Saturday, March 31, 2018

കുട്ടികള്‍ ജനിച്ച ഉടന്‍ വയമ്പും സ്വര്‍ണ്ണവും ഉരച്ച്‌ തേനില്‍ ചാലിച്ച്‌ നാവില്‍ തേച്ചു കൊടുക്കാറുണ്ട്‌. അവരുടെ നാവിലെ കഫാംശം മാറി അക്ഷരസ്ഫുടതയും വാഗ്വിശുദ്ധിയും ലഭിക്കാനാണ്‌ ഇതു ചെയ്യുന്നത്‌. ശുഭമുഹൂര്‍ത്തത്തില്‍, പ്രത്യേകിച്ച്‌ സാരസ്വതയോഗമുള്ളപ്പോള്‍ ഇതു ചെയ്യുന്നത്‌ കൂടുതല്‍ ഫലപ്രദമാണ്‌. കുട്ടിയുടെ ജാതകത്തിലെ അഞ്ചാം ഭാവം, രണ്ടാം ഭാവം, ഒന്‍പതാം ഭാവം തുടങ്ങിയവ പരിശോധിച്ച്‌ വിദ്യാനൈപുണി, ബുദ്ധി തുടങ്ങിയവയെ വിലയിരുത്താം. അഞ്ചാം ഭാവാധിപനു വിധിച്ചിട്ടുള്ള ലഘുമന്ത്രങ്ങളോ നാമങ്ങളോ പതിവായി കുട്ടി ജപിക്കുന്നത്‌ ഒരു ശീലമാക്കുക. ചെറുപ്പത്തില്‍ത്തന്നെ ജപം ശീലിക്കുന്നത്‌ അതീവഫലപ്രദമാണ്‌. ഇതുമൂലം ഏകാഗ്രത, ബുദ്ധിക്കു തെളിച്ചം, മനോശുദ്ധി തുടങ്ങിയവ കൈവരുന്നു. സന്ധ്യക്ക്‌ നാമം ജപിക്കുന്നത്‌ നിര്‍ബന്ധമാക്കണം. ലഘുമന്ത്രങ്ങള്‍ ജപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെ ഹരേരാമ.... എന്നു തുടങ്ങുന്ന നാമം പതിവായി ജപിക്കാവുന്നതാണ്‌. അതിന്റെ ശുഭഫലം അനുഭവിച്ചുതന്നെ അറിയുക. അഞ്ചില്‍ ശനി അശുഭഫലദാതാവായി നിന്നാല്‍ മനോജഢത, ആലസ്യം തുടങ്ങിയവ അനുഭവപ്പെടാം. ഇതുപോലെ വിദ്യാതടസ്സം, ബുദ്ധിക്കു മൗഢ്യം തുടങ്ങിയവ ഉണ്ടാക്കുന്ന ഗ്രഹസ്ഥിതികള്‍ പലതുണ്ട്‌. ആ ഗ്രഹത്തെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ കുട്ടിയുടെ ജന്മനക്ഷത്രത്തില്‍ ചെയ്യുന്നതു നന്നായിരിക്കും. പ്രസ്തുത പുജയോ ഹോമമോ കഴിച്ചശേഷം വിധിപ്രകാരം മന്ത്രശുദ്ധി വരുത്തിയ സാരസ്വതഘൃതം, ബ്രഹ്മീഘൃതം തുടങ്ങിയവയിലേതെങ്കിലും കുട്ടികള്‍ക്ക്‌ കൊടുക്കാവുന്നതാണ്‌. ദോഷപ്രദനായ ഗ്രഹത്തെ വ്യാഴം വീക്ഷിക്കുകയോ വ്യാഴയോഗം വരികയോ ചെയ്യുന്ന കാലത്ത്‌ (ഗോചരാല്‍) ഈ ഘൃതസേവ, പുജ തുടങ്ങിയവ നടത്തുന്നത്‌ കൂടുതല്‍ ഫലപ്രദമായിരിക്കും. വിദ്യാരാജ ഗോപാലയന്ത്രം, താരായന്ത്രം തുടങ്ങിയവ വിധിപ്രകാരം എഴുതി കുട്ടിയുടെ കഴുത്തിലണിയിക്കുന്നതും ഫലപ്രദമാണ്‌. വര്‍ഷത്തിലൊരിക്കല്‍ ജന്മനക്ഷത്രത്തിലോ മറ്റേതെങ്കിലും വിശിഷ്ടദിനത്തിലോ മൂകാംബികയിലോ അതുപോലെ മറ്റേതെങ്കിലും സരസ്വതീക്ഷേത്രത്തിലോ കുട്ടിയുമായി ദര്‍ശനം നടത്തി ത്രിമധുരം കഴിച്ച്‌ സേവിക്കുന്നത്‌ നന്നായിരിക്കും. ആണ്ടുപിറന്നാള്‍ തോറും സരസ്വതീപുജയും നടത്താവുന്നതാണ്‌. കുട്ടികളുടെ ബുദ്ധി, സ്വഭാവം തുടങ്ങിയവയെ ഭക്ഷണരീതി വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ട്‌. ജാതകത്തില്‍ അഞ്ചില്‍ ശനി, ചൊവ്വ, രാഹു, ദുര്‍ബലനോ രാഹു, കേതു യോഗമുള്ളതോ ആയ ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളിലേതെങ്കിലുമോ ഒന്നിലധികമോ നിന്നാല്‍ കുട്ടിയുടെ മാനസികമായ വളര്‍ച്ചയ്ക്കും സ്വഭാവരൂപീകരണത്തിനും ശ്രാദ്ധാപൂര്‍വ്വമായ പരിരക്ഷ ശീലിപ്പിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. പ്രത്യേകിച്ച്‌ ചൊവ്വയെപ്പോലെ ഒരു ഗ്രഹം അനിഷ്ടനായി അഞ്ചില്‍ നിന്നാല്‍ കുട്ടി തീവ്രമായ മനോഘടനയോടുകൂടിയവനാകും. ഈ ഘട്ടത്തില്‍ മാംസാഹാരം എരിവും പുളിയും കൂടുതലുള്ള ആഹാരം തുടങ്ങിയവ ശീലിക്കുന്നത്‌ ആ തീവ്രത വര്‍ദ്ധിപ്പിക്കുവാനേ ഉതകൂ. സൂര്യന്‍, കേതു എന്നീ ഗ്രഹങ്ങള്‍ അനിഷ്ടരായി അഞ്ചില്‍ നിന്നാലും മുന്‍പു സൂചിപ്പിച്ച ഭക്ഷണരീതി ഒഴിവാക്കുന്നതു നന്നായിരിക്കും. ശമനി, രാഹു എന്നി ഗ്രഹങ്ങള്‍ അനിഷ്ടരായി അഞ്ചില്‍ നിന്നാല്‍ മനോജഢത, മാന്ദ്യം തുടങ്ങിയവ അനുഭവത്തില്‍ വരാം. ഈ കുട്ടികള്‍ക്ക്‌ പഴകിയതും തണുത്തതുമായ ഭക്ഷണങ്ങള്‍ കൊടുക്കുന്നത്‌ പ്രസ്തുത ദോഷങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാകും. ദുര്‍ബലനായ ചന്ദ്രന്‍ അഞ്ചില്‍ നിന്നാല്‍ ഭയം, മനോദൗര്‍ബല്യം, ലജ്ജാശീലം തുടങ്ങിയവ അനുഭവത്തിവരും. ചന്ദ്രന്‍ ജാതകത്തില്‍ ദുര്‍ബലനായും രാഹു, കേതു യോഗത്തോടുകൂടിയും ഏതുഭാവത്തില്‍ നിന്നാലും മനോദൗര്‍ബല്യം, മനോരോഗങ്ങള്‍ എന്നിവയ്ക്കു സാധ്യതയുണ്ട്‌. അഞ്ചില്‍ നിന്നാം പ്രത്യേകിച്ചു ഈ ഘട്ടത്തില്‍ കൂട്ടിയെ ചെറുപ്പത്തില്‍ത്തന്നെ യോഗ പരിശീലിപ്പിക്കുന്നത്‌ തികച്ചും ഫലപ്രദമാണ്‌. ജാതകപരിശോധനയ്ക്കു ശേഷം യോജിച്ചതായാല്‍ ഈ കുട്ടി മുത്ത്‌ ധരിക്കുന്നതും നന്നായിരിക്കും. പൊതുവെ പറഞ്ഞാല്‍ അഞ്ചില്‍ അശുഭഗ്രഹയോഗമുള്ള കുട്ടികളെ സാത്ത്വികഭക്ഷണം ശീലിപ്പിക്കുന്നതുതന്നെയാണ്‌ അവരുടെ മാനസികവും ബുദ്ധിപരവുമായ ആരോഗ്യത്തിന്‌ ഉത്തമം. ഈശ്വരഭജനം, ക്ഷേത്രദര്‍ശനം, ജപം തുടങ്ങിയവയില്‍ ഇവര്‍ക്ക്‌ ആഭിമുഖ്യം വളര്‍ത്തുന്നതും നന്നായിരിക്കും.
janmabhumi

No comments: