Saturday, May 05, 2018

നാഥസമ്പ്രദായം- തുടര്‍ന്ന് ഷോഡശാധാരങ്ങളെ വര്‍ണ്ണിക്കുന്നു. പാദാംഗുഷ്ഠാധാരം, മൂലാധാരം, ഗുദാധാരം, മേഢ്രാധാരം, ഓഡ്യാണാധാരം, നാഭ്യാധാരം, ഹൃദയാധാരം, കണ്ഠാധാരം, ഘണ്ടികാധാരം, താല്വാധാരം, ജിഹ്വാധാരം, ഭ്രൂമധ്യാധാരം, നാസാധാരം, നാസാമൂലം (കവാടാധാരം), ലലാടാധാരം, ബ്രഹ്മരന്ധ്രത്തിലെ ആകാശചക്രം എന്നിവയാണവ.  ഈ സ്ഥലങ്ങളില്‍ ധ്യാനധാരണാദികള്‍ ചെയ്താല്‍ യോഗിക്ക് ഓരോരോ ഫലങ്ങള്‍, സിദ്ധികള്‍ കൈവരുമെന്നു പറഞ്ഞിരിക്കുന്നു.
അടുത്തതായി ലക്ഷ്യത്രയങ്ങളെ വിശദമാക്കുന്നു. രണ്ട് അന്തര്‍ലക്ഷ്യങ്ങളും ഒരു ബഹിര്‍ലക്ഷ്യവും. മൂലകന്ദത്തില്‍ നിന്നും ബ്രഹ്മരന്ധ്രം വരെയുള്ള ബ്രഹ്മനാഡി, ലലാടോര്‍ദ്ധ്വത്തിലെ ഭ്രമരഗുഹാ മധ്യം എന്നീ സ്ഥാനങ്ങള്‍ അന്തര്‍ലക്ഷ്യങ്ങളാണ്. നാസാഗ്രത്തിനു വെളിയില്‍ അംഗുലചതുഷ്ടയം, ഷഡംഗുലം, അഷ്ടാംഗുലം, ദശാംഗുലം, ദ്വാദശാംഗുലം എന്നീ ബഹിര്‍ബിന്ദുക്കളാണ് പ്രധാനബഹിര്‍ലക്ഷ്യങ്ങള്‍. ബഹിര്‍ലക്ഷ്യങ്ങള്‍ നിരവധി ഉണ്ടത്രേ. തുടര്‍ന്ന് മധ്യമ ലക്ഷ്യങ്ങളെ പറയുന്നു. ഇവ കേവലം മനോലക്ഷ്യങ്ങളാണ്. ആകാശം, പരാകാശം, മഹാകാശം, തത്വാകാശം, സൂര്യാകാശം എന്ന വ്യോമപഞ്ചകാവലാകനത്തെ തുടര്‍ന്നു വിശദമാക്കുന്നു. നവചക്രങ്ങള്‍, ഷോഡശാധാരങ്ങള്‍, ത്രിലക്ഷ്യങ്ങള്‍, വ്യോമപഞ്ചകങ്ങള്‍ എന്നിവയെ ശരിയായി അറിയാത്തവന്‍ കേവലം യോഗി എന്ന നാമധാരി മാത്രമാണെന്നു ഗോരക്ഷനാഥന്‍ പറയുന്നു.
അനന്തരം അഷ്ടാംഗയോഗത്തെ വിശദീകരിക്കുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണാ, ധ്യാനം, സമാധി എന്നിവയാണ് യോഗത്തിന്റെ എട്ട് അംഗങ്ങള്‍. സര്‍വേന്ദ്രിയജയം, ആഹാര, നിദ്രാ, ശീത, വാത, ആതപജയം എന്നിവ പതുക്കെ പതുക്കെ നേടണം. നിയമം ഏന്നാല്‍ മനോവൃത്തികളുടെ നിയമനം, നിയന്ത്രണം ആണ്. ഏകാന്തവാസം, നിസ്സംഗതത്വം, ഔദാസീന്യം, യഥാപ്രാപ്തിസന്തുഷ്ടി, വൈരസ്യം, ഗുരുചരണാവരൂഢത്വം എന്നിവയാണ് നിയമത്തിന്റെ ലക്ഷണങ്ങള്‍. ആസനം എന്നാല്‍ സ്വരൂപത്തില്‍ സമാസന്നനാകുക എന്നതാണ്. സ്വസ്തികാസനം, പദ്മാസനം, സിദ്ധാസനം എന്നിവയില്‍ ഉചിതമായ ഒന്ന് തിരഞ്ഞെടുത്ത് ശ്രദ്ധയോടെ അതില്‍ ഇരിക്കലാണ് ആസനത്തിന്റെ ലക്ഷണം.
പ്രാണായാമം എന്നാല്‍ പ്രാണന്റെ സ്ഥിരത എന്നാണര്‍ത്ഥം. രേചകം, പൂരകം, കംഭകം, സംഘട്ടകരണം എന്നീ നാലെണ്ണമാണ് പ്രാണായാമലക്ഷണം. പ്രത്യാഹാരമെന്നാല്‍ ചൈതന്യതരംഗങ്ങളുടെ പ്രത്യാഹരണം ആണ്. പലതരം വികാരങ്ങളാല്‍ സംജാതമാകുന്ന വികാരങ്ങളെക്കൂടി നിവാരണം ചെയ്യുന്നതാണ് പ്രത്യാഹാരം. ബാഹ്യവും ആഭ്യന്തരവുമായ രണ്ടു ധാരണകളും ഒന്നു തന്നെ. തന്റെ തത്വസ്വരൂപത്തെ അന്ത:കരണം കൊണ്ട് ബോധ്യപ്പെടല്‍ ആണ് ഇത്. ആത്മാവിനെ (ആത്മബോധത്തെ) കാറ്റില്ലാത്തപ്പോള്‍ ഇളകാതെ നിലക്കൊള്ളുന്ന ദീപം പോലെ നിര്‍ത്തലാണ് ധാരണ.
പരമമായ അദ്വൈതത്തിന്റെ ഭാവന ഉണ്ടാകുമ്പോള്‍ അത് ആത്മാവാണ്, സ്വസ്വരൂപമാണ് എന്ന് ഭാവിക്കലും തല്‍ഫലമായി ഉണ്ടാകുന്ന എല്ലാറ്റിനോടും ഉള്ള സമഭാവനയുമാണ് ധ്യാനം. സര്‍വതത്വങ്ങളുടെയും സമാവസ്ഥ, നിരുദ്യമത്വം, അനായാസസ്ഥിതിമത്വം എന്നിവയാണ് സമാധിലക്ഷണം. ഇപ്രകാരം പിണ്ഡവിചാരം എന്ന രണ്ടാമത്തെ ഉപദേശം പൂര്‍ത്തിയായി.
അടുത്ത വിഷയം പിണ്ഡസംവിത്തി ആണ്. പിണ്ഡമധ്യത്തില്‍ ചരാചരങ്ങള്‍ എപ്രകാരം ഉള്‍ക്കൊള്ളുന്നു എന്നറിയുന്ന യോഗിക്ക് ഇതു കൈവരുന്നു. കൂര്‍മ്മം പാദതലത്തില്‍. പാതാളം പാദാംഗുഷ്ഠത്തില്‍. തലാതലം അംഗുഷ്ഠാഗ്രത്തില്‍. മഹാതലം പൃഷ്ഠത്തില്‍. രസാതലം ഗുല്‍ഫത്തില്‍. ജംഘകളില്‍ സുതലം. ജാനുക്കളില്‍ വിതലം. ഊരുക്കളില്‍ അതലം. ആ ഏഴു പാതാളങ്ങള്‍ക്കും അധിപതി രുദ്രദേവനാണ്. പിണ്ഡമധ്യത്തിലെ ക്രോധരൂപിയായ ഭാവം ആണ് കാലാഗ്നിരുദ്രന്‍.
ഭൂലോകം ഗുഹ്യസ്ഥാനത്തില്‍. ഭുവര്‍ലോകം ലിംഗസ്ഥാനത്തില്‍. സ്വര്‍ലോകം നാഭിസ്ഥാനത്തില്‍. ഈ ലോകത്രയങ്ങള്‍ക്ക് ഇന്ദ്രനാണ് അധിദേവത. പിണ്ഡമധ്യത്തില്‍ എല്ലാ ഇന്ദ്രിയങ്ങളേയും നിയന്ത്രിക്കുന്നവനാണ് ഇന്ദ്രന്‍. മേരുദണ്ഡാങ്കുരത്തില്‍ മഹര്‍ലോകം. ദണ്ഡാന്തര്‍ഭാഗത്ത് ജനോലോകം. ദണ്ഡനാളത്തില്‍ തപോലോകം. മൂലകമലത്തില്‍ സത്യലോകം. ഈ നാലു ലോകങ്ങള്‍ക്കും അനേകമാനാഭിമാനിസ്വരൂപിയായ ബ്രഹ്മാവ് ആണ് അധിപന്‍. വിഷ്ണുലോകം ഉദരഭാഗത്ത്. പിണ്ഡമധ്യത്തില്‍ അനേകവ്യാപാരകാരകനായ വിഷ്ണു ആണ് ദേവത. 
ഹൃദയത്തിലാണ് രുദ്രലോകം. അവിടെ രുദ്രനാണ് അധിപതി. പിണ്ഡമധ്യത്തില്‍ ഉഗ്രസ്വരൂപിയായി നിലക്കൊള്ളുന്നു. മാറിടത്തില്‍ ഈശ്വരലോകം. ഈശ്വരന്‍ ദേവത. പിണ്ഡമധ്യത്തില്‍ തൃപ്തിസ്വരൂപനായി നിലക്കൊള്ളുന്നു. കണ്ഠമധ്യത്തില്‍ നീലകണ്ഠലോകം. അധിപന്‍ നീലകണ്ഠന്‍. പിണ്ഡമധ്യത്തില്‍ എന്നും സ്ഥിതി ചെയ്യുന്നു. താലുദ്വാരത്തില്‍ ശിവലോകം. ശിവന്‍ ദേവത. പിണ്ഡമധ്യത്തില്‍ അനുപമസ്വരൂപനായി കുടികൊള്ളുന്നു. 
ലംബികാമൂലത്തില്‍ ഭൈരവലോകം. അവിടെ ഭൈരവന്‍ ദേവത. പിണ്ഡമധ്യത്തില്‍ സര്‍വോത്തമസ്വരൂപിയായി സ്ഥിതി ചെയ്യുന്നു. ലലാടമധ്യത്തില്‍ അനാദിലോകം. അവിടെ അനാദിദേവതയാണ് അധിപന്‍. പിണ്ഡമധ്യത്തില്‍ ആനന്ദപരാഹന്തയായി നിലക്കൊള്ളുന്നു. ശിര:ശൃംഗാടത്തില്‍ കുലലോകം. കുലേശ്വരനാണ് അധിപതി. പിണ്ഡമധ്യത്തില്‍ ആനന്ദസ്വരൂപി ആയി കുടികൊള്ളുന്നു. ശംഖമധ്യത്തിലെ പത്മത്തില്‍ അകുലേശ്വരന്‍ ദേവത. പിണ്ഡമധ്യത്തില്‍ നിരഭിമാനാവസ്ഥയില്‍ നിലക്കൊള്ളുന്നു. ബ്രഹ്മരന്ധ്രത്തില്‍ പരബ്രഹ്മലോകം. പരബ്രഹ്മം ദേവത. പിണ്ഡമധ്യത്തില്‍ പരിപൂര്‍ണ്ണാവസ്ഥയില്‍ നിലക്കൊള്ളുന്നു. ഊര്‍ധ്വകമലത്തില്‍ പരാപരലോകം. പരമേശ്വരന്‍ ദേവത. പിണ്ഡമധ്യത്തില്‍ പരാപരഭാവത്തില്‍ കുടികൊള്ളുന്നു. ത്രികൂടസ്ഥാനത്ത് ശക്തിലോകം. പരാശക്തി ദേവത. എല്ലാറ്റിന്റെയും സര്‍വകര്‍ത്തൃത്വാവസ്ഥയില്‍ നിലക്കൊള്ളുന്നു. ഇപ്രകാരം സപ്ത പാതാളങ്ങളുള്‍പ്പടെ ഇരുപത്തിയൊന്നു ബ്രഹ്മാണ്ഡസ്ഥാനവിചാരം കഴിഞ്ഞു.
സദാചാരതത്വത്തില്‍ ബ്രാഹ്മണരും  ക്ഷത്രിയര്‍ ശൗര്യത്തിലും വൈശ്യര്‍ വ്യവസായത്തിലും ശൂദ്രര്‍ സേവാഭാവത്തിലും നിലക്കൊള്ളുന്നു. ചതു:ഷഷ്ടികലകളിലും ചതു:ഷഷ്ടിവര്‍ണ്ണങ്ങള്‍ ഉണ്ട്. തുടര്‍ന്ന് സപ്തദ്വീപങ്ങളും സപ്തസമുദ്രങ്ങളും ദേഹത്തില്‍ എവിടെയെല്ലാം എന്നു വിശദമാക്കുന്നു. മജ്ജയില്‍ ജംബുദ്വീപം. അസ്ഥികളില്‍ ശക്തിദ്വീപം. സിരകളില്‍ സൂക്ഷ്മദ്വീപം. ത്വക്കില്‍ ക്രൗഞ്ചദ്വീപം. രോമങ്ങളില്‍ ഗോമയദ്വീപം. നഖങ്ങളില്‍ ശ്വേതദ്വീപം. മാംസത്തില്‍ പ്‌ളക്ഷദ്വീപം.
മൂത്രത്തില്‍ ക്ഷാരസമുദ്രം. ലാലയില്‍ ക്ഷീരസമുദ്രം. കഫത്തില്‍ ദധിസമുദ്രം. മേദസ്സില്‍ ഘൃതസമുദ്രം. വസയില്‍ മധുസമുദ്രം. രക്തത്തില്‍ ഇക്ഷുസമുദ്രം. ശുക്രത്തില്‍ അമൃതസമുദ്രം. ഭൂമിയെ ഒന്‍പതു ഖണ്ഡങ്ങളായി വിഭജിക്കുന്നു. ഇവയുടെ വര്‍ണ്ണന പുരാണങ്ങളില്‍ വിശദമായി കാണാം. ഈ നവഖണ്ഡങ്ങള്‍ക്കും നവദ്വാരങ്ങളിലായി ദേഹത്തില്‍ സ്ഥാനം കല്‍പ്പിച്ചിരിക്കുന്നു..
janmabhumi

No comments: