Thursday, May 03, 2018

24 ഗുണങ്ങള്‍

വൈശേഷികമായ 24 ഗുണങ്ങള്‍.
 ധര്‍മത്തെ വാഖ്യാനിക്കേണ്ടത് അഭ്യുദയത്തിനുംനിശ്രേയസ്സിനും വേണ്ടിയാണെന്ന വൈശേഷികകാരന്റെ വാദം ദ്രവ്യഗുണ ധര്‍മങ്ങളെ അറിയുമ്പാള്‍ മാത്രമേ ബോധ്യമാവൂ. രൂപം, രസം,ഗന്ധം, സ്പര്‍ശം, സംഖ്യ, പരിമാണം, പൃഥക്ത്വം,സംയോഗം, വിഭാഗം, പരത്വം, അപരത്വം, ബുദ്ധി,സുഖം, ദുഃഖം, ഇച്ഛ, ദ്വേഷം, പ്രയത്നം, ഗുരുത്വം,ദ്രവത്വം, സ്നേ ഹം, സംസ്കാരം, ധര്‍മം,അധര്‍മം, ശബ്ദം, എന്നിങ്ങനെ ഇരുപത്തിനാലാണ് ഗുണങ്ങള്‍. അന്യഗുണങ്ങളെ ധാരണംചെയ്യാതിരിക്കുകയും, ദ്രവ്യത്തെ ആശ്രയിക്കുകയും, സംയോഗ വിഭാഗങ്ങളില്‍ കാരണമാകാത്തതും പരസ്പരാപേക്ഷ കൂടാതെ വര്‍ത്തിക്കുന്നതുമാണ് ഗുണം. 
 
ഭാഗവതത്തിൽ പറയുന്ന  24 ഗുണങ്ങള്‍ .
ഭഗവാന്‍ സൃഷ്ടിക്കായി തീരുമാനിച്ചപ്പോള്‍ സ്വമായയാല്‍ തന്നില്‍ ലീനമായിരുന്ന കാലത്തേയും
കര്‍മ്മങ്ങളേയും പ്രകൃതിയേയും ഉണര്‍ത്തി. കാലം പ്രകൃതിയുടെ സംതുലനത്തെ ഇളക്കിമറിച്ചു. അങ്ങിനെ പ്രകൃതിഗുണങ്ങളുണ്ടായി (സത്വരജസ്തമോഗുണങ്ങള്‍). കര്‍മ്മത്തില്‍ നിന്നും വിശ്വബുദ്ധി (മഹത്‌) ഉത്ഭവിച്ചു. മഹത്തില്‍ നിന്നും ദ്രവ്യവും ജനനവും പ്രവര്‍ത്തനവും താമസപരിവര്‍ത്തനങ്ങളിലൂടെ ഉണ്ടായി. ഇത്‌ അഹങ്കാരമാണ്‌. വീണ്ടും മൂന്ന് വിധത്തില്‍ ഇതു പ്രകടമായി. താമസാഹങ്കാരത്തില്‍ നിന്നു പഞ്ചഭൂതങ്ങളും (ആകാശം, വായു, അഗ്നി, വെളളം, ഭൂമി) അവയുടെ ഗുണങ്ങളായ ശബ്ദം, സ്പര്‍ശനം, കാഴ്ച, സ്വാദ്, ഗന്ധം ഇവയും ഉണ്ടായി. പിന്നീടുണ്ടായ ഓരോദ്രവ്യങ്ങളും അതാതിന്റെ മൂലഭൂതങ്ങളുടെ ഗുണഗണങ്ങള്‍ സ്വീകരിച്ചു. സാത്വികാഹങ്കാരത്തില്‍ നിന്നും മനസുല്‍ഭവിച്ചു. ഓരോ ജ്ഞാനന്ദകര്‍മ്മേന്ദ്രിയങ്ങളുടേയും അധിദേവതകള്‍ ഇതില്‍നിന്നുണ്ടായി. രാജസാഹങ്കാരത്തില്‍ നിന്നും അഞ്ച്‌ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളുമുണ്ടായി. ബുദ്ധിയും പ്രാണവായുവും രാജസാഹങ്കാരത്തില്‍ നിന്നുതന്നെയാണുണ്ടായത്‌. കാരണസമുദ്രത്തില്‍ ഒരു അണ്ഠകഠാഹമായി ഏറേക്കാലമിവയെല്ല‍ാം ഒത്തുചേര്‍ന്നു കിടന്നു. വിശ്വപുരുഷന്‍ ഈ അണ്ഠം പൊട്ടിച്ച്‌ പുറത്തുകടന്നു. ലോകങ്ങളും അതിലെ ജീവികളത്രയും ആ വിശ്വരൂപത്തിന്റെ അവയവങ്ങളത്രെ. ഈ വിശ്വം മുഴുവന്‍ ആ ഭഗവാനത്രെ! .

No comments: