Wednesday, April 26, 2017

ശ്രീമദ് ഭാഗവതം ഒരമൂല്യനിധിയാണ്, വ്യാസപ്രതിഭയില്‍ വിടര്‍ന്ന ഒരു സുവര്‍ണ്ണ പാരിജാതം. അതിന്റെ സൗരഭ്യവും സൗന്ദര്യവും ഭാരതീയ സംസ്‌കൃതിയെ സമ്പന്നവും ഉത്ക്കൃഷ്ടവുമാക്കി. കാലദേശങ്ങളെ അതിജീവിച്ചുനില്‍ക്കുന്ന സനാതനധര്‍മ്മത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് സത്യത്തിലേക്ക് വഴി തെളിച്ചു. സത്യസ്വരൂപനായ ജഗന്നിയന്താവിനെ അറിയുവാനും ആ പരമാത്മചൈതന്യത്തെ ഉള്ളിലാവാഹിക്കുവാനുമുള്ള അവസരമൊരുക്കി. ഭാഗവത ധര്‍മ്മം തന്നെ സര്‍വ്വേശ്വരനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുക എന്നുള്ളതാണ്.
ആ സര്‍വ്വേശ്വരനെ ശ്രീകൃഷ്ണഭഗവാനായി ഭാഗവതം കാണുന്നു. ബ്രഹ്മം എന്നും ഭഗവാന്‍ എന്നുമുള്ള വ്യവഹാരങ്ങളുണ്ടെങ്കിലും അതെല്ലാം ശ്രീകൃഷ്ണസങ്കല്‍പ്പത്തിന്റെ സാന്ദ്രാനന്ദകരമായ അനുഭൂതിയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഈശ്വരാനുഗ്രഹം അനുഭവവേദ്യമാണ്. ആ അനുഭവത്തിലേക്കാണ് സമര്‍പ്പണഭാവത്തോടെ ഭാഗവതത്തെ ആശ്രയിച്ചാല്‍ ആര്‍ക്കും ചെന്നെത്താനാവുക. പുരാണഗ്രന്ഥങ്ങള്‍ നമുക്കേറെയുണ്ടെങ്കിലും ഏറ്റവും ഉത്തമമായ പുരാണഗ്രന്ഥമായി കരുതിപ്പോരുന്നത് ശ്രീമദ് ഭാഗവതമാണ്. പന്ത്രണ്ടു സ്‌കന്ധങ്ങളും 335 അദ്ധ്യായങ്ങളും 18,000 ശ്ലോകങ്ങളുമുള്ള ഈ മഹത്ഗ്രന്ഥം സംസ്‌കൃതത്തിലാണ് വ്യാസമഹര്‍ഷി രചിച്ചിട്ടുള്ളത്. എല്ലാ ഭാരതീയ പ്രാദേശിക ഭാഷകളിലും അതിന്റെ വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തവരില്‍ പ്രമുഖര്‍ കണ്ണശ്ശനും എഴുത്തച്ഛനുമാണ്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാണ് സംസ്‌കൃതാനഭിജ്ഞരായവര്‍ക്ക് ഭഗവദ് കഥ വായിച്ചാസ്വദിക്കുന്നതിന് ലളിതമായി ആ കര്‍മ്മം നിര്‍വ്വഹിച്ചിട്ടുള്ളത്. ഭാഷാഭാഗവതം എന്ന പേരിലും ഭാഗവതം കിളിപ്പാട്ട് എന്ന പേരിലും ആ ഗ്രന്ഥം അറിയപ്പെടുന്നു.
ഇതു കലിയുഗമാണ്. എല്ലാ അധര്‍മ്മങ്ങളും കൊടികുത്തിവാഴുന്ന കാലം. നാമസങ്കീര്‍ത്തനം മാത്രമേ പ്രത്യൗഷധമായുള്ളു. ഭഗവന്നാമകീര്‍ത്തനങ്ങളും കഥാകഥനങ്ങളും ഒക്കെക്കൊണ്ട് മനസ്സ് ശുദ്ധമാക്കിയെടുക്കുക അല്ലാതെ വേറൊരു മാര്‍ഗ്ഗമില്ല. ശുദ്ധമായ മനസ്സുണ്ടെങ്കിലേ ശുദ്ധമായ വിചാരവികാരങ്ങള്‍ ഉണ്ടാവുകയുള്ളു. എങ്കില്‍ മാത്രമേ ശുദ്ധമായ കര്‍മ്മങ്ങള്‍ അഥവാ നല്ല കര്‍മ്മങ്ങള്‍ ചെയ്യുവാനും നല്ല കാര്യങ്ങള്‍ പറയുവാനുമാവുകയുള്ളൂ. അഹംബോധം കത്തിനില്‍ക്കുമ്പോള്‍ ചെയ്യുന്നതൊക്കെ അപകടത്തിലേക്കേ നയിക്കൂ. അത് നിശ്ശേഷം മാറി ആത്മബോധമുണരണം. എല്ലാം സര്‍വ്വേശ്വരനാണെന്നുള്ള വിചാരവും വിശ്വാസവുമുണ്ടാവണം. അതിന് ഭാഗവതത്തിന് സമശീര്‍ഷമായി മറ്റൊരു ഗ്രന്ഥമില്ല.
അതുകൊണ്ടാണ് കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും ഭാഗവതപാരായണം നടത്തുന്നത്. ഒരാഴ്ച കൊണ്ടു വായിച്ചുതീര്‍ക്കുന്നതിന് സപ്താഹമെന്നും ഒന്‍പതു ദിവസംകൊണ്ട് വായിച്ചുതീര്‍ക്കുന്നതിന് നവാഹമെന്നും പറയുന്നു. അതൊരു പുണ്യകര്‍മ്മമാണ്. ആ കര്‍മ്മം വിപുലമായി നിര്‍വ്വഹിക്കുമ്പോഴാണ് സത്രം എന്ന വ്യവഹാരമുണ്ടാകുന്നത്. ഉത്തരേന്ത്യയിലെ നൈമിശാരണ്യത്തിലാണ് സത്രസങ്കല്‍പത്തില്‍ ഭാഗവതം ആദ്യമായി അവതരിപ്പിച്ചത്.
ശൗനകാദി മഹര്‍ഷിമാരോട് സൂതന്‍ കഥ പറയുന്ന മട്ടിലായിരുന്നു ആ അവതരണം. നൈമിശാരണ്യം പുരാണപ്രസിദ്ധമായ സ്ഥലമാണ്. പ്രകൃതിമനോഹരമായ ആ പ്രദേശം ശാന്തിയുടെയും ഐശ്വര്യത്തിന്റെയും ഉപവനമായിരുന്നു. പക്ഷിമൃഗാദികള്‍ നിര്‍ഭയരായി, ശാന്തരായി കഴിഞ്ഞിരുന്നു. കണ്ണീര്‍ പോലെ തെളിഞ്ഞ നീര്‍ത്തടങ്ങള്‍, ഫലവൃക്ഷങ്ങള്‍. ഭഗവദ്‌ചൈതന്യം നിറഞ്ഞുകവിഞ്ഞൊഴുകിയിരുന്ന നൈമിശാരണ്യത്തെപ്പറ്റി നിരവധി കഥകളുണ്ട്. അവിടെ ഭാഗവത കഥാമൃതം പരന്നൊഴുകിയത് തലമുറകള്‍ തലമുറകള്‍ ഏറ്റുവാങ്ങിയപ്പോള്‍ ഭാരതത്തിന്റെ ചിരന്തനമായ സംസ്‌കൃതിയുടെ ഹരിതാഭമായ ഒരന്തരീക്ഷം പ്രഭാപൂര്‍ണ്ണമായി. ഇതെല്ലാം കലിയുടെ അധര്‍മ്മത്തില്‍നിന്ന് മോചനം ലഭിക്കാന്‍ ജ്ഞാനതാപസരായ മഹര്‍ഷിമാരുടെ ശ്രമഫലമായിട്ടായിരുന്നു. ഭൃഗുവിന്റെ വംശത്തില്‍പെട്ട ശൗനകന്‍ എന്ന മഹര്‍ഷിവര്യന്റെ നേതൃത്വത്തില്‍ നിരവധി സത്രങ്ങള്‍ നടന്നു. പന്ത്രണ്ടു മുതല്‍ ആയിരം വര്‍ഷങ്ങള്‍ വരെ നീണ്ട സത്രങ്ങളായിരുന്നു അവ.
സത്രമെന്നാല്‍ ഭാഗവത തത്വങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സജ്ജന സമ്മേളനമാണ്. എല്ലാവരും കൂടിച്ചേരുന്ന സ്ഥലം എന്നും അഭയസ്ഥാനം എന്നും സത്രത്തിന് അര്‍ത്ഥം പറയാറുണ്ട്. എന്തായാലും ഭാഗവതസത്രം, ദിശാബോധമറ്റ് അലയുന്ന ജനതതിക്ക് ആശ്രയം നല്‍കുന്ന അഭയകേന്ദ്രങ്ങള്‍ തന്നെ. പണ്ടുകാലത്ത് സത്രം ഒരു യാഗമായി കരുതിപ്പോന്നിരുന്നു. യാഗത്തിന് അനേകം ഹോമങ്ങളും മറ്റ് ക്രിയകളുമുണ്ട്. സാധാരണ യജ്ഞങ്ങളില്‍ യജമാനനെക്കൊണ്ട് പുരോഹിതന്മാര്‍ യാഗം കഴിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സത്രത്തില്‍ പങ്കെടുക്കുന്ന എല്ലാവരും യജമാനന്മാരും അതേസമയം പുരോഹിതന്മാരുമാണ്. അവിടെ പത്‌നിയില്ല. സത്രത്തില്‍ യജമാന-പുരോഹിതവ്യത്യാസം ഇല്ലായ്കയാല്‍ ദക്ഷിണയുമില്ല. എന്നാല്‍ സത്രത്തില്‍ പുരോഹിതസ്ഥാനത്ത് അവരോധിക്കപ്പെടുന്ന ആചാര്യന്മാര്‍ക്ക് ദക്ഷിണ നല്‍കിവരുന്നുണ്ട്. ശ്രോതാവും വക്താവും തമ്മില്‍ വ്യത്യാസമില്ലാത്ത അഥവാ വക്താവ് ശ്രോതാവായും ശ്രോതാവ് വക്താവായും മാറിമാറിവരുന്ന സത്രവിചാരസഭ യഥാര്‍ത്ഥത്തില്‍ ഒരു ബ്രഹ്മസത്രം തന്നെയാകുന്നു. അതാണ് ഭാഗവതസത്രം.
അങ്ങനെയുള്ള സത്രസമാരംഭം ഇപ്പോള്‍ വിഗ്രഹപ്രതിഷ്ഠയോടും ധ്വജസ്ഥാപനത്തോടും കൊടിയേറ്റോടും ഗ്രന്ഥസ്വീകരണപൂജയോടും കൂടിയാണ് നടത്തപ്പെടുന്നത്. മംഗളകരമായി നടക്കുന്നതിന് വിഘ്‌നേശ്വരപൂജയും പ്രഭാതത്തില്‍ നടത്തുന്നു. സഭയുടെ ഔപചാരിക ഉദ്ഘാടനം കഴിയുമ്പോള്‍ ശ്രീമദ് ഭാഗവതമാഹാത്മ്യസംഗ്രഹം മുഖ്യനായ ഒരു യജ്ഞാചാര്യന്‍ നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് നാമസങ്കീര്‍ത്തനങ്ങളും മൂലം പാരായണവും പ്രഭാഷണങ്ങളും ഓരോ ദിവസവും ഉണ്ടാവും. ആകെക്കൂടി ഭക്തിനിര്‍ഭരമായ ഒരന്തരീക്ഷം.
ഭാഗവതത്തില്‍ ശ്രീകൃഷ്ണന്റെ കഥകളാണെങ്കിലും ദശമസ്‌ക്കന്ധത്തിലാണ് ഭഗവാന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള അമൃതകഥകളുടെ ഉറവകള്‍ തെളിയുന്നത്. ഭക്തിജ്ഞാനയോഗങ്ങളുടെ സമന്വയസമ്മേളനം കൊണ്ട് അതീന്ദ്രിയമായ ഒരവസ്ഥയിലേക്ക് ജനമനസ്സുണരുന്ന, ശ്രീകൃഷ്ണഭഗവാന്റെ ലീലാലോകത്തിലേക്ക് കടക്കുമ്പോഴാണ് ഭാഗവതത്തിന്റെ യഥാര്‍ത്ഥ പൊരുളെന്തെന്നറിയാനാകുന്നത്. പ്രേമസ്വരൂപനായ താമരക്കണ്ണന്‍ ഈ മണ്ണിന്റെ പുണ്യമാണ്. ഏതെല്ലാം പേരുകളില്‍, ഏതെല്ലാം രൂപങ്ങളില്‍, ഏതെല്ലാം ഭാവങ്ങളില്‍ ഒരു നാടിന്റെ ഹൃദയത്തെ തോറ്റി ഉണര്‍ത്തിയ ആ കമനീയ കൃഷ്ണന്‍ നിറഞ്ഞുനില്‍ക്കുന്നു. ആ കൃഷ്ണനെ നാമറിയണം, നാടറിയണം. കൃഷ്ണനില്ലാത്ത ഒരു ലോകം ഒരു ഭാരതീയന് ചിന്തിക്കാനാവുമോ? ഈ രാഷ്ട്രഹൃദയത്തിന്റെ ശില്‍പിയായ ആ ഗീതാകൃഷ്ണന് സമശീര്‍ഷനായി മറ്റൊരു ആരാധനാമൂര്‍ത്തിയെ ചൂണ്ടിക്കാട്ടാനാവുമോ? അതാണ് ഭാഗവതപാഠം, ഭാഗവതസന്ദേശം, ഭാഗവതസംസ്‌കാരം. ഭഗവാന്‍ ഉള്ളിലുണ്ടെന്ന ഉറച്ച വിശ്വാസമുണ്ടാകുമ്പോള്‍, ജനിമൃതി ഭയം പോലും ആരെയും ബാധിക്കില്ല. ആ സത്യസ്വരൂപനെ വിളിച്ചുണര്‍ത്തിക്കൊണ്ട്, സത്യം പരം ധീമഹി എന്നു പറഞ്ഞ് ആരംഭിക്കുകയും സത്യം പരം ധീമഹി എന്നു പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുന്ന വിശ്വോത്തരകൃതിയാണ് ശ്രീമദ് ഭാഗവതം.
അത് വായിക്കുവാനും കേള്‍ക്കുവാനുംപോലും സുകൃതമുണ്ടാവണം എന്നു പറയാറുണ്ട്. അതിനുള്ള അസുലഭ സന്ദര്‍ഭമാണ് സത്രവേദിയില്‍ ഉണ്ടായിരിക്കുന്നത്. 34-ാമത് ഭാഗവതസത്രം, പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രം കൊണ്ടനുഗൃഹീതമായ അമ്പലപ്പുഴയില്‍ നാളെ മുതല്‍ മെയ് 07 വരെ നടക്കുമ്പോള്‍ അതില്‍ പങ്കുചേരാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുക.


ജന്മഭൂമി

No comments: