സച്ചിദാനന്ദമായി അവനവനെ സാക്ഷാത്കരിക്കുക എന്നത് മാനവന്റെ ജന്മാവകാശമാണ്. സത്യനിഷ്ഠയുടെ പല തലങ്ങള്‍ പ്രായോഗിക പാതയില്‍ പ്രയോജനപ്പെടുത്താന്‍ ഉത്സാഹിച്ചതു പോലെ ചിദ്ഭാവത്തെ സംബന്ധിച്ച അഹിംസാ സാധനയെക്കുറിച്ച് വിചാരം ചെയ്യാം.
ബഹുവിധ ജ്ഞാനപ്രകാശങ്ങള്‍ക്ക് ആധാരം ജ്ഞാനസ്വരൂപിയായ ആത്മാവാകുന്നു. ഓരോരുത്തരും 'ഞാന്‍ ' എന്ന് സ്വന്തം ആത്മാവിനെക്കുറിച്ച് അറിയുന്നുണ്ട്. മറ്റുള്ളവരെ അന്യരെന്ന് അറിയുന്നത് അജ്ഞാനജന്യമായ കളങ്കം കാരണമാണ്.
'അഹമഹ'മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും'
എന്ന് ആത്മോപദേശശതകത്തില് ഏവരിലേയും ആത്മസത്ത പലതല്ലെന്ന് ശ്രീനാരായണ ഗുരുദേവന് ഓതുന്നുണ്ട്.
ചിദാത്മാവിന്റെ ഏകത്വം ഈ വിപുലമായ അര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പരഹിംസയെ പാപമായി പരിഗണിക്കണം. മറ്റൊരാളെ നോവിക്കുന്നത് നാം നമ്മെ നോവിക്കുന്നതിനു തുല്യമാണല്ലോ ? ആയതുകൊണ്ട് പരോക്ഷമായി ആത്മദ്രോഹം ചെയ്യാതിരിക്കാന്‍ നാം അഹിംസ പാലിക്കാന്‍ നിശ്ചയിക്കണം.
'ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പാ' സമീപനത്തെക്കുറിച്ചും അനുകമ്പാ ദശകത്തില്‍ നാരായണ ഗുരു ദേവന് പാടിയിരിക്കുന്നു. അനാവശ്യമായി ഉപദ്രവം ഉറുമ്പിനു പോലും സമ്മാനിക്കുകയില്ല എന്ന ഒരു അനുകമ്പ നമ്മുടെ വ്യവഹാരത്തിലുണ്ടാകണം.
ഒരു വ്യക്തി ശിക്ഷാര്‍ഹനാണെന്ന് വിധിക്കുമ്പോള്‍ നാം പലപ്പോഴും അയാളുടെ പശ്ചാത്തലം വേണ്ടത്ര ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല. കൂടുതല്‍ അറിവു ശേഖരിക്കുന്ന മുറക്ക് അറിവ് അനുകമ്പക്ക് വഴിമാറിക്കൊടുക്കുന്നതായി അനുഭവപ്പെട്ടേക്കാം. ഏതോ ഒരിടത്ത് ഒരു ട്രെയിന്‍ യാത്രയില്‍ നടന്ന സംഭവത്തെക്കുറിച്ച് കേട്ടത് ദൃഷ്ടാന്തമായി കുറിക്കട്ടെ. ഇരുപത്തിയഞ്ചു വയസ്സായ ഒരു ചെറുപ്പക്കാരന് വളരെ ബാലിശമായ രീതിയില്‍ ട്രെയിനില്‍ ജനാലക്കരികിലിരുന്ന് കാണുന്ന കാഴ്ചകള്‍ക്കൊപ്പം ബഹളം വെക്കുന്നു. മറ്റു യാത്രക്കാര്‍ക്ക് ഇത് അസഹനീയമായി തോന്നി. ചെറുപ്പക്കാരന്റെ തൊട്ടടുത്തിരിക്കുന്ന അച്ഛന് മകന്റെ പ്രകടനങ്ങള്‍ സസന്തോഷം ആസ്വദിക്കുന്ന കാഴ്ചയും സാധാരണ ഗതിയില്‍ അരോചകമായേ തോന്നൂ. അസഹിഷ്ണുത മൂത്ത ഒരാള്‍ അച്ഛനോട് ഈ ഔചിത്യക്കേട് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിച്ചു. അച്ഛന് പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് എല്ലാവരോടും മാപ്പ് പറഞ്ഞു. മകനോട് ആവേശം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കുറ്റബോധത്തോടെ ആ പിതാവ് മകന്റെ ആഹ്ളാദത്തിമര്‍പ്പിന്റെ കാര്യം വ്യക്തമാക്കി. മകന് ചെറുപ്പത്തില്‍ അസുഖം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടു പോയിരുന്നത്രേ. വിദഗ്ദ്ധ ചികിത്സയുടെ ഫലമായി കാഴ്ചശക്തി വീണ്ടു കിട്ടിയിട്ട് ഹോസ്പിറ്റലില്‍ നിന്നും തിരിച്ച് നാട്ടിലേക്കുള്ള യാത്രയിലാണ് അച്ഛനും മകനും. വിവരം അറിഞ്ഞ മറ്റു യാത്രക്കാര്‍ തങ്ങള്‍ കാണിച്ച അലോസരത്തില്‍ വേദനിച്ചു കാണുമെന്നുറപ്പാണല്ലോ.
തുടര്‍ന്ന് സഹയാത്രികര്‍ ചെറുപ്പക്കാരനെ ആസ്വദിക്കാന്‍ അനുവദിക്കുന്നേടത്ത് അറിവിന്റെ അഹിംസാ മൂല്യം പ്രകാശിതമാവുന്നു.
യുധിഷ്ഠിരാദികള്‍ കര്‍ണ്ണനെ വധിക്കുന്നതിനെക്കുറിച്ച് എപ്പോഴും ചിന്തിച്ചു പോന്നത് ജ്യേഷ്ഠസഹോദരനാണെന്ന് അറിയാതെ പോയതിനാലായിരുന്നല്ലോ.
വ്യാവഹാരിക ലോകത്തില്‍ ഏതേതു സന്ദര്‍ഭങ്ങളില്‍ അന്യന്റെ വാക്കും പ്രവൃത്തിയും നമുക്ക് വേദനാജനകമായി തോന്നിയാലും ഉടന്‍ അസഹിഷ്ണുതയാല്‍ പ്രതികരിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. അഹിംസയെന്ന മൂല്യത്തെ മുറുകെപ്പിടിക്കാന്‍ മനസ്സിരുത്താം. വേദന സമ്മാനിച്ച വ്യക്തിയെ കൂടുതല്‍ അറിയാന്‍ ഉദ്യമിക്കാം. ഈശ്വര സാക്ഷാത്ക്കാരത്തിന്റെ കാര്യത്തിലും അടുത്തു നില്ക്കുന്ന അനുജനെ കണ്ടറിയുകയാണ് ആദ്യം വേണ്ടതെന്ന് മഹാകവി ഉള്ളൂര്‍ പ്രേമസംഗീതത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
തിരുത്തപ്പെടേണ്ട വ്യക്തികള്‍ ഇല്ലെന്ന് ഇതിനര്‍ത്ഥമില്ല. അഹിംസയെ ദൗര്‍ബ്ബല്യമെന്ന് മറ്റുള്ളവര്‍ പരിഹസിക്കാനുള്ള സാധ്യതയും ഉണ്ട്. ഏവരുടേയും നന്മ ലക്ഷ്യമാക്കി അവിടെയൊക്കെ ഇടപെടാന്‍ നമുക്കുത്തരവാദിത്തമുണ്ട്. (സങ്കുചിത സ്വാര്‍ത്ഥവും, ദൂരക്കാഴ്ച്ചക്കുറവും കാരണം സമാജത്തിന് വലിയ ദ്രോഹം സമ്മാനിക്കുന്ന വിദ്രോഹ ശക്തികളെ ചെറുക്കുന്നതിന് സമര്‍ത്ഥമായി ഹിംസ ആവാം. അത് അഹിംസാ ധര്‍മ്മത്തിന്റെ ഉചിതമായ പ്രയോഗമായിരിക്കും) എന്നാല്‍ അത് അറിവിന്റെ പക്വതയില്‍ നിന്ന് അവധാനതയോടെ ചെയ്യേണ്ട കാര്യമാണ്. ആവേശത്തില്‍ പൊട്ടിത്തെറിക്കുന്നത് ജ്ഞാന സ്വരൂപ സാക്ഷാത്ക്കാരത്തിന്റെ യാത്രയില്‍ തടസ്സം സൃഷ്ടിക്കും. തെറ്റെന്ന് വിലയിരുത്തുന്നതിനു പിറകിലും, തിരുത്തുന്ന കാര്യത്തിലും ധ്യാനാത്മക വിവേക വിചാരം വേണമെന്നു സാരം.
അഹിംസയെന്ന മൂല്യത്തിന്റെ പരിപാലനം അന്യന് ദേഹോപദ്രവം നല്‍കുന്നില്ലെന്ന അച്ചടക്കത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അപരന്റെ അസ്തിത്വത്തേയും, ആവശ്യങ്ങളേയും, പ്രതിഭയേയും, അഭിപ്രായങ്ങളേയും സാദരം മാനിക്കുന്നത് അഹിംസാ പാലനമാണെന്ന് വിലയിരുത്തേണ്ടതുണ്ട്. സ്വാഭിപ്രായം മറ്റുള്ളവരില്‍ ധിക്കാരപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നത് ഹിംസയാണ്. ഗൗരവതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ സഹിഷ്ണുതയോടെ ചര്‍ച്ചക്ക് തയ്യാറാവുന്നത് അഹിംസാ സമീപനം ഉറപ്പാക്കുന്നു. Swami Adhyatmanandaji
No comments:
Post a Comment