പ്രവേശിക്കണം. കേസിന് പോണം ബഹളത്തിന് പോണം പ്രശ്നത്തിന് പോണം എന്തിനൊക്കെ പോണം വെളുത്തുപോയാൽ. ഉറക്കത്തിലിതൊന്നും ഇല്ല്യ. ന കഞ്ചന കാമം കാമയതേ ന കഞ്ചന സ്വപ്നം പശ്യതി. സുഷുപ്തസ്ഥാന ഏകീഭൂത പ്രജ്ഞാനഘനയേവസ്യാനന്ദമയോ ആനന്ദഭുക് .ആ ആനന്ദസ്ഥിതിയിൽ നിന്ന് എന്തിനെഴുന്നേറ്റൂ ന്ന് തോന്നും. എന്തുകൊണ്ട് എഴുന്നേറ്റു ആ ഞാൻ ഉണ്ടല്ലോ അതുതന്നെയാണ് എഴുന്നേല്കാൻ കാരണം. അല്ലെങ്കിൽ നിത്യമായി ഉറങ്ങാം ന്നാണ്. എപ്പോഴും ഒരു ഉറക്കംത്രേ. കണ്ണുതുറന്നുതന്നെ ഇരിക്കും. പക്ഷേ ഉറങ്ങും. എങ്ങനെ ഉറങ്ങും. സമാധിയിൽ ഉറങ്ങും. കൃഷ്ണനിൽ ഉറങ്ങും. കൃഷ്ണാനുഭവത്തിൽ ഉറങ്ങും. ആ കൃഷ്ണാനുഭവത്തിൽ ഉറങ്ങി ക്കൊണ്ടിരിക്കുകയാണല്ലോ നമാഴ്വാർ. അദ്ദേഹത്തിന് ഉറക്കമേ ഇല്ല്യ. അപ്പോഴാണ് ഈ മധുരകവി നമസ്കരിച്ച് ചോദിക്കുന്നു. ഈ ഉറക്കത്തിൽ നിന്നും ഉണരുന്നവരെ എന്തുചെയ്യും. ഉറക്കത്തിൽ ആ സുഖം അനുഭവിച്ച് കൊണ്ടിരിക്കുമ്പോ ആ സുഖത്തിൽ നിന്നും ഒരു പ്രത്യേക അഹങ്കാരം പൊന്തി വരുന്നുവല്ലോ. ചിത്തിൽ നിന്നും ഒരു അല്പമായ അഹങ്കാരം അല്പമായ വ്യക്തിത്വം പൊന്തി വന്നു. ആ ആനന്ദത്തിൽ അഖണ്ഡമായി ഇരുന്ന സ്ഥിതിയിൽ നിന്നും അല്പം പൊന്തി വന്നു. അത് എന്തിനെ അനുഭവിക്കും എവിടെ ഇരിക്കും എന്ന് ചോദിച്ചു. ഈ ഉദിച്ച ആൾ എന്തു ചെയ്യണു. അപ്പോ ആദ്യമായി മിണ്ടാതിരുന്ന നമാഴ്വാർ വായ് തുറന്നു പറഞ്ഞു. അത്തൈത്തിന്റ്ര് അങ്കേ കെടക്കും. ആ ചിത്തിനെ തന്നെ അനുഭവിച്ച് ആ ചിദാനന്ദത്തിനെ തന്നെ അനുഭവിച്ച് അതിൽ നിന്ന് വേർപെട്ടു നില്കാതെ അതിൽ നിന്നും പിരിഞ്ഞു സ്വയം ഒരു വ്യക്തി ആയി ജീവനായി ഉരുത്തിരിഞ്ഞു പൊന്തി വരാതെ അഖണ്ഡാകാരമായിട്ട് ആ ആനന്ദത്തിനെ തന്നെ അനുഭവിച്ച് ആ മധുവിനെ തന്നെ അനുഭവിച്ച് ഹൃദയതാമരയിൽ തണ്ടാരിൽ വീണു മധുവുണ്ടാ രമിക്കുമൊരു വണ്ടാണു സൂര്യസുകൃതി ന്നാണ്. ഹൃദയതാമരയിൽ ഇരുന്നു കൊണ്ട് മധു നുകരുന്ന ഒരു വണ്ടായിട്ട് സുകൃതി ആയ മുനി ഹൃദയത്തിൽ തന്നെ രമിച്ചിരിക്കണം. അവിടുന്ന് പുറത്തു വരരുത്. പുറത്ത് വന്നു കഴിയുമ്പോ മനസ്സ് പൊന്തും. മനസ്സ് പൊന്താതെ ഇരിക്കണം. 
ശ്രീനൊച്ചൂർജി 
രാസലീല 16*
കൃഷ്ണൻ എങ്ങനെ രാസോത്സവം ചെയ്തു. കൃഷ്ണാവതാരത്തിൽ കൃഷ്ണൻ അവതരിക്കുന്നതിന് മുമ്പ് തന്നെ യോഗമായ അവതരിച്ച് ഭൂമിയില് മുഴുവൻ പരന്നു നിന്നു കഴിഞ്ഞു. ഭഗവാന്റെ അവതാരകാര്യത്തിന് എല്ലാം ചെയ്യാനായിട്ട്. അവതാരത്തിന് മുമ്പൊക്കെ മായ വരണം. അദ്ധ്യാത്മരാമായണത്തിലും സീതാദേവി ഹനുമാനോട് പറയുന്നു രാമായണം രാമൻ ജനിച്ചത് മുതൽ വനവാസാദികാര്യങ്ങൾ കഴിഞ്ഞ് പട്ടാഭിഷേകം വരെയുള്ള കഥയൊക്കെ ചുരുക്കി പറഞ്ഞിട്ട് സീതാദേവി ആജ്ഞനേയസ്വാമിയോട് പറയണു. ഇതൊക്കെ ചെയ്തത് ഞാനാണ്. നിർവികല്പനും നിത്യശുദ്ധനുമായ രാമനിൽ വെറുതെ അറിവില്ലാത്തവർ ആരോപിക്കുന്നതാണെന്നാണ്. എന്നെ രാമന്റെ ശക്തി ആയി അറിഞ്ഞുകൊള്ളുക. യോഗമായ ആയി അറിഞ്ഞുകൊളളുക എന്ന് പറയും. ആ യോഗമായ ഇല്ലെങ്കിൽ നിത്യവസ്തുവായ ബ്രഹ്മം ഒന്നും ചെയ്യില്ല്യ. യോഗമായ അവിടെ ആവിർഭവിച്ചു. ആ യോഗമായ തന്നെ ആണ് രാധ. യോഗമായ തന്നെ ആണ് ചിത്ശക്തി.
ശരത്കാലചന്ദ്രൻ ആകാശത്തിലുദിച്ചു. ചന്ദ്രനെ ഒക്കെ കാണണം റ്റിവി മാത്രം കണ്ടാൽ പോരാ. മനസ്സ് വികലമായി പോവും വീട്ടിനകത്തുതന്നെ ഇരുന്നു ജഡവസ്തുക്കളെ കണ്ടു കൊണ്ടിരുന്നാൽ മനസ്സ് വികലായിട്ട് പോവും. സൂര്യൻ ഉദിക്കുന്നത് കാണണം. ഋഷികൾ അതൊക്കെയാണ് വർണ്ണിച്ചിട്ടുള്ളത്. ഉദിച്ച് വരുന്ന ആദിത്യൻ സ്വർണ്ണവർണത്തിൽ പ്രകാശിക്കുന്നു. പ്രകൃതി മുഴുവൻ കോരിത്തരിച്ചു നില്കുന്നത് നമുക്ക് പ്രഭാതത്തിലേ കാണാൻ പറ്റുള്ളൂ. അല്പനേരം വെളിച്ചായി ഒരു ഏഴുമണി എട്ട് മണി ഒക്കെ ആയിട്ടാണ് ഉറങ്ങി എഴുന്നേല്കുന്നതെങ്കിൽ ജീവിതം മുഴുവൻ ബോറടിച്ചു പോകും. പ്രഭാതത്തിൽ എഴുന്നേറ്റു പക്ഷികളുടെ സാമ്രാജ്യത്തെ ഒന്ന് കാണണം. അവരുടെ ഒരു ഉത്സാഹം അവരുടെ ഒരു ആനന്ദം സൂര്യൻ ഉദിക്കുന്നതു കാണുമ്പോൾ ഉണ്ടാവുന്ന ഒരു ലഹരി. ഇതൊക്കെ രസിച്ചാലേ നമുക്ക് ഭഗവദ് രസത്തിന്റെ അല്പാല്പം സൂചന കിട്ടുള്ളൂ. സൂര്യൻ ഉദിക്കുന്നതു കാണണം. തെളിഞ്ഞൊഴുകുന്ന നദിയെ കാണണം. അലയടിക്കുന്ന സമുദ്രത്തെ കാണണം. ഇതൊക്കെ ആണ് ഋഷികൾ നമ്മളുടെ മനസ്സിൽ തന്ന സ്വപ്നം. പക്ഷേ ഇന്ന് നമുക്ക് കിട്ടുന്നത് കംപ്യൂട്ടറും റ്റീവി സീരിയലുകളും ഒക്കെ സ്വപ്നമായതുകൊണ്ട് നമുക്ക് നദിയും സമുദ്രവും മലയും ആകാശവും ഒന്നും പ്രശ്നമല്ലാതായി തീർന്നിരിക്ക്യാ.
എല്ലാറ്റിനേം കേടു വരുത്തിക്കൊണ്ടിരിക്ക്യാണ്. ശരത്കാല ചന്ദ്രിക ചന്ദ്രനെ കണ്ടാൽ മനസ്സ് തെളിയും. കാരണം മനസ്സും ചന്ദ്രനും വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ചന്ദ്രബലം ഇല്ലാതാവുന്ന സമയത്തും അമാവാസി ഒക്കെ അടുക്കുമ്പോൾ ചില ആളുകൾക്ക് ഇളകും. സാധാരണ ആളുകൾക്ക് തന്നെ വ്യത്യാസം കാണാം അമാവാസിയോട് അടുക്കുമ്പോൾ ചില മനസ്സിന്റെ ചില വൈകല്യങ്ങൾ ഒക്കെ കാണും. പൗർണമി യോട് അടുക്കുമ്പോൾ ചില തെളിച്ചം ഒക്കെ കാണും. മനസ്സും ചന്ദ്രനും വളരെ അടുത്തിരിക്കുന്നു. ചന്ദ്രനിൽ നിന്നാണ് മനസ്സ് ഉണ്ടായത്. മനസ്സിൽ നിന്നാണ് ചന്ദ്രനുണ്ടായത്. ഇതൊന്നും പറഞ്ഞാൽ പിടി കിട്ടില്ല്യ. ചന്ദ്രനും മനസ്സും ഒന്നാണ്. അതുകൊണ്ടാണ് lunacy ലൂണാർ ന്നുള്ള വാക്കിൽ നിന്നാണ് ഭ്രാന്ത് എന്ന വാക്ക് വന്നത്. അപ്പോ ചന്ദ്രൻ വിരിഞ്ഞു നില്കുമ്പോഴാണ് നല്ല വികാരങ്ങളൊക്കെ നമ്മുടെ ഉള്ളിലുണ്ടാവുക. പൂർണ ചന്ദ്രനെ കാണുമ്പോഴാണ് മനസ്സ് തെളിഞ്ഞു വരിക. പ്രസന്നമാവുക. അതും വെള്ളി നിറത്തിൽ. ചന്ദ്രരശ്മി ഭൂമിയില് ചെന്ന് ഘനീഭവിച്ചിട്ടാണത്രേ വെള്ളി ഉണ്ടാവണത്. സൂര്യരശ്മി ഭൂമിയിൽ പ്രവേശിച്ച് ഘനീഭവിച്ചിട്ടാണത്രേ സ്വർണം ഉണ്ടാവണത്. ഇത് ഋഷികളുടെ ദർശനമാണ്. പക്ഷേ അതൊന്നും solidify ചെയ്യാൻ നമ്മളെക്കൊണ്ട് പറ്റില്ല്യ. ചന്ദ്രൻ വെള്ളിനിറത്തിൽ പരവതാനി വിരിച്ചു. യമുനാ പുളിനത്തിൽ.
തതോഡു രാജ: കകുഭ: കരൈർമുഖം
പ്രാച്യാ വിലിംപന്നരുണേന ശന്തമൈ:
സ ചർഷണീനാമുദഗാച്ഛുചോ മൃജൻ
പ്രിയ: പ്രിയായാ ഇവ ദീർഘദർശന:
ദൃഷ്ട്വാ കുമുദ്വന്തമഖണ്ഡമണ്ഡലം
രമാനനാഭം നവകുങ്കുമാരുണം
വനം ച തത്കോമളഗോഭിരഞ്ജിതം
ജഗൗ കളം വാമദൃശാം മനോഹരം
ചന്ദ്രന്റെ കോമളമായിട്ടുള്ള ചന്ദ്രപ്രകാശം യമുനാ പുളിനത്തിലുള്ള കാടുകളിലൊക്കെ അങ്ങനെ അങ്ങട് പടർന്നു. പൗർണമി ചന്ദ്രൻ വിരിഞ്ഞിരിക്കുമ്പോൾ വനരാജികളെ ഒക്കെ കാണണം. രാത്രിയിൽ വിരിഞ്ഞു നില്കുന്ന പുഷ്പങ്ങളുടെ സുഗന്ധം അനുഭവിക്കണം. അല്പം മഴ പെയ്തിട്ട് വെള്ളം ഊറ്റിക്കുടിച്ചിട്ട് തന്റെ ഗന്ധത്തിനെ പുറത്തേക്ക് വിടുന്ന ഭൂമിയുടെ ഗന്ധത്തിനെ അല്പം ഒന്ന് മണക്കണം. തെളിഞ്ഞ സ്ഥലത്ത് നിന്ന് കാറ്റ് അല്പം കൊള്ളണം. ചന്ദ്രൻ ഉദിച്ച് കിരണങ്ങൾ വിട്ടിരിക്കുമ്പോൾ നദിയിലിറങ്ങി അല്പം മുങ്ങാനും ഒക്കെ ഭാഗ്യം കിട്ടണം. അങ്ങനെ ഒക്കെ ആവുമ്പോ ഹൃദയം ഒന്ന് വിരിയും. പൂർണചന്ദ്രൻ ഉള്ളപ്പോ നദീതടങ്ങളിലും തീരങ്ങളിലും സാധിക്കുമെങ്കിൽ എവിടെയെങ്കിലും കുളക്കരയിലെങ്കിലും ഒക്കെ ഇരുന്ന് ഭഗവാനെ ധ്യാനിക്കണം. ഹൃദയത്തില് ഭഗവദ് ധ്യാനം ചെയ്യണം. അങ്ങനെ പൂർണിമ ഉദിച്ച് നില്കുമ്പോൾ ആ പൂർണചന്ദ്രന്റെ ബലത്തോടുകൂടെ ഹൃദയത്തില് കൃഷ്ണധ്യാനം ചെയ്യാമെങ്കിൽ കൃഷ്ണൻ ആ പൗർണമി ദിവസം ഹൃദയത്തില് വന്ന് നമുക്കും രാസോത്സവം ഉണ്ടാക്കും. രാസാനുഭവം ഉണ്ടാവും.
ശ്രീനൊച്ചൂർജി 
പാര്‍ഥസാരഥി
ആതാംരപാണികമലപ്രണയപ്രതോദ-
മാലോലഹാരമണികുണ്ഡലഹേമസൂത്രം
ആവിശ്രമാംബുകണമംബുദനീലമവ്യാ-
ദാദ്യം ധനഞ്ജയരഥാഭരണം മഹോ നഃ
(=അര്‍ജുനന്റെ രഥത്തിന് ആഭരണമായി ശോഭിക്കുന്നതും മേഘത്തെപ്പോലെ നീലനിറമുള്ളതുമായ തേജസ്സ് നമ്മെ രക്ഷിക്കട്ടെ, ആ തേജസ്സിനുള്ളില്‍ അതാ, ചുവന്നകൈത്തലങ്ങളാകുന്ന താമരപ്പൂക്കള്‍കൊണ്ട് കുതിരകളുടെ കടിഞ്ഞാണുകളെ പിടിച്ച് നിയന്ത്രിക്കുന്നു, കഴുത്തില്‍ അണിഞ്ഞ മുത്തുമാലയും കാതില്‍ ധരിച്ച രത്‌നകുണ്ഡലങ്ങളും അരയില്‍ കെട്ടിയ സ്വര്‍ണകാഞ്ചിയും ഇളകി ആടിക്കൊണ്ടിരിക്കുന്നു, കുതിരകളെ തെളിക്കുന്ന പ്രയത്‌നംകൊണ്ട് മുഖത്തും ദേഹത്തിലും അതാ വിയര്‍പ്പുതുള്ളി പൊടിയുന്നു.)
(ശ്രീകൃഷ്ണാമൃതം)
(9) ശ്രീഭീഷ്മ പിതാമഹന്‍
പാര്‍ഥസാരഥിയെ സ്തുതിക്കുന്നു.
ത്രിഭുവനകമനം തമാലവര്‍ണം
രവികരഗൗരവരാംബരം ദധാനേ
വപുരളകകുലാവൃതാനനാബ്ജം
വിജയസഖേ രതാരസ്തുമേന വദ്യാ
(ഭാഗവതം 1-ല്‍ 9-ല്‍ ശ്ലോകം.38)
(=മൂന്നുലോകങ്ങളിലെയും സകല സുന്ദര വസ്തുക്കളും സൗന്ദര്യമുള്ളതും തമാലവൃക്ഷത്തിന്റെ നീലനിറമുള്ളതും ഉദയസൂര്യനെക്കാള്‍ മഞ്ഞനിറമുള്ള പട്ടുടുത്തതും, ശിരസ്സിലെ കുറുനിരകളാല്‍ മൂടിക്കിടക്കുന്ന മുഖമാകുന്ന താമരയുള്ളതുമായ തിരുമേനിയുള്ള വിജയസഖനില്‍- പാര്‍ഥസാരഥിയില്‍, കാമമാലിന്യയമില്ലാത്ത ഭക്തിയുണ്ടാവണേ!)

ഭീഷ്മ പിതാമഹന്‍ ഗീതോപദേശം അനുസ്മരിപ്പിച്ച് പ്രാര്‍ഥിക്കുന്നു
വ്യവഹിത പൃതനാമുഖം നിരീക്ഷ്യ
സ്വജനവധാദ്‌വിമുഖസ്യദോഷ ബുധ്യാ
കുമതിമഹരദാത്മവിദ്യയായഃ
ചരണരതിഃ പരമസ്യതസ്യമേസ്തു!
(ഭാഗവതം-1ല്‍ 9-ല്‍ ശ്ലോകം.36)
(ധാര്‍ത്ത രാഷ്ട്രന്മാരുടെ സേനാമുഖത്ത് നി ല്‍ക്കുന്ന ഭീഷ്മദ്രോണാദികളെ കണ്ടപ്പോള്‍, അവരെ വധിക്കുന്നത് പാപമാണെന്ന ദോഷബുദ്ധിയാണ് അര്‍ജുനന് ഉണ്ടായത്. ആ നിന്ദ്യമായ ബുദ്ധിയെ- കുമതിയെ- ആത്മവിദ്യ ഉപദേശിച്ച് നശിപ്പിച്ച ആ സര്‍വേശ്വരന്റെ തൃപ്പാദത്തില്‍ എനിക്ക് ഭക്തിയുണ്ടാവണേ)
(10) മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരി
ഗീതോപദേശം, സംഗ്രഹിച്ച് സ്തുതിക്കുന്നു.
ജിഷ്‌ണോസ്ത്വം കൃഷ്ണ സൂതഃഖലുസമരമുഖേ
ബന്ധുഘാതേ ദയാലും
ഖിന്നം തം വീക്ഷ്യവീരം കിമിദമയിസഖേ
നിത്യ ഏകോളയമാത്മാ
കോ വധ്യഃ കോളത്രഹന്താ തദിഹ വധഭിയം
പ്രോജ്ഝ്യ മയ്യര്‍പ്പിതാത്മാ
ധര്‍മ്യം യുദ്ധം ചരേതിപ്രകൃതിമനയഥാ
ദര്‍ശയന്‍ വിശ്വരൂപം.
(ശ്രീമന്നാരായണീയം-ദശകം 86, ശ്ലോകം 6)
(=കൃഷ്ണാ! അവിടുന്ന് അര്‍ജുനന്റെ സൂതനായി യുദ്ധത്തിന് ഒരുങ്ങി നിന്നപ്പോള്‍ അര്‍ജുനന് ബന്ധുക്കളെ വധിക്കാന്‍ തോന്നിയില്ല. ബന്ധുക്കളോടുള്ള ദയ ആവേശിച്ച്, അദ്ദേഹം കരഞ്ഞു തുടങ്ങി. അപ്പോള്‍ അങ്ങു പറഞ്ഞു, സഖേ, സഖേ എന്താണിത്? ജീവാത്മാവിന് നാശമില്ല. ആരാണ് വധിക്കപ്പെടുന്നത്? ആരാണ് വധിക്കുന്നത്? അതുകൊണ്ട് ബന്ധുക്കളെ വധിച്ചാല്‍ പാപമുണ്ടാവില്ലേ എന്ന ഭയം വേണ്ട. മനസ്സ് എന്നില്‍ അര്‍പ്പിച്ചുകൊണ്ട് ധര്‍മാനുസൃതമായി യുദ്ധം ചെയ്യൂ'' എന്ന്-വിശ്വരൂപം കാട്ടിക്കൊടുത്ത് അദ്ദേഹത്തെ സ്വപ്രകൃതിയിലേക്കു കൊണ്ടുവരികയും ചെയ്തു.)
കാനപ്രം കേശവന്‍ നമ്പൂതിരി
ചിന്താധാര
Thursday 27 September 2018 2:50 am IST
ധന്യമായി ജീവിക്കണം. ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും നന്മനിറഞ്ഞതാകണം!
  അവനവനുവേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും ജീവിക്കണം. സത്യം, ധര്‍മം, നീതി എന്നിവയിലൂടെ ജീവിക്കാനറിയണം. സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയതുമാത്രമേ മറ്റുള്ളവര്‍ സ്വീകരിക്കൂ. ഭൗതിക ജീവിതത്തിലെ എല്ലാ നന്മകളോടുമൊപ്പം പൈതൃക ജീവിതത്തിലെ നന്മകളുമെടുക്കണം. രണ്ടും സമഞ്ജസമായി നിലനിര്‍ത്തിവേണം ജീവിതവിജയം കൈവരിക്കാന്‍.
  മനുഷ്യജന്മത്തില്‍ ഞാന്‍ ചെയ്യുന്നതിനെല്ലാം ഫലങ്ങളും പ്രതിഫലങ്ങളുമുണ്ടെന്ന് ഓര്‍മിക്കണം.
  പുനര്‍ജന്മമുണ്ടെന്നും തിരിച്ചറിയണം. ഈ ജന്മത്തിലനുഭവിച്ചു തീരാത്തത് ഇനിയുള്ള ജന്മങ്ങളിലനുഭവിച്ചു തീര്‍ക്കേണ്ടിവരും.
  എല്ലായ്‌പ്പോഴും നല്ലതു ചെയ്യാനായില്ലെങ്കിലും തിന്മ ചെയ്യാതിരിക്കണം.
  ഇന്നലെ ഇനി തിരിച്ചുവരില്ല. ഇന്ന് ഇന്നലെയാകാന്‍ പോകുന്നു. നാളെ ഇന്നുമായിത്തീരും. ഒരിക്കല്‍ നമുക്ക് തിരിച്ചുപോകണം. അന്ത്യയാത്ര ജീവിതത്തിന്റെ ഭാഗമാണ്. ആദ്യശ്വാസംപോലെ അന്ത്യശ്വാസവുമുണ്ട്.
  പിന്തിരിഞ്ഞു നോക്കുമ്പോള്‍ വേദനിക്കേണ്ടിയും ദുഃഖിക്കേണ്ടിയും വരാത്ത ജീവിതമാകട്ടെ നമ്മു
ടേത്.
  ഭൂതകാലത്തെ തിരുത്താനാകില്ല. ഇനിയുള്ള കാലമെങ്കിലും ധന്യമായി ജീവിക്കാം. അതിനായി പ്രതിജ്ഞയെടുക്കാം.
  ഈ ജന്മം കഴിയുന്നത്രയും നന്മ ചെയ്യാനായി വിനിയോഗിക്കാം. കുറച്ച് സമയം, കുറച്ച് ഊര്‍ജ്ജം, കുറച്ച് സമ്പത്ത് അതിനായി മാറ്റിവയ്ക്കാം. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കാം.
  സമൂഹത്തില്‍നിന്ന് അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമകറ്റാന്‍ ശ്രമിക്കാം. നമുക്കുകഴിയുന്നത്ര യുക്തിസഹജമായ കാര്യങ്ങളിലൂടെ മുന്നേറാം.
  പുരാതന നന്മകളും ആധുനിക നന്മകളും സമന്വയിപ്പിക്കണം. പുരാതനമായതെല്ലാം നല്ലതെന്നോ, നൂതനമായതെല്ലാം നല്ലതല്ലാത്തതെന്നോ അന്ധമായി വിശ്വസിക്കാതെ, നല്ലതെവിടെയുണ്ടെങ്കിലും എടുക്കാം.
  ജീവിതാന്ത്യത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ദുഃഖിക്കാനും പശ്ചാത്തപിക്കാനും ഇടവരാതിരിക്കട്ടെ. ശരിയെന്നു തോന്നുന്നത് ശരിയായി ചിന്തിച്ചു ചെയ്യാം.
  എന്നും സന്തോഷമോ, എന്നും ദുഃഖമോ ഉണ്ടാകില്ല. രണ്ടും മാറി മാറി വരും. ഒന്നും ശാശ്വതമല്ല.
  അനുഭവങ്ങള്‍ അനുഭവിച്ചറിയുമ്പോഴാണ് അത് ശ്രേഷ്ഠമാകുന്നത്.
  മനുഷ്യനു മാത്രമേ ദീര്‍ഘകാലത്തേക്കു നിലനി ല്‍ക്കുന്ന ബന്ധവും ബന്ധനവുമുള്ളൂ. ബന്ധം നിലനിര്‍ത്തി ബന്ധനം കുറയ്ക്കുക അതാണ് ജീവിതത്തിലെ വേദനകള്‍ കുറയ്ക്കാനുള്ള വഴി.
  ഈ ഭൂമിയിലേക്ക് വരുന്ന ദിവസമുണ്ടെങ്കില്‍ തിരിച്ചുപോകുന്ന ദിവസവുമുണ്ട്. 
  ജീവിത സത്യങ്ങളും യാഥാര്‍ഥ്യങ്ങളും മനുഷ്യമനസ്സിനെ പഠിപ്പിക്കുക. സുഖങ്ങളും ദുഃഖങ്ങളും യാഥാര്‍ഥ്യബോധത്തോടെ അറിയുക.
  മറ്റുള്ളവന്റെ ദുഃഖവും നമ്മുടെ ദുഃഖവും താരതമ്യം ചെയ്യുക. മറ്റുള്ളവന്റെ ജീവിത ചുറ്റുപാടുകളും നമ്മുടെ ജീവിത ചുറ്റുപാടുകളും തമ്മില്‍ താരതമ്യം ചെയ്യുക.
  നമ്മളെക്കാള്‍ ദുഃഖിക്കുന്നവരും വേദനിക്കുന്നവരുമിവിടെയുണ്ട് എന്ന് മറക്കാതിരിക്കുക.
  നാം ഇന്നനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ ഇടക്കെങ്കിലുമൊന്ന് വിലയിരുത്തുക. നമ്മുടെ പൂര്‍വികരേക്കാള്‍ നാം എത്രയോ മുന്നിലാണെന്നറിയുക. അവരനുഭവിച്ച ദുഃഖത്തെക്കാള്‍ എത്രയോ കുറവാണ് നാം അനുഭവിക്കുന്നത്.
  ലോകത്തിലെല്ലാ ജീവികള്‍ക്കും വേദനയുണ്ട്, വികാര വിചാരങ്ങളുമുണ്ട് കുറേയൊക്കെ വിവേകവുമുണ്ട്. അവര്‍ക്കും ദുരിതവും ദുഃഖവുമുണ്ട്.
  ഈ പ്രകൃതി എല്ലാവര്‍ക്കും ഒരേ അളവിലാണ് സുഖവും ദുഃഖവും തന്നിരിക്കുന്നത്. ചിലരത് വിശ്വസിക്കുന്നില്ലെന്നു മാത്രം. വലിയവന് ചെറിയ ദുഃഖവും വലുതാണ്. ചെറിയവന്റെ വലിയ ദുഃഖത്തെപ്പോലെയാണത്. ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ സുഖവും സന്തോഷവുമാണെന്നു തോന്നും. അതു തോന്നലാണ്. യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ കാലം കുറേയെടുത്തെന്നുവരും.
  അന്നന്നു ജീവിക്കാനറിയണം. ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പരിധിക്കപ്പുറം ചിന്തിച്ചുഴലുന്നത് അനാവശ്യമാണ്.    
  ജീവിതത്തില്‍ സുഖവും ദുഃഖവും ചിരിയും കരച്ചിലും ജയവും പരാജയവും നന്മയും തിന്മയും വരവും പോക്കും ജനനവും മരണവുമുണ്ട്. ജീവിക്കാന്‍ വേണ്ടിയുള്ള തയാറെടുപ്പല്ല ജീവിതം; ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകലാണ്.
  നമ്മള്‍ എത്രകാലം ഈ ഭൂമിയില്‍ ജീവിക്കുന്നു എന്നതിനേക്കാള്‍ പ്രാധാന്യം എങ്ങനെ ജീവിക്കുന്നു എന്നതിലാണ്.
  നമ്മുടെ ജീവിതകാലം നമ്മുടെ മനസ്സിന് നിറഞ്ഞ സംതൃപ്തിയോടെ ജീവിക്കാനാകണം. അതിനായി മനസ്സില്‍ നിരന്തരം നന്മകള്‍ നിറഞ്ഞുകൊണ്ടേയിരിക്കണം.
  നമ്മുടെ മനസ്സിലേക്ക് നന്മകള്‍ എത്തിക്കേണ്ട വഴി കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്യുക, കാണുകയും കാണിപ്പിക്കുകയും ചെയ്യുക, ചര്‍ച്ച ചെയ്യുകയും ചര്‍ച്ച ചെയ്യിപ്പിക്കുകയും ചെയ്യുക, ചിന്തിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുക. അതില്‍നിന്ന് നന്മകളെടുത്ത് ജീവിതത്തില്‍ പകര്‍ത്തുകയും പകര്‍ത്തിപ്പിക്കുകയും ചെയ്യുക.
  സത്യം, ധര്‍മം, നീതി, ന്യായത്തിലൂടെ നമുക്ക് ജീവിക്കാം. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കുന്നു എന്നതിനേക്കാള്‍ പ്രാധാന്യമുള്ളത് നാം എങ്ങനെ ജീവിക്കുന്നു, എങ്ങനെ ജീവിക്കണമെന്നു തീരുമാനിച്ചുറച്ച് ഇന്നു മുതല്‍ അപ്രകാരമൊരുജീവിതം നയിക്കുന്നതിലാണ്.
  നമ്മുടെ പ്രാര്‍ഥന അസതോമാ സത്ഗമയ, തമസോമാ ജ്യോതിര്‍ഗമയ, മൃത്യോര്‍ മാ അമൃതം ഗമയ എന്നതാണ്. ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഓരോ നിമിഷവും തിന്മയില്‍നിന്ന് നന്മയിലേക്കും, ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കും അശാന്തിയില്‍നിന്ന് ശാന്തിയിലേക്കുമുള്ള പ്രയാണമാണ് മാര്‍ഗം. നന്മ നിറഞ്ഞവരും വലിയവരുമായി തീരുകയെന്നതാണ് ജീവിതലക്ഷ്യമായി നാം സ്വീകരിക്കേണ്ടത്.
ഡോ. എന്‍. ഗോപാലകൃഷ്ണന്‍