Friday, March 16, 2018

യോഗി സ്വാത്മാരാമന്റെ പ്രസിദ്ധമായ കൃതിയാണ് ഹഠയോഗ പ്രദീപിക. 'നാഥ' സമ്പ്രദായത്തില്‍പ്പെട്ട ഒരു ഋഷിവര്യനാണ് സ്വാമി സ്വാത്മാരാമന്‍. മത്സ്യേന്ദ്രനാഥനാണ് ഇതിന്റെ തുടക്കക്കാരന്‍, സ്ഥാപകന്‍. അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിലാണ് സ്വാത്മാരാമന്‍. ഹഠയോഗത്തെ പ്രകാശിപ്പിക്കുന്നത്, ഹഠയോഗത്തിലേക്ക് വെളിച്ചം വീശുന്നത് എന്നര്‍ത്ഥം എടുത്താല്‍മതി ഗ്രന്ഥനാമത്തിന്. ഗോരക്ഷാ സംഹിതയുടെ രചയിതാവായ യോഗി  ഗോരഖ്‌നാഥും ഇതേ സമ്പ്രദായത്തില്‍ പെട്ടയാളാണ്. ആ ഗ്രന്ഥവും ഹഠയോഗ സംബന്ധിയാണ്.
ഘേരണ്ഡ മുനിയുടെ ഘേരണ്ഡ സംഹിതയും ശ്രീനിവാസഭട്ട മഹായോഗീന്ദ്രന്റെ ഹഠരത്‌നാവലിയും ഹഠയോഗ പ്രതിപാദകങ്ങളായ ഗ്രന്ഥങ്ങള്‍ തന്നെ. ഇവ കൂടാതെ പല ഉപനിഷത്തുകളിലും പുരാണങ്ങളിലും ഹഠയോഗം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
ആമുഖമായി ഇത്രയും മാത്രം പറഞ്ഞുകൊണ്ട് നേരിട്ട് ഗ്രന്ഥത്തിലേക്ക് കടക്കാം. കാരണം ഗ്രന്ഥ വ്യാഖ്യാന ഘട്ടത്തില്‍ വിവരണത്തിന് ധാരാളം സന്ദര്‍ഭങ്ങള്‍ വന്നുചേരും.
ഇതില്‍ നാല് അധ്യായങ്ങളാണ്. അധ്യായത്തിന് ഉപദേശം എന്നാണ് പേരുകൊടുത്തിരിക്കുന്നത്. പ്രഥമോപദേശം, ദ്വിതീയോപദേശം, തൃതീയോപദേശം, ചതുര്‍ഥോപദേശം എന്നിങ്ങനെ. അവയില്‍ യഥാക്രമം 67, 78, 130,114 ശ്ലോകങ്ങള്‍ ഉണ്ട്. ആകെ 389 ശ്ലോകങ്ങള്‍. ആദ്യത്തെ അധ്യായം (ഉപദേശം) ആസനങ്ങള്‍ സംബന്ധിച്ചും, രണ്ടാമത്തേത് ഷഡ്കര്‍മ്മങ്ങളും പ്രാണായാമവും തൃതീയോപദേശം മുദ്രകളും ബന്ധങ്ങളും നാലാം ഉപദേശം സമാധിയും.
പ്രഥമോപദേശത്തിലെ ഒന്നാം ശ്ലോകം കാണുക.
ശ്രീ ആദിനാഥായ നമോസ്തു തസ്‌മൈ
യേനോപദിഷ്ടാ ഹഠയോഗ വിദ്യാ
വിഭ്രാജതേ പ്രോന്നത രാജയോഗ-
മാരോഢുമിച്ഛോരധിരോഹിണീവ.
( ഹ.യോ.പ്ര. 1-1)
ഇത് ഒരു വന്ദനശ്ലോകമാണ്. ഗ്രന്ഥാരംഭത്തില്‍ അത് വിധിയാണല്ലൊ. ആദിനാഥനായ പരമശിവന് നമസ്‌കാരമര്‍പ്പിക്കുന്നു, ഇവിടെ. 'നാഥ' സമ്പ്രദായം ഇവിടെ തുടങ്ങുന്നു. ആദിനാഥനാണ് ഹഠയോഗ വിദ്യ ഉപദേശിച്ചത്. (ആദിനാഥന്റെ 112 അടി ഉയരമുള്ള പ്രതിമ അടുത്തകാലത്താണല്ലൊ കോയമ്പത്തൂരില്‍ ശ്രീ ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടത്) ശിവന്‍ പാര്‍വതിക്കു നല്‍കുന്ന ഉപദേശരൂപത്തിലാണ് പല പ്രാചീന ഗ്രന്ഥങ്ങളും അവതരിപ്പിക്കപ്പെടുന്നത്. 'ശ്രീ' എന്ന ശബ്ദം ആദ്യാക്ഷരമായി വന്നത് ഒരു സമ്പ്രദായം തന്നെ. മംഗളവാചിയായ ഒരു ശബ്ദം ആദ്യം പ്രയോഗിക്കുന്നത് ഗ്രന്ഥത്തിന്റെ സുഗമമായ സമാപ്തിക്കു സഹായകമത്രെ. 'ഹ'യ്ക്കും 'ഠ'യ്ക്കും ധാരാളം അര്‍ത്ഥങ്ങള്‍ പറയുന്നുണ്ട്. 'ഹ' സൂര്യനും 'ഠ' ചന്ദ്രനും. 'ഹ' പ്രാണനും 'ഠ' മനസ്സും. ഇവയുടെ യോഗമാണ്, ചേര്‍ച്ചയാണ് ഹഠയോഗം.
ഉന്നതമായ രാജയോഗത്തിലേക്ക് കയറാനുള്ള, എത്തിപ്പെടാനുള്ള കോണി (അധിരോഹിണീ)യായി വിളങ്ങുന്നു ഈ വിദ്യ. ഉയരമുള്ള കൊട്ടാരത്തിന്റെ മുകള്‍ത്തട്ടില്‍ കയറാന്‍ കോവണി വേണമല്ലോ. രാജയോഗത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നു, ഈ ഗ്രന്ഥം എന്നു താല്‍പ്പര്യം.
വൈദ്യുതി പ്രവാഹത്തില്‍ ഋണാത്മകവും (നെഗറ്റീവ്) ഭാവാത്മകവുമായ (പോസിറ്റീവ്) പ്രവാഹങ്ങള്‍ ഉള്‍പ്പെടുമല്ലോ. ഇതിന് ചെറുകമ്പികള്‍ മാധ്യമമായിരിക്കും. ശരീരത്തില്‍ പ്രാണപ്രവാഹമുണ്ട്. അതിന്റെ മാധ്യമം നാഡികളാണ്. 'നഡ്' എന്നാല്‍ ഒഴുക്ക് എന്നര്‍ത്ഥമുണ്ട്. അതില്‍ നിന്നാണ് നാഡി എന്ന ശബ്ദമുണ്ടായത്. മാനസികമായ ശക്തി, ഊര്‍ജ്ജം ഇഡാനാഡിയിലൂടെ അഥവാ ചന്ദ്രനാഡിയിലൂടെ ('ഠ'  എന്ന ചന്ദ്രനാഡി) ഒഴുകുന്നു. പ്രാണശക്തി പിംഗളാനാഡി ('ഹ' എന്ന സൂര്യനാഡി)യിലൂടെയും ഇഡാനാഡി അവസാനിക്കുന്നത് ഇടത്തെ മൂക്കിലും പിംഗള വലത്തേതിലുമാണ്. ഭൗതിക ശരീരത്തിലെ ഞരമ്പുകളായി ഇവയ്ക്ക് ബന്ധമുണ്ടെങ്കിലും അവ ഒന്നല്ല. പ്രാണന്റെയും മനസ്സിന്റെയും (ചിത്തം)ഒഴുക്കുകള്‍ സമഞ്ജസമായി ചേരുമ്പോഴാണ് ഇഡാ-പിംഗളകളുടെ മധ്യസ്ഥമായ സുഷുമ്‌നാനാഡി ഉണരുന്നത്, കുണ്ഡിലിനീ ശക്തിയുടെ ഉണര്‍വിനും പ്രവാഹത്തിനും വഴിയൊരുക്കുന്നത്.
ഈ പ്രവാഹത്തെ താങ്ങാനുള്ള ശേഷി ശരീരത്തിനുണ്ടാവേണ്ടതുണ്ട്.  ആറ് വോള്‍ട്ട് വൈദ്യുതി മാത്രം താങ്ങാന്‍ കരുത്തുള്ള ഒരു യന്ത്രത്തിലേക്ക് 200 വോള്‍ട്ട് വൈദ്യുതി കടത്തിവിട്ടാല്‍ എന്താവും അവസ്ഥ. അതുപോലെ അതിശക്തമായ കുണ്ഡിലിനീ പ്രവാഹത്തെ താങ്ങാനുള്ള കരുത്ത് ശരീരത്തിനുണ്ടാക്കുക എന്നത് ഹഠയോഗത്തിന്റെ പ്രാഥമിക ലക്ഷ്യമാണ്. അതിനാണ് ഷഡ്കര്‍മ്മങ്ങള്‍ അഥവാ ഷഡ്ക്രിയകളെന്ന ശുദ്ധികര്‍മ്മങ്ങള്‍. പണ്ട് ഈ ആറ് ക്രിയകള്‍ മാത്രമായിരുന്നു ഹഠയോഗം. പിന്നീടാണ് ആസനം, പ്രാണായാമം, മുദ്ര, ബന്ധം ഇവ ചേര്‍ന്നത്. ത്രാടകം, കപാലഭാതി, നേതി, ധൗതി, നൗളി, ബസ്തി എന്നിവയാണ് ഷഡ്ക്രിയകള്‍. ഇവയും ആസനാദികളും വിശദമായി പിന്നീട് വരുന്നുണ്ട്. പതഞ്ജലിയുടെ യോഗത്തിലെ യമനിയമങ്ങള്‍ ഇവിടെ വരുന്നില്ല എന്നതും ഇവിടെ പറഞ്ഞുവെക്കാം. ശരീരത്തിലെ ഗ്രന്ഥികളുടേയും ഊറ്റുകളുടേയും ശ്വാസത്തിന്റെയും പ്രാണന്റെയും മറ്റും പ്രവര്‍ത്തനം താളത്തിലായാല്‍ മനസ്സും താളത്തിലാവും എന്നതാണ് ഇവിടെ പറയാതെ പറയുന്നത്. രാജയോഗമാണ് മനസ്സിന്റെ ഉന്നതതലങ്ങളിലേക്ക് വഴിതുറക്കുന്നത്. അവിടേക്ക് കയറിപ്പറ്റാനുള്ള കോവണിയാണ് ഹഠയോഗം. അവിടെ എത്തിക്കഴിഞ്ഞാല്‍ ഇത് സ്വാഭാവികമായും ആവശ്യമില്ലാതാവാം. ഇത്തരം പരാമര്‍ശങ്ങള്‍ പിന്നീടും വരുന്നുണ്ട്.
(janmabhumi)

No comments: