BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, April 21, 2023
ബ്രഹ്മം ആകാശം പോലെ സൂക്ഷ്മമാണ്. യാതൊരു പരിശ്രമങ്ങള്‍ കൊണ്ടും അതിനെ സാക്ഷാത്കരിക്കുവാനാവില്ല. കാണപ്പെടുന്ന വസ്തുക്കള്‍ തന്നില്‍ നിന്നും വിഭിന്നമാണെന്ന തോന്നല്‍ ഉള്ളിലുള്ളിടത്തോളം (ദൃഷ്ടിയും ദൃഷ്ടാവും വെവ്വേറെയെന്ന തോന്നല്‍) ബ്രഹ്മസാക്ഷാത്കാരം അകലെത്തന്നെയാണ്. ദൃഷ്ടിയും ദൃഷ്ടാവും തമ്മിലുള്ള ഈ അന്തരം ഇല്ലാതായി രണ്ടും ഒന്നായി ‘കാണുമ്പോള്‍’ മാത്രമേ സത്യസാക്ഷാത്കാരം സാദ്ധ്യമാവൂ.
യാതൊരു വിഷയവും വിഷയത്തില്‍ നിന്നും പരിപൂര്‍ണ്ണമായും വ്യത്യസ്ഥ സ്വഭാവമുള്ളതല്ല. വിഷയിയെ വിഷയമായി ‘കാണുക’ എന്നതും സാദ്ധ്യമല്ല. വാസ്തവത്തില്‍ വിഷയി (ആത്മാവ്) വിഷയമായി (വസ്തുക്കള്‍) കാണപ്പെടുകയാണ്. ഇതല്ലാതെ മറ്റുവിഷയങ്ങള്‍ ഇവിടെയില്ല. എന്നാല്‍ വിഷയി (ആത്മാവ്) മാത്രമേ ഉള്ളു എന്നു പറയുമ്പോള്‍ അത് വിഷയം ആവുന്നതെങ്ങിനെ? (വിഷയമില്ലാതെ വിഷയി ഇല്ലല്ലോ). ഇവിടെ വിഷയി-വിഷയ വിവേചനം ഇല്ല തന്നെ.
പഞ്ചസാര വിവിധ മധുരപലഹാരങ്ങളാവുന്നത് അതിന്റെ സഹജഭാവമായ മാധുര്യത്തിനു കോട്ടമൊന്നും ഉണ്ടാവാത്തവിധത്തിലാണ്. അതുപോലെ ബ്രഹ്മം, അനന്താവബോധം, സ്വയം സങ്കല്‍പ്പിച്ചുണ്ടാക്കുന്ന അനന്തമായ വൈവിധ്യങ്ങള്‍ അതിന്റെ സഹജഭാവത്തെ മാറ്റുന്നില്ല. ഈ എണ്ണമില്ലാത്ത വൈജാത്യങ്ങള്‍ അനന്തമായിത്തന്നെ പ്രകടമായിക്കൊണ്ടിരിക്കുന്നു.
*കഠോപനിഷദ് യജ്ഞം*
*സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി*
ഇരുപതാം ദിവസം
ജീവിതവ്യാപാരങ്ങളുടെയൊക്കെ ആത്യന്തിക ലക്ഷ്യം പരമാനന്ദമാണെങ്കിൽ
അതിന്റെ ഉറവിടത്തെയല്ലേ പരമവരണീയമായി പരിഗണിക്കേണ്ടത് ?
ആവിധം ആത്മസ്വവൈഭവത്തെ
അനാവൃതമായി കിട്ടും വിധം ആത്മോന്മുഖമായി പാലിക്കേണ്ടുന്ന
നിഷ്ഠകളുണ്ട്; ശരീര ഇന്ദ്രിയ മനോ ബുദ്ധികളുടെ തലത്തിൽ അവയെ കണ്ടു.
ദുശ്ചരിതങ്ങളിൽ നിന്നുളള പിന്മാറ്റം
ഇന്ദ്രിയഭോഗതൃഷ്ണയുടെ നിയന്ത്രണം
വിക്ഷോഭമകന്ന് ശാന്തമായ മനസ്സ്
വിവേകശക്തി കൊണ്ട് ജാഗ്രത്തായ
ബുദ്ധി തുടങ്ങിയവയാണ് അവ.
ഭോഗതാല്പര്യവും രാഗദ്വേഷ കാലുഷ്യവും
വെച്ചുപുലർത്തുന്നവർ ഒരിക്കലും
ഇതിനെ സാക്ഷാത്കരിക്കില്ല.
സച്ചിദാനന്ദ സ്വരൂപിയായ ആത്മാവിലേക്ക്
തീർത്ഥയാത്ര നടത്താനുളള രഥത്തിന്റെ
രൂപകം അവതരിപ്പിക്കപ്പെട്ടു.
വിജ്ഞാനവാനായ സാരഥിയുടെ തീരുമാനത്തിൽ സ്ഥായിയായ ശാന്തിയും
സ്വാതന്ത്ര്യവും ലഭിക്കും. പരമമായ വിഷ്ണു പദത്തെ പ്രാപിക്കും.
സ്ഥൂലത്തിൽ നിന്നു തുടങ്ങി സൂക്ഷ്മതാരതമ്യക്രമേണ
പ്രത്യഗാത്മാവായി നിങ്ങളെയറിയാതെ മറ്റെന്തൊക്കെ നേടിയാലും സ്വാസ്ഥ്യം ഉണ്ടാവില്ല. ഇന്ദ്രിയങ്ങൾ സ്ഥൂലങ്ങളാണ്. ഭാവാത്മകമായ പരിണതിയിലൂടെ സ്ഥൂലത്തിൽ നിന്ന് പടിപടിയായി
ഇന്ദ്രിയ - അർത്ഥ - സൂക്ഷ്മ - മഹത് തത്വ-
പ്രത്യഗാത്മ- അവ്യക്തം: ബീജത്തിൽ,
തിരിച്ചു വരവില്ലാത്ത പുരുഷനിൽ
(സർവ്വപൂരണം) എത്തുന്നു.
"സാന്ദ്രാനന്ദാവബോധാത്മകമനുപമിതം"
(നാരായണീയം) "ശ്രീമൂലമായ പ്രകൃതി "
(ഹരിനാമകീർത്തനം) തുടങ്ങിയ
സൂചനകൾ സ്മരിക്കാം.
സുഖപ്രതീക്ഷയോടെ അലയുന്നവർ
ബന്ധനസ്ഥരാണ്, സാധകരല്ല.
അന്തർമുഖമായ ഈ യാത്രയുടെ
സ്വരൂപം അവനവനെത്തന്നെ അറിയുകയാണ്. ഈ ആത്മതത്വം
സർവ്വഭൂതജാലങ്ങളിലും ഗൂഢമാണ്,
പ്രകാശിക്കുന്നില്ല. എല്ലാവർക്കും
പ്രകാശിച്ചു കിട്ടുന്നില്ല എന്നു വേണം
പറയാൻ. ഏകാഗ്രബുദ്ധി കൊണ്ട്
സൂക്ഷ്മദർശികൾക്ക് സാദ്ധ്യമാണ്.
അവിദ്യാ - കാമ - കർമത്തിരക്കിൽ
ഈ തത്വം മൂടപ്പെട്ടിരിക്കുന്നു. മായാവൈഭവം
അപാരം തന്നെ.
പ്രപഞ്ചത്തിന്റെ വൈവിദ്ധ്യവും ആകർഷണീയതയും കൊണ്ട് നമുക്ക്
നമ്മെ നഷ്ടപ്പെട്ടതാണ് എല്ലാ സങ്കടങ്ങൾക്കും ഭയങ്ങൾക്കും ആശങ്കകൾക്കും കാരണം.
സച്ചിദാനന്ദസ്വരൂപമായ ആത്മാവിനെ
അവഗണിച്ചു കൊണ്ട്, ദേഹേന്ദ്രിയങ്ങളാണ്
താനെന്നു കരുതി അതിന്റെ വിവിധ
തലങ്ങളിലുള്ള പ്രശ്നങ്ങളെ നമ്മുടേതാണെന്നു തലയിലേറ്റി, പരമാനന്ദ
സ്വരൂപികളായി ആഘോഷിക്കേണ്ടതിനു
പകരം പരമദു:ഖികളായി അലയുന്നു.
സംസ്കൃത ചിത്തന്മാർക്ക് ബുദ്ധിയെ
സജ്ജമാക്കി, ഏകാഗ്രതയോടെ,
കർമ്മയോഗത്താൽ രാഗദ്വേഷങ്ങളെ
അതിക്രമിച്ച്, ശാസ്ത്ര ശ്രവണവും
വസ്തു നിരൂപണവും സാധിച്ച്
ഈ തത്വദർശനം നേടാം. അതിന്റെ
ഉപായത്തെക്കുറിച്ച് തുടർന്നു കേൾക്കാം.
പ്രണാമം സ്വാമിജി,
സംഗ്രഹം: വിജയകുമാരൻ വി
SF പാലക്കാട്
20.04.2023
Thursday, April 20, 2023
യജ്‌ജുർ വേദത്തിലൂടെ...
====================
* നിങ്ങളിൽ നിന്ന് ഉറച്ച ബലമുള്ളതും ഹിംസയും മോഷണവുമില്ലാത്തതുമായ പുത്തൻ തലമുറ പിറക്കട്ടെ..
* പരിശുദ്ധമായ ക്ഷേമവും സ്വർഗ്ഗഭൂമികളും കാറ്റുമാകുന്ന നിന്നാൽ ലോകം താങ്ങി നിർത്തപ്പെടുന്നു.
* ജലം മൂലികകളാൽ സമ്മിശ്രമാക്കപ്പെടുകയും മൂലികകൾ രസങ്ങളാ യും മാറട്ടെ, ജലം ഔഷധങ്ങളാൽ മിശ്രിതമാകുമ്പോൾ മധുരജലത്തുള്ളികൾ ആവിധമുള്ള ഔഷധ തുള്ളികളായി മാറട്ടെ..
[യജ്ജുർ വേദം, അദ്ധ്യായം 1 ]
================================
** അമ്മയായ ഭൂമീദേവിയെ ഞാൻ വന്ദിക്കുകയും പ്രണമിക്കുകയും ചെയ്യുന്നു.. മതാപൃഥ്വി എന്നിൽ അനുഗ്രഹം ചൊരിയട്ടെ.
** ആകാശം നമ്മുടെ പിതാവാകുന്നു. സ്വർഗ്ഗത്തിലെ പിതാവ് നമ്മെ അനുഗ്രഹിക്കട്ടെ. സൃഷ്ടി നാഥൻ നമ്മിൽ പ്രേരണ ചെലുത്തട്ടെ.
[ബൈബിളിൽ പറയുന്ന "സ്വർഗ്ഗസ്ഥനായ പിതാവ്" എന്ന വാചകവും ഇവിടെ ശ്രദ്ധിക്കുക!!!]
** സർവ്വേശ്വരാ, അവിടുന്ന് ലോകമാകുന്ന ഭവനത്തിന്റെ അധിപനാകുന്നു. അവിടത്തെ അനുഗ്രഹവർഷത്താൽ ഞാനും നല്ലൊരു ഗൃഹനായകനാകട്ടെ. ഞാൻ അങ്ങനെ ആഗ്രഹിക്കുന്നത് അവിടുന്ന് അങ്ങനെ ആയതു കൊണ്ടാണ്.
** പിതൃക്കൾക്ക് പ്രണാമം. രസത്തിന്റെ നന്മയ്ക്കു നമസ്കാരം. വേനലിന്റെ അമരലിനും നിങ്ങളാൽ നിയുക്തമാകുന്ന മഴയ്ക്കും നമസ്കാരം. ഋതുകാലത്തെ വിളവെടുപ്പിനും ശൈത്യ കാലത്തിനും വേനൽ രൂക്ഷതയ്ക്കും നമസ്കാരം.
** ഊർജം കൊണ്ട് നമുക്ക് വെള്ളം കിട്ടുന്നു.. ഘൃതം, ക്ഷീരം എന്നിവയും നമുക്ക് ലഭിക്കുന്നു. വേരുകളിലും ഭൈഷജ്യങ്ങളിലും താങ്ങി നിൽക്കുന്ന രസത്തെ പിത്രുപോഷണത്തിനായി ലഭ്യമാക്കിയാലും.
[യജ്ജുർ വേദം, രണ്ടാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
===========================
** എല്ലായിടവും ജ്വലിച്ചു നിൽക്കുന്ന അല്ലയോ അഗ്നീ, അങ്ങ് പരിപോഷിപ്പിക്കപ്പെടുന്നത് ചമതകളാണ്. യുവത്വം നിലനിൽക്കുന്ന നിനക്ക് ഞങ്ങൾ ചമതകളോടൊപ്പം നെയ്യും സമർപ്പിക്കുന്നു.
** അഗ്നി ജ്യോതിസ്സാകുമ്പോൾ ജ്യോതിസ് അഗ്നിയും ആകുന്നു. സൂര്യൻ ജ്യോതിസ്സാകുമ്പോൾ ജ്യോതിസ് സൂര്യനുമാകുന്നു. അഗ്നി തേജസ്സാകുമ്പോൾ തേജസ് അഗ്നിയുമാകുന്നു. സൂര്യൻ തേജസ്സാകുമ്പോൾ ജ്യോതിസ് തേജസ്സാകുന്നു. ജ്യോതിസ് സൂര്യനും സൂര്യൻ ജ്യോതിസുമാകുന്നു... സ്വാഹാ...
** ഹേ രാത്രി, ചിത്രാവസു എന്ന് പേരോടുകൂടിയ നക്ഷത്ര പടലം തേജസ്സോടെ പ്രകാശിക്കുകയാണ്. നിന്റെ പാരമ്യത്തിലേയ്ക്ക് കടക്കാൻ ഞാൻ ശ്രമിക്കട്ടെ.
** പ്രകാശത്തിന്റെ നാഥനായ ഈശ്വരാ, ജഗത്പിതാവായ നിന്നെ ഞങ്ങൾ നമസ്കരിക്കുന്നു. സത്യത്തെ സംരക്ഷിക്കുന്ന നായകനാകുന്നു നീ. നിന്റെ സൃഷ്ടി വൈഭവ കാരണത്താൽ ഓരോ നിമിഷവും വർദ്ധിക്കുന്ന മഹിമയെ ഞങ്ങൾ വാഴ്ത്തുന്നു.
** ഞങ്ങൾക്ക് മഹനീയമായ മൂന്നു കാര്യങ്ങളിൽ നിന്നും ഒരിക്കലും നഷ്ടപ്പെടാത്ത സംരക്ഷണം ലഭിക്കേണമേ. സൂര്യനാലും, വായുവിനാലും, ജലത്തിനാലും, ഞങ്ങൾ മഹത്ക്ഷേമത്തിന്റെ നായകരായിത്തീരട്ടെ.
** (ഋഷി: വിശ്വാമിത്രൻ; ദേവത: സവിതാവ്; ഛന്ദ: ഗായത്രി; സ്വര: ഷഡ്ജം)
'തത്സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹീ. ധിയോ യോ ന: പ്രചോദയാത്'
[ദിവ്യത്യമേറിയ ആ സൃഷ്ടാവിൽ നിന്ന് ഉയരുന്ന ചൈതന്യം ഞങ്ങളിലേക്ക് പടരട്ടെ. അങ്ങനെ ഞങ്ങളിലെ ബുദ്ധിവൈഭവം പ്രേരിക്കപ്പെടട്ടെ.]
** ഒരുമിച്ചു കഴിയുന്ന മർത്യസഹജീവികൾ പരസ്പരം ശത്രുത വച്ചു പുലർത്തുന്നു. ഉപദ്രവം ഏൽപ്പിക്കുന്ന പാപത്തിൽ നിന്നും ഈശ്വരൻ ഞങ്ങളെ രക്ഷിക്കട്ടെ.
** ദൃഢശക്തരായ മനുഷ്യർ മൂന്നു ഘട്ടങ്ങളിലൂടെയാണ് ജീവിതം കടക്കുന്നത്. വിവേകികൾ, പ്രബുദ്ധരായവർ, ദേവതകൾ എന്നിവർ ഈ മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. ജീവിതത്തിലെ മൂന്നു ഘട്ടങ്ങൾ കടക്കാൻ ഞങ്ങൾക്കും ശക്തി തരിക.
[യജ്ജുർ വേദം, മൂന്നാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
======================================
** എല്ലാ ജീവജാലങ്ങളുടെയും മാതാവായ ജലത്താൽ ഞങ്ങൾ ശുദ്ധീകരിക്കപ്പെടട്ടെ. ഞങ്ങളിൽ ഉണ്ടായിട്ടുള്ള കളങ്കമെല്ലാം ഈ ജലം ശുദ്ധമാക്കട്ടെ.
** ഹേ ജലമേ, നീ ഭൂമിക്കു പാലാകുന്നു. ഐശ്വര്യം
ചൊരിയുന്നതും നീ തന്നെ,. ആ ഐശ്വര്യത്തെ ഞങ്ങൾക്കായി നീക്കി വച്ചാൽ വർഷമേഘവും കണ്ണിലെ കൃഷ്ണമണിയും നീ തന്നെയാകുന്നു. നിന്നിലൂടെ ഞങ്ങൾക്ക് ദീർഘകാഴ്ച തന്നാലും.
** മനുഷ്യരൊക്കെയും ഈശ്വര സൗഹൃദത്തിനുവേണ്ടി ആഗ്രഹിക്കട്ടെ. ഈശ്വരൻ നമ്മുടെ നാഥനാകുന്നു. ഐശ്വര്യത്തിനുവേണ്ടി എല്ലാവരും ഈശ്വരനെ തേടട്ടെ.
** ഈശ്വരാ, എന്നെ മോശകരമായ അവസ്ഥയിൽ നിന്ന് മാറ്റി നിർത്തിയാലും. ധർമ്മത്തിന്റെ വഴിയിൽ എന്നെ നിലനിർത്തിയാലും. അനശ്വരരായവരുടെ കൂട്ടത്തിൽ ഞാനും ചേർക്കപ്പെടട്ടെ.
നന്മയിലധിഷ്ഠിതമായതും ദീർഘമേറിയതുമായ ഒരു ജീവിതം എനിക്ക് നൽകിയാലും.
** ഹേ സൂര്യാ, നീ ഈശ്വരന് സമർപ്പണത്തിനായുള്ള വസ്തുവാകുന്നു.
ഈശ്വരന്റെ അന്നമായ നീ നാഥന്റെ ഇരിപ്പിടവുമാകുന്നു. ആ ഇരിപ്പിടം സത്യമർഹിക്കുന്നു. അവിടെ ആസനസ്ഥനായാലും.
***************
[യജ്ജുർവേദം, നാലാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
=============================
ഈശ്വരൻ ഋഷിവര്യന്മാരുടെ പൂർവ പിതാവാകുന്നു. മംഗളം ചൊരിയുന്ന അവൻ പാപത്തിൽ നിന്ന് നമ്മെ രക്ഷിച്ചുകൊണ്ടേയിരിക്കുന്നു. യജ്ഞാദി കർമ്മങ്ങളെ അദ്ദേഹം വാത്സല്യത്തോടെയാണ് നോക്കുന്നത്. എല്ലാവിധ അനുഗ്രഹങ്ങളുമായും അവൻ നമ്മെ ബന്ധിപ്പിക്കട്ടെ.
** അല്ലയോ അഗ്നിദേവാ, നീ വ്രതത്തിന്റെ നാഥനാകുന്നു. വ്രതങ്ങളുടെ രക്ഷകനും നീ തന്നെയാണ്.
** അല്ലയോ ജ്വാലാഗ്നി, 'ആയു' എന്ന അപരനാമത്തിലറിയപ്പെടുന്ന നിന്റെ തേജസ്സോടുകൂടി നീ വന്നെത്തിയാലും. പരിശുദ്ധതയോടെ ലംഘിക്കപ്പെടാനാകാത്ത ശക്തിയാൽ ഞാൻ നിന്നെ ഈ ഭൂമിയിൽ പ്രതിഷ്ഠിക്കുകയാണ്. ഈ 'നഭസാഗ്നി' ഇതിനെ അറിയുന്നു. അല്ലയോ അഗ്നി, നിന്റെ പേരുപോലെ നീ ജ്വലിച്ചുയർന്നാലും. ഞാൻ നിന്നെ ഈ രണ്ടാമത്തെ ഭൂമിയിൽ പ്രതിഷ്ഠിക്കുന്നു. ഹേ അഗ്നി, നീ നന്നായി ജ്വലിച്ചുയർന്നാലും. നിന്നെ ഞാൻ ഈ മൂന്നാമത്തെ ഭൂമിയിൽ പ്രതിഷ്ഠിക്കുന്നു. ജ്ഞാനികളുടേയും ദേവതകളുടെയും പ്രാപഞ്ചിക ബോധനത്തിനായി നിന്നെ ഞാൻ ഇവിടെ കൊണ്ടുവരുന്നു.
** പ്രകാശിച്ചു നിൽക്കുന്ന ദിവ്യതേജസായ സൂര്യദേവാ, നീ ഭൂമിയിലും സ്വർഗ്ഗത്തിലും നല്ല ധാന്യങ്ങളും ക്ഷീരവർദ്ധക ഗോക്കളും, കൃഷി യോഗ്യമായ പാടങ്ങളും നിറച്ചിരിക്കുന്നു. ഇവ മനുഷ്യന് സന്തോഷവും
സന്തുഷ്ടിയും നൽകുന്ന കാര്യമാണ്. നിന്നിൽ നിന്നും വീശുന്ന രശ്മികളാൽ ഭൂമി പ്രകാശമാനമായിക്കൊണ്ടിരിക്കുന്നു.
** വിഷ്ണുവിന് പ്രകടമായുള്ള വീര്യത്തെപ്പറ്റി ഞാൻ പറയുന്നു: ഭൂമിക്ക് പുറത്തായുള്ള സകല ലോകങ്ങളും അവനാൽ അളക്കപ്പെടുന്നു.
ആകാശത്തിനു മറുവശത്തായി ശൃംഖത്തിൽ, ദൈർഘ്യമേറിയതും
മൂന്നു പദങ്ങളാൽ അവൻ സഞ്ചരിക്കുന്നു. നീ ദിവ്യതയേറിയ സൂര്യനാകുന്നു.
** ഹേ നാഥാ, നീ മേലെ ആകാശത്തിൽ ക്ഷതം ഉണ്ടാക്കുകയോ അന്തരീക്ഷത്തിനു വൈഷമ്യം ഉണ്ടാക്കുകയോ ചെയ്യരുത്. മാത്രമല്ല, ഭൂമിയുമായി എല്ലായ്പ്പോഴും സൗഹൃദത്തിൽ കഴിയുകയും വേണം.
അല്ലയോ യജ്ഞാഗ്നി, ഈ മഴുവിനാൽ നീ ഭാഗ്യതാരകത്തിലെത്തിച്ചേരട്ടെ.
** ഹേ വനസ്പതേ, നിങ്ങൾ ശതവത്സരങ്ങളായും സഹസ്ര വത്സരങ്ങളായും വളരട്ടെ..
[യജ്ജുർവേദം, അഞ്ചാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
==================================
** എല്ലാമറിയുന്ന ഈശ്വരന്റെ പ്രവർത്തികൾ കണ്ടാലും. അവനിലൂടെയുള്ള വ്രതങ്ങൾ നോക്കി കണ്ടാലും. കർമോത്സാഹത്തോടെ പ്രവർത്തിക്കുന്നവർക്ക് അവൻ ഉത്തമ സുഹൃത്താകുന്നു.
** അഭയം ചോദിച്ചെത്തുന്നവന് നീ (ത്വഷ്ടാവ്) സംരക്ഷണം നൽകുന്നു. ദിവ്യവസ്തുതകൾ നിനക്ക് ദേവയജ്ഞത്തിൽ നിന്ന് ലഭിക്കട്ടെ.
ഹേ ത്വഷ്ടാവേ, അവിടുന്ന് ഈ ക്ഷേമം ആസ്വദിച്ചാലും. നിന്റെ ഹവിസ്സിന്റെ ഭാഗങ്ങൾ മധുരമാകട്ടെ.
** അല്ലയോ നന്നായി ചിന്തിക്കുന്നവരേ, നിങ്ങൾ ദിവ്യമായ അറിവിന്റെ ഉത്ഭവസ്ഥാനമാകുന്നു. ദിവ്യജ്ഞാനജലം നിങ്ങളിൽ രുചി പടർത്തട്ടെ. ദേവജനനവും നിങ്ങൾക്ക് രുചിപ്രദമാകട്ടെ. നിന്റെ ശ്വാസം ഈ വാതങ്ങളുമായി ഇഴകിച്ചേരട്ടെ. നിന്റെ ഇന്ദ്രിയങ്ങൾ ഈ ആരാധനയുമായി കൂടിച്ചേരട്ടെ.
** ഹേ ദിവ്യജലമേ , നീ പരിശുദ്ധം മാത്രമല്ല വേണ്ടവിധത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ഞങ്ങളുടെ ഹവിസ്സുകൾ സ്വീകരിച്ചാലും. മറ്റുള്ളവർക്ക് വേണ്ടി ഞങ്ങൾ സേവനം ചെയ്യട്ടെ.
** ഞാൻ നിന്റെ വാക്കിനേയും പ്രാണനെയും നേത്രങ്ങളേയും നാഭിയേയും മൂത്രനാളിനെയും വിസർജ്ജനാവയവത്തെയും പരിശുദ്ധമാക്കുന്നു. നിന്നെ മുന്നോട്ടു നയിക്കുന്ന കാലുകളേയും ഞാൻ പരിശുദ്ധമാക്കുന്നു.
** എന്നിലെ ദുശ്ചരിതങ്ങളെല്ലാം എന്നിൽ നിന്ന് ഒഴുകിപ്പോകട്ടെ.
നിഷ്കളങ്കരെ ഞാനെത്ര നിന്ദിച്ചാലും ദ്രോഹവും കപടതയും കാണിച്ചാലും എല്ലാറ്റിനെയും ശുദ്ധമാക്കുന്ന അല്ലയോ ജലമേ, നീ എന്നെ ശുദ്ധമാക്കിയാലും.
** ജലസമ്പത്തും ഔഷധികളും നശിക്കാതെ അല്ലയോ വരുണാ, നീ കാക്കണമേ.
** ദിവ്യമായ അന്നം ജലത്താൽ നിറഞ്ഞിരിക്കുന്നു. പ്രയത്നിക്കുന്നവർക്കു ഈ ദിവ്യാന്നം ലഭിക്കുന്നു. ഈ ദിവ്യാനത്താൽ യജ്ഞം പൂർണ്ണമാകട്ടെ.
** അല്ലയോ ഈശ്വരാ. എന്റെ ഹൃദയം കൊണ്ടും മനസ്സ് കൊണ്ടും നിന്നെ ഞാൻ പ്രാർത്ഥിക്കുന്നു. സൂര്യനുവേണ്ടിയും പ്രകാശലോകത്തിനുവേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.
** ഹേ യജ്ഞമേ, നീ സംസ്കാരദീക്ഷിതമാകുന്നു. ഞാൻ നിന്നെ ഉയർത്തുകയാണ്. എന്നാൽ സാഗരമൊരിക്കലും ക്ഷയിക്കുന്നുമില്ല. വെള്ളം വെള്ളത്തോടും ലത ലതയോടും ചേരട്ടെ...
** വൃതഹന്താക്കളേ , നിങ്ങൾ എപ്പോഴും കല്യാണം ചൊരിയുന്നവരാകുന്നു. ഹേ ദിവ്യാ, ഈ യജ്ഞത്തെ ദേവയജ്ഞമാക്കുക.
സ്തുതികളാൽ പ്രേരിതനാകുന്ന നിങ്ങൾ ഈ സോമം പാനം ചെയ്യുക
*ഭയപ്പെടാതിരിക്കുക. ഭയം കാരണം വിറയ്ക്കുകയും വേണ്ട. ഉറച്ച മനസ്സുള്ളവനായിത്തീർന്നാലും.
** മുമ്പിലൂടെയും പിറകിലൂടെയും മുകളിലൂടെയും താഴെനിന്നും ഓരോ വശത്തുനിന്നും നിന്നെ കാണാനായി ദിശകളും ഭാഗങ്ങളും ഉയരട്ടെ.
ഹേ അമ്മേ, അവരെയെല്ലാം അവരുടെ പങ്കിനാൽ നിറച്ചാലും. പ്രജകൾ ഒരേ മനസ്സോടെ പരസ്പരം കാണട്ടെ.
**ശക്തിമാനും ആഹ്ലാദവും ഐശ്വര്യവും സന്തോഷവും സമാധാനവും തരുന്നവനുമായ ഈശ്വരനാൽ, ഈ യജ്ഞകർത്താവ് അനുഗ്രഹിക്കട്ടെ.
നിനക്കു മേലെ ആഹ്ലാദം തരുന്നതായി ഞങ്ങൾക്കു മറ്റൊരു കാര്യമില്ല.
ഞങ്ങൾ നിറഞ്ഞ വാക്കുകളോട് നിനക്ക് സ്തുതിഗീതം ആലപിക്കുന്നു.
[യജ്ജുർവേദം, ആറാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
=================================
ആഹാരസാധനങ്ങൾ മധുരമാകട്ടെ.
ഹേ സോമാ. നിന്റെ നാമം പരാജയപ്പെടാത്തതാകുന്നു. അത്തരത്തിലുള്ള അങ്ങേയ്ക്കു പ്രണാമം. (മന്ത്രം 2 )
** ഭൂമിയ്ക്കും സ്വർഗ്ഗത്തിനും മധ്യത്തിലായി ഞാൻ ശയിക്കുന്നു. വിസ്തൃതവും വിശാലവുമായ അന്തരീക്ഷത്തെ ഞാൻ നിന്നിൽ അർപ്പിക്കുന്നു. നീ ഐശ്വര്യത്തിന്റെ നാഥനാകുന്നു. ഈ ദേവയജ്ഞത്തിൽ നിന്ന് സ്നേഹമാണ് ഉയർന്നു വരുന്നത്. (മന്ത്രം 5 )
** ഹേ വായൂ, നീ പ്രപഞ്ച തേജസ്സാകുന്നു. പരിശുദ്ധിയുടെ സംരക്ഷകനും നീ തന്നെ. (മന്ത്രം 7 )
** ഹേ സോമദേവാ, ഒരിക്കലും വറ്റാത്ത നിന്റെ ഐശ്വര്യത്തിന്റെയും പരിപുഷ്ടിയുടെയും കിരണങ്ങൾ എല്ലായ്പ്പോഴും ഞങ്ങളിൽ പതിക്കട്ടെ.
(മന്ത്രം 14 )
** അന്തരീക്ഷത്തിൽ കടന്നിരിക്കുന്നു പ്രകാശജ്വാലകളെ തേജസ്സാർന്ന വേനൻ ഉജ്ജ്വലമാക്കുന്നു. (മന്ത്രം 16 )
** ഈ യജ്ഞത്തിൽ നിന്ന് ഉയർന്ന അഗ്നി ദ്യുലോകത്തിനു മുകളിൽ സ്ഥിതി ചെയ്യുന്നു. അതിന്റെ മഹിമ ഭൂമിയിൽ കാണുന്നുമുണ്ട്. സത്യാധിഷ്ഠിതമായി പിറന്ന ഏവർക്കും അത് അനുഗ്രഹമാണ്. മഹർഷിക്കും രാജാവിനും അതിഥിക്കും അത് ഒന്നുപോലെ അനുഗ്രഹം ആകുന്നു. (മന്ത്രം 24 )
** (ദേവശ്രവാഃ എന്ന ഋഷി പ്രജാപതി എന്ന ദേവതയോട്)... നീ ആരാണ്?
ഇവിടെ ദൃശ്യമാകുന്നതിൽ നീ ഏതാണ്? നീ ആരുടേതാകുന്നു? നിന്റെ പേരെന്താകുന്നു? ആരുടെ പേരാകുന്നു? ഞങ്ങൾ ആരെയാണ് ധ്യാനിക്കേണ്ടത്? (മന്ത്രം 29 )
** നീ ഉപായത്താൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിന്നെ ഞാൻ ചൈത്രമാസത്തിലും, വൈശാഖ മാസത്തിലും, ജ്യേഷ്ഠ മാസത്തിലും, ആഷാഢ മാസത്തിലും, ശ്രാവണ മാസത്തിലും, ഭാദ്രപദ മാസത്തിലും, അശ്വനി മാസത്തിലും, കാർത്തിക മാസത്തിലും, മാർഗശീർഷ മാസത്തിലും, പൗഷ മാസത്തിലും, മാഘമാസത്തിലും, ഫൽഗുന മാസത്തിലും, അധി മാസത്തിലും സ്വീകരിച്ചിരിക്കുന്നു. (മന്ത്രം 30 ).
** ജീവിതത്തിന്റെയും ഉർജ്ജത്തിന്റെയും പ്രകാശപൂരിതമായ മിഴികൾ അങ്ങ് (സൂര്യൻ) തുറന്നിരിക്കുന്നു. (മന്ത്രം 42 )
[യജ്ജുർവേദം, - സംസ്കൃത മന്ത്രങ്ങളുടെ മലയാളം പരിഭാഷ ഏഴാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
===============================
** അപേക്ഷിക്കുന്നവനെ ഒരിക്കലും ഇന്ദ്രൻ ഉപേക്ഷിക്കുകയില്ല.
ഹേ ആദിത്യാ, ഇത് നിന്റെ നാലാമത്തെ പവിത്രീകരിക്കപ്പെട്ട ശക്തിയാകുന്നു.
** ഈ യജ്ഞ സമർപ്പണം ദേവതകൾക്കു സന്തോഷകരമാകട്ടെ. ആദിത്യന്മാർ ഞങ്ങളിൽ ആഹ്ലാദം ചൊരിയട്ടെ.
** ഹേ ആദിത്യാ, നീ ഇരുട്ടിനെ അകറ്റുന്നവനാകുന്നു. ഭക്തിയോടെ അർപ്പിക്കപ്പെടുന്ന ഈ സോമം നിനക്കുള്ളതാകുന്നു.
** അല്ലയോ പ്രജാപതേ നീ രേതസ്സ് വർദ്ധിപ്പിക്കുന്നവനാകുന്നു. പുരുഷത്വം കൂടുന്ന നീ അതിനെ എന്നിൽ ഉയർത്തിയാലും. എന്നിൽ രേതസ്സ് ഉയർത്തുന്നതോടെ വീര്യവാനായ ഒരു സന്താനം എന്നിൽ ഉത്ഭവിക്കട്ടെ.
** ഞങ്ങളുടെ മനസ്സുകൾ ബുദ്ധികൊണ്ടും മനസ്സ് കൊണ്ടും ശാരീരിക ശക്തി കൊണ്ടും വീര്യം കൊണ്ടും യോജിപ്പിച്ചെടുത്തതാകുന്നു. ഞങ്ങളിൽ ശിവാനുഗ്രഹം ഉണ്ടാകട്ടെ. ത്വഷ്ടാവ് ഞങ്ങളിൽ ഐശ്വര്യം നൽകുകയും ഞങ്ങളുടെ ശരീരത്തിലെ ദുർമേദസ്സ് വലിച്ചെടുക്കുകയും ചെയ്യട്ടെ.
** ഞങ്ങളിൽ സൽബുദ്ധിയുദിക്കട്ടെ. ബലശക്തി ഊർജ്ജങ്ങൾ ഞങ്ങളിൽ വ്യാപിക്കട്ടെ. ഞങ്ങൾക്ക് മഹത്വമാർന്ന മനസ്സുണ്ടാകട്ടെ.
** ഹേ അഗ്നി, നീ ജലരാശികളുടെ പിന്മുറക്കാരനാണ്. ജലരാശിയിൽ പിറന്ന നീ ജ്വലിച്ചു നിൽക്കുകയും തിന്മകളെ ദൂരീകരിക്കുകയും ചെയ്യുന്നു. ഓരോ ഭവനങ്ങളിലും നീ ഊർജം എത്തിക്കുക. നിന്റെ ജിഹ്വകൾ തിളച്ച നെയ്യിനാൽ നനയട്ടെ.
** വായു എങ്ങനെയാണോ ചലിക്കപ്പെടുന്നത് സമുദ്രം എങ്ങനെയാണോ ഇളകി മറിയുന്നത് അതുപോലെ പത്താം മാസത്തിൽ ഗർഭസ്ഥശിശുവും അതിന്റെ സ്ഥാനത്തു നിന്നും ഇളകി പുറത്തു വരട്ടെ.
** ഈ ഗർഭത്തിനുള്ളിൽ അധിവസിക്കുന്ന ശിശു അതിന്റെ കർമത്തെ പൂർണ്ണമായി അറിയുന്നുണ്ട്. ഉറച്ചതും ബലമേറിയതുമായ ഗർഭത്തിന് അവസ്ഥാന്തരങ്ങളുണ്ടാകുന്നു.
** അല്ലയോ മഴമേഘങ്ങളെ വഹിക്കുന്ന കാറ്റേ. നീയാൽ സ്വർഗം മഹത്വപൂർണ്ണമാക്കപ്പെടുന്നു.
** കാമം നിലനിൽക്കുന്ന ഇവിടെ നീ രമിച്ചാലും. സംതൃപ്തി നിലനിൽക്കുന്ന ഇവിടെ നീ സ്വസംതൃപ്തിയിൽ മുഴുകിയാലും അമ്മ കുഞ്ഞിന് മുലപ്പാൽ നല്കുന്നതുപോലെ നീ ഞങ്ങൾക്ക് ഐശ്വര്യവും ആഹ്ലാദവും നൽകിയാലും.
** ഈ യജ്ഞം മുപ്പത്തിനാല് ധാതുക്കളാൽ സ്ഥാപിക്കപ്പെടുന്നു. ഏതൊന്നാണോ അന്നത്തെ അടിസ്ഥാനപ്പെടുത്തി നിലനിൽക്കുന്നത് അത് സ്ഥാപിതമായിരിക്കുന്നു. വേർപെട്ടതിനെ ഞാൻ വീണ്ടും യോജിപ്പിക്കുന്നു. ഈ യജ്ഞം ദേവതകളിലെത്തിപ്പെടട്ടെ.
[യജ്ജുർവേദം, - സംസ്കൃത മന്ത്രങ്ങളുടെ മലയാളം പരിഭാഷ എട്ടാം അദ്ധ്യായത്തിൽ നിന്നും എടുത്തത്]
===================================
"നല്ല വാക്ക്"
*****************
ജലപ്രവാഹം പോലെയാണ് വാക്കും പ്രവഹിക്കുന്നത്.
ഹൃദയവും മനസ്സും ശുദ്ധമായിരിക്കുന്നിടത്ത് നല്ല വാക്കുണ്ടാകുന്നു...
മഴ മേഘങ്ങൾക്കിടയിൽ നിന്ന് വരുന്നതുപോലെ നല്ല വാക്കുകൾ പ്രവഹിക്കട്ടെ...
[യജ്ജുർ വേദം, അദ്ധ്യായം 13 , മന്ത്രം 38 ]
ഋഷി: വിരൂപ: ; ദേവത: അഗ്നി: ; ഛന്ദ : ത്രിഷ്ടുപ് ; സ്വര: ധൈവത:
===================================
വൈശാഖ മാസം
ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്ന വൈശാഖപുണ്യമാസം 21-4-2023 മുതൽ ആരംഭിക്കുന്നു.
ഈശ്വരാരാധനയ്ക്ക് വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ.ഈ മൂന്നുമാസങ്ങളില്‍ അതിശ്രേഷ്ഠമാണ് വൈശാഖം.മാധവനായ വിഷ്ണുവിനു പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം.
വിശാഖാതാരകായുക്താ വൈശാഖീ പൂര്‍ണ്ണിമാ ഭവേത്
സാ വൈശാഖീ യത്ര മാസി സ വൈശാഖഃ പ്രകീര്‍ത്തിതഃ
(ശബ്ദരത്‌നാവലി)
വൈശാഖീ പൗര്‍ണമാസീ ച സംയുതാ ച വിശാഖയാ
(ബൃഹദ്ധര്‍മ്മപുരാണം 15:25)
.
സ്‌കന്ദപുരാണം വൈഷ്ണവ ഖണ്ഡത്തിലെ വൈശാഖമാഹാത്മ്യം(25അദ്ധ്യായങ്ങള്‍),പദ്മ പുരാണം പാതാള ഖണ്ഡത്തിലെ വൈശാഖമാഹാത്മ്യം(21 അദ്ധ്യായങ്ങള്‍) എന്നിവ ഈ മാസത്തിന്റെ പവിത്രത വ്യക്തമാക്കുന്നു. ‘മാസാനാം ധര്‍മ്മ ഹേതൂനാം വൈശാഖശ്ചോത്തമം’ എന്നും ‘ന മാധവ സമോ മാസോ ന കൃതേന സമം യുഗം’ എന്നും ‘മാധവഃ പരമോ മാസഃ ശേഷശായിപ്രിയഃ സദാ’ എന്നും സ്‌കന്ദപുരാണം
(വൈശാഖമാഹാത്മ്യം 1:14, 2:1, 2:6). സര്‍വവിദ്യകളിലും ശ്രേഷ്ഠമായ വേദമെന്നതു പോലെ,സര്‍വമന്ത്രങ്ങളിലും ശ്രേഷ്ഠമായ പ്രണവമെന്നതു പോലെ, സര്‍വവൃക്ഷങ്ങളിലും ശ്രേഷ്ഠമായ കല്‍പവൃക്ഷമെന്നതു പോലെ, സര്‍വപക്ഷികളിലും ശ്രേഷ്ഠനായ ഗരുഡനെന്നതു പോലെ, സര്‍വനദികളിലും ശ്രേഷ്ഠയായ ഗംഗയെന്നതു പോലെ, സര്‍വ രത്‌നങ്ങളിലും ശ്രേഷ്ഠമായ കൗസ്തുഭമെന്നതു പോലെ, സര്‍വമാസങ്ങളിലും ശ്രേഷ്ഠമായത് വൈശാഖമാണ്.
വൈശാഖ മാസത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്(ത്രിംശച്ച തിഥയഃ പുണ്യാ വൈശാഖേ മേഷഗേ രവൗ: വൈശാഖമാഹാത്മ്യം 22:2). ഈ മാസത്തില്‍ സ്‌നാനം, ദാനം, തപം, ഹോമം, ദേവതാര്‍ച്ചന തുടങ്ങിയ സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം(സ്‌നാനം ദാനം തപോ ഹോമോ ദേവതാര്‍ച്ചന സത്ക്രിയാഃ വൈശാഖമാഹാത്മ്യം22:4).വൈശാഖത്തിലെ സ്‌നാനം, ദാനം, വിഷ്ണുപൂജ എന്നിവയുടെ മഹിമ വ്യക്തമാക്കുന്ന നിരവധി കഥകള്‍ പദ്മ/സ്‌കന്ദ പുരാണങ്ങളില്‍ കാണാം.
വൈശാഖത്തില്‍ പ്രഭാതസ്‌നാനത്തിനു വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാന്‍ വൈശാഖസ്‌നാനത്തിനു തുല്യമായ മറ്റ് പുണ്യകര്‍മ്മമില്ല. (നാളനേന സദൃശോ ലോകേ വിഷ്ണുപ്രീതിവിധായകഃ വൈശാഖസ്‌നാനനിരതേ മേഷേ പ്രാഗര്യമോദയാത് : വൈശാഖമാഹാത്മ്യം 1:15). വൈശാഖമാസത്തില്‍ ത്രിലോകങ്ങളിലുമുള്ള സര്‍വതീര്‍ത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാല്‍ പ്രാതഃസ്‌നാനം സര്‍വതീര്‍ത്ഥസ്‌നാന ഫലം നല്‍കുന്നു എന്ന് പദ്മ പുരാണവും സ്‌കന്ദ പുരാണവും പറയുന്നു.
ദാനകര്‍മ്മങ്ങള്‍ക്ക് അനുയോജ്യമാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്(‘ന ജലേന സമം ദാനം’വൈശാഖമാഹാത്മ്യം 2:2, ‘സര്‍വദാനേഷു യത് പുണ്യം സര്‍വതീര്‍ഥേഷു യത് ഫലം തത്ഫലം സമവാപ്‌നോതി മാധവേ ജല ദാനതഃ’വൈശാഖമാഹാത്മ്യം22:11). അതു പോലെ തന്നെ യാത്ര ചെയ്തു വലഞ്ഞു വരുന്ന പഥികര്‍ക്ക് വിശ്രമിക്കുവാന്‍ വഴിയമ്പലങ്ങളും, തണ്ണീര്‍ പന്തലുകളും നിര്‍മ്മിച്ച് ജലം ദാനം ചെയ്യുന്നതും യാത്രികര്‍ക്ക് ഛത്രം(കുട), പാദുകം(ചെരിപ്പ്), വ്യജനം(വിശറി), അന്നം(ആഹാരം), പര്യങ്കം(കിടക്ക), കംബളം(പുതപ്പ്), തണുപ്പു നല്‍കുന്ന കര്‍പ്പൂരം, ചന്ദനം, ഗോരോചനം, കസ്തൂരി തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ദാനം ചെയ്യുന്നതും പുണ്യദായകമായി കരുതപ്പെടുന്നു.
ഗ്രീഷ്മ ഋതുവില്‍(വേനല്‍ക്കാലം) ആണു വൈശാഖ മാസം. വേനല്‍ക്കാലത്ത് ഏറ്റവും ആവശ്യമായത് ജല,ഛത്ര,പാദുക, വ്യജന, അന്ന ദാനങ്ങള്‍ തന്നെ. ഇതു മനസ്സിലാക്കിയാണു വൈശാഖ മാസത്തിലെ ദാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വൈശാഖ മാസം കേരളത്തിലും ഭക്തി പൂര്‍വം ആചരിച്ചിരുന്നു. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖപുണ്യകാലം ആചരിക്കുന്ന പതിവുണ്ട്. സ്‌കന്ദ പുരാണത്തിലെ വൈശാഖമാഹാത്മ്യം കിളിപ്പാട്ടു രൂപത്തില്‍ മലയാളത്തില്‍ ലഭ്യമാണ്.
ഒരു ദിവസം ഒരു അദ്ധ്യായം എന്ന ക്രമത്തില്‍ മുപ്പത് ദിവസങ്ങള്‍ കൊണ്ട് വൈശാഖ മാഹാത്മ്യം കിളിപ്പാട്ട് സമ്പൂര്‍ണ്ണമായി പാരായണം ചെയ്യുക എന്നതാണ് രീതി. ഭാഗവത പാരായണം/സപ്താഹം, വിഷ്ണു പുരാണ പാരായണം, നിള, പെരിയാര്‍, പമ്പ തുടങ്ങിയ നദികളിലും പുണ്യതീര്‍ത്ഥങ്ങളിലും സ്‌നാനം, ശ്രാദ്ധം, തര്‍പ്പണം തുടങ്ങിയവ അനുഷ്ഠിക്കല്‍ എന്നിവയും നടന്നിരുന്നു. ചക്കയും മാങ്ങയുമെല്ലാം സമൃദ്ധമായ ഈ മാസത്തില്‍ അവ വഴിയാത്രികര്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും ദാനം ചെയ്യുകയും പതിവായിരുന്നു.
ജലദാനവും അന്നദാനവും വൈശാഖമാസത്തില്‍ അതീവ പുണ്യദായകങ്ങളായി കരുതപ്പെട്ടിരുന്നതിനാല്‍ തണ്ണീര്‍പ്പന്തലുകളും വഴിയോര വിശ്രമകേന്ദ്രങ്ങളും ജലവും സംഭാരവും പാഥേയവും നല്‍കി യാത്രികരെ സമാശ്വസിപ്പിച്ചു പോന്നു.വിഷ്ണു ക്ഷേത്രദര്‍ശനം, ഉപവാസം, സഹസ്രനാമ ജപം, ദാനം നല്‍കല്‍ എന്നിവ വിധിപ്രകാരം അനുഷ്ഠിച്ചിരുന്ന പുണ്യശാലികളും കേരളത്തില്‍ ഉണ്ടായിരുന്നു. വൈശാഖമാസം മുഴുവന് വിഷ്ണുവിനെ പൂജിച്ചാല്‍ ഒരു വര്‍ഷം മുഴുവന്‍ വിഷ്ണുപൂജ ചെയ്ത ഫലം ലഭിക്കും. പ്രാതഃസ്നാനവും ജപവും ചെയ്തു വിഷ്ണു നിവേദ്യം ഭക്ഷിച്ച് ഇന്ദ്രിയങ്ങളെ അടക്കിയും ഉപവാസാദികള്‍ അനുഷ്ഠിച്ചും വൈശാഖ വ്രതം ആചരിക്കാം. വൈശാഖമാസത്തിലെ ദിവസങ്ങളില്‍ എല്ലാം സ്‌നാനം ചെയ്യുമ്പോള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍ ഇവയാണ്
വൈശാഖംസകലം മാസം മേഷസംക്രമണേരവേഃ
പ്രാതഃസനിയമഃസ്‌നാസ്യേപ്രീയതാം മധുസൂദനഃ
മധുഹന്തുഃപ്രസാദേനബ്രാഹ്മ്ണാനാമനുഗ്രഹാത്
നിര്‍വിഘ്‌നമസ്തുമേപുണ്യം വൈശാഖസ്‌നാനമന്വഹം
മാധവേമേഷഗേഭാനൗമുരാരേമധുസൂദന
പ്രതഃസ്‌നാനേനമേനാഥയഥോക്തഫലദോഭവ
യഥാ തേ മാധവോ മാസോ വല്ലഭോ മധുസൂദന
പ്രാതസ്‌നാനേനമേതസ്മിന്‍ഫലദഃ പാപഹാഭവ
(പദ്മപുരാണം പാതാളഖണ്ഡം 95:8,9,10,11)
മധുസൂദന ദേവേശ വൈശാഖേ മേഷഗോ രവൗ
പ്രാതഃസ്‌നാനം കരിഷ്യാമി നിര്‍വിഘ്‌നം കുരു മാധവ
(സ്‌കന്ദ പുരാണംവൈശാഖമാഹാത്മ്യം 4:33)
നദികള്‍, കുളങ്ങള്‍, തടാകങ്ങള്‍, ചോലകള്‍, കിണര്‍ തുടങ്ങിയവയിലെ ജലത്തില്‍ വിഷ്ണുസ്മരണയോടെ പ്രാതഃസ്നാനം ചെയ്യണം. സ്നാനശേഷം യഥാവിധി തര്‍പ്പണം, ജപം, പൂജ, ദാനം എന്നിവ അനുഷ്ഠിക്കണം. പ്രഭാതത്തിലും മധ്യാഹ്നത്തിലും സായാഹ്നത്തിലും മഹാവിഷ്ണുവിനേയും മഹാലക്ഷ്മിയേയും പൂജിക്കുകവും ചെയ്യണം.
ഇങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കുന്ന വൈശാഖ വ്രതം സകല ഐശ്വര്യങ്ങളും പ്രദാനം ചെയ്യും. അക്ഷയ തൃതീയ, ബലരാമ ജയന്തി, വൈശാഖ ശുക്ലപക്ഷ ദ്വാദശി, മോഹിനി വരൂഥിനി ഏകാദശികള്‍, ശങ്കരാചാര്യ ജയന്തി, നരസിംഹ ജയന്തി, വൈകാശി വിശാഖം, ബുദ്ധ പൂര്‍ണ്ണിമ, പെരിയാള്‍വാര്‍ ജയന്തി, ദത്താത്രേയ ജയന്തി എന്നിങ്ങനെ വിശേഷ ദിനങ്ങള്‍ പലതുണ്ട് വൈശാഖത്തില്‍.
സ്കന്ദ പുരാണത്തിലെ വൈശാഖമാഹാത്മ്യം കിളിപ്പാട്ടു രൂപത്തിൽ മലയാളത്തിൽ ലഭ്യമാണ്. ഒരു ദിവസം ഒരു അദ്ധ്യായം എന്ന ക്രമത്തിൽ മുപ്പത് ദിവസങ്ങൾ കൊണ്ട് വൈശാഖ മാഹാത്മ്യം കിളിപ്പാട്ട് സമ്പൂർണ്ണമായി പാരായണം ചെയ്യുക എന്നതാണ് രീതി. ഭാഗവത പാരായണം/സപ്താഹം, വിഷ്ണു പുരാണ പാരായണം, നിള, പെരിയാർ , പമ്പ തുടങ്ങിയ നദികളിലും പുണ്യതീർ ത്ഥങ്ങളിലും സ്നാനം, ശ്രാദ്ധം, തർ പ്പണം തുടങ്ങിയവ അനുഷ്ഠിക്കൽ എന്നിവയും നടന്നിരുന്നു. ചക്കയും മാങ്ങയുമെല്ലാം സമൃദ്ധമായ ഈ മാസത്തിൽ
അവ വഴിയാത്രികർ ക്കും മറ്റ് ആവശ്യക്കാർ ക്കും ദാനം ചെയ്യുകയും പതിവായിരുന്നു. ജലദാനവും അന്നദാനവും വൈശാഖമാസത്തിൽ അതീവ പുണ്യദായകങ്ങളായി കരുതപ്പെട്ടിരുന്നതിനാൽ തണ്ണീർ പ്പന്തലുകളും വഴിയോര വിശ്രമകേന്ദ്രങ്ങളും ജലവും സംഭാരവും പാഥേയവും നൽകി യാത്രികരെ സമാശ്വസിപ്പിച്ചു പോന്നു.വിഷ്ണു ക്ഷേത്രദർ ശനം, ഉപവാസം, സഹസ്രനാമ ജപം, ദാനം നൽകൽ എന്നിവ വിധിപ്രകാരം അനുഷ്ഠിച്ചിരുന്ന പുണ്യശാലികളും കേരളത്തിൽ ഉണ്ടായിരുന്നു. വൈശാഖമാസം മുഴുവന് വിഷ്ണുവിനെ പൂജിച്ചാൽ ഒരു വർ ഷം മുഴുവന് വിഷ്ണുപൂജ ചെയ്ത ഫലം ലഭിക്കും. പ്രാതഃസ്നാനവും ജപവും ചെയ്തു വിഷ്ണു നിവേദ്യം ഭക്ഷിച്ച് ഇന്ദ്രിയങ്ങളെ അടക്കിയും ഉപവാസാദികൾ അനുഷ്ഠിച്ചും വൈശാഖ വ്രതം ആചരിക്കാം.
നദികൾ, കുളങ്ങൾ, തടാകങ്ങൾ, ചോലകൾ, കിണർ തുടങ്ങിയവയിലെ ജലത്തിൽ വിഷ്ണുസ്മരണയോടെ പ്രാതഃസ്നാനം ചെയ്യണം. സ്നാനശേഷം യഥാവിധി തർ പ്പണം, ജപം, പൂജ, ദാനം എന്നിവ അനുഷ്ഠിക്കണം. പ്രഭാതത്തിലും മധ്യാഹ്നത്തിലും സായാഹ്നത്തിലും മഹാവിഷ്ണുവിനേയും മഹാലക്ഷ്മിയേയും പൂജിക്കുകവും ചെയ്യണം. ഇങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കുന്ന വൈശാഖ വ്രതം സകല ഐശ്വര്യങ്ങളും പ്രദാനം ചെയ്യും. അക്ഷയ തൃതീയ, ബലരാമ ജയന്തി, വൈശാഖ ശുക്ലപക്ഷ ദ്വാദശി, മോഹിനി വരൂഥിനി ഏകാദശികൾ, ശങ്കരാചാര്യ ജയന്തി, നരസിംഹ ജയന്തി, വൈകാശി വിശാഖം, ബുദ്ധ പൂർണ്ണിമ, പെരിയാൾവാർ ജയന്തി, ദത്താത്രേയ ജയന്തി എന്നിങ്ങനെ വിശേഷ ദിനങ്ങൾ പലതുണ്ട് വൈശാഖത്തിൽ
പരമശിവൻ സൃഷ്ടിച്ച വീണ*
ശ്രീപാർവ്വതിദേവി തന്റെ വളയണിഞ്ഞ കൈകൾ മാറിൽ ചേർത്ത് നിദ്രയിലാണ്ടപ്പോൾ ശ്വാസത്തിന്റെ ഉയർച്ച താഴ്ചക്കനുസരിച്ച് തങ്കവളകൾ മൃദുമന്ത്രണം പുറപ്പെടുവിപ്പിച്ചുകൊണ്ടിരുന്നു. സംഗീതാത്മകമായ പാർവ്വതിദേവിയുടെ നിദ്രാരൂപം മഹാദേവന്റെ മനസ്സിൽ നിത്യസംഗീതത്തിന്റെ ആനന്ദം നൽകി മായാതെനിന്നു. ദേവിയുടെ ശയനരൂപത്തിൽനിന്നും സംഗീതധ്വനി ഉണർത്തുന്ന ഒരു വസ്തു സൃഷ്ടിക്കണമെന്ന് പരമശിവൻ ആഗ്രഹിച്ചു. ഭഗവാൻ യോഗദക്ഷിണാമൂർത്തിധ്യാനരൂപം പൂണ്ടു.
ആ ധ്യാനാവസ്ഥയിലും ദേവിയുടെ ശയനരൂപം മഹാദേവന്റെ മനസ്സിൽ മായാതെ തെളിഞ്ഞുനിന്നു. അങ്ങനെ രുദ്രവീണ സൃഷ്ടിച്ചു. പരമശിവൻ ആ രുദ്രവീണ കൈകളിലേന്തി തന്ത്രികൾ ഉണർത്തി. ഭഗവാന്റെ ആ രൂപത്തെ 'വീണാ ദക്ഷിണമൂർത്തി' എന്നറിയപ്പെടുന്നു.
ശ്രുതിലയസമന്വിതമാണ് വീണ. ശ്രുതി പാർവ്വതിദേവിയും ലയം ശ്രീപരമേശ്വനുമാകുന്നു.
പരമേശ്വര ധ്യാനത്തിൽ നിന്നും പിറവികൊണ്ട വീണ മഹാദേവൻ ബ്രഹ്മാവിന് നൽകുകയും ബ്രഹ്മാവ് സരസ്വതിദേവിക്ക് നൽകുകയും ചെയ്തു. സരസ്വതീദേവിയുടെ ആരാധനാചിഹ്നം കൂടിയാണ് വീണ. വീണയെ ശുദ്ധസംഗീതത്തിന്റെ മാതാവായി കണക്കാക്കിയ സരസ്വതീദേവി ത്രിലോകസഞ്ചാരിയായ നാരദരെ മികച്ച വീണാവാദകനാക്കുകയും ചെയ്തു.
ശിവശക്തിയുടെ അംശസമന്വിതരൂപമാണ് വീണ.
*കൊട്ടിയൂർക്ഷേത്രഎെതിഹ്യം*
ദക്ഷയാഗവുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ മുഴുവനും. പരശുരാമ കഥകൾ ഈ ക്ഷേത്രവുമായുളള പ്രസക്തി പകരുന്നുണ്ട്. ദക്ഷപ്രജാപതി നടത്തിയ യാഗത്തിൽ മകളായ ദാക്ഷായണിയെയും ജാമാതാവായ പരമശിവനെയും ക്ഷണിച്ചില്ല. യാഗം കാണണമെന്ന ദാക്ഷായണിയുടെ ആഗ്രഹത്തിന് ശ്രീമഹാദേവൻ അനുഗ്രഹം നൽകി. ദക്ഷൻ യാഗ സ്ഥലത്ത് ദാക്ഷായണിക്ക് വിലക്ക് ഏർപ്പെടുത്തി. ഈ അപമാനം സഹിക്കാതെ ദാക്ഷായണി യാഗ കുണ്ഡലത്തിലേക്ക് എടുത്തു ചാടി. ഈ യാഗ ഭൂമിയാണത്രെ അക്കരെ കൊട്ടിയൂർ. കലിബാധിക്കാൻ തുടങ്ങിയ ഈ യാഗ ഭൂമിയെ പരശുരാമൻ രക്ഷിച്ചുവെന്ന് ഐതിഹ്യം. കലിയെ പരശുരാമൻ വധിക്കാൻ ഒരുങ്ങിയെങ്കിലും ത്രിമൂർത്തികൾ അതിൽ നിന്നും പിന്തിരിപ്പിച്ച് കലിയെ രക്ഷപ്പെടുത്തിയത്രേ. വൈശാഖ കാലത്ത് (ഇവിടത്തെ ഉത്സവകാലം) ത്രിമൂർത്തി സാന്നിദ്ധ്യം ഇവിടെ ഉണ്ടാകുമെന്ന് പരശുരാമന് ത്രിമൂർത്തികൾ ഉറപ്പ് നൽകി. അതിനാൽ ഉമാ മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്തോടൊപ്പം ത്രിമൂർത്തികളുടെ അനുഗ്രഹവും പരശുരാമന്റെ അനുഗ്രഹവും ലഭിക്കുമെന്നുളളതാണ് ഇവിടത്തെ സവിശേഷത. പരശുരാമൻ പൂജകളും സൽകർമ്മങ്ങളും നടത്തിയപ്പോൾ ദുർവ്വാസാവിനെവിട്ട് വിശ്വാമിത്രൻ മുടക്കിയെന്നും ഐതീഹ്യമുണ്ട്. വളരെ കാലങ്ങൾക്കുശേഷം നായാട്ടിനു വന്ന കുറിച്യാരാണ് പിന്നീട് ഒരു കല്ലിൽ. ദേവസാന്നിദ്ധ്യം കണ്ടെത്തിയതത്രെ. കല്ലിൽ ആയുധം മൂർച്ച വരുത്താൻ ഉരച്ചപ്പോൾ കല്ലിൽ രക്തം കാണുകയും അത് കണ്ടയാൾ അമ്പരന്ന് പടിഞ്ഞാറ്റെ നമ്പൂതിരിയെ വിവരം അറിയിച്ചപ്പോൾ വാബലിപുഴയിൽ നിന്നും കൂവള കുമ്പിളിൽ വെളളം കൊണ്ടു വന്ന് അഭിഷേകം നടത്തുകയാണത്രെ ഉണ്ടായത്.
ഈ ഐതിഹ്യ കഥകൾ അടുത്തറിയാൻ ദേവപ്രശ്ന ചിന്ത ചെയ്തപ്പോൾ ആ കല്ല് സ്വയം ഭൂ ശിവലിംഗമാണെന്നു തിരിച്ചറിയുകയും തുടർന്ന് ഇന്നു കാണുന്ന രീതിയിൽ വികസനം വരികയും ചെയ്തു. ഇവിടത്തെ ദർശനം രണ്ടു വിധത്തിലാണ്. അക്കരക്കൊട്ടിയൂരും ഇക്കരെകൊട്ടിയൂരും ദാക്ഷായണി പുഴക്കരയിലെ തീർത്ഥാടന കേന്ദ്രങ്ങൾ. വൈശാഖകാലമായ ഇടവത്തിലെ ചോതി നാൾ മുതൽ മിഥുനത്തിലെ ചിത്തിര വരെയുളള 27 ദിവസമാണ് അക്കരെ പ്രവേശനകാലം. ഇക്കരെ എക്കാലവും ദർശനം നടത്താം. ബാക്കി 11 മാസം അക്കരെ ക്ഷേത്രത്തിൽ മനുഷ്യന് പ്രവേശനം നിഷിദ്ധമാണ്. ഈ സമയത്ത് ദേവതകൾ ഇവിടെ പൂജ നടത്തുന്നു എന്നാണ് വിശ്വാസം. ഭണ്ഡാരം എഴുന്നളളത്തു നാൾ മുതൽ ഉത്രാടം നാൾ വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണ ഉത്സവം എന്നിങ്ങനെയാണു സങ്കല്പം.
*നെയ്യാട്ടവും ഓടയും അഗ്നിയും*
നെയ്യമൃത് അവകാശികൾ സമർപ്പിക്കുന്ന പശുവിൻ നെയ്യ് ബിംബത്തിൽ അഭിഷേകം ചെയ്യുന്നു. ഭക്തിനിർഭരമായ ചടങ്ങാണു നെയ്യാട്ടം. ഇടവത്തിലെ ചോതി നാളിലാണു നെയ്യമൃത് അഭിഷേകം. ചാതിയൂർമഠത്തിൽ നിന്ന് എഴുന്നളളിച്ചു കൊണ്ടുവരുന്ന ഓടയും അഗ്നിയുമാണു യാഗോത്സവത്തിനു ചോതി ദീപം തെളിയിക്കാനുപയോഗിക്കുന്നത്. ഓടയും അഗ്നിയും എഴുന്നളളന്നതും നെയ്യാട്ടുദിനത്തിലാണ്. ഓരോ വർഷവും യാഗോത്സവം സമാപിച്ച ശേഷം സ്വയം ഭൂവിഗ്രഹത്തെ അഷ്ടബന്ധം കൊണ്ടു മറയ്ക്കുകയാണു പതിവ്. അടുത്ത വർഷം ഉത്സവനാന്ദി കുറിച്ചുകൊണ്ട് ഈ അഷ്ടബന്ധം തുറക്കലാണു നാളം തുറക്കൽ.
ഭഗവദ് വിഗ്രഹത്തിൽ ഒരു വർഷം അലിഞ്ഞിരിക്കുന്ന അഷ്ടബന്ധം പ്രസാദമായി ഭക്തർക്കു നൽകുന്നു. ഇത് ഏറെ ഔഷധമൂല്യമുളളതാണ്. ഭക്തർക്ക് ഇത് നൽകുന്നതാണ് അത് കാരണം ഏതു മാറാവ്യാധിക്കും ഇത് ഉത്തമമായി മാറുകയും ചെയ്യും. കൊട്ടിയൂരിലെ അവിസ്മരണീയമായ കാഴ്ചയാണ് ഇളനീർ കുലകളുടെ സമർപ്പണവും ഇള നീരാട്ടവും. വ്രതമെടുത്ത് ഭക്ത്യാദരവോടെ കാവുകൾ കെട്ടി അതിൽ ഇളനീർ കെട്ടി ചുമലിലേന്തി കൊട്ടിയൂരപ്പന്റെ പ്രാർത്ഥനയോടെ ഭക്തർ നീങ്ങുന്നത് വേറിട്ട കാഴ്ചയാണ്. ഇവിടെ ഇളനീരാട്ടതിന് സാധാരണ ഭക്തർക്കോ പൂജാരിമാർക്കോ സാധ്യമല്ല. ചില പാരമ്പര്യ അവകാശികൾക്കു മാത്രമേ സാധിക്കൂ.
*ഉപദേവന്മാർ:*
ഒട്ടേറെ ഉപദേവീദേവന്മാരുടെ ചൈതന്യമുണ്ട് ഇവിടെ. ഗണപതി, ദക്ഷിണമൂർത്തി എന്നീ സ്ഥാനങ്ങൾ മണിത്തറയ്ക്കു സമീപത്തുണ്ട്. ഭണ്ഡാര അറയിലാണ് മണിത്തറ ചപ്പാരം ക്ഷേത്രത്തിലെ ദേവിമാർ കുടികൊളളുന്നത്.
*സന്താനദായകിയായ ദാക്ഷായണി:*
ഇവിടെ ചാക്യാർകൂത്ത് നേർച്ചയായി നടത്തുന്നതു (മഞ്ഞ വിലാസം കൂത്താണ് ഇവിടത്തെ ചാക്യാർ കൂത്ത്) സന്താന ഭാഗ്യത്തിന് നല്ലതാണ്. പലർക്കും ഒരുമിച്ചാണ് കൂത്തു നടത്തുന്നത്. തുമ്പപ്പൂമാല ചാർത്തിയാൽ മംഗല്യതടസ്സം നീങ്ങാനും ദീർഘമംഗല്യത്തിനും നല്ലതാണ്.
*ശയനപ്രദക്ഷിണം:*
ഇഷ്ടകാര്യസിദ്ധിക്കു ശയനപ്രദക്ഷണം ഇവിടെ നടത്തുന്നത് ഏറെ ഉത്തമമാണ്. തിരുവൻചിറയിലെ ചെളിവെളളത്തിലൂടെയാണ് ശയന പ്രദക്ഷിണം വയ്ക്കുന്നത്. മാറാദുരിതങ്ങൾക്ക് ആൾരൂപം ഒഴിപ്പിക്കൽ എന്ന ചടങ്ങ് മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെയുണ്ട്. അതിരാവിലെ 7 മണിക്കു തന്നെ എത്തി വഴിപാടുകൾക്ക് രസീതെഴുതേണ്ടതാണ്. കുടം ഒഴിപ്പിക്കൽ അതിവിശിഷ്ടമാണ്. രാവിലെ 8 മണിയോടെ രസീതെഴുതിയാൽ മാത്രമേ ഈ വഴിപാടു നടത്താൻ സാധിക്കൂ. ജന്മാന്തര ദുരിതമോചനവും ധനവർധനയും അഷ്ടൈശ്വര്യങ്ങളും ലഭിക്കും. സ്വർണ്ണക്കുടത്തിൽ ഐശ്വര്യവും, വെളളിക്കുടത്തിൽ ദുരിതനിവൃത്തിയുമാണ്. ഓരോ നേർച്ചക്കാരന്റെയും പേരു ചൊല്ലി ഒട്ടനവധി പൂജാരിമാരും എഴു തന്ത്രിമാരും സാമൂതിരിയും നേർച്ചക്കാരുടെ ഐശ്വര്യത്തിനുവേണ്ടി ഭഗവാനോട് ഉറക്കെ പ്രാർത്ഥിച്ചു നടത്തുന്ന വഴിപാടാണിത്.
*ക്ഷേത്ര ഫോൺ:*
*0490 – 2430234, 2430434*.
*കൊട്ടിയൂര്‍ ക്ഷേത്രത്തിലെ ആചാരങ്ങള്‍*
വര്‍ഷകാലം ആരംഭിക്കുന്നതോടെ മലയാളക്കരയില്‍ ഉത്സവങ്ങളൊക്കെ തീരും, കൊടും മഴയില്‍ ഉത്സവം കൂടാന്‍ ആരാ വരിക? എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. കൊടും മഴയത്താണ് ഇവിടെ ഉത്സവം നടക്കുക. കൊടും മഴയില്‍ കുട ചൂടി വെള്ളത്തിലൂടെ പ്രദക്ഷിണം വച്ചാണ് ഇവിടുത്തെ പ്രതിഷ്ടയില്‍ തൊഴുക.
കണ്ണൂര്‍ ജില്ലയില്‍, തലശ്ശേരിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെ വയനാട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ഒരു മലയോര ഗ്രമമാണ് കൊട്ടിയൂര്‍. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, ഇരിട്ടി, വയനാട് ജില്ലയിലെ മാനന്തവാടി എന്നീ ടൗണുകളില്‍ നിന്ന് കൊട്ടിയൂരിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാം.
*വൈശാഖ മാഹോത്സവം*
ബാവലിപ്പുഴയുടെ അക്കരെ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ആരംഭിക്കുന്നത് ഇടവ മാസത്തിലെ ചോതി നാളിലാണ്. മിഥുന മാസത്തിലെ ചിത്തിര വരെ 27 നാളുകള്‍ നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം.
*കൊട്ടിയൂര്‍ ക്ഷേത്രം*
വയനാടന്‍ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന ബാവലി പുഴയുടെ തീരത്താണ് കൊട്ടിയൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇക്കരെ കൊട്ടിയൂര്‍ അക്കരെ കൊട്ടിയൂര്‍ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ഇവിടെ വച്ചാണ് ദക്ഷന്‍ യാഗം നടത്തിയെതെന്നാണ് ഐതിഹ്യം.
*അക്കരെ കൊട്ടിയൂര്‍*
അക്കരെ കൊട്ടിയൂരില്‍ ക്ഷേത്രമില്ല. ബാവലിപ്പുഴയുടെ ഭാഗമായ തിരുവഞ്ചിറ എന്ന ചെറിയ ജലാശയത്തിന് നടുവില്‍ ശിവലിംഗവും പരാശക്തിയുടെ ആസ്ഥാനമായ അമ്മാറക്കല്ലു തറയുമാണ് ഇവിടെയുള്ളത്. വൈശാഖ മഹോത്സവം നടക്കുമ്പോള്‍ മാത്രമേ ഇവിടേയ്ക്ക് പ്രവേശനമുള്ളു.
ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ ജാതിയില്‍പ്പെട്ട ആളുകള്‍ക്കും ഇവിടെ അവകാശങ്ങള്‍ ഉണ്ടെന്നതാണ്. വനവാസികള്‍ മുതല്‍ ബ്രാഹ്മണര്‍ വരെയുള്ളവരാണ് ഈ ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്തുന്നത്. എന്നാല്‍ ബ്രാഹ്മണ സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനമില്ല.
*ദക്ഷിണ കാശി*
ദക്ഷിണ കാശി എന്നാണ് കൊട്ടിയൂര്‍ ക്ഷേത്രം അറിയപ്പെടുന്നത്. വടക്കുംകാവ്, വടക്കീശ്വരം, തൃച്ചെറുമന്ന എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
*തിരുവഞ്ചിറ*
ബാവലിപ്പുഴയുടെ ഭാഗമായ തിരുവഞ്ചിറ എന്ന അരുവിയുടെ നടുവിലാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ശിവ ലിംഗം സ്വയംഭൂ ആയതാണെന്നാണ് വിശ്വാസം.
*അമ്മാറക്കല്ല്*
ശിവ പത്നിയായ പരാശക്തിയുടെ സ്ഥാനമാണ് അമ്മാറക്കല്ല് എന്ന് അറിയപ്പെടുന്നത് തിരുവഞ്ചിറയില്‍ തന്നെയാണ് അമ്മാറക്കല്ല് സ്ഥിതി ചെയ്യുന്നത്.
*വൈശാഖ മഹോത്സവം*
ഇടവമാസത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുന മാസത്തിലെ ചിത്തിര നക്ഷത്രം വരെയാണ് ഇവിടെ വിശാഖ മഹോത്സവം നടക്കുന്നത്. ഈ സമയങ്ങളില്‍ മാത്രമേ ഇവിടെ ക്ഷേത്ര ചടങ്ങുകള്‍ ഉണ്ടാകുകയുള്ളു.
*മഠത്തില്‍ വരവ്*
ശുദ്ധിയോടെ കൊണ്ടു വരുന്ന നെയ്യ് സ്വയംഭൂലിംഗത്തില്‍ അര്‍പ്പിക്കുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കോഴിക്കോട് കുറ്റ്യാടി മരുതോങ്കരയിലെ ജാതി മഠത്തില്‍ നിന്ന് അഗ്നിയും, വയനാട്ടിലെ തലപ്പുഴയ്ക്കടുത്ത് നിന്ന് വാളും എഴുന്നെളളിച്ച് ഉത്സവ സ്ഥലത്തെത്തിക്കുന്നു.
*സ്ത്രീകള്‍ക്ക് പ്രവേശനം*
വിശാഖം നാളില്‍ തിരുവാഭരണങ്ങള്‍, സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങള്‍ എന്നിവ സകല വാദ്യാഘോഷത്തോടെയും എഴുന്നെള്ളിച്ച് ക്ഷേത്രത്തിലെത്തിക്കുന്നു. ഇതോടെ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ഇതിനുശേഷം മാത്രമേ സ്ത്രീകള്‍ക്ക് ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ.
*കയ്യാലകള്‍*
ഉത്സവകാലത്തേയ്ക്ക് മാത്രം കാട്ടുപുല്ലും മുളയും കൊണ്ടു പര്‍ണശാലകള്‍ നിര്‍മ്മിക്കുന്നു. കൂടാതെ വിവിധ സ്ഥാനികളുടെയും തന്ത്രിമാരുടെയും കയ്യാല കളാണ് ഇവിടെയുള്ളത്. മറിച്ച് ഇവിടെ സ്ഥിരമായ ഒരു ക്ഷേത്രമില്ല.
*തീര്‍ത്ഥാടനം*
ബാവലിപ്പുഴയില്‍ കുളിച്ച് തിരുവിഞ്ചിറയിലൂടെ മണിത്തറയിലെത്തി പ്രതിഷ്ഠകളെല്ലാം വലം വച്ച് തൊഴുത്. വഴിപാടുകളര്‍പ്പിച്ച് പ്രസാദം വാങ്ങുകയും ഭണ്ഡാരം പെരുകുകയും ചെയ്താല്‍ തീര്‍ത്ഥാടനം കഴിഞ്ഞു.
*ചടങ്ങുകള്‍*
ഇളനീര്‍വെപ്പ്, ഇളനീരാട്ടം, അഷ്ടമി ആരാധന, രേവതി ആരാധന, രോഹിണിയാരാധന, കലംവരവ്, കലശപൂജ, കലശാട്ട് എന്നിവയാണ് മറ്റു പ്രധാന ചടങ്ങുകള്‍.
*ഓടപ്പൂവ്*
കൊട്ടിയൂര്‍ ഇത്സവത്തില്‍ പങ്കെടുത്തതിന്റെ അടയാളമായിട്ടാണ് ആളുകള്‍ ഓടപ്പൂവുകള്‍ വാങ്ങുന്നത്. ദക്ഷന്റെ താടിയുടെ പ്രതീകമാണ് ഓടപ്പൂവുകള്‍.
*താടി പ്രസാദമായി നല്‍കുന്ന*
*അക്കരെ കൊട്ടിയൂര്‍*
ക്ഷേത്രസങ്കല്പത്തിനും ക്ഷേത്രാരാധനയ്ക്കും പുതിയ മാനം കൈവരുത്താൻ ഈ ക്ഷേത്രമില്ലാ ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട് സമാനതകളില്ലാത്ത ആചാരാനുഷ്ഠാനങ്ങൾപോലെ ഇവിടത്തെ പ്രസാദത്തിനുമുണ്ട് പ്രത്യേകത . കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് പ്രസാദമായി ലഭിക്കുന്നത് താടിയുടെ രൂപത്തിലുള്ള ഓടപ്പൂവാണ്. ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഓടപ്പൂവിനെ ഭക്തജനങ്ങൾ കണക്കാക്കുന്നത്. വീടുകളിലും വാഹനങ്ങളിലും ഐശ്വര്യവർദ്ധനയ്ക്കായി ഇതു തൂക്കിയിടുന്നു.
*ഓടപ്പൂ പ്രസാദവുമായി നല്‍കുന്നതിനു പിന്നിലെ ഐതീഹ്യം*
ഇങ്ങനെ. പരമശിവന്റെ ഭാരൃ സതിയുടെ പിതാവായ ദക്ഷൻ പ്രജാപതിമാരുടെ സമ്മേളനത്തിനായി എത്തി. മുനിമാരും ദേവന്മാരും എഴുന്നേറ്റുനിന്നു ദക്ഷനെ വണങ്ങി. എന്നാൽ പരമശിവൻ ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. ഇതിൽ കുപിതനായ ദക്ഷൻ സദസ്സിൽ വച്ച് ശിവനെ നിന്ദിച്ചു. ദേവന്മാരോടൊപ്പം യാഗപ്രസാദം കഴിക്കുന്നതിൽനിന്നും ദക്ഷൻ ശിവനെ വിലക്കി. ശിവൻ ദക്ഷനെ ശപിച്ചു. ഭഗവത് മഹത്വമറിയാത്ത ദക്ഷൻ ആടിന്റെ മുഖമായി നടക്കാൻ ഇടവരട്ടെ എന്നായിരുന്നു ശാപം.
ദക്ഷൻ തന്റെ ശാപമുക്തിക്കുവേണ്ടി ബൃഹസ്പതിസവമെന്ന യാഗമാരംഭിച്ചു. ലോകത്തെ മഹാത്മാക്കളെയെല്ലാവരേയും ക്ഷണിച്ചു. പത്‌നീസമേതം ദേവന്മാർ യാഗസ്ഥലത്തേക്ക് പുറപ്പെടുന്ന വിവരം ശിവപത്‌നിയായ സതിയുമറിഞ്ഞു. യാഗത്തിനു തന്നെയും കൂട്ടി പോകണമെന്ന് സതി ശിവനോട് അപേക്ഷിച്ചു. എന്നാൽ പരമശിവൻ മിണ്ടിയില്ല.
സതി ശിവന്റെ മനസലിയാൻ ന്യായവാദങ്ങൾ നിരത്തി. അച്ഛന്റെ ഗൃഹത്തിൽ മഹോത്സവമുണ്ടായാൽ ക്ഷണമില്ലാതെ പോകാം. പ്രജാപതിമാരുടെ സത്രത്തിൽ വച്ച് നിന്റെ അച്ഛൻ എന്നെ ആക്ഷേപിച്ചില്ലേ. അതൊന്നും ഞാൻ നിന്നോട് പറഞ്ഞിട്ടില്ല. അതിനാൽ നീ പോകരുത്. പോയാൽ നീ അപമാനിതയാകും. ദക്ഷപുത്രിയുടെ സ്ത്രീ സ്വഭാവം നിമിത്തം യാഗത്തിനു പുറപ്പെടുകതന്നെ ചെയ്തു. ശിവപാർഷദന്മാർ അവരെ അനുഗമിച്ചു. യജ്ഞശാലയിലെത്തിയ സതിയെ ദക്ഷൻ ഗൗനിച്ചില്ല.
അച്ഛന്റെ അപമാനം സതി സഹിച്ചെങ്കിലും യജ്ഞത്തിലെ ഹവിർഭാഗം തന്റെ ഭർത്താവിനുവയ്ക്കാത്തതിനാൽ സതി കോപിച്ചുകൊണ്ടു പറഞ്ഞു; സർവാത്മാവായ ഭഗവാനോട് അച്ഛനല്ലാതെ മറ്റാരാണ് വിരോധം കാട്ടുക. അവരുടെ പാദം പോലും സ്പർശിക്കാൻ അത്തരക്കാർ അർഹരല്ല. വിശ്വബന്ധുവിനോടാണോ വിരോധം കാട്ടുന്നത്. അങ്ങയുടെ പുത്രിയായതിൽ ഞാൻ ലജ്ജിക്കുന്നു. അതിനാൽ ഞാൻ ഈ ശരീരം ഉപേക്ഷിക്കുന്നു. ശിവനെ മനസ്സിൽ ധ്യാനിച്ച് യക്ഷന്റെ യാഗാഗ്‌നിയിൽ സതി സ്വ ശരീരം ഹോമിച്ചു. സതി ദേഹതൃാഗം ചെയ്തുവെന്നറിീഞ്ഞ ശിവൻ കോപത്തോടെ തന്റെ ജട നിലത്തടിച്ചു.
അതിൽനിന്നും ഉഗ്രരൂപിയായ വീരഭദ്രർ പ്രത്യക്ഷപ്പെട്ടു. ശിവനിർദ്ദേശം കേട്ടയുടൻ വീരഭദ്രർ യാഗശാലയിലെ പ്രജാപതിമാരെയും ആക്രമിച്ചു. അഗ്‌നി കെടുത്തി യജ്ഞശാല പാടേ തകർത്തു. ഒടുവിൽ യജ്ഞാചാരൃൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു. ബാവലിപ്പുഴക്കക്കരെ കൊട്ടിയൂരിലെ തിരുവൻചിറയിലാണത്രേ താടിചെന്നു പതിച്ചത്. അങ്ങനെ യാഗത്തിന്റെ സ്മരണയ്ക്കും ഭൃഗുമുനിയുടെ താടിയാണെന്ന് സങ്കൽപ്പിച്ചുമാണ് ഭക്തജനങ്ങൾ ആദരപൂർവ്വം ഓടപ്പൂക്കൾ കൊണ്ടുപോകുന്നത്.
വയനാടൻ മലനിരകളിൽനിന്നാണ് ഓടപ്പൂവിനുവേണ്ട ഈറ്റ ശേഖരിക്കുന്നത്. ഓടപ്പൂ വിതരണം ചെയ്യാൻ ദേവസ്വത്തിന്റെ കീഴിലുള്ള സ്റ്റാളുകൾക്ക് പുറമെ പത്തിൽപരം കേന്ദ്രങ്ങളുണ്ട്. ഓടപ്പൂവിന്റെ നിർമ്മാണത്തിലുമുണ്ട് പ്രത്യേകത. പാകത്തിനു മുറിച്ചെടുത്ത ഈറ്റ വെള്ളത്തിലിട്ട് ചതച്ച് കമ്പിച്ചീർപ്പുകൊണ്ട് ചീകിയെടുക്കുന്നു. വീണ്ടും വെള്ളത്തിലിട്ട് സംസ്‌ക്കരിച്ചതിനുശേഷമാണ് പ്രസാദമാകുന്ന ഓടപ്പൂവാകുന്നത്. 30 രൂപയാണ് ഓടപ്പൂവിന്റെ വില.
ഓടപ്പൂനിർമ്മാണത്തിലൂടെ ഉത്സവകാലങ്ങളിൽ ജോലി ലഭിക്കുന്നത് ആയിരത്തിലധികം പേർക്കാണ്. ഉത്സവകാലങ്ങളിൽ വനം വകുപ്പ് നൽകുന്ന പ്രത്യേക അനുമതിയോടെയാണ് ഈറ്റ വെട്ടുന്നത്. കഴിഞ്ഞ വർഷത്തെ വൈശാഖോൽസവകാലത്ത് 25 ലക്ഷം രൂപയുടെ ഓടപ്പൂവ് വിറ്റഴിഞ്ഞിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം.
ഭണ്ഡാരം എഴുന്നള്ളത്തുനാൾ മുതൽ ഉത്രാടം നാള്വവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിക്കുന്നു. പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാവില്ല.
സമയം കണക്കാക്കാനുളള ചില പ്രധാനപ്പെട്ട ഘടകങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.1 വിനാഴിക - 24 സെക്കന്‍ഡ്
2.5 വിനാഴിക - 1 മിനിറ്റ്
60 വിനാഴിക - 1 നാഴിക = 24 മിനിറ്റ്
2.5 നാഴിക - 1 മണിക്കൂര്‍
60 നാഴിക - 1 ദിവസം
7 ദിവസം - 1 ആഴ്ച
2 ആഴ്ച - 1 പക്ഷം. (കൃഷ്ണപക്ഷം, വെളുത്തപക്ഷം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു).
2 പക്ഷം - 1 മാസം
2 മാസം - 1 ഋതു
6 മാസം - 1 അയനം
2 അയനം - 1 വര്‍ഷം.
വൈശാഖ മാസം ഇന്ന് തുടങ്ങുന്നു........
*******************************************
ഈശ്വരാരാധനയ്ക്ക്, പ്രത്യേകിച്ച് വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ.ഈ മൂന്നുമാസങ്ങളില്‍ അതിശ്രേഷ്ഠമാണ് വൈശാഖം.മാധവനായ വിഷ്ണുവിനു പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം. മേടമാസത്തിലെ അമാവാസി കഴിഞ്ഞ് പിറ്റേ ദിവസം വൈശാഖ മാസം ആരംഭിക്കും.ഈ വർഷം ഏപ്രിൽ 27നാണ് വൈശാഖം തുടങ്ങുന്നത്.
‘മാസാനാം ധര്‍മ്മ ഹേതൂനാം വൈശാഖശ്ചോത്തമം' എന്നും, ‘ന മാധവ സമോ മാസോ ന കൃതേന സമം യുഗം’ എന്നും, ‘മാധവഃ പരമോ മാസഃ ശേഷശായിപ്രിയഃ സദാ’ എന്നും സ്‌കന്ദപുരാണം.
സര്‍വവിദ്യകളിലും ശ്രേഷ്ഠമായ വേദമെന്നതു പോലെ, സര്‍വമന്ത്രങ്ങളിലും ശ്രേഷ്ഠമായ പ്രണവമെന്നതു പോലെ, സര്‍വവൃക്ഷങ്ങളിലും ശ്രേഷ്ഠമായത് കല്‍പവൃക്ഷമെന്നതു പോലെ, സര്‍വപക്ഷികളിലും ശ്രേഷ്ഠനായത് ഗരുഡനെന്നതു പോലെ, സര്‍വനദികളിലും ശ്രേഷ്ഠയായത് ഗംഗയെന്നതു പോലെ, സര്‍വ രത്‌നങ്ങളിലും ശ്രേഷ്ഠമായത് കൗസ്തുഭമെന്നതു പോലെ, സര്‍വമാസങ്ങളിലും ശ്രേഷ്ഠമായത് വൈശാഖ മാസമാണ്.
വൈശാഖ മാസത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്. ഈ മാസത്തില്‍ സ്‌നാനം, ദാനം, തപം, ഹോമം, ദേവതാര്‍ച്ചന തുടങ്ങിയ സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം.
വൈശാഖത്തില്‍ പ്രഭാതസ്‌നാനത്തിനു വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാന്‍ വൈശാഖസ്‌നാനത്തിനു തുല്യമായ മറ്റ് പുണ്യകര്‍മ്മമില്ല. വൈശാഖമാസത്തില്‍ ത്രിലോകങ്ങളിലുമുള്ള സര്‍വതീര്‍ത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാല്‍ പ്രാതഃസ്‌നാനം സര്‍വതീര്‍ത്ഥസ്‌നാന ഫലം നല്‍കുന്നു എന്ന് പദ്മ പുരാണവും സ്‌കന്ദ പുരാണവും ഒരു പോലെ പറയുന്നു.ദാനകര്‍മ്മങ്ങള്‍ക്ക് അനുയോജ്യമാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്(‘ന ജലേന സമം ദാനം’വൈശാഖമാഹാത്മ്യം 2:2, ‘സര്‍വദാനേഷു യത് പുണ്യം സര്‍വതീര്‍ഥേഷു യത് ഫലം തത്ഫലം സമവാപ്‌നോതി മാധവേ ജല ദാനതഃ) .
വേനല്‍ക്കാലത്ത് ഏറ്റവും ആവശ്യമായത് ജല,ഛത്ര,പാദുക, വ്യജന, അന്ന ദാനങ്ങള്‍ തന്നെ. ഇതു മനസ്സിലാക്കിയാണു വൈശാഖമാസത്തിലെ ദാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പണ്ട് കാരണവന്മാർ വഴിയിലൂടെ പോകുന്ന യാത്രികർക്കും മറ്റും ജലം, സംഭാരം, ചക്ക, മാങ്ങ തുടങ്ങിയ പഴങ്ങളും കൊടുക്കുമായിരുന്നു.
സ്കന്ദപുരാണത്തിലെ വൈശാഖമാഹാത്മ്യം, കിളിപ്പാട്ടു രൂപത്തില്‍ മലയാളത്തില്‍ ലഭ്യമാണ്.ഒരു ദിവസം ഒരു അദ്ധ്യായം എന്ന ക്രമത്തില്‍ മുപ്പത് ദിവസങ്ങള്‍ കൊണ്ട് വൈശാഖ മാഹാത്മ്യം കിളിപ്പാട്ട് സമ്പൂര്‍ണ്ണമായി പാരായണം ചെയ്യുക എന്നതാണ് രീതി.
വൈശാഖ ദിനങ്ങളിൽ സ്‌നാനം ചെയ്യുമ്പോള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍ ഇവയാണ്.
വൈശാഖംസകലം മാസം മേഷസംക്രമണേരവേഃ
പ്രാതഃ സനിയമഃ സ്‌നാസ്യേപ്രീയതാം മധുസൂദനഃ
മധുഹന്തുഃ പ്രസാദേന ബ്രാഹ്മ്ണാനാമനുഗ്രഹാത്
നിര്‍വിഘ്‌നമസ്തു മേ പുണ്യം വൈശാഖസ്‌നാനമന്വഹം
മാധവേമേഷഗേഭാനൗമുരാരേ മധുസൂദന
പ്രതഃസ്‌നാനേന മേ നാഥ യഥോക്തഫലദോ ഭവ
യഥാ തേ മാധവോ മാസോ വല്ലഭോ മധുസൂദന
പ്രാതസ്‌നാനേനമേതസ്മിന്‍ഫലദഃ പാപഹാഭവ
(പദ്മപുരാണം പാതാളഖണ്ഡം 95:8,9,10,11)
മധുസൂദന ദേവേശ വൈശാഖേ മേഷഗോ രവൗ
പ്രാതഃസ്‌നാനം കരിഷ്യാമി നിര്‍വിഘ്‌നം കുരു മാധവ
(സ്‌കന്ദ പുരാണംവൈശാഖമാഹാത്മ്യം 4:33)
നദികള്‍, കുളങ്ങള്‍, തടാകങ്ങള്‍, ചോലകള്‍, കിണര്‍ തുടങ്ങിയവയിലെ ജലത്തില്‍ വിഷ്ണുസ്മരണയോടെ പ്രാതഃസ്നാനം ചെയ്യണം. സ്നാനശേഷം യഥാവിധി തര്‍പ്പണം, ജപം, പൂജ, ദാനം എന്നിവ അനുഷ്ഠിക്കണം. പ്രഭാതത്തിലും മധ്യാഹ്നത്തിലും സായാഹ്നത്തിലും മഹാവിഷ്ണുവിനേയും മഹാലക്ഷ്മിയേയും പൂജിക്കുകവും ചെയ്യണം.
ഇങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കുന്ന വൈശാഖ വ്രതം സകല ഐശ്വര്യങ്ങളും പ്രദാനം ചെയ്യും. അക്ഷയ തൃതീയ, ബലരാമ ജയന്തി, വൈശാഖ ശുക്ലപക്ഷ ദ്വാദശി,ഏകാദശികള്‍, ശങ്കരാചാര്യ ജയന്തി, നരസിംഹ ജയന്തി, ബുദ്ധ പൂര്‍ണ്ണിമ, ദത്താത്രേയ ജയന്തി എന്നിങ്ങനെ വിശേഷ ദിനങ്ങള്‍ പലതുണ്ട് വൈശാഖത്തില്‍.
വ്രതം കൊണ്ട് വിശുദ്ധമാക്കാൻ കഴിയാത്തതൊന്നുമില്ല. മനോ-വാക്-കർമ്മങ്ങൾ കൊണ്ടുപോലും ദുശ്ചിന്തകളോ, ദുർഭാഷിതങ്ങളോ, ദുഷ്‌കർമ്മങ്ങളോ ഉണ്ടാകരുത്.വേദാധിഷ്‌ഠീതമായ യാഗങ്ങൾ നടത്തുന്ന കാലവും വസന്തമാണ്. മരങ്ങൾ പൂത്തുലയുന്ന കാലം. മഞ്ഞും മഴയുമില്ലാത്ത കാലം. കനത്ത വെയിലും കാറ്റുമില്ലാത്ത കാലം. എല്ലാം കൊണ്ടും വൈശാഖകാലം സുഖപ്രദം. ഈ പുണ്യകാലത്താണ് പ്രഭാതസ്‌നാനവും, ജീവകാരുണ്യ പ്രവർത്തനങ്ങളും, തീർത്ഥാടനങ്ങളും, ക്ഷേത്രദർശനങ്ങളും പ്രദക്ഷിണ നമസ്‌കാരങ്ങളും, ദാനങ്ങളും, ദാഹജല വിതരണവും ഒക്കെ നടത്തേണ്ടത്.വൈശാഖകാലത്ത് നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും ഇരട്ടി ഫലമാണ് ലഭിക്കുക.
" ശ്രീകൃഷ്ണാർപ്പണ മസ്തു"
ഞാന്‍ ആത്മാവാകുന്നു, ആത്മാവാകുന്നു എന്ന് നിരന്തരം മനസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് ജ്ഞാനമാര്‍ഗ്ഗം. എല്ലാവിധ ഭേദചിന്തകളും സ്വന്തബന്ധങ്ങളും നിലനില്‍ക്കുന്നത് മനസ്സിലാണ്. ഞാന്‍ ആത്മാവാകുന്നു എന്ന ബോധത്തില്‍ ഉറച്ചാല്‍ മനസ്സിന്റെ പിടിയില്‍നിന്ന് മോചിതരാവാന്‍ കഴിയും.
”സമ്യഗാസ്ഥാപനം ബുദ്ധേ ശുദ്ധേ ബ്രഹ്മണി സര്‍വദാ
തത്‌സമാധാനമിത്യുക്തം, നതു ചിത്തസ്യ ലാലനം” എന്ന് ആചാര്യസ്വാമികള്‍ വിവേകചൂഡാമണിയില്‍ പറയുന്നു. ആചാര്യസ്വാമികളുടെ അഭിപ്രായത്തില്‍ ”സ്വസ്വരൂപാനുസന്ധാനം” തന്നെയാണ് ഭക്തിയും.
കര്‍മമാര്‍ഗത്തില്‍ ഏതെങ്കിലും സല്‍കര്‍മത്തിലുള്ള ഏകാഗ്രതയിലൂടെ മനസ്സിന്റെ വൃത്തികള്‍ നിയന്ത്രിക്കപ്പെടുന്നു. മനോനാശം അവിദ്യാനാശമായി മാറുന്നു. ഇത്രയും പറഞ്ഞതില്‍നിന്ന് ദേഹാഭിമാനം ഇല്ലാതായാല്‍ മനുഷ്യന്‍ എന്ന ഭേദചിന്തയും അതോടനുബന്ധിച്ചുള്ള എല്ലാവിധ അഹന്താമമതകളും ഇല്ലാതാവുമെന്നും പൂര്‍ണമായ സ്വതന്ത്രതയാണ് അദ്വൈതമെന്നും വ്യക്തമായിക്കാണുമല്ലോ. ഇനി വിഷയത്തിലേക്ക് കടക്കാം.
ആചാര്യസ്വാമികളുടെ അദ്വൈത സങ്കല്‍പത്തില്‍ ഭൗതികമായ സമത്വം ഉള്‍പ്പെടുന്നില്ലെന്ന് തോന്നുന്നു. സുഷുപ്തിയില്‍ ജീവാത്മാവും പരമാത്മാവും ഏകതയിലാണെന്നു മാത്രമേ അദ്ദേഹം പറയുന്നുള്ളൂ. ഇതിനു കാരണം ശരീരത്തിന്റെയും ഭൗതികലോകത്തിന്റെയുമൊക്കെ അസ്തിത്വം അദ്ദേഹം നിഷേധിച്ചിരുന്നു എന്നുള്ളതാണ്. ഞാന്‍ ശരീരമല്ല ബ്രഹ്മമാണ് എന്നുറപ്പുള്ള ഒരാള്‍ക്ക് ശരീരത്തിന്റെ തലത്തിലുള്ള ഭേദചിന്തകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അതുകൊണ്ടത് പ്രത്യേകം പറയുന്നില്ല എന്നേ ഉള്ളൂ. യഥാര്‍ത്ഥത്തില്‍ ദേഹസംബന്ധമായ ഭേദചിന്തകള്‍ ഇല്ലാതാക്കാനുള്ള പരോക്ഷമായ മാര്‍ഗമാണ് അഹം ബ്രഹ്മാസ്മി എന്ന തത്ത്വം.
ആത്മതത്ത്വത്തിന്റെ പ്രായോഗികത എന്നുപറയുന്നത് ഭൗതികമായ സമത്വമാണ്. അതാണതിന്റെ മഹത്വം. ഈയൊരു സത്യം ചൂണ്ടിക്കാണിച്ചതുകൊണ്ടാണ് ചണ്ഡാലന്‍ ഗുരുവായി മാറിയത്. പക്ഷേ പിന്നീടെഴുതിയ മനീഷാ പഞ്ചകത്തിലും പ്രത്യഗാത്മാവില്‍ ഭേദചിന്തയ്ക്ക് സ്ഥാനമില്ല എന്നുമാത്രമേ പറയുന്നുള്ളൂ. ഭൗതികമായ സ്വര്‍ണക്കുടവും മണ്‍കുടവും തമ്മിലുള്ള അന്തരമാണുള്ളത്.
ആത്മബോധം ഉറച്ചാല്‍ മനുഷ്യന്‍ എന്ന അഭിമാനം തന്നെ ഇല്ലാതാവുമെന്നും അതോടൊപ്പം ബ്രാഹ്മണനും അബ്രാഹ്മണനും ജ്ഞാനിയും അജ്ഞാനിയുമെല്ലാം ഇല്ലാതാവുമെന്നും മനുഷ്യന്‍ എല്ലാ ജീവികളുടെയും തലത്തിലേക്ക് ഉയരുമെന്നുമുള്ളതാണ് സത്യം. പക്ഷേ ഇത് ഗ്രന്ഥങ്ങളിലെവിടെയും പറഞ്ഞുകാണില്ല. പകരം ആത്മജ്ഞാനവും മോക്ഷവുമൊക്കെ മനുഷ്യജന്മത്തില്‍ മാത്രം സാധ്യമായ കാര്യമായതുകൊണ്ട് മനുഷ്യനായി ജനിക്കുന്നതും പുരുഷനായി ജനിക്കുന്നതും മഹാഭാഗ്യമാണെന്നാണ് പറഞ്ഞുകാണുന്നത്. ഈയൊരൊറ്റ കാരണം കൊണ്ടുതന്നെ പഠിച്ച ശാസ്ത്രമെല്ലാം വിഫലമാവുകയും മനുഷ്യന്‍ പഴയ മനുഷ്യനായി തുടരുകയും ചെയ്യും.
സിദ്ധാര്‍ത്ഥ രാജകുമാരന്‍ പ്രബുദ്ധനായതിനെക്കുറിച്ച് ഓഷോ പറയുന്നുണ്ട്.
”ആറുകൊല്ലക്കാലം കഠിനമായി പരിശ്രമിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല. നിങ്ങള്‍ പൂര്‍ണമായി പരാജയപ്പെടുന്നിടത്തുവച്ചാണ് ബോധോദയം സംഭവിക്കുന്നത്. കാരണം നിങ്ങള്‍ വിജയിക്കുകയാണെങ്കില്‍ അഹവും അവശേഷിക്കും.
എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോള്‍ ഒരു സന്ധ്യയില്‍ മനുഷ്യപ്രയത്‌നത്തിന്റെ നിഷ്ഫലത അദ്ദേഹം കണ്ടു. പ്രയ്തനങ്ങളെല്ലാം തന്നെ അഹത്തില്‍നിന്നുത്ഭൂതമാണെന്നദ്ദേഹം കണ്ടു. അദ്ദേഹത്തിലെ അഹം അപ്രത്യക്ഷമായി. ആറുകൊല്ലത്തിലാദ്യമായി അദ്ദേഹം വെറുതെ ഒരിടത്തിരുന്നു. ഒന്നും നേടിയെടുക്കാനല്ലാതെ, ധ്യാനിക്കുകപോലും ചെയ്യാതെ ശുദ്ധശൂന്യനായി അദ്ദേഹമിരുന്നു. പ്രഭാതമായപ്പോഴേക്കും അദ്ദേഹം പുതിയൊരു മനുഷ്യനായി.” അഥവാ മനുഷ്യനല്ലാതായി ‘ബുദ്ധനായി.’
സമത്വത്തിന്റെ തലമാണ് അനുഭൂതിയുടെ തലം. അവിടേക്ക് എത്തുമ്പോള്‍ മാത്രമേ നാം പ്രകൃതിയിലേക്ക് സമര്‍പ്പിതരായിത്തീരുന്നുള്ളൂ. പ്രകൃതിയുടെ സംരക്ഷണത്തിലായിത്തീരുന്നുള്ളൂ. അറിവില്‍ രമിക്കുന്നിടത്തോളം കാലം നമ്മള്‍ അഹംഭാവത്തിന്റെ പിടിയില്‍ത്തന്നെയായിരിക്കും. അതുകൊണ്ടാണ് രോഗം മാറിയാല്‍ ഉപേക്ഷിക്കപ്പെടേണ്ട മരുന്നാണ് ജ്ഞാനം എന്നു പറയുന്നത്. അറിവും അറിയുന്നവനും ഇല്ലാതാവുന്നതാണ് യഥാര്‍ത്ഥ ലക്ഷ്യപ്രാപ്തി. എന്നുവച്ചാല്‍ മനുഷ്യന്‍ പൂര്‍ണസ്വതന്ത്രനാവുമ്പോള്‍-മനുഷ്യനല്ലാതാവുമ്പോള്‍-വാക്കുകള്‍ അവിടെ അപ്രസക്തമാവും. അറിവും അപ്രസക്തമാവും. വസ്ത്രംപോലും അനാവശ്യമാകും. വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും സഹജമായ നഗ്നതയിലും നിഷ്‌കളങ്കതയിലുമാണുണ്ടാവുക. അത് വാക്കുകള്‍ക്കതീതമായ അവസ്ഥയായതുകൊണ്ട് മൗനമാണ് പിന്നത്തെ ഭാഷ.
മനുഷ്യന്‍ പ്രകൃതിയുമായി സമ്പൂര്‍ണ ലയം പ്രാപിക്കുന്നതാണ് അദ്വൈതാവസ്ഥ. ബ്രാഹ്മണ്യവും മോക്ഷവും എല്ലാം അതുതന്നെ. നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ മാനിക്കാത്ത, പ്രകൃതിയില്‍ മനുഷ്യന്റെ സ്ഥാനമെന്തെന്ന് നിര്‍വചിക്കാത്ത, നമുക്ക് സമമായി എല്ലാ ജീവികളെയും കാണാത്ത ഒരാത്മീയത ഒരിക്കലും സമഗ്രമാണെന്ന് പറയാനാവില്ല.
ബ്രാഹ്മണനുവേണ്ടി ബ്രാഹ്മണനുണ്ടാക്കിയ ബ്രാഹ്മണന്റെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന വ്യാജ ആത്മീയതയാണ് ഇന്ന് നിലവിലുള്ളത്. അഹം ഊതിവീര്‍പ്പിക്കുന്ന ഇത്തരം ഒരാത്മീയതയിലൂടെ യഥാര്‍ത്ഥ ബ്രാഹ്മണ്യം നേടാനാവില്ല. മതാതീതവും മനുഷ്യാതീതവുമായ ഒരാത്മീയതയാണാവശ്യം. അതാണ് വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നതും.
മനുഷ്യന്‍ എന്ന അഭിമാനമാണ് പല ശാഖോപശാഖകളോടുകൂടിയ അഹങ്കാരവൃക്ഷത്തിന്റെ തായ്‌വേര്. അത് മുറിച്ചു മാറ്റിയാല്‍ അതോടെ എല്ലാ അഹങ്കാരവും ശമിക്കും. മുറിച്ചുമാറ്റിയില്ലെങ്കിലും എന്നെങ്കിലുമൊരിക്കല്‍ ഇതെല്ലാം ഉപേക്ഷിക്കപ്പെടും. അത് പ്രകൃതിനിശ്ചയമാണ്. പക്ഷേ അത് നാം നേരത്തെ ചെയ്താല്‍, പ്രകൃതിയുടെ കനിവില്‍ ഒരുപക്ഷേ ഒരു ദിവസമെങ്കിലും കൂടുതല്‍ ജീവിക്കാന്‍ കഴിഞ്ഞേക്കും. ഒരാള്‍ എത്രകാലം ആരോഗ്യവാനായി ജീവിക്കുന്നുവെന്നതാണ് അയാള്‍ അനുഭവിച്ച ആത്മാനന്ദത്തിന്റെ അളവുകോല്‍.
നിങ്ങള്‍ ഒരു പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ്, എല്ലായ്‌പ്പോഴും സ്വയം മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക - ഞാനെന്തിനാണ് ഇത് ചെയ്യുന്നു, ഫലങ്ങള്‍ എന്തായിരിക്കാം, ഞാന്‍ വിജയിക്കുമോ? നിങ്ങള്‍ ആഴത്തില്‍ ചിന്തിക്കുകയും ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്തുകയും ചെയ്യുമ്പോള്‍ മാത്രം മുന്നോട്ട് പോകുക. ഏതെങ്കിലും പ്രവൃത്തി ആരംഭിക്കുന്നതിനോ ഏതെങ്കിലും തന്ത്രം നടപ്പിലാക്കുന്നതിനോ അല്ലെങ്കില്‍ ഏതെങ്കിലും പദ്ധതി ആരംഭിക്കുന്നതിനോ മുമ്പ്, നിങ്ങളുടെ വിജയത്തിന്റെയും പരാജയത്തിന്റെയും സാധ്യതകള്‍ മനസിലാക്കുന്നതിനായി നിങ്ങള്‍ എല്ലായ്‌പ്പോഴും ഈ ചോദ്യങ്ങളിലൂടെ കടന്നുപോകണം.
Wednesday, April 19, 2023
അശരീരം വാ വസന്തം ന പ്രിയാ പ്രിയേ സ്പൃശതഃ
പരിപൂർണ്ണമായ സൗഖ്യം പരിപൂർണ്ണമായ ശാന്തി അതിനെയാണ് നമ്മുടെ ഉപനിഷത്തുക്കൾ മുക്തി എന്ന് പറയുന്നത്. അല്ലാതെ മരിച്ച് കഴിഞ്ഞ് നേടേണ്ട ഒരു സ്ഥിതിയല്ല. ഇവിടെ ശരീരത്തിലിരിക്കുമ്പോൾ തന്നെ നേടിയെടുക്കേണ്ടതായ വസ്തു. ആ മുക്തി മാർഗ്ഗത്തിൽ സഞ്ചരിക്കുന്നതിന്റെ പേരാണ് അദ്ധ്യാത്മ സാധന.
യാ മുക്തി ഹേതുഹു അവിചിന്ത്യ മഹാ വൃതാത്വം. അഭ്യസ്യസേ സുനിയതേന്ത്രിയ തത്ത്വ സാരേഹി. മോക്ഷാർത്ഥിഭിഃ മുനിരിഭ അസ്ഥ സമസ്ഥ ദോഷേഹി വിദ്യാസീസ ഭഗവതി പരമാഹി മായ
ദേവി മാഹാത്മ്യത്തിലെ ഒരു ശ്ലോകമാണ്. ഈ ശ്ലോകത്തിൽ ദേവി ആരാണെന്ന് വച്ചാൽ ഏതൊരു വിദ്യ കൊണ്ടാണ് മനുഷ്യൻ സമ്പൂർണ്ണമായും സ്വതന്ത്രൻ ആകുന്നത് . ഏത് വിദ്യ കൊണ്ടാണ് മനുഷ്യന്റെ ദോഷങ്ങളൊക്കെ അസ്തമിച്ച് സമ്പൂർണ്ണമായ ശാന്തി, ആനന്ദം, സംതൃപ്തി അനുഭവപ്പെടുന്നത്. ശരീരത്തിലിരിക്കുമ്പോൾ തന്നെ അനന്തമായ സത്യത്തിന്റെ അനുഭവമുണ്ടാക്കുന്ന വിദ്യയാണ് ദേവി.
ബ്രാഹ്മീ എന്ന് പേര് ,അവൾക്ക് ശാരദ എന്ന് പേര് .അതു കൊണ്ടാണ് ശങ്കരാചാര്യർ ശ്രിംഗേരിയിൽ ഒരു മഠം സ്ഥാപിക്കുന്നതിന് പകരം ശാരദാ പീഠം സ്ഥാപിച്ചത്. ബ്രഹ്മവിദ്യാ സ്വരൂപിണിയായ ദേവിയെ അവിടെ പിടിച്ചിരുത്തി. ഇതിന് ചുറ്റുമിരുന്ന് പൂർണ്ണമായ സ്വാതന്ത്ര്യത്തിനായി സന്യാസികൾ യത്നിക്കട്ടെ എന്ന് പറഞ്ഞിട്ടാണ് ആ ശാരദാ പീഠത്തിലെ സങ്കല്പം.
പരമാത്മാവിന് ഈ പ്രത്യക്ഷപ്രപഞ്ചവുമായി യാതൊരു ബന്ധവുമില്ല. വെള്ളത്തിലേയ്ക്ക് കടപുഴകി വീഴുന്ന മരം വലിയ അലകളുണ്ടാക്കുന്നതുപോലെയാണ് ദേഹത്തിനുണ്ടാകുന്ന സുഖദു:ഖങ്ങള്‍ ആത്മാവിന് വേദ്യമാവുന്നത്. ജലത്തിന്റെ സാമീപ്യം കാരണം തടിക്കഷണം അതില്‍ പ്രതിബിംബിക്കുന്നതുപോലെ ദേഹം ആത്മാവില്‍ പ്രതിഫലിക്കുന്നു. ജലത്തില്‍ നിപതിക്കുന്ന കല്ലുകള്‍ വെള്ളത്തെയോ സ്വയമോ നോവിക്കുന്നില്ല. അതുപോലെ ദേഹം മറ്റു പദാര്‍ത്ഥസഞ്ചയങ്ങളുമായി (ഭാര്യാപുത്രാദികള്‍ , വിഷയ വസ്തുക്കള്‍ ) സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് കൊണ്ട് ആര്‍ക്കും (ഒന്നിനും) ഒരു ദുരിതവും അനുഭവിക്കേണ്ടിവരുന്നില്ല.
നമോ നാദബിന്ദ്വാത്മികേ! നാശഹീനേ!
നമോ നാരദാദീഢ്യപാദാരവിന്ദേ!
നമോ നാന്മറയ്ക്കും മണിപ്പൂംവിളക്കേ!
നമോ നാന്മുഖാദിപ്രിയാംബാ, നമസ്തേ!" (കാളീനാടകം)
കേൾക്കുമ്പോൾ അത് നാദമാണ്. കാണുമ്പോൾ അത് രൂപമാണ്. ആരാണ് നാദത്തിനും രൂപത്തിനും ഒരുപോലെ ആത്മാവായിരിക്കുന്നത്? വ്യക്തതയും അവ്യക്തതയുമാകുന്ന രണ്ടവസ്ഥകൾ നമ്മുടെ അറിവിനുണ്ട്. പൂർവ്വജന്മം എന്നത് ജീവൻറെ അവ്യക്തമായ അറിവാണ്. ഈ ജന്മം എന്നത് വ്യക്തമായ അറിവാണ്. ഈ വ്യക്തതയും അവ്യക്തതയും ജീവൻറെ അജ്ഞാനദശയുടെ ഫലമായ അറിവിൻറെ തലങ്ങളാണ്. ഈശ്വരനോ ആത്മാവിനോ അല്ല വ്യക്തതയും അവ്യക്തതയും സംഭവിക്കുന്നത്. അറിയുന്നവൻറെ ഉപാധിയുടെ തടസ്സം മാത്രമാണവ.
ഒരു കല്ലെടുത്ത് ജലാശയത്തിൽ എറിഞ്ഞാൽ അത് വീഴുന്നിടത്ത് ഒരു ബിന്ദു കാണപ്പെടുന്നു. അങ്ങനെ നാദവും രൂപവും ഒരുമിച്ചു സംഭവിക്കുന്നു. ഉള്ളിൽ ഒരു ചിന്തയുണ്ടാകുമ്പോൾ അവിടെയും ഇതുതന്നെയാണ് സംഭവിക്കുന്നത്. ചിന്ത എന്നത് അന്തരംഗത്തിൽ വ്യക്തമായ നാദമാണ്. എന്നാലത് അവ്യക്തപ്രകൃതിയിൽ നിന്നാണ് വ്യക്തമായിരിക്കുന്നത്. ഇല്ലാത്ത ഒന്നല്ല ചിന്തയായി ഉണ്ടാകുന്നത്. അവ്യക്തമായ ഒന്നിന് നാമരൂപാത്മകമായ വ്യക്തത വേണ്ടി വരുമ്പോഴാണ് സ്ഥൂലോപാധികളായ നാവാദികളായ ഇന്ദ്രിയങ്ങളുടെ ആവശ്യം വേണ്ടിവരുന്നത്.
നാദം സൂക്ഷ്മലോകത്തിലേയ്ക്കുള്ള വഴി. രൂപം സ്ഥൂലലോകത്തിലേയ്ക്കുള്ള വഴി. മന്ത്രവിദ്യയെന്നും തന്ത്രവിദ്യയെന്നും അവ പ്രകാശിതമായിരിക്കുന്നു. സംഗീതജ്ഞൻ ആ നാദത്തെ ഉപാസിക്കുന്നു. ചിത്രകാരൻ ഈ രൂപത്തെ ഉപാസിക്കുന്നു. നാദരൂപാത്മകമാണ് ഈ പ്രപഞ്ചം.
ഭക്തൻ ഈ പ്രപഞ്ചം ശിവശക്തിസ്വരൂപമാണെന്നു കാണുന്നു. അമ്പലനടയിൽ നിന്നു ക്ഷേത്രഗോപുരത്തിനു മേലെ ആകാശത്തിൽ കാണുന്ന ചന്ദ്രക്കല! പ്രപഞ്ചമാകുന്ന ശിവശക്തിസ്വരൂപത്തിൻറെ മൗലിയിലാണ് ആചന്ദ്രക്കല എന്ന ദൃശ്യാനുഭൂതി ഭക്തന് സാധിക്കുന്നു. ഇങ്ങനെ കാണപ്പെടുന്ന രൂപമഹിമകളെ കടന്ന് നാദഭൂമിയിലേയ്ക്ക് എത്തിച്ചേരുന്നു.
രൂപമഹിമയും നാദമഹിമയും പ്രപഞ്ചത്തിൻറെ സ്ഥൂലവും സൂക്ഷ്മവുമായ തന്ത്രവിദ്യകളാണ്. കാണപ്പെടുന്നത് വ്യക്തവും കാണപ്പെടാത്തത് അവ്യക്തവും. എന്നാൽ വ്യക്തമാകണമെങ്കിലും അവ്യക്തമാകണമെങ്കിലും പൂർവ്വകാരണം വേണ്ടിയിരിക്കുന്നു. എങ്ങനെയെന്നാൽ ബോധംകെട്ടു വീഴുന്നയാളിന് ഉണരുമ്പോൾ അല്പനേരം എല്ലാം അവ്യക്തമായിരിക്കും. കുറച്ച് കഴിഞ്ഞ് എല്ലാം വ്യക്തമാകുന്നു. അതായ് അവ്യക്തമായിരിക്കുന്നു എന്നതൊന്നും ഇല്ലാതായിരിക്കുന്ന അവസ്ഥ എന്നർത്ഥമില്ല. ഈ ലോകത്തിന് വ്യക്താവസ്ഥയും അവ്യക്താവസ്ഥയും ഉണ്ടായിക്കൊണ്ടിരിക്കുന്നു. നമുക്ക് എന്താണോ ഇപ്പോൾ വ്യക്തമായിരിക്കുന്നത് ആ നാമരൂപങ്ങളുടെ ഉല്പത്തി നാശങ്ങളെ കുറിച്ചുള്ള പഠനമാണ് നാം ശാസ്ത്രമെന്നും ചരിത്രമെന്നും പേരിട്ട് പഠിക്കുന്നത്.
എല്ലാം അവ്യക്തതയിൽ നിന്നാണ് വ്യക്തമായിരിക്കുന്നത്. ഇനി ഇതെല്ലാം അവ്യക്തപ്രകൃതി ആകുകയും ചെയ്യും. വ്യക്തമായ ലോകത്തെ മാത്രം സത്യമെന്നു കരുതി നാം പഠിക്കാൻ ശ്രമിക്കുമ്പോൾ അറിവ് അപൂർണ്ണമായിപ്പോകുന്നതിന് കാരണം ഇതാണ്. അതുകൊണ്ടാണ് വ്യക്താവ്യക്തസ്വരൂപിണിയായ ഈ പ്രപഞ്ചശക്തിയെ മായയെന്നു പറയുന്നത്.
ഇങ്ങനെ സ്ഥൂലരൂപത്തിൽ വ്യക്തമായിരിക്കുന്നതും സൂക്ഷ്മപ്രകൃതിയായി അവ്യക്തമായിരിക്കുന്നതും ഏതൊരു അധിഷ്ഠാനത്തിലാണ്? എന്ന അന്വേഷണം ആത്മാവിനെ സംബന്ധിക്കുന്നതാണ്. അതുവരെയുള്ളതെല്ലാം അപരപ്രകൃതിയെ കുറിച്ചുള്ള അറിവുകളാണ്. മന്ത്രമായാലും തന്ത്രമായാലും ജ്യോതിഷമായാലും വ്യാകരണമായാലും നിരുക്തമായാലും ഭൗതികശാസ്ത്രമായാലും ജീവശാസ്ത്രമായാലും രസതന്ത്രമായാലും രാഷ്ട്രതന്ത്രമായാലും എല്ലാം ആത്മാവിനെ ഒഴിച്ചുള്ള അപരപ്രകൃതിയെ കുറിച്ചുള്ള അന്വേഷണവിഷയങ്ങളാണ്.
ആത്മവിദ്യയെയും അപരവിദ്യയെയും വിഷയബന്ധം അനുസരിച്ച് ഇങ്ങനെ രണ്ടായി വേർതിരിച്ചു നോക്കുകയാണെങ്കിൽ നമ്മുടെ പല സംശയങ്ങളും മാറിക്കിട്ടും. ആത്മാവിനെയും അനാത്മാവിനെയും കൂട്ടിക്കുഴച്ച് പഠിക്കുന്നതുകൊണ്ടാണ് സംശയങ്ങളും വികല്പങ്ങളും അടങ്ങാതിരിക്കുന്നത്. ആത്മതത്ത്വത്തെ ആത്മദർശനമായും അപരതത്ത്വത്തെ ധർമ്മലക്ഷണങ്ങളായും വേർതിരിച്ചുതന്നെ അറിയേണ്ടതുണ്ട്. ഈ ജന്മം ഈ ശരീരത്തെ നോക്കി സ്വയം ആരാണെന്നു ഭാവിച്ച് നാം എന്തെല്ലാം ചെയ്യുന്നുണ്ടോ അതെല്ലാം ഈ ജന്മത്തിനു കാരണമായ ധർമ്മത്തിൻറെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്. അതൊന്നും ആത്മതത്ത്വസംബന്ധിയല്ല. നാം സത്യമെന്ന പോലെ ഈ ഇന്ദ്രിയപ്രത്യക്ഷമായി അറിയുന്നതെല്ലാം ധർമ്മമാണ്. ഇന്ദ്രിയങ്ങളുടെ സഹായം ഇല്ലാതെ എപ്പോഴും അനുഭവത്തിലുള്ള "ഞാൻ" എന്നൊരു ആത്മബോധവും നമ്മിലുണ്ട്. മറ്റു ചിന്തകളുടെ നാദങ്ങളും മറ്റ് രൂപങ്ങളുടെ വലയങ്ങളും അതിന് കീഴ്പ്പെട്ടിരിക്കുന്നു.
"അറിവതു ധർമ്മിയെയല്ല, ധർമ്മമാമീ-
യരുളിയ ധർമ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോർത്തിടേണം."
.........................................................................................................
"പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവർന്നു സാമ്യമേലും
കലയിലലിഞ്ഞു കലർന്നിരുന്നിടേണം." (ആത്മോപദേശശതകം)
ഓം
copy
കര്‍ത്തൃത്വവും ഭോക്ത്തൃത്വവും മിഥ്യയാണ്. ജീവികള്‍, മരങ്ങളിലെ പൂക്കളും കായ്കളും പോലെ, വന്നും പോയുമിരിക്കും. അവയുടെയെല്ലാം കാരണം അഭ്യൂഹങ്ങള്‍ മാത്രമാണ്. എല്ലാം കാലനിബദ്ധം. അവ വ്യവഹാരത്തിൽ ഉണ്മയാണെന്നും പരാമർത്ഥത്തിൽ അല്ലെന്നും പറയാം. തടാകജലത്തില്‍ പ്രതിബിംബിക്കുന്ന ചന്ദ്രന് ഇളക്കമുള്ളതായി തോന്നുന്നത് ജലോപരിയുണ്ടാവുന്ന ചലനം മൂലമാണല്ലോ. അത് സത്യമെന്നും അല്ലെന്നും മായാ ആണെന്നും അറിയണം
വിവാഹപ്പൊരുത്തം ...
വിവാഹപ്പൊരുത്ത ചിന്തയുടെ ശരി തെറ്റുകളെക്കുറിച്ച് ഭിന്ന അഭിപ്രായക്കാരാണ് നമ്മളിൽ പലരും. ഒരു ഐക്യത വന്നുചേരാനും സാധ്യത കുറവാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
ആദ്യമെ പറയട്ടെ ഇതിൽ വിശ്വസിക്കുന്നവർ മാത്രമെ ഈ മാർഗ്ഗത്തെ പിന്തുടരേണ്ടതുള്ളു.
ഉദാഹരണത്തിന് ഒരാൾ വഴിയറിയാത്ത ഒരു സ്ഥലത്തേക്ക് യാത്ര പുറപ്പെടുന്നു. വഴിയറിയാൻ അയാൾക്ക് പല ഉപാധികൾ ഉണ്ട്. സുര്യചന്ദ്രന്മാരെ നോക്കി ദിക്ക് മനസ്സിലാക്കി യാത്രയാവാം, ചോദിച്ച് ചോദിച്ച് പോകാം , ഇന്നത്തെ കാലത്ത് ഗൂഗിൾ മാപ്പ് നോക്കി പോകാം . ഇങ്ങനെ പലതും
എന്നാൽ ഇതിൽ ഒരേ മാർഗ്ഗം തന്നെ എല്ലാവരും പിന്തുടരണമെന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ല.
അതുപോലെ ഇതിൽ ഏത് മാർഗം സ്വീകരിച്ചാലും എല്ലാവരും ഒരേ സമയത്ത് ലക്ഷ്യത്തിൽ എത്തിച്ചേരണം എന്നുമില്ല.
ചിലർ വഴി തെറ്റാം, ചിലർക്ക് വഴിയാൽ തടസ്സം വരാം , ചിലർക്ക് അപകടം വരാം , ചിലർ മരിച്ച് പോകാം ....
നമ്മുടെ പൂർവീക ജ്യോതിഷ ആചാര്യന്മാർ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും പഠിച്ചറിഞ്ഞതും, അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങൾ എഴുതി വച്ചവയാണ് നാം പ്രമാണങ്ങളായി സ്വീകരിക്കുന്നത്.
അവരാരും തന്നെ അവരുടെ അഭിപ്രായം അടിച്ചേൽപ്പിച്ചിട്ടില്ല.
വരാഹമിഹിരന്റെ ബൃഹജ്ജാതകംനോക്കിയാലും, എടക്കാട് നമ്പൂതിരിയുടെ പ്രശ്ന മാർഗ്ഗം നോക്കിയാലും ഈ വസ്തുത പ്രകടമാണ്. അവർ ഒരു ഭാഗത്ത് മാറി നിന്ന് പലരുടേയും അഭിപ്രായം പറയുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ഫലപ്രവചനം ജ്യോത്സ്യന്മാർ ദേശ, കാല, കുല , ലിംഗ, പ്രായ ഭേദത്തിനനുസരിച്ച് ഊഹിച്ച് പറയേണ്ടതാണ്.
ഇതേ രീതി തന്നെയാണ് വിവാഹ പൊരുത്തത്തെക്കുറിച്ചും ,
വേദ കാലത്ത് ഉണ്ടായിരുന്നൊ , രാമായണ കാലത്ത് ഉണ്ടായിരുന്നൊ എന്നും മറ്റുമുള്ള ചോദ്യത്തിന് പ്രസക്തിയില്ല. അറിവും, അനുഭവവും വർദ്ധിക്കുമ്പോൾ ശാസ്ത്രങ്ങളും വികസിക്കും.
വിവാഹപ്പൊരുത്തം ചിന്തിച്ചാൽ വിവാഹ ജീവിതം സന്തോഷകരമായിരിക്കുമൊ , സന്താനലാഭം, ദീർഘായുസ്സ് ഉണ്ടാകുമൊ മുതലായ സൂചന നൽകാൻ സാധിക്കും എന്ന് തന്നെയാണ് എന്റെ അഭിപ്രായം....
ഇത്രയും പറഞ്ഞതിന് ശേഷം വിവാഹപ്പൊരുത്തത്തെക്കുറിച്ചുള്ള എന്റെ അനുഭവം പങ്കു വയ്ക്കാം.
പ്രധാനമായും മൂന്ന് പൊരുത്തം ചിന്തിക്കണം.
1. നക്ഷത്രപ്പൊരുത്തം
2. ജാതകപ്പൊരുത്തം (ഗ്രഹനില സാമ്യത അഥവാ പാപസാമ്യത.)
3. ദശാകാലപ്പൊരുത്തം (ദശാസന്ധി മുതലായവ)
1. നക്ഷത്രപ്പൊരുത്തം.
27 നക്ഷത്രങ്ങളും കോടിക്കണക്കിന് ആൾക്കാരും .ഇതിൽ നിന്നും ഒരു പ്രാഥമിക തിരഞ്ഞെടുക്കലാണ് നക്ഷത്രപ്പൊരുത്ത ചിന്തയിലൂടെ ചെയ്യുന്നത്.
പ്രശ്ന മാർഗ്ഗം പോലുള്ള ഗ്രന്ഥങ്ങളിൽ പരാമർശിച്ച രാശി, രാശിപ, വശ്യ , മാഹേന്ദ്ര ,ഗണ, യോനി, ദിനസംജ്ഞ , സ്ത്രീദീർഘ , മധ്യമരജ്ജു, വേധം മുതലായ 10-ൽ അധികം പൊരുത്തം പറയുന്നുണ്ടെങ്കിലും ഇതെല്ലാം ഒത്ത് വരുന്ന പങ്കാളിയെ കണ്ടു കിട്ടാൻ പ്രയാസമാണ് എന്നുള്ളതിനാൽ ആയുസ്സിനേയും, സന്താന ക്ലേശം പോലുള്ള ദോഷഫലങ്ങളേയും സൂചിപ്പിക്കുന്നവ പരിഗണിക്കുക. (മുഴുവൻ പൊരുത്തവും കിട്ടിയാൽ ഉത്തമം)
ഉദാഹരണം 3,5,7 നക്ഷത്രങ്ങൾ, അഞ്ചാം കൂറ്, ആറാം കൂറ്, മധ്യമരജ്ജു, നക്ഷത്ര വേധം, ഈ ദോഷങ്ങൾ തീർത്തും പരിഗണിക്കരുത്.
2. ജാതകപ്പൊരുത്തം (ഗ്രഹനില സാമ്യത അഥവാ പാപസാമ്യത.)
ഇവിടെയാണ് പല ആചാര്യന്മാരും പല അഭിപ്രായവും പറയുന്നത്.
ഇവിടെ ജാതകങ്ങളെ മൂന്നായി തരം തിരിക്കാം. a . ശുദ്ധ ജാതകം b. പാപ ജാതകം c. ചൊവ്വാ ദോഷമുള്ള ജാതകം.
ഇവ ഒരേ വിഭാഗം മാത്രമെ ചേരുകയുള്ളു. അതായത് ശുദ്ധത്തിന് ശുദ്ധം, പാപന് പാപൻ , ചൊവ്വയ്ക്ക് ചൊവ്വ,
ഇവ കണക്കാക്കുന്നതിൽ പല അഭിപ്രായം ഉണ്ട് .
" ദമ്പത്യോരൈക്യകാലെ
വ്യയ ധന ഹിബുകെ
സപ്തമെ ലഗ്നര െന്ധ്ര ,
ലഗ്നാച്ചന്ദ്രാച്ച ശുക്രാൽ
അഹി രവി രവിജോ
ഭൂമിപുത്രോ ധ്വജശ്ച .
തത്സാമ്യേ പ്രചുര ധനയുതീ
ദമ്പതീ ദീർഘകാലം
തസ്മിന്നേകത്ര ഹീനോ
മൃതിരിതി മുനയ :
പ്രാഹുരത്ര്യാദയസ്തേ."
ഇങ്ങനെ ഒരു നിയമം കേട്ടു വരുന്നു.
അതായത് ലഗ്നാലും, ചന്ദ്രാലും, ശുക്രാലും 12, 2, 4, 7, 1,8 ഈ ഭാവങ്ങളിൽ രാഹു, രവി ,ശനി, ചൊവ്വ, കേതു എന്നീ പാപഗ്രഹങ്ങൾ ഒരു ജാതകത്തിൽ വരുകയാണെങ്കിൽ മറ്റെ ജാതകത്തിലും അതേ രീതിയിൽ വരണം എന്നാണ് നിയമം.
എന്നാൽ ഇത്തരത്തിലുള്ള സാമ്യത കിട്ടാൻ പ്രയാസമായതിനാൽ
ചില ഇളവുകൾ നാം ചെയ്യാറുണ്ട്.
പാപഗ്രഹങ്ങൾ ഏതായാലും മതി എന്നും,
അതിൽ തന്നെ 7, 8 ഭാവങ്ങളിലെ പാപഗ്രങ്ങൾക്കാണ് കൂടുതൽ ദോഷമെന്നും, അതിന് മാത്രം സാമ്യത മതി എന്നും,
സ്ത്രീകൾക്ക് 8 - ലെ പാപഗ്രഹത്തിനും ,പുരുഷന് 7 ലെ പാപഗ്രഹത്തിനും ദോഷം കൂടുതലെന്നും,
ലഗ്നാലാണ് ശക്തി കൂടുതലെന്നും
ചന്ദ്രാൽ അതിൽ കുറവെന്നും
ശുക്രാൽ അതിലും കുറവാണെന്നും,
പാപഗ്രഹത്തിന് ശുഭഗ്രഹയോഗദൃഷ്ട്യാ ദികൾ ഉണ്ടെങ്കിൽ പാപത്വം കുറയുമെന്നും,
അതിൽ തന്നെ വ്യാഴത്തിന്റെ യോഗദൃഷ്ട്യാദികളാണ് കൂടുതൽ പരിഗണിക്കാറെന്നും
ഇത്തരത്തിൽ ഒരു പാട് നിയമങ്ങൾ നിലവിലുണ്ട്.
ഇന്ന് മിക്കവാറും ലഗ്നാലും ചന്ദ്രാലും 7 , 8 ഭാവങ്ങളിൽ പാപഗ്രഹങ്ങൾ ഇല്ലെങ്കിൽ "ശുദ്ധ ജാതകം " എന്നും (മിക്കവാറും എന്നത് കൂട്ടി വായിക്കണം ലഗ്നം രണ്ട് എന്നിവയും ശ്രദ്ധിക്കേണ്ട ഭാവങ്ങൾ തന്നെ - കാരണം ദൃഷ്ടി)
7,8 ഭാവങ്ങളിൽ പാപഗ്രഹങ്ങൾ ഉണ്ടെങ്കിൽ "പാപജാതകം "എന്നും
7, 8 ഭാവങ്ങളിൽ ചൊവ്വയാണെങ്കിൽ "ചൊവ്വാ ദോഷമുള്ള ജാതകം "എന്നും പറയുന്നു.
ഇതിൽ എല്ലാ രാശിയിലും നിൽക്കുന്ന ചൊവ്വയ്ക്ക് ദോഷം പറയാറില്ല. മേടം, കർക്കിടകം, വൃശ്ചികം, മകരം എന്നീ രാശികളിലെ ചൊവ്വ 7, 8, ഭാവങ്ങളായി വന്നാലും ദോഷം പറയാറില്ല. (തുലാവലഗ്നം 7 ൽ ചൊവ്വ, എടവ ലഗ്നം 7-ൽ ചൊവ്വ, കർക്കിടക ലഗ്നം 7-ൽ ചൊവ്വ രുചകയോഗം എന്ന രാജയോഗമാകുന്നു എന്നതും ഓർമിപ്പിക്കുന്നു)
ഇനി ചൊവ്വാ ദോഷം ആരോപിച്ച ചൊവ്വയ്ക്കും ശുഭ യോഗദൃഷ്ടി - വിശേഷിച്ച് വ്യാഴത്തിന്റെ - ഉണ്ടെങ്കിൽ ദോഷം കുറവായി കണക്കാക്കണം.
മറ്റും ചില ദാമ്പത്യ ക്ലേശ സൂചനകൾ പറയുന്നതും ശ്രദ്ധിക്കണം.
എടവ ലഗ്നത്തിന് 7-ൽ ശുക്രൻ
വൃശ്ചിക ലഗ്നത്തിന് 7-ൽ ബുധൻ എന്നിവ ദോഷ സൂചകമാണ്.
അതുപോലെ
7-ാം ഭാവാധിപന്റെ 6, 8, 12 ഭാവങ്ങളിലെ സ്ഥിതി രണ്ട് ജാതകത്തിലും ഒരുപോലെ വരാൻ പാടില്ല.
രണ്ട് ജാതകത്തിലും ഒരുപോലെ ശുക്രന്റെ ദുർബ്ബലത്വം പാടില്ല.
എന്റെ അനുഭവത്തിൽ നിന്നും മനസിലായ മറ്റൊരു യോഗം രണ്ടു പേരുടെ ജാതകത്തിലും ഒരുപോലെ വ്യാഴം അനിഷ്ടഭാവത്തിൽ ( 3, 6, 8, 12) വരാൻ പാടില്ല.
ഒരാളിൽ ഇഷ്ടത്തിലും മറ്റേ ആളിൽ അനിഷ്ടത്തിലും ആയാൽ കുഴപ്പമില്ല.
ഇത്തരത്തിൽ പാപസാമ്യത പരിശോധന പ്രമാണത്തിന്റെയും , അനുഭത്തിന്റെയും , വെളിച്ചത്തിൽ കൈകാര്യം ചെയ്യുന്നതിനാൽ നമ്മൾക്കിടയിൽ തന്നെ ഐക്യത ഇല്ല എന്ന് പറയാം.
അതുകൊണ്ടായിരിക്കാം ഒരു ജ്യോത്സ്യർ യോജിക്കുമെന്ന് പറയുന്നത് മറ്റൊരാൾ യോജിക്കില്ല എന്നും പറയുന്നത്.
ഇതിന് സമാധാനം നമുക്ക് സ്വീകാര്യനായ വിശ്വാസമുള്ള ജ്യോത്സ്യരെ മാത്രംസമീപിക്കുക എന്നുള്ളതാണ്.
3. ദശാകാലപ്പൊരുത്തം (ദശാസന്ധി മുതലായവ)
രണ്ട് പേരുടെ ജാതകത്തിലും ഒരേ സമയത്ത് എല്ലാ ദശകളും ഒരുമിച്ച് അവസാനിക്കുന്നത് ശുഭകരമല്ല.
പ്രത്യേകിച്ച് അനിഷ്ടസ്ഥാനത്തുള്ള ഗ്രഹങ്ങളുടെ ദശ .
ഇപ്പോൾ നക്ഷത്ര ദശ മാത്രമാണ് കൂട്ടി നോക്കാറ്. അതിൽ വരുന്നില്ലെങ്കിൽ മറ്റ് ദശാസന്ധി നോക്കേണ്ടതില്ലല്ലൊ എന്നർത്ഥം.
ഇതിൽ തന്നെ 4 മാസ പരിധിക്കുള്ളിലാണെങ്കിൽ കൂടുതൽ ദോഷം, ചിലർ 8 മാസവും കണക്കാക്കുന്നു .
ഇത്തരത്തിൽ 3 വഴികളിലൂടെ ചിന്തിച്ചാണ് ചേർച്ച പറയുന്നത്.
(ചിലർ ബ്യൂറോയിൽ നിന്ന് ലഭിച്ച കുറിപ്പുകൾ മുഴുവൻ വാട്ട്സപ്പിൽ അയച്ചു തരും . ഇത്തരത്തിൽ നോക്കണമെങ്കിൽ സമയം ആവശ്യമാണ് എന്ന് മനസ്സിലായില്ലെ.)
എന്നാൽ ചിലർ മനപ്പൊരുത്തം ഉണ്ടെങ്കിൽ മറ്റ് പൊരുത്തം വേണ്ടതില്ല എന്ന് പറയുന്നു. എന്നാൽ എന്റെ അഭിപ്രായത്തിൽ വിശ്വാസികൾ മനസ്സിലാക്കേണ്ടത് മേൽ സൂചിപ്പിച്ച 3 വഴിക്കും അനുകൂലമാണെങ്കിലും മനപ്പൊരുത്തം ( പരസ്പരം ഇഷ്ടപ്പെടൽ ) ഉണ്ടോ എന്ന് കൂടി അന്വേഷിച്ചേ വിവാഹം നടത്താവൂ എന്നാണ്.
എന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ളവർ വിയോജിപ്പ് രേഖപ്പെടുത്താം. യുക്തമായ അഭിപ്രായം സ്വീകരിക്കാനും
മാറ്റപ്പെടുത്താനും തയ്യാറാണ്.
(ലേഖനം കൂടിപ്പോയതിനാൽ പ്രമാണങ്ങൾ ചേർത്തിട്ടില്ല, ചുരുക്കുന്നു)
വിവാഹപ്പൊരുത്ത ചിന്ത നല്ലദാമ്പത്യ ജീവിതത്തിന് വഴികാട്ടിയായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
കടപ്പാട്
ആയുസ്സിനോ ധനത്തിനോ സുഖസൌകര്യങ്ങള്‍ക്കോ വേണ്ടിയല്ല പ്രാര്‍ത്ഥിക്കുന്നത് . ഈശ്വരന്‍ അരുളിയ ആയുസ്സ് തീരുന്നത് വരെ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കണം . അതിനുവേണ്ട സുദൃഢമായ ശരീരവും ആരോഗ്യവുമാണ് പ്രാര്‍ത്ഥനയിലൂടെ ആവശ്യപ്പെടുന്നത് . കര്‍മ്മം ചെയ്യുക ,അതിലൂടെ ഈശ്വരസേവ നടത്തുക . സാധാരണക്കാരന് ഈശ്വരസാക്ഷാത്കാരം നേടാനുള്ള ഉപായമതാണ് . അലസതയാണ് ഏറ്റവും വലിയ ശത്രു . ആ ശത്രുവിനെ തുരത്തുക . അതിന് കര്‍മ്മം ചെയ്യുക . അതിന് ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം സുദൃഢമായ ശരീരവും ആരോഗ്യവും വേണം . ഇതാണ് വരമായി ആവശ്യപ്പെടുന്നത് . അന്നമയമായ ശരീരത്തെ നിലനിര്‍ത്തുന്നത് സൂര്യതേജസ്സാണ് . ഭൂമിയിലുള്ള ജീവികള്‍ക്കെല്ലാം അന്നം നല്‍കാന്‍ സസ്യങ്ങള്‍ക്ക് പ്രാപ്തി നല്‍കുന്നത് സൂര്യരശ്മിയാണ് . ജീവികളില്‍ അന്തര്‍ലീനമായി ജീവികളെ സദാ കര്‍മ്മനിരതരാക്കിക്കൊണ്ടിരിക്കുന്ന ചൈതന്യമാണ് സവിതാവ് . അതുകൊണ്ടാണ് കര്‍മ്മം ചെയ്യുവാന്‍ പ്രാപ്തിയുണ്ടാക്കേണമേയെന്ന് സൂര്യനോട് പ്രാര്‍ത്ഥിക്കുന്നത് . എല്ലാവര്‍ക്കും നന്മ വരട്ടെയെന്നും കര്‍മ്മം ചെയ്യുവാന്‍ അനുഗ്രഹിക്കണമെന്നുമുള്ള പ്രാര്‍ത്ഥനകളാണ് പൊതുവായി എല്ലാ വേദങ്ങളിലും കാണുന്നത്
Tuesday, April 18, 2023
സ്വപ്നത്തിൽ കാണുന്ന മായാജാലം പോലെ ജഗത്തും ആഗ്രഹങ്ങളുടെ, ഹൃദയത്തിലുയരുന്ന ഭാവനയുടെ, സൃഷ്ടിയാണെന്ന് പെട്ടെന്നു തന്നെ നമുക്ക് ബോധ്യമാവും. ജീവജാലങ്ങള്‍ അവരുടെ ഹൃദയത്തില്‍ ഈ ലോകത്തെ ആവാഹനം ചെയ്യുന്നു. ജീവനോടെയിരിക്കുമ്പോള്‍ ഈ മിഥ്യാഭാവന ശക്തിയാര്‍ജ്ജിക്കുന്നു. മരണശേഷം അവന്‍ ഇതിനുമപ്പുറത്തുള്ള ലോകത്തെ ആവാഹനംചെയ്ത് അനുഭവിക്കുന്നു. അങ്ങിനെ ഉള്ളി പോലെ ഒന്നിനുള്ളില്‍ ഒന്നൊന്നായി ലോകങ്ങള്‍ ഉയിര്‍ക്കൊള്ളുകയാണ്. വസ്തുപ്രപഞ്ചമോ സൃഷ്ടിപ്രക്രിയയോ ശരിയായ അര്‍ത്ഥത്തില്‍ സത്യമല്ല. എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഇവ യാഥാര്‍ഥ്യമാണെന്നു തോന്നുകയാണ്. ഈ അജ്ഞതയുള്ളിടത്തോളം ദൃശ്യപ്രപഞ്ചമുണ്ടാവും.
Saturday, April 15, 2023
ഹരിഃ ഓം
വിഷു ആഘോഷം സൂര്യനുമായി ബന്ധപ്പെട്ടതാണെന്ന നിരീക്ഷണമുണ്ടല്ലോ. വിളവെടുപ്പും കൃഷിത്തുടർച്ചയും കണികാണലും മണ്ണൊരുക്കലുമൊക്കെ മുഖ്യമായ അനുഷ്ഠാനങ്ങളിൽപ്പെടുന്നു. ഈ കാര്യങ്ങൾ മുൻനിർത്തിയുള്ള വിഷു ചിന്തയാകാം.
സൂര്യൻ ജീവ-ഊർജ്ജ പ്രദാതാവാണ്. സുപ്രസിദ്ധ ഗായത്രീ മന്ത്രത്തിൽ
' ഹേ സൂര്യ ദേവാ!
അവിടുത്തെ കരുണാ കിരണം ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ!
നിത്യാനിത്യ വസ്തുവിവേകത്തിന്റെ മാർഗ്ഗത്തിലൂടെ പരമമായ ശ്രേയസ്സ് സാക്ഷാത്കരിക്കാൻ അതുവഴി ഞങ്ങൾക്ക് കഴിയട്ടെ. പരിപൂർണ്ണ സ്വാതന്ത്രത്തിന്റെ,
ആനന്ദത്തിന്റെ
സാക്ഷാത്കാരം ഞങ്ങൾക്ക് സാധിക്കട്ടെ എന്നിങ്ങനെയുള്ള പ്രാർത്ഥനകൾ അന്തർഭവിച്ചിരിക്കുന്നു.
ഗായത്രീ മന്ത്രജപത്തിനും സൂര്യാരാധനയ്ക്കും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം ഉണ്ട്. ദിനരാത്രം സമമായ സമത്വസുദിനത്തിൽ, വിഷുദിനത്തിൽ വ്യക്തിപരമായി സൂര്യാനുഗ്രഹത്തെ പ്രാർത്ഥിക്കുന്നതോടൊപ്പം സമാജത്തിലും സഹിഷ്ണുതാ ചിന്തയും അഹിംസാ നിഷ്ഠയും വ്യാപകമാവട്ടെ എന്നു കൂടി പ്രാർത്ഥിക്കാം. വ്യത്യസ്തതകളെ അനുവദിക്കാനും ആഘോഷിക്കാനും വൈരുധ്യമില്ലായ്മയെ ധ്യാനിക്കാനും ഏവർക്കും സാധിക്കട്ടെ.
ഭൂമി നനവുള്ളതാവുമ്പോൾ, അതിൻ്റെ ആർദ്രതയേറിയ മണ്ണിൽ നിന്ന് അത്ഭുതങ്ങൾ പൊട്ടി മുളയ്ക്കുന്നു. വിസ്മയ പുഷ്പങ്ങൾ വിരിയുന്നു. ധാന്യങ്ങളായും ഫലങ്ങളായും ജീവവൃന്ദത്തിന് ഭൂമി ആഹാരമേകുന്നു. മനുഷ്യൻ ആദ്യ കാലങ്ങളിൽ മറ്റു ജന്തുവർഗത്തെപ്പോലെ കിട്ടിയത് ഭക്ഷിക്കുമായിരുന്നു. പിന്നീടാണ് യാത്രകൾക്കൊപ്പം വാസസ്ഥലികളും തേടിത്തുടങ്ങിയത്. മഴയും മഞ്ഞും വെയിലും കാറ്റും ശല്യമാകാതെ കഴിയാൻ സൗകര്യങ്ങൾ ( പാർപ്പിടം) സൃഷ്ടിച്ചു തുടങ്ങിയത്. അനുയോജ്യ ഇടങ്ങളിൽ വർത്തിച്ച് കൂടുതൽ ആഹാരം ഉത്പാദിപ്പിക്കുക, സംഭരിക്കുക എന്നീ പ്രക്രിയകളിലേക്ക് പ്രവേശിച്ചത്. കൃഷി സമ്പ്രദായം അന്വേഷണ സപര്യയിൽ, അന്വേഷണത്തിന്റെതായിട്ടുള്ള ഒരു ആരാധനാ - പൂജാ യാത്രയിൽ വിശിഷ്ട നാഴികകല്ലായി.
കൃഷിയെ സംബന്ധിച്ച്
'That's related to culture' എന്ന വിചിന്തനമുണ്ട്. പ്രാകൃതമായതിനെ സംസ്കരിക്കുന്ന - refine ചെയ്യുന്ന പ്രക്രിയയാണ് കൃഷി. ഒരു സാംസ്കാരിക മുന്നേറ്റമാണ് മനുഷ്യൻ കൃഷിയിലൂടെ സാധിച്ചത്. കൃഷിയിൽ സൂര്യതാപത്തെയും പ്രകാശ ഊർജ്ജത്തെയും പ്രയോജനപ്പെടുത്തുന്നു. സൂര്യ കാരുണ്യമാണ് കാർമേഘമായി പരിണമിക്കുന്നതും മഞ്ഞായി പൊഴിയുന്നതും മഴയായി വർഷിക്കപ്പെടുന്നതും. മഞ്ഞിൻ്റെ കുളിരും മഴയുടെ ആർദ്രതയും കൃഷിക്ക് പ്രധാനമാണല്ലോ. വ്യവസ്ഥാനുസൃതമായ രീതിയിൽ കൃഷി പുരോഗമിക്കുമ്പോൾ ഉത്പാദനത്തോടൊപ്പം വിതരണത്തിലും മനുഷ്യന് ഉത്സാഹമുണ്ടായിരുന്നു. വൈദികമായ യജ്ഞസംസ്കൃതിയിൽ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അനുശാസനം കാണാം. ചൂഷണ രഹിതമായ വിതരണ നിർവൃതിയെ ഭഗവദ് ഗീതയും പുകഴ്ത്തുന്നു. 'യജ്ഞശിഷ്ട ഭോഗം ' എന്നാണ് ഭഗവദ്ഗീതയിൽ ഈ സമീപനത്തെ വിശേഷിപ്പിക്കുന്നത്. ആദരവോടെ ഉത്പാദിപ്പിച്ച് അനുകമ്പയോടെ വിതരണം ചെയ്ത് ബാക്കിയുള്ളത് വിനയത്തോടെ സ്വീകരിക്കണം. ഈ യജ്ഞശിഷ്ടം അമൃതമാണെന്നും ഭഗവദ്ഗീത പുകഴ്ത്തുന്നു. (അതായത് ശാശ്വതമായ ആത്മവൈഭവത്തെ സാക്ഷാത്ക്കരിക്കാൻ സ്നേഹാനുകമ്പയിൽ അധിഷ്ഠിതമായ യാജ്ഞികപ്രവൃത്തികൾ സഹായിക്കും. തത്വചിന്തയുടെ ആ തലം ഇവിടെ വിസ്തരിക്കുന്നില്ല)
മനുഷ്യൻ്റെ സങ്കുചിത സ്വാർത്ഥം സാംസ്കാരിക മുന്നേറ്റങ്ങൾക്ക് കാലാകാലങ്ങളിലായി ഭീഷണിയാകാറുണ്ട്. അതുമൂലം ചൂഷണവും അനാരോഗ്യകര സംഭരണവ്യഗ്രതയും പെരുകാറുണ്ട്. ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. മനുഷ്യസഹജമായ നന്ദിയും സ്നേഹവും അനുകമ്പയും ഉദാത്ത മൂല്യങ്ങളാണ്. ആ മൂല്യങ്ങളെ കഴിയുന്നത്ര പ്രചോദിപ്പിക്കാനുത്സാഹിക്കുകയെന്നതാണ് അധഃപതനത്തിന് പരിഹാരം. ഇക്കാര്യത്തിൽ വ്യക്തിപരമായി ഏവർക്കും ശ്രദ്ധിക്കാൻ കഴിയട്ടെ. സാമൂഹിക തലത്തിലും ഈ സന്ദേശം പ്രചരിപ്പിക്കാം.
വിഷുക്കണി ഒരുക്കി വെക്കുന്നതും വിഷുദിനത്തിലുണർന്ന് അത് കാണുന്നതും മുതിർന്നവരെ നമിച്ച് കൈനീട്ടം സ്വീകരിക്കുന്നതും പുത്തനുടുപ്പുകൾ അണിയുന്നതും നിലമുഴുകുന്നതും വിത്ത് വിതയ്ക്കുന്നതും സദ്യയുണ്ണുന്നതും പടക്കം പൊട്ടിക്കുന്നതുമൊക്കെ പരമ്പരാഗത ആഘോഷ ചടങ്ങുകളാണ്. സമത്വ നീതി ഉറപ്പാക്കുന്ന ഉത്പാദനത്തിൻ്റേയും വിതരണത്തിൻ്റേയും ആദരണീയ സംസ്കാരം വളർത്തിയെടുക്കാൻ അനുഷ്ഠാനങ്ങൾ സഹായിക്കട്ടെ. കച്ചവട മൂല്യങ്ങൾ പ്രേമാർദ്രതയുടെ നിർവൃതിയെ അതിരറ്റു സ്വാധീനിക്കാതിരിക്കട്ടെ. കാർഷിക വൃത്തിയെ എളുപ്പമാക്കിയ യന്ത്രസംവിധാനങ്ങളുടെ ആഗമനത്തെ സ്വാഗതം ചെയ്യാം. എന്നാൽ അവയുടെ യാന്ത്രികത സ്നേഹോഷ്മള ബന്ധങ്ങളെ തകർക്കാതിരിക്കാൻ കരുതൽ പുലർത്തണം.
ഏവർക്കും വിഷുദിന ആശംസകൾ
പ്രേമാദരവോടെ
സ്വാമി അദ്ധ്യാത്മാനന്ദ
14th Apri '23
[ പതിനഞ്ചാം അദ്ധ്യായം ചർച്ച അടുത്ത വെള്ളിയാഴ്ച തുടരാം ]
🪷🛕വിഷുവം🛕🪷
സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ് വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാർച്ച് 20നുംസെപ്റ്റംബർ 23നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ ക്രാന്തിവൃത്തവും (ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് വിഷുവങ്ങൾ എന്ന് പറയുന്നത്. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്.
ഭൂമധ്യരേഖ ഖഗോളത്തെ ഛേദിക്കുമ്പോൾ ലഭിക്കുന്ന മഹാവൃത്തത്തിന് ഖഗോളമധ്യ രേഖ (celestial equator) അഥവാ ഘടികാമണ്ഡലം എന്ന് പറയുന്നു. രാശിചക്രത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്ന പാതയെ ക്രാന്തിവൃത്തം (ecliptic) എന്നും പറയുന്നു. ഭൂമിയുടെ അച്ചുതണ്ട് 23.5° ചെരിഞ്ഞാണ് കറങ്ങുന്നത് . അപ്പോൾ ഖഗോളമധ്യ രേഖയും ക്രാന്തിവൃത്തവും തമ്മിൽ 23.5° യുടെ ചരിവ് ഉണ്ട്. അതിനാൽ ഈ രണ്ട് മഹാവൃത്തങ്ങൾ തമ്മിൽ രണ്ട് ബിന്ദുക്കളിൽ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ. ഈ ബിന്ദുക്കളെ വിഷുവങ്ങൾ (Equinox)എന്ന് വിളിക്കുന്നു. Equinox എന്ന വാക്കിന്റെ മൂല പദം ലാറ്റിൻ ഭാഷയിൽ നിന്നുള്ള ഒരു പദമാണ്. Equal night എന്നാണ് അതിന്റെ അർത്ഥം. സൂര്യൻ ഈ രണ്ട് ബിന്ദുക്കളിലുള്ളപ്പോൾ രാത്രിക്കും പകലിനും തുല്യദൈർഘ്യമായിരിക്കും.
രണ്ട് വിഷുവങ്ങൾ
1. മഹാവിഷുവം
2. അപരവിഷുവം
സൂര്യൻ അതിന്റെ സഞ്ചാരമധ്യേ തെക്ക് നിന്ന് വടക്കോട്ട് ഘടികാമണ്ഡലത്തെ മുറിച്ച് കടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്ന ബിന്ദുവിനെ മേഷാദി അഥവാ മഹാവിഷുവം (Vernal Equinox) എന്ന് വിളിക്കുന്നു. അതേ പോലെ സൂര്യൻ വടക്ക് നിന്ന് തെക്കോട്ട് ഘടികാമണ്ഡലത്തെ മുറിച്ചു കിടക്കുന്ന ബിന്ദുവിനെ തുലാദി, തുലാവിഷുവം അഥവാ അപരവിഷുവം (Autumnal Equinox) എന്ന് വിളിക്കുന്നു. മഹാവിഷുവം മാർച്ച് 20-നും അപരവിഷുവം സെപ്റ്റംബർ 23-നും ആണ് സംഭവിക്കുന്നത്.
സമരാത്രദിനം
സൂര്യൻ ഒരു വർഷത്തിൽ ഇപ്രകാരം പരമാവധി വടക്കോട്ട് ഉത്തരായനരേഖ വരെയും തെക്കോട്ട് ദക്ഷിണായനരേഖ വരെയും നീങ്ങുന്നതായി അനുഭവപ്പെടുന്നു. ഈ മാറ്റത്തിനിടയിൽ രണ്ട് പ്രാവശ്യം സൂര്യൻ ഭൂമധ്യരേഖയെ കടക്കുന്നു ദിവസങ്ങളെ വിഷുവങ്ങളെന്നു വിളിക്കുന്നു. ഈ ദിവസങ്ങളിൽ പകലും രാത്രിയും തുല്യമായിരിക്കുന്നതിനാൽ ഇവയെ (മാർച്ച് 21, സെപ്റ്റംബർ 23) സമരാത്ര ദിവങ്ങളെന്നും വിളിക്കുന്നു.
അയനാന്തങ്ങൾ
സൂര്യൻ ക്രാന്തിവൃത്തത്തിലൂടെ (ecliptic) സഞ്ചരിക്കുമ്പോൾ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങൾ എന്നു പറയുന്നത്. അയനാന്തങ്ങൾ ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും ആണ്.
പുരസ്സരണം
സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വ ആകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ട് അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന് പുറമേ 26,000 വർഷം കൊണ്ട് പൂർത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്. ഇത് പുരസ്സരണം (precission) എന്ന പേരിൽ അറിയപ്പെടുന്നു.
ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വർഷവും 50.26‘’ (50.26 ആർക് സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വർഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു. ഏകദേശം 71 വർഷം കൊണ്ട് ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും.
അയനചലനം
മഹാവിഷുവം, തുലാ വിഷുവം, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം തുടങ്ങിയ ക്രാന്തിവൃത്തത്തിലെ വിവിധ ബിന്ദുക്കൾക്ക് പുരസ്സരണം കാരണം സംഭവിക്കുന്ന സ്ഥാനചനത്തിനു അയനം എന്നു പറയുന്നു. ഈ ബിന്ദുക്കളെല്ലാം വർഷം തോറും 50.26 ആർക് സെക്കന്റ് വീതം നീങ്ങി കൊണ്ടിരിക്കുന്നു
സായനവും നിരയനവും
സായന രീതി അനുസരിച്ച് വിഷുവം വരുന്ന മാർച്ച് 21 അടിസ്ഥാനമാക്കി കണക്കാക്കി മേടമാസം കണക്കാക്കേണ്ടി വരും. എന്നാൽ പഞ്ചാംഗവും നമ്മുടെപല കലണ്ടറുകളും ഗണിച്ചിരിക്കുന്നത് നിരയന രീതി അനുസരിച്ചാണ്. അതാണ് വിഷുവും വിഷുവവും രണ്ടു വെവ്വേറെ ദിവസങ്ങളാവാൻ കാരണം.
വിഷുവങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം
പണ്ട് (ഏതാണ്ട് 1000 വർഷങ്ങൾക്ക് മുൻപ്) മേഷാദി മേടമാസത്തിലായിരുന്നു. സൂര്യൻ മേഷാദിയിൽ വരുന്ന ദിവസം ആയിരുന്നു കേരളത്തിൽ വിഷുവായിആഘോഷിച്ചിരുന്നത്. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം നിമിത്തം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്. എങ്കിലും ഇപ്പോഴും വിഷു ആഘോഷിക്കുന്നത് മേടത്തിൽ തന്നെയാണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്.
ഗ്രീഷ്മ അയനാന്തം
ജൂൺ 20-22 തിയ്യതികളിലൊന്നിൽ സൂര്യൻ വടക്കോട്ട് സഞ്ചരിച്ച് ഉത്തരായനരേഖയുടെ മുകളിലെത്തിയതായി അനുഭവപ്പെടുന്നു.ഈ ദിവസത്തിൽ ഉത്തരായനരേഖയിൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്നു. ഇതാണു ഉത്തരാർദ്ധഗോളത്തിലെ ഗ്രീഷ്മ അയനാന്തം. ദക്ഷിണാർദ്ധഗോളത്തിലിതു് ശൈത്യ അയനാന്തമാണു്.
സൌരവർഷം
അടുത്തടുത്ത രണ്ട് ഉത്തര അയനാന്തങ്ങൾക്കിടയിലെ സമയം ഒരു വർഷമായി കണക്കിലെടുത്തുകൊണ്ടുള്ള വർഷ കാലഗണനാ സമ്പ്രദായത്തെയാണു് സൌരവർഷം(Tropical Year) എന്നു പറയുന്നതു്.
*വിഷു*
🥥🍅🍆🥕🌶️🥭🍍🍌🍈🍇🐮🌾🌴🙏🏼👣
പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങൾക്ക് നാളത്തെ വിഷു തുടങ്ങി പുതുവർഷം മുഴുവനും സമൃധിയുടെ നല്ല നാളുകൾ ആശംസിക്കുന്നു🙌
പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം.
അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു അഥവാ വസന്ത കാല ഉസ്തവാരംഭദിനം 🔔
കൃഷ്ണവിഗ്രഹം, ദീപം , സ്വർണം, കണിക്കൊന്ന പൂക്കൾ , നെല്ല് , ഉണക്കല്ലരി , വാല്‍ക്കണ്ണാടി , വസ്ത്രം , കണ്മഷി , ചാന്ത് , ദശപുഷ്പം , വെറ്റില ,അടയ്ക്ക , വെള്ളി നാണയം , നിറപറ , തെങ്ങിൻ പൂക്കുല , ചക്ക , മാങ്ങാ , വെള്ളരിക്ക , നാളികേരം , നവധാന്യം തുടങ്ങിയവ ഓട്ടുരുളിയിൽ അലങ്കരിച്ചു വെച്ച് സൂര്യോദയത്തിനു മുൻപ് കണി കണ്ടാല്‍ അതിന്റെ സദ്ഫലം തുടർന്ന് വർഷം മുഴുവന്‍ ലഭിക്കും എന്നാണു വിശ്വാസം .കണ്ണുകള്‍ അടച്ചു എണീറ്റ് കണി വസ്തുക്കളുടെ മുന്‍പില്‍ വന്നു തൊഴുതു കണ്ണ് തുറക്കും , ഇത് പ്രകൃതി മാതാവിനെ പൂജിക്കുന്നതിനു തുല്യം ആണ് .
വീട്ടിലെ മുതിര്‍ന്ന സ്ത്രീ കണി ഒരുക്കി വെച്ചാണ് കിടക്കുക രാവിലെ എഴുനേറ്റു കണി കണ്ട ശേഷം അവര്‍ ഓരോരുത്തരെ വിളിച്ചു കണി കാണിക്കുന്നു .എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ കണി എടുത്തു നാല്‍ക്കാലികളെ പോലും കാണിക്കുന്നു . കണി ഒരുക്കല്‍ , കൈനീട്ടം , പടക്കം , സദ്യ , ക്ഷേത്ര ദര്‍ശനം,വിഷു വിളക്ക് എന്നിങ്ങനെ പല ആചാരങ്ങള്‍ ഉണ്ട് . കാവുകളിലും ക്ഷേത്രങളിലും പണ്ട് മുതല്‍ ഉള്ള ആചാരം ആണ് വിഷു വിളക്ക് ,വിഷു ദിവസം വൈകീട്ട് ആണ് ഇത് ആചരിക്കുന്നത് . ആശങ്കകള്‍ അകന്നു ശുഭാപ്തി വിശ്വാസത്തോടെ അടുത്ത വിഷു വരെ ജീവിക്കാന്‍ ജനങ്ങളെ മാനസികമായി പ്രാപ്തരാക്കുന്നു.
വിഷു ഒരു കാര്‍ഷിക ഉത്സവം കൂടി ആണ്, അത് കൊണ്ട് തന്നെ ആവണം വിളവെടുപ്പിന്റെ പ്രതീകം ആയി വിളകളും കണി കാണുന്നത് .
ഹരേ കൃഷ്ണ 🙏
Subscribe to:
Posts (Atom)