Thursday, March 29, 2018

സുഷുപ്ത്യാനന്ദവും മുക്ത്യാനന്ദവും     ആത്മാവെയറിഞ്ഞജ്ഞാനത്തെ നീക്കീടുന്നവര്‍-     ക്കാഗമിച്ചീടും സുഷുപ്ത്യാനന്ദം മുക്ത്യാനന്ദം.     അന്യന്‍മാരായുള്ളവര്‍ക്കൊക്കെയുമജ്ഞാനമായ്     വന്നീടും സുഷുപ്തിയിലുണ്ടാമാനന്ദം ബാലേ!              സുഷുപ്തിയെന്നാലൊക്കെ മുക്തിയായ് വരുന്നീല     സുഷുപ്തിക്കുണ്ടു ഭേദമായതും കേട്ടുകൊള്‍ക     ഒന്നുമേ തിരിയാതെ വന്നീടും സുഷുപ്തിക്കു     നിര്‍ണ്ണയമജ്ഞാനമായിരിക്കുമതിനാലെ     ആയതിലുളവാകുമാനന്ദമേവമെന്നു-     മാര്‍ക്കുമേ തിരിയുന്നീലന്ധത്വം ഭവിക്കയാല്‍     നേത്രഹീനനാമവനൊന്നുപോലിരുന്നീടും     രാത്രിയും പകലുമവ്വണ്ണമായജ്ഞാനിക്കും.     വസ്തുവെത്തിരിയാതെ നിന്നീടുമജ്ഞാനത്താ-     ലുത്ഭവിക്കുന്നു സുഷുപ്ത്യാനന്ദമെല്ലാവര്‍ക്കും.   ആശയം-ആത്മാവിനെ അറിഞ്ഞ് അജ്ഞാനത്തെ നശിപ്പിക്കുന്നവര്‍ക്ക് സുഷുപ്ത്യാനന്ദം മുക്ത്യാനന്ദമായി ആഗമിക്കുന്നു. സുഷുപ്തി എന്നും സംഭവിക്കുന്നതും താല്‍ക്കാലികവുമാണ്. ഉണരുമ്പോള്‍ അവസാനിക്കുന്നു. ആത്മജ്ഞാനം ലഭിക്കുമ്പോള്‍ കിട്ടുന്നത് നിത്യമായ ആനന്ദമാണ്. അജ്ഞാനമാകുന്ന അന്ധകാരം നീങ്ങിയതിനാല്‍ ഇനി ശാശ്വതപ്രകാശം മാത്രമേയുള്ളു. അതുതന്നെയാണ് മുക്ത്യാനന്ദം. ആത്മജ്ഞാനം ലഭിക്കാതെ അജ്ഞാനാന്ധകാരത്തില്‍ കഴിയുന്ന അന്യന്മാര്‍ക്കെല്ലാം സുഷുപ്ത്യാനന്ദം മാത്രമേ ലഭിക്കുകയുള്ളു. സുഷുപ്തുയില്‍ ആനന്ദം ലഭിച്ചെന്നു കരുതി അതൊക്കെ മുക്തിയാകുന്നില്ല.സുഷുപ്തിക്കും വ്യത്യാസമുണ്ട്. അതു പറയാം. ഒന്നും അറിയാതെ കിടന്നുറങ്ങുന്നത് തമോഗുണപ്രധാനമായ അജ്ഞാനം കൊണ്ടാണ്. അതില്‍ നിന്നുണ്ടാകുന്ന ആനന്ദം ഏതെന്ന് പറയാന്‍ അന്ധത്വം കൊണ്ട് ആര്‍ക്കും കഴിയുന്നില്ല.കണ്ണില്ലാതിരിക്കുന്നവന് രാത്രിയും പകലും ഒരുപോലെയല്ലേ? അതുപോലെ അജ്ഞാനിക്കും വസ്തുബോധം ( ആത്മബോധം) എന്താണെന്ന് അറിയാന്‍ സാധിക്കുന്നില്ല. ഇതാണ് സാധാരണക്കാര്‍ക്കു ലഭിക്കുന്ന സുഷുപ്ത്യാനന്ദം. ഇത് അജ്ഞാന ജന്യമാണ് അതിനാല്‍ പരമാര്‍ത്ഥമോ നിത്യമോ അല്ല. ഇങ്ങനെയുള്ള സുഷുപ്ത്യാനന്ദം കൊണ്ട് മുക്തി നേടുന്നുമില്ല. ആത്മാവിനെ അറിയുന്നുമില്ല. വസ്തുബോധം ഉണ്ടാകലാണ് ആദ്യം വേണ്ടത്. അതായത് നിത്യാനിത്യ വസ്തു വിവേകം ജനിക്കണം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ 

No comments: