ആചാരങ്ങളുടെ ഒരു സ്രോതസ്സാണ്. അന്ത്യേഷ്ഠി അഥവാ പിതൃകര്‍മ്മങ്ങള്‍. മരണസമയം അടുക്കുന്നു എന്നറിയുന്നതു മുതല്‍ തുടങ്ങേണ്ടതായ ആചാരങ്ങള്‍ ഇതിലുണ്ട്. കല്‍പശാസ്ത്രത്തിന്റെ ഭാഗമായ പിതൃമേധസൂത്രത്തിലെ ഏതാണ്ടെല്ലാ വിവരണങ്ങളും പിതൃകര്‍മ്മങ്ങളാണ്. കൂടാതെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞു നടത്തുന്ന ശ്രാദ്ധങ്ങള്‍, ധര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ സുദീര്‍ഘമായി വിവരിക്കുന്നുണ്ട്. ഗരുഡപുരാണത്തിലെ രണ്ടാം ഭാഗം പൂര്‍ണമായും പിതൃകര്‍മ്മങ്ങളുടെ ചടങ്ങുകളും ഫലങ്ങളുമാണ് വിവരിക്കുന്നത്.
മരണം അടുത്തു എന്നറിയുന്ന നിമിഷത്തില്‍ തന്നെ ബന്ധുക്കള്‍ അടുത്തിരുന്ന് ഗീതാപാരായണവും നാമജപവും നടത്തുന്ന പതിവുണ്ട്. മനുഷ്യന് ഏറ്റവും ഭയം തോന്നുന്ന ഈ അവസ്ഥയില്‍ തനിക്ക് വേണ്ടപ്പെട്ടവര്‍ അടുത്തുണ്ടെന്നും അവര്‍ തനിക്കു വേണ്ടത് ചെയ്യുമെന്നതും വളരെ ആശ്വാസം നല്‍കും. മരണഭയ മോചനം കൂടുതലായും സാധിക്കുന്നത് മക്കള്‍ അടുത്ത് ഇരിക്കുമ്പോഴാണ്.
മരണവേളയില്‍ വ്യക്തിക്കിഷ്ടമുള്ള മന്ത്രങ്ങളും നാമവും കാസറ്റിലൂടെ ചെവിയില്‍ കേള്‍പ്പിക്കുമ്പോള്‍ ശാന്തമായ മനോവിചാചരവികാരങ്ങളുണ്ടാകുന്നതായി ഗവേഷണങ്ങള്‍ക്ക് തെളിയിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെയും ഹൃദയം ശാന്തമായി പ്രവര്‍ത്തിക്കുന്നതിന്റെയും ഭയത്തിന്റെ സ്വാധീനം കുറയുന്നതിന്റെയും ലക്ഷണങ്ങള്‍ വ്യക്തമാകാറുണ്ട്. യഥാര്‍ത്ഥത്തില്‍ മരണഭയത്തില്‍നിന്നുള്ള മോചനത്തിലൂടെ ശാന്തമായി ജീവത്യാഗം സാധിക്കുന്നിന് ഈ അനുഷ്ഠാനം വളരെയേറെ സഹായിക്കുന്നു.
ഹിന്ദുവിന് ജഡം അശുദ്ധമാണ്. ശിവത്തിന്റെ ചൈതന്യമറ്റാലാണ് അത് ശവമാകുന്നത്. പവിത്രമായ അഗ്നിയില്‍ അത് ഹോമിക്കുന്നതുകൊണ്ടാണ് ദഹനകര്‍മ്മത്തെ അന്ത്യേഷ്ഠി (അവസാന യാഗം) എന്നറിയപ്പെടുന്നത്. മലിനമായ ജഡം ശുദ്ധീകരിക്കുന്നതാണ് ജഡത്തിന്റെ സ്നാനം. ചിതക്കുമുകളില്‍ വച്ച് ഏഴ് അഗ്നിശാഖകളില്‍ (സപ്ത ജിഹ്വ-ഏഴ് നാവകള്‍) ഏഴാമത്തെ ശാഖയെ ക്രവ്യാഗ്നി എന്നുപറയുന്നു. അന്ത്യക്രിയക്കുമാത്രം ആവാഹിച്ചെടുക്കുന്ന അഗ്നിയാണിതെന്ന് വിശ്വാസം. ഗണപതിഹവനത്തിനും മറ്റു യാഗങ്ങള്‍ക്കും ഹവനങ്ങള്‍ക്കും ക്രവ്യാഗ്നിയെ ദര്‍ഭയിലൂടെ ആവാഹിച്ചു നീക്കം ചെയ്യുന്ന പതിവുണ്ട്. ഇപ്രകാരം അന്ത്യക്രിയയ്ക്കുപയോഗിക്കുന്ന ക്രവ്യാഗ്നിയാണത്രെ ചിതയിലെരിയേണ്ടത്. ഇതില്‍ ശരീരത്തെ പ്രസാദം(ഹവിസു)പോലെ അഗ്നിക്കര്‍പ്പിക്കുന്നു.
അഗ്നിയില്‍ ജഡം ദഹിപ്പിക്കുന്നതിലൂടെ ജഡം ചീഞ്ഞളിഞ്ഞ് എല്ലുമാത്രം അവശേഷിക്കുന്ന സ്ഥിതി ഇല്ലാതാകുന്നു. രോഗാണുക്കളും ശരീരത്തിലെ കൊഴുപ്പും മണ്ണില്‍ വ്യാപിക്കാതെ നശിച്ചുപോകുന്നു. ശവക്കല്ലറകള്‍ നിറഞ്ഞ പ്രദേശത്ത് നിന്നുവരുന്ന ജലത്തിന്റെ ഊറ്റിലൂടെ ശരീരമാലിന്യം വരുന്നതു കാണാം. എന്നാല്‍ ദഹനക്രിയയിലൂടെ ശരീരം ഒരു പിടി ചാരം മാത്രമായി അവശേഷിക്കുന്നു.
കത്തുന്ന അഗ്നിയില്‍ തന്റെതായ ഒരു വിറകുകഷ്ണം നിക്ഷേപിച്ച് ബന്ധം മുറിക്കുമ്പോള്‍, ജീവിതബന്ധത്തിന്റെ മൂല്യം ഒരു നിമിഷമെങ്കിലും എല്ലാവരും ഓര്‍മ്മിക്കുന്നു. ചിതയിലെ ഓരോ ചടങ്ങും ജീവചൈതന്യം വര്‍ത്തിച്ചിരുന്ന ശരീരക്ഷേത്രത്തിന്റെ പവിത്രതയെ ഓര്‍മിപ്പിക്കുന്നതാണ്. ജഡം എരിയുന്ന തീ നോക്കി ചൊല്ലേണ്ട അവസാന മന്ത്രവുമുണ്ട്.
വായുരനിലമമൃതമഥേദം
ഭസ്മാന്തം ശരീരം
ഓം ക്രത്രോസ്മര കൃതംസ്മര
കൃതോ സ്മര കൃതംസ്മര
വായുവും അഗ്നിയും ജീവചൈതന്യവും നിറഞ്ഞിരിക്കുന്ന ശരീരം അന്ത്യത്തില്‍ ഭസ്മമാകുന്നു. കഴിഞ്ഞതും, ഇപ്പോള്‍ നടക്കുന്നതും ഓര്‍ക്കുക. ഒരുശാശ്വത സത്യത്തെ ഓര്‍മ്മിപ്പിക്കുന്ന കാതലായ മന്ത്രമാണിത്. ദഹനാനന്തരം വീട്ടിലെത്തിയാല്‍ മരിച്ച വ്യക്തിക്കായി സങ്കല്പിച്ച് ഒരു ഗ്ലാസ് പാലും ജലവും വച്ച് തൊഴുകയ്യോടെ പ്രാര്‍ത്ഥിക്കാറുണ്ട്.
ശ്മശാനാനല ദഗ്ധോസി
പരിതൃക്തോസി ബാന്ധവൈഃ
ഇദം ക്ഷീരം ഇദം നീരം
ആഹാരായ പ്രകല്‍പ്യതാം
ബന്ധുക്കളാല്‍ പരിത്യജിക്കപ്പെട്ട ശ്മശാനത്തിലെ അഗ്നിയില്‍ ദഹിച്ച (അച്ഛാ-അമ്മേ) ഈ പാലും ജലവും ആഹാരത്തിനായി ഞാന്‍ തരുന്നു. ആത്മബന്ധം വിളിച്ചോതുന്ന മന്ത്രവരിയാണിത്. മകന്/മകള്‍ക്ക് ശരീരവും ജീവനും നല്കി ഈ ലോകത്തിലേക്കയച്ചവരുടെ ഓര്‍മ്മക്കായി പത്ത് ദിവസം ദുഃഖമാചരിക്കുന്നു. അതോടനുബന്ധിച്ച് അസ്തി സഞ്ചയനമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ അനുശാസിക്കുന്നു. പത്തുമാസം ഗര്‍ഭത്തില്‍ വളര്‍ന്ന കുഞ്ഞു പുറത്തു വരുന്നതുപോലെ, ഒരു മാസത്തിന് ഒരു ദിവസം എന്ന കണക്കില്‍ പത്തു ദിവസത്തില്‍ അന്തരീക്ഷത്തില്‍ ലയിച്ച ആത്മചൈതന്യം പിതൃരൂപം പൂണ്ട് പിതൃലോകത്തില്‍ ജനിക്കുന്നു എന്ന വിശ്വാസം. പ്രപഞ്ചചൈതന്യം മനുഷ്യരൂപം സ്വീകരിച്ച് ഭൂലോകത്തില്‍ പിറക്കുന്നതുപോലെ 4-5-ാം മാസങ്ങളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ അസ്ഥി കാഠിന്യമുള്ളതാകുവാന്‍ തുടങ്ങുന്നതുപോലെ ദഹനാനന്തരം 4, 5 -ാം ദിനത്തില്‍ അസ്ഥി സംയോജിപ്പിക്കുന്നതാണ് അസ്ഥി സഞ്ചയനം. ഈ അസ്തി അനന്തമായ ഒന്നിലേക്ക് ലയിക്കുന്നതിനുവേണ്ടിയാണ് പ്രപഞ്ചചൈതന്യത്തിന്റെ വിസ്തൃതിയുള്ള കടലില്‍ അഥവാ കടലിലേക്കൊഴുകുന്ന പുണ്യ നദിയില്‍ നിക്ഷേപിക്കുന്നത്. പ്രപഞ്ചത്തില്‍നിന്ന് വന്നത് പ്രപഞ്ചത്തിലേക്ക് ചേരുന്നു. 10,11 ദിവസങ്ങളില്‍ ബന്ധുക്കളും മിത്രങ്ങളും ഒരുമിച്ചു ചേര്‍ന്ന് ശുദ്ധികര്‍മ്മങ്ങള്‍ നടത്തി, തന്റെ അച്ഛന്റെ അഥവാ അമ്മയുടെ അന്ത്യസമയത്തില്‍ തന്നെ സഹായിച്ചവര്‍ക്ക് നന്ദി സൂചിപ്പിക്കുകയും സാമൂഹ്യബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതാണീ ചടങ്ങുകള്‍. അച്ഛന് പിതൃലോകത്തില്‍, തന്നെ അനുഗ്രഹിച്ചുകൊണ്ട് 10 ദിവസങ്ങള്‍ക്കുശേഷം സുഖമായി വസിക്കുന്നു എന്ന വിശ്വാസവും ഇതിലുണ്ട്.
(ഭാരതീയ ആചാരങ്ങള്‍ ഒരു ശാസ്ത്രീയ വിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്
No comments:
Post a Comment