Friday, May 04, 2018

അയം-ശരീരങ്ങളില്‍ പ്രവേശിച്ച ജീവാത്മാവ്, ചെവി, കണ്ണ്, തൊലി, നാവ് എന്നീ ജ്ഞാനേന്ദ്രിയങ്ങളെയും കര്‍മ്മേന്ദ്രിയങ്ങളെയും- കൈ, കാല്‍, വാക്ക്, ജനനേന്ദ്രിയം, മലവിസര്‍ജനേന്ദ്രിയം എന്നിവയെയും ആശ്രയിച്ച്, അവയെ ഉപയോഗിച്ച് ഭൗതിക സുഖത്തിന് കാരണങ്ങളായ പദാര്‍ത്ഥങ്ങളെയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മരണംവരെ ഈ രീതി തുടരുന്നതുകൊണ്ട് മരണസമയത്തും പദാര്‍ത്ഥങ്ങള്‍ മാത്രമാണ് ചിന്തയ്ക്ക് വിഷയമാവുന്നത്. അതുകൊണ്ട് മരണാനന്തരം  വിഷയസുഖാനുഭവത്തിനു ഉപകരണമായ ശരീരങ്ങളും ഇന്ദ്രിയങ്ങളും ജീവന് ലഭിക്കുന്നു.
ഇന്ദ്രിയങ്ങളെ ഭഗവത് സേവനത്തിനു മാത്രം ഉപയോഗിച്ച് ശീലിച്ച ഭക്തന്മാര്‍ക്ക് മരണാനന്തരം ഭഗവാന്റെ ലോകത്തില്‍ എത്തിച്ചേര്‍ന്ന് ആനന്ദിക്കാന്‍ കഴിയുന്നു. അവരുടെ പഞ്ചഭൂതാത്മകമായ ശരീരം ഉപേക്ഷിക്കാനും ഭഗവദ്ദേഹത്തിനു തുല്യമായ ശരീരം സ്വീകരിക്കാനും കഴിയുന്നു.
ശ്രീനാരദമഹര്‍ഷി സ്വന്തം അനുഭവം വിവരിക്കുന്നു 
ശ്രീമദ് ഭാഗവതത്തില്‍ ശ്രീനാരദന്‍, കഴിഞ്ഞ ജന്മത്തില്‍, ശൂദ്ര ബാലനായിരുന്നപ്പോള്‍, ഭഗവത്തത്വജ്ഞാനികളായ ഭക്തന്മാരില്‍ നിന്ന് ഭഗവല്ലീലകളും ഭഗവത്തത്വവും കേട്ട് ഭക്തി വളര്‍ത്തി. ഒടുവില്‍ ഭഗവത്പദം പ്രാപിച്ചപ്പോള്‍, ഭഗവാന്‍ എനിക്ക് 'ഭാഗവതിയായ'രുന്നു-ദേഹം-തന്നു എന്നു പറയുന്നു.
''പ്രയുജ്യമാനേമയിതാം
ശുദ്ധാം ഭാഗവതീം തനും
ആരബ്ധ കര്‍മ്മനിര്‍വ്വാണോ
ന്യപതത്പാഞ്ച ഭൗതികഃ'' 
(ഭാഗവതം-1-6-29)
(=സൃഷ്ടിയുടെ ആരംഭത്തില്‍ എനിക്ക്, ഭഗവദ്ദേഹത്തിന് ഗുണംകൊണ്ടു തുല്യമായ ശരീരം കിട്ടി. അപ്പോള്‍, കര്‍മ്മങ്ങളുടെ ഫലമായി സിദ്ധിച്ചിരുന്ന ഭൗതികദേഹം എന്നെ വിട്ടുപോകുകയും ചെയ്തു.)
ജീവാത്മാവിന്റെ ദേഹ സ്വീകരണവും ത്യാഗവും എല്ലാവര്‍ക്കും അറിയാന്‍ കഴിയുന്നില്ല
ജീവാത്മാക്കളുടെ ഗതിവിഗതികള്‍ എല്ലാവര്‍ക്കും അറിയാന്‍ കഴിയുന്നില്ല. ജീവാത്മാവ്, ദേഹത്തിന്റെ തന്നെ വ്യത്യസ്തനായി നിലനില്‍ക്കുന്നു, എന്നോ, ഭൗതികസുഖ ദുഃഖങ്ങളെ ദേഹവും ഇന്ദ്രിയങ്ങളും വഴി, തങ്ങളുടെ സാത്വിക-രാജസ-താമസ ഗുണങ്ങള്‍ക്ക് അനുസൃതമായി, അനുഭവിക്കുകയാണ് എന്നോ ഇപ്പോഴുള്ള ദേഹത്തില്‍നിന്ന് പുറത്തേക്ക് പോകുന്നു എന്നോ അറിയുന്നേ ഇല്ല. കാരണം മനുഷ്യരുടെ ജ്ഞാനോപകരണങ്ങള്‍കൊണ്ട്, പ്രത്യക്ഷമായ വസ്തുക്കളെ മാത്രമേ കാണുകയുള്ളൂ. വേദ വേദാന്തങ്ങളും പുരാണേതിഹാസങ്ങളും പഠിച്ചാലും ഭൗതികതാ മാലിന്യങ്ങള്‍ നിറഞ്ഞ അവരുടെ ജ്ഞാനം ഉപയോഗശൂന്യമായിത്തീരുന്നു. ആധുനിക ഭൗതിക ശാസ്ത്രജ്ഞന്മാരുടെ ഗവേഷണങ്ങള്‍ കൊണ്ടു ജീവാത്മാവിനെ അറിയാന്‍ കഴിയില്ല. നമ്മുടെ ഇന്ദ്രിയ ശക്തികള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയില്‍, അഭൗതിക ദേഹേന്ദ്രിയങ്ങളോടെ സ്ഥിതി ചെയ്യുന്ന ഭഗവാന്റെ അംശങ്ങളാണല്ലോ ജീവാത്മാക്കള്‍. (മമൈവാശ!). അതുകൊണ്ടാണ് ജീവന്മാരുടെ പോക്കും വരവും അറിയാന്‍ കഴിയാത്തത്. അവരെ വിമൂഢന്മാര്‍ എന്നുപറയാം.
പിന്നെ ആര്‍ക്കാണ് അറിയാന്‍ കഴിയുക? 
പറയുന്നു-
''ജ്ഞാന ചക്ഷുഷഃ പശ്യന്തി''
ഭഗവദ്ഗീതയും ഭാഗവതവും പോലെയുള്ള ഭഗവദീയ ഗ്രന്ഥങ്ങള്‍ ഭക്തനായ ഗുരുവില്‍നിന്ന് അധ്യയനം ചെയ്യണം. അങ്ങനെ ചെയ്താല്‍ യഥാര്‍ത്ഥമായ പുതിയ ഒരു ചക്ഷുസ്സ്-കണ്ണ്. (ദര്‍ശനേന്ദ്രിയം) നമുക്ക് കിട്ടും. അതിനെ ഭഗവതത്ത്വ വിജ്ഞാനം എന്നും പറയാം.
ഭഗവാന്റെ സുഹൃത്തും ഭക്തനും സന്തതസഹചാരിയുമായ അര്‍ജ്ജുനന് പോലും ഭഗവല്‍ പ്രസാദംകൊണ്ടു ലഭിച്ച ഈ ദിവ്യ ചക്ഷുസ്സുകൊണ്ടാണ് ഭഗവാന്റെ തത്ത്വം വേണ്ടുംവിധം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത് എന്നും ഓര്‍മ്മിക്കുക.
 9961157857

No comments: