Wednesday, April 12, 2017

ഭൂമിയിലെ ദേവമേളയെന്നാണ് ആറാട്ടുപുഴ പൂരം അറിയപ്പെടുന്നത്. മുപ്പത്തി മുക്കോടി ദേവകള്‍ സംഗമിക്കുമന്ന പുണ്യഭൂമി. കാശി വിശ്വനാഥ ക്ഷേത്രം പോലും ആറാട്ടപുഴ പൂരത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് ഐതിഹ്യം. തൃശൂര്‍ പൂരത്തിലെ ക്ഷേത്രങ്ങളും പൂരത്തില്‍ പങ്കാളികളായിരുന്നു. ഇപ്പോഴും ആറാട്ടപുഴ പൂരം ദിവസം ഈ ക്ഷേത്രങ്ങളില്‍ നേരത്തേ നടയടക്കും. ഇപ്പോള്‍ 23 ദേവീദേവന്മാരാണ് ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്നത്. അതില്‍ ഏറ്റവും പ്രാധാന്യം അതിഥേയനായ ആറാട്ടുപുഴ ശാസ്താവിനും പൂരത്തിന് നടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ക്കുമാണ്.
പൂര ദിവസം തേവര്‍ കൈതവളപ്പില്‍ എത്തുന്നത് വരെ യക്ഷി കിങ്കരന്‍മാര്‍ വാഴുമെന്നാണ് ഐതിഹ്യം. എന്നാല്‍ തേവര്‍ എത്തുന്നതോടെ ഇവര്‍ അപ്രത്യക്ഷമാകുമത്രെ. തൃപ്രയാര്‍ തേവര്‍ ആറാട്ടുപുഴത്തിന് മുന്നോടിയായി നടത്തുന്ന ഗ്രാമ പ്രദക്ഷിണം ആചാരങ്ങളാല്‍ സമ്പന്നമാണ്. മകയിരം പുറപ്പാട് മുതല്‍ ഉത്രം വിളക്ക് വരെ നീളുന്നതാണ് ചടങ്ങുകള്‍.
ആചാരങ്ങളും അനുഷ്ഠാനങ്ങളും നിറഞ്ഞ ഗ്രാമ പ്രദക്ഷിണത്തില്‍ ഓരോ ഘട്ടത്തിലും ഗ്രാമ ജനതയ്ക്കുള്ള പങ്കാളിത്തം അവകാശ രൂപത്തിലാണ്. പ്രദേശത്തെ നിരവധി തറവാട്ടുകാര്‍ ഒരോ പ്രവൃത്തികളുടെയും അവകാശക്കാരാണ് ഇന്നും. 36 പേരടങ്ങുന്ന അകമ്പടിയോടെയായിരുന്നു ആദ്യകാലത്ത് എഴുന്നള്ളിപ്പ്. ഇന്നും മകയിരം പുറപ്പാടിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായോയെന്നും മനുഷ്യന്‍ 36 എത്തിയോയെന്നും ക്ഷേത്രം ഊരാളന്‍മാര്‍ ചോദിക്കുന്ന ചടങ്ങ് നിലനില്‍ക്കുന്നു.
ഊരായ്മക്കാരായ ചേലൂര്‍, പുന്നപ്പിള്ളി, ജ്ഞാനപ്പിള്ളി മനകളിലെ പ്രതിനിധികള്‍ അനുമതി നല്‍കിയാലേ തേവരെ പുറത്തേക്ക് എഴുന്നള്ളിക്കൂ. മകയിരം പുറപ്പാട് ദിവസം തേവരെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുമ്പോള്‍ അവിടെ നറയ്ക്കുന്ന പറയുടെ അവകാശി കഴക പ്രവൃത്തി ചെയ്യുന്ന നാളിശേരി പട്ടത്ത് തറവാട്ടുക്കാര്‍ക്കാണ്.
ഗ്രാമപ്രദക്ഷിണത്തിനിടെ ഭക്തര്‍ സമര്‍പ്പിക്കുന്ന പറകള്‍ മറിച്ചളക്കുന്നത് നാളിശേരി പട്ടത്തുകാരുടെ ചുമതലയാണ്. ആറാട്ടുകടവില്‍ പീഠം എത്തിക്കുന്ന ചുമതല കടലൂട്ടി തറവാട്ടുക്കാര്‍ക്ക്. കാരയില്‍, വടശ്ശേരി, മണിയങ്ങാട്ടില്‍ തുടങ്ങിയ തറവാട്ടുക്കാര്‍ക്കാണ് അകമ്പടി സേവിക്കാന്‍ ചുമതല. തേവര്‍ക്ക് പട്ടുകുടയും ഓലക്കുടയും എത്തിക്കേണ്ടത് പള്ളുത്തില്‍ തറവാട്ടുക്കാര്‍. യാത്രയ്ക്കിടെ ഭക്തര്‍ക്ക് പറ നിറയ്ക്കുന്നതിനുള്ള ദ്രവ്യങ്ങള്‍ അതത് സ്ഥലങ്ങളില്‍ എത്തിക്കാന്‍ അവകാശം കഴുപറമ്പില്‍ തറവാട്ടുക്കാരുടേത്.
അവകാശികള്‍ക്ക് അരിയും നെല്ലും അളന്ന് നല്‍കുന്നതിനുള്ള അവകാശം ആമലത്ത് തറവാട്ടുക്കാര്‍ക്കുള്ളതാണ്. തേവരുടെ ആറാട്ടുപുഴ പൂരത്തിന്റെ യാത്രയ്ക്കിടെ ചിറയ്ക്കലില്‍ ഇറക്കിയെഴുന്നള്ളിക്കുമ്പോള്‍ അവിടെ മണ്ഡപം തയ്യാറാക്കുന്നത് ഇഞ്ചമുടി ആചാരി കുടുംബമാണ്. ഇത്തരത്തില്‍ നിരവധി കുടുംബങ്ങളാണ് പൂരത്തില്‍ പങ്കാളികളാകുന്നത്.
ഗ്രന്ഥം കൈമാറല്‍, പന്തം പിടിക്കല്‍, മഞ്ഞള്‍പ്പൊടി എത്തിക്കല്‍, ഭണ്ഡരം, കാവ് തുടങ്ങി,നിശ്ചിത സ്ഥലങ്ങളില്‍ അരങ്ങ് കെട്ടുന്നതിനും ഒരോരുത്തര്‍ക്കും ചുമതലയുണ്ട്. ഇവര്‍ക്കെല്ലാം ക്ഷേത്രത്തില്‍ നിന്നും ദ്രവ്യങ്ങളാണ് പ്രതിഫലം.
ആറാട്ടുപുഴ പൂരം കഴിഞ്ഞ് തേവര്‍ മടങ്ങുമ്പോള്‍ പാടത്തെ പന്തല്‍ മുതല്‍ ക്ഷേത്രം വരെയുള്ള പറയുടെ അവകാശികള്‍ വെളുത്തേടത്ത് തറവാട്ടുക്കാര്‍ക്കായിരുന്നു. ഒരു കാലത്ത് തേവര്‍ പൂരം കഴിഞ്ഞ് മടങ്ങുമ്പോള്‍ പന്തലില്‍ ഒരു ഭക്തന്‍ ഉമി കൊണ്ട് പറ നിറച്ചത്രെ. ഇത് അന്നത്തെ പൂരം നടത്തിപ്പുകാര്‍ സ്വീകരിച്ചില്ല. ഭക്തന്‍ വിഷമിച്ചു. വെളുത്തേടത്ത് തറവാട്ടിലെ ഒരംഗം ആ ഉമി തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. ഈ സമയം ഇനി മുതല്‍ ഇവിടെ നിന്ന് ക്ഷേത്രം വരെയുള്ള പറയുടെ അവകാശി ഈ വെളുത്തേടത്ത് തറവാട്ടുക്കാര്‍ എന്ന് അശരീരി കേട്ടത്രെ. എന്നാല്‍ രണ്ട് വര്‍ഷമായി ഈ അവകാശം ദേവസ്വം ബോര്‍ഡിനാണ്.
ഗ്രാമ പ്രദക്ഷിണത്തിനിടെ വൈവിധ്യമാര്‍ന്ന ചടങ്ങുകളാണ്. വിവിധ സ്ഥലങ്ങളിലുള്ള ആറാട്ടുകള്‍, കാര്‍ഷിക സ്മരണ ഉയര്‍ത്തുന്ന പൈനൂര്‍ പാടത്തെ ചാലുകുത്തല്‍, വെന്നിക്കല്‍ കല്ലേറ്, മുരിയാം കുളങ്ങര മീന്‍പിടുത്തം തുടങ്ങിയ നിരവധി. ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന നദിയിലുെട സ്വന്തം പള്ളിയോടത്തില്‍ തിടമ്പ് വെച്ച് തൃക്കോല്‍ ശാന്തി തുഴഞ്ഞാണ് മറുകരയെത്തുക. കിഴക്കേ നട പൂരം കഴിഞ്ഞ് ഊരായ്മക്കാരുടെ മനകളിലേക്ക് പോകുന്നതിനിടെ ആനേശ്വരം ക്ഷേത്രത്തിന് മുന്നിലും ഒരിടത്തും ദര്‍ശിക്കാന്‍ കഴിയാത്ത ചടങ്ങിനും ഭക്തര്‍ സാക്ഷ്യം വഹിക്കുന്നു. ആനേശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠയായ പരമശിവന് അരമുറി നാളികേരവും നാഴി അരിയും തേവര്‍ നല്‍കാനുള്ളതായി പറയുന്നു.
ഓരോ വര്‍ഷവും തേവര്‍ വരുമ്പോള്‍ കടം തിരികെ വാങ്ങാമെന്ന് ഉറച്ച് ശിവന്‍ ഇരിക്കും. തേവരുടെ എഴുന്നള്ളത്ത് ക്ഷേത്രത്തിനു മുന്നില്‍ എത്തുമ്പോള്‍ തിടമ്പേറ്റിയ ആനയുടെ ചങ്ങല പോലും അഴിച്ച് ശബ്ദം കേള്‍പ്പിക്കാതെ കടന്നു പോകും. ക്ഷേത്രം കടന്നാല്‍ എല്ലാ വാദ്യങ്ങളും ഒരുമിച്ച് മുഴക്കും. തിരിച്ചു വിളിക്കാന്‍ പാടില്ലത്രെ, അതിനാല്‍ അടുത്തവര്‍ഷത്തേക്ക് കാക്കും. കേരളത്തില്‍ ഇത്രയേറെ ആചാരങ്ങള്‍ നിലനില്‍ക്കുന്ന ഒരു പൂരം ഇല്ലെന്ന് തന്നെ പറയാം.


ജന്മഭൂമി

No comments: