Tuesday, March 20, 2018

ജ്ഞാനത്തിന് പരം എന്ന വിശേഷണം കൊടുത്തിട്ടുണ്ട്. കഴിഞ്ഞ അധ്യായങ്ങളില്‍ വിവരിക്കപ്പെട്ട ജ്ഞാനയോഗം, കര്‍മ്മയോഗം, അഷ്ടാംഗയോഗം മുതലായവയുടെ ജ്ഞാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഈ ജ്ഞാനം എന്നാണ് അര്‍ത്ഥം. 'ഉത്തമം' എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ഏതു യോഗമാര്‍ഗ്ഗങ്ങളിലൂടെയും മുന്നേറി സിദ്ധാവസ്ഥയിലെത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ ജ്ഞാനം അത്യാവശ്യമാണ് എന്നര്‍ത്ഥം.
പതിമൂന്നാം അധ്യായത്തില്‍, ''മഹാഭൂതാന്യഹങ്കാര'' -എന്നു തുടങ്ങുന്ന ശ്ലോകങ്ങളിലൂടെ ക്ഷേത്രങ്ങളുടെ-ശരീരങ്ങളുടെ വിവരണമാണ് ഭഗവാന്‍ ഉപദേശിച്ചത്. ക്ഷേത്രങ്ങള്‍ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് പറഞ്ഞിട്ടില്ല. അതുപോലെ ക്ഷേത്രത്തിന്റെ വികാരങ്ങള്‍ പറഞ്ഞു. പക്ഷേ, വൈവിധ്യത്തിന്റെ കാരണം പറഞ്ഞില്ല. അതുപോലെ ക്ഷേത്രജ്ഞന്മാരുടെ-ജീവാത്മാക്കളുടെ-പ്രവര്‍ത്തനങ്ങളയും വിവരിച്ചില്ല. അവയെല്ലാം ഈ അധ്യായത്തില്‍ ഭഗവാന്‍ വിവരിക്കാന്‍ തുടങ്ങുന്നു.
അറിവുകളില്‍ വച്ച് ശ്രേഷ്ഠമാണ് ആത്മജ്ഞാനം (14-1)
പ്രകൃതിയുടെ ഉല്‍പ്പന്നങ്ങളായ സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്ന് ഗുണങ്ങള്‍, ജീവാത്മാക്കളെ-ക്ഷേത്രജ്ഞന്മാരെ-ക്ഷേത്രവുമായി- ഭൗതികശരീരവുമായി ബന്ധിപ്പിക്കുന്നു. ഈ വസ്തുത കഴിഞ്ഞ അധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
''കാരണം ഗുണസംഗോസ്യ
സദസദ്യോനിജന്മസു''
ജീവന്‍ മൂന്നു പ്രകൃതി ഗുണങ്ങളില്‍ ഓരോന്നിലും ഏതെല്ലാം രീതിയിലാണ് കൂടിച്ചേരുന്നത്? ആ ഗുണങ്ങള്‍ ഏതൊക്കെയാണ്? അവയെങ്ങനെയാണ് പുരുഷനെ ജീവാത്മാവിനെ ബന്ധിക്കുന്നത് -എന്നൊക്കെ അറിയേണ്ടതായിട്ടുണ്ട്. ഗുണങ്ങളുടെ ബന്ധനത്തില്‍ നിന്ന് എങ്ങനെ മോചനം നേടാം? എന്നും അറിയേണ്ടതുണ്ട്. മുക്തനായ ആ പുരുഷന്റെ ലക്ഷണം എന്താണ് എന്നും അറിയണം. ഈ ജ്ഞാനം എല്ലാ അറിവുകളിലും വച്ച് ശ്രേഷ്ഠമാണ് എന്ന് ഭഗവാന്‍  പറയുന്നു. ''ജ്ഞാനാനാം, പരം, ഉത്തമം, ജ്ഞാനം''-
ജ്ഞാനത്തിന് പരം എന്ന വിശേഷണം കൊടുത്തിട്ടുണ്ട്. കഴിഞ്ഞ അധ്യായങ്ങളില്‍ വിവരിക്കപ്പെട്ട ജ്ഞാനയോഗം, കര്‍മ്മയോഗം, അഷ്ടാംഗയോഗം മുതലായവയുടെ ജ്ഞാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഈ ജ്ഞാനം എന്നാണ് അര്‍ത്ഥം. 'ഉത്തമം' എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ഏതു യോഗമാര്‍ഗ്ഗങ്ങളിലൂടെയും മുന്നേറി സിദ്ധാവസ്ഥയിലെത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ ജ്ഞാനം അത്യാവശ്യമാണ് എന്നര്‍ത്ഥം.
''ഭൂയഃ പ്രവക്ഷ്യാമി''-ഞാന്‍ വീണ്ടും പറയാം എന്നു  ഭഗവാന്‍ പറയുമ്പോള്‍, മുമ്പ് പറഞ്ഞിട്ടുണ്ട് എന്ന് സൂചനയുണ്ട്.
''ത്രിഭിര്‍ഗുണമയൈര്‍ ഭാവൈഃ ഏഭിഃ സര്‍വ്വ-മിദം ജഗത് മോഹിതം (7-13)(ത്രിഗുണങ്ങളുടെ പ്രവര്‍ത്തനംകൊണ്ട് ഈ ലോകം ആകെ അജ്ഞതയില്‍ കുടുങ്ങിയിരിക്കുന്നു.) ''ഇച്ഛാ ദ്വേഷ സമുത്ഥേന ദ്വന്ദ്വമോഹേന ഭാരത! സര്‍വ്വ ഭൂതാനി സമ്മോഹം സര്‍ഗേയാന്തി (7-27) (ആഗ്രഹം, വിരോധം ഇവയില്‍നിന്നുണ്ടാവുന്ന സുഖദുഃഖം മുതലായവയുടെ പ്രഭാവംകൊണ്ട് എല്ലാ പ്രാണികളും അജ്ഞതയില്‍ കുടുങ്ങുന്നു) മുതലായ ശ്ലോകങ്ങളില്‍ ചുരുക്കിപറഞ്ഞിട്ടുണ്ട്. എങ്കിലും വിസ്തരിച്ചു തന്നെ അറിയണം. ഇല്ലെങ്കില്‍ പരമപദ പ്രാപ്തിക്ക് പ്രതിബന്ധമുണ്ടാകും.
രോഗിയെ ചികിത്സിക്കുന്ന വൈദ്യന്‍-രോഗിയുടെ രോഗമെന്തെന്നും ഔഷധമെന്തെന്നും, ഔഷധം സേവിച്ചതിനുശേഷം അനുപാനം എന്തെന്നും വര്‍ജിക്കേണ്ട അപഥ്യങ്ങള്‍-മരുന്നിന്റെ വീര്യത്തെ നശിപ്പിക്കുന്നതും ആരോഗ്യത്തെ ഇല്ലാതാക്കുന്നതുമായ ഭക്ഷണങ്ങള്‍-ഏതെല്ലാമെന്നും അറിഞ്ഞിരിക്കണം. അതുപോലെ. ത്രിഗുണങ്ങളുടെയും അവയുടെ പ്രവര്‍ത്തനങ്ങളെയും അറിയേണ്ടത് മുമുക്ഷുവിന് ഏറ്റവും അധികം സഹായകമാകും.
ഉദാഹരണം പറയുന്നു (14-1)
ശ്രീശുകന്‍, സനകാദികള്‍ തുടങ്ങിയവര്‍ മുനികളാണ്. മുനികള്‍ എന്നാല്‍ മനനം ചെയ്യാന്‍ ശീലിച്ചവര്‍ എന്നര്‍ത്ഥം. 'മനനം' എന്നാല്‍ ആചാര്യന്മാര്‍ പറയുന്നതു കേള്‍ക്കുകയും കാര്യകാരണസഹിതം ചിന്തിച്ചുറപ്പിക്കുകയും ചെയ്യുക എന്നാണ് അര്‍ത്ഥം. അത്തരക്കാര്‍ മൂന്നുഗുണങ്ങളുടെ ഊരാക്കുടുക്കില്‍നിന്ന് മോചനം നേടിയതിനുശേഷം
പരാം സിദ്ധിംഗതാ:- നിത്യവും സത്യവും സമാനതയില്ലാത്തതുമായ പരമാനന്ദം അനുഭവിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നവരാണ്.
KANAPRAM

No comments: