Sunday, May 06, 2018

ഓര്‍മായകുന്ന നാലുകെട്ടുകള്‍

നൂറു മുതല്‍ 300 വര്‍ഷം വരെ പഴക്കവുള്ള നാലുകെട്ടുകളാണു തൃശൂര്‍ നഗരത്തിലുള്ളത്. ഇതില്‍ നാലുകെട്ടോടു കൂടിയ പതിനഞ്ചോളം ഇല്ലങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്നു യോഗക്ഷേമ സഭ ജില്ലാ സെക്രട്ടറി മേലേടം പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു.വേണാട് മന, പെരുമ്പടപ്പ് മന, പൂത്തോള്‍ വാദ്യാന്‍ ഇല്ലം, ചേല്ലൂര്‍ മന, പൂമുള്ളി മന, മിഥുന്നപ്പിള്ളിമന എന്നിങ്ങനെ കാലപ്പഴക്കത്തില്‍ നശിക്കാതെ നില്‍ക്കുന്ന മനകളുടെ എണ്ണം ചുരുക്കം.



കോവിലകങ്ങളും പഴയ നായര്‍ തറവാടുകളും ആള്‍ത്താമസമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു. പലതും ആയുര്‍വേദ റിസോര്‍ട്ടുകളും മറ്റു ചിലതു പാര്‍ട്ടി ഓഫിസുകളുമാണ് ഇപ്പോള്‍. രാജഭരണകാലത്തു പണിതീര്‍ത്ത നാലുകെട്ടുകളില്‍ പലതും അടച്ചിട്ടിരിക്കുകയാണ്. കാലപ്പഴക്കത്തില്‍ ഇല്ലത്തിന്റെ പല ഭാഗങ്ങളും നിലംപൊത്തി. തൂണുകളും ചുവരുകളും നിലവും പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു.



തേക്ക്, മഹാഗണി, ഈട്ടി പോലെയുള്ള മരങ്ങള്‍കൊണ്ടു നിര്‍മിച്ച കൂറ്റന്‍ കെട്ടിടങ്ങളുടെ പുനരുദ്ധാരണം നടത്താന്‍ സാമ്പത്തികശേഷി ഇല്ലാത്തതാണു ഭൂരിഭാഗം നാലുകെട്ടുകളുടെയും ദുര്‍വിധിക്കു കാരണം.



സ്വാതന്ത്ര്യലബ്ധിയും ഭൂപരിഷ്‌കരണ നിയമവും വന്നതോടെ സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ പലതും ഉണ്ടായി. ഉപജീവനത്തിനായി ജോലി തേടി യുവതലമുറ ഇവിടം വിട്ടു. ഇതോടെ ഈ ഇല്ലങ്ങളില്‍ ഇപ്പോള്‍ നാലും അഞ്ചും അംഗങ്ങള്‍ മാത്രം. മരുമക്കത്തായം അവസാനിച്ചതോടെ നാലുകെട്ടുകളോടുക്കൂടിയ നായര്‍ തറവാടുകളുടെയും കോവിലകങ്ങളുടെയും അവസ്ഥയും ഇതുതന്നെയാണ്. പലതും ജീര്‍ണതയുടെ വക്കിലാണ്.



ഇല്ലങ്ങള്‍ നിലനിര്‍ത്താനും സംരക്ഷിക്കാനും സഭയുടെ കയ്യില്‍ പ്രത്യേക ഫണ്ടില്ലെന്നും സംസ്ഥാനാടിസ്ഥാനത്തില്‍ ഇല്ലങ്ങള്‍ സംരക്ഷിക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും യോഗക്ഷേമ സഭ ജില്ലാ സെക്രട്ടറി മേലേടം പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു.



അന്‍പതോളം അംഗങ്ങള്‍, വേണ്ടുവോളം പരിചാരകര്‍, നെല്ലു സൂക്ഷിക്കുന്ന ഭൂഗര്‍ഭ അറകള്‍... ഇതായിരുന്നു നാലുകെട്ടുകള്‍ നല്‍കിയ ഓര്‍മ. പദവിയും പ്രഭുത്വവും അനുസരിച്ചാണു നാലുകെട്ടുകളുടെ വലുപ്പം നിര്‍ണയിച്ചിരുന്നത്.



മഹാരാജാക്കാന്‍മാരുടെയും രാജപ്രമുഖന്‍മാരുടെയും ഇല്ലങ്ങളും കോവിലകങ്ങളും എട്ടോ പത്തോ നാലുകെട്ടുകളോടുകൂടിയതാകും. ചെങ്കല്ല്, ചുണ്ണാമ്പ്, ഓട്, മരം എന്നിവ ഉപയോഗിച്ചു പണിതീര്‍ത്തവയും കണ്ടുവരാറുണ്ട്. നാലുകെട്ടുകളും കേരളീയ പാരമ്പര്യവുമായി അഭേദ്യമായ ബന്ധമുണ്ട്. തച്ചുശാസ്ത്ര പ്രകാരം സംശ്ലിഷ്ടം, ഭിന്നം എന്നിങ്ങനെ ഒന്‍പതു തരത്തില്‍ നാലുകെട്ടുകളുണ്ട്. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുള്ള നിര്‍മാണമാണ് ഇതിന്റെ പ്രത്യേകത. വടക്ക് അടുക്കള, പടിഞ്ഞാറു ഭാഗത്ത് സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലം, നെല്ലറ, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വസിക്കാന്‍ പ്രത്യേക കിടപ്പുമുറികള്‍ എന്നിവ നാലുകെട്ടുകളുടെ പ്രത്യേകതകളാണ്.



കിഴക്കിനി, തെക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെ ചതുശ്ശയങ്ങളോടു കൂടിയ നാലുകെട്ടുകള്‍ക്ക് ഒരു നടുമുറ്റമാണ് ഉണ്ടാവുക. എട്ടുകെട്ടി നു രണ്ടും പതിനാറുകെട്ടിനു നാലും നടുമുറ്റവുമാണ് ഉള്ളത്. നീളമുള്ള ഇടനാഴികളും സ്ത്രീകളുടെ സൗകര്യത്തിനായി ഇല്ലങ്ങളോടു ചേര്‍ന്നു പണിതീര്‍ത്തകുളങ്ങളുമുള്ള നാലുകെട്ടുകളുമുണ്ട്. കിഴക്കോട്ടു മുഖമായ ുള്ള നാലുകെട്ടുകളാണ് അധികവും. വീടിനു മധ്യഭാഗത്തേക്കു കാറ്റും സൂര്യരശ്മികളും നേരിട്ടു ലഭിക്കുന്നതിനുമായി അങ്കണം ഒരുക്കുന്നതു നാലുകെട്ടിന്റെ പ്രത്യേകതകളാണ്.
pravasini

No comments: