Thursday, March 29, 2018

ഗാത്രമായിരിക്കുന്ന ക്ഷേത്രവുമന്യമുള്ള ക്ഷേത്രവും തമ്മിലുള്ള ഭേദങ്ങള്‍ നിരൂപിച്ചാല്‍ തീര്‍ത്തു ചൊല്ലിടാം സമമല്ലെന്നു; മഹിമക- ളേറ്റമുണ്ടല്ലോ ഗാത്രക്ഷേത്രത്തിനതുമല്ല, ഗാത്രങ്ങള്‍കൊണ്ടു ചേഷ്ടിച്ചുണ്ടാക്കീടുന്നോരന്യ- ക്ഷേത്രങ്ങള്‍ ധരാതലംതന്നിലുള്ളവയെല്ലാം. ഗാത്രമാം ക്ഷേത്രം കര്‍മ്മസഹിതം ധാതാവിനാല്‍ കല്പിതം പഞ്ചഭൂതസഞ്ചിതം തത്ത്വാവൃതം.ആശയം- ശരീരമാകുന്ന ക്ഷേത്രത്തേയും, അന്യക്ഷേത്രങ്ങളേയും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചു ചിന്തിച്ചാല്‍ രണ്ടും സമമല്ലെന്ന് തീര്‍ച്ചയായും പറയാന്‍ സാധിക്കും. ഗാത്രക്ഷേത്രത്തിന് മഹിമകള്‍ വളരെയുണ്ട്. മാത്രമല്ല ശരീരംകൊണ്ടു പ്രവര്‍ത്തിച്ചുണ്ടാകുന്നതാണ് ഭൂമിയിലുള്ള അന്യക്ഷേത്രങ്ങളെല്ലാം. ശരീരമാകുന്ന ക്ഷേത്രം ബ്രഹ്മാവിനാല്‍ സൃഷ്ടിക്കപ്പെട്ടതും കര്‍മ്മത്തോടു കൂടിയതുമാണ്. കര്‍മ്മഫലങ്ങളാണ് ശരീരമെടുത്തു വരുന്നത്. അഥവാ കര്‍മ്മം ചെയ്യാനുള്ള കോപ്പുകളുമായിട്ടാണു ശരീരമെടുത്തു വരുന്നത്. പഞ്ചഭൂതങ്ങള്‍ കൂട്ടിച്ചേര്‍ന്ന് 96 തത്വങ്ങള്‍ കൊണ്ട് ആവൃതമായിരിക്കുന്നതാണ് ശരീരം.ത്വക്ക്, അസ്ഥി, മജ്ജ, മാംസം തുടങ്ങി ഏഴു ധാതുക്കള്‍ കൊണ്ട് പൊതിയപ്പെട്ട് മനോഹരമായിരിക്കുന്ന ഈ ശരീരത്തെ നയിക്കുന്നത് മനസ്സാകുന്ന രഥമാണ്. അതിന് മീതെ ആത്മാവ് നിലനില്‍ക്കുന്നു. അത് സച്ചിന്മയനും, അവ്യയനും, ജന്മാദിഹീനനും, ജഗത്തിനു കാരണക്കാരനും, പരബ്രഹ്മവും, എല്ലാറ്റിനും സാക്ഷിയും, സനാതനനും, സര്‍വ്വത്തിലുമിരിക്കുന്ന ആത്മാവാണ്. ആ പരമാത്മാവു തന്നെയാണ് ജീവനായി വിളങ്ങുന്നതും. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

No comments: