Thursday, May 03, 2018

നചികേതസ്സു പറഞ്ഞു; “മൃത്യുദേവ! ലൗകിക സുഖങ്ങളെല്ലാം  ക്ഷണികങ്ങള്‍, ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയശക്തിയെ ജീര്‍ണ്ണിപ്പിക്കുന്നവ! അതിദീര്‍ഘമായ ജീവിതംപോലും അത്യല്പം. ആനകളും കുതിരകളും ആട്ടങ്ങളും പാട്ടുകളും അങ്ങേയ്ക്കുതന്നെ ഇരിക്കട്ടെ. ധനംകൊണ്ട് മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ വയ്യ. അങ്ങയെ ദര്‍ശിക്കുമ്പോള്‍ ധനം താനെ വഴുതിപ്പോകുന്നു. അങ്ങയുടെ ഇച്ഛയാണ് മനുഷ്യരുടെ ജീവിതകാലം. അതുകൊണ്ട് ഞാന്‍ ചോദിച്ച വരംതന്നെയാണ് ഞാന്‍ വരിക്കുന്നത്.”
ഈ പ്രത്യുത്തരം കേട്ട് യമന്‍ വളരെ സന്തോഷിച്ചു. യമന്‍ പറഞ്ഞു; “ശ്രേയസ്സൊന്നു വേറെ, പ്രേയസ്സൊന്നു (ഇന്ദ്രിയസുഖാനുഭവം) വേറെ. രണ്ടിന്റെയും ഫലങ്ങളും വെവ്വേറെ. ഇവ രണ്ടും മനുഷ്യന്റെ കൈക്കല്‍ വരും. അതില്‍ ശ്രേയസ്സിനെ വരിക്കുന്നവര്‍ സിദ്ധനാകും. പ്രേയസ്സിനെ വരിക്കുന്നവനു ലക്ഷ്യം നഷ്ടമാകും. വിവേകമുള്ളവന്‍ രണ്ടിനേയും പരീക്ഷിച്ചു തിരിച്ചറിയും: ശ്രേയസ്സാണ് മേത്തരം എന്നു കണ്ട് അതിനെ സ്വീകരിക്കും. മന്ദബുദ്ധിയാകട്ടെ ഇന്ദ്രിയസുഖം മീതെയെന്ന് വെച്ച് അതില്‍ ആസക്തനാകും. അല്ലയോ നചികേതസ്സേ, നീ ആലോചിച്ച് താല്‍ക്കാലികസുഖങ്ങള്‍ മാത്രമായവയെ ബുദ്ധിപൂര്‍വ്വം ഉപേക്ഷിച്ചു.” ഇങ്ങനെ പറഞ്ഞ് യമന്‍ ഉപദേശമാരംഭിച്ചു.
ഇവിടെ നമുക്ക് വൈരാഗ്യത്തേയും വൈദികധര്‍മ്മത്തെയും സംബന്ധിച്ച ഭാവനയുടെ വികാസം കാണാം. ഇന്ദ്രിയസുഖങ്ങള്‍ അനുഭവിപ്പാനുള്ള ആഗ്രഹം തീരെ നശിച്ചല്ലാതെ മനുഷ്യനു തത്ത്വപ്രകാശമുണ്ടാവില്ലെന്ന് ഇവിടെ വെളിവാകുന്നു. ഇന്ദ്രിയാഭിലാഷങ്ങള്‍ വൃഥാ ബഹളംകൂട്ടി നമ്മെ ക്ഷുദ്രങ്ങളായ വര്‍ണ്ണരസസ്പര്‍ശസുഖങ്ങളുടെയും ബാഹ്യങ്ങളായ സര്‍വ്വപദാര്‍ത്ഥങ്ങളുടെയും അടിമകളാക്കി പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടിരിക്കെ, നാം എന്തു നടിച്ചാലും നമ്മുടെ ഹൃദയത്തില്‍ തത്ത്വം എങ്ങനെ പ്രകാശിക്കും?
യമന്‍ പറയുന്നു; “ധനംതന്നെ മീതെ എന്നു ഭ്രമിച്ചുഴലുന്ന മൂഢബുദ്ധിക്കു പാരത്രികബോധമുണ്ടാവില്ല. ഈ ലോകംതന്നെ സത്യം, പരലോകമില്ല എന്നു വിചാരിക്കുന്നവന്‍ പിന്നെയും പിന്നെയും എന്റെ പിടിയില്‍ പെടുന്നു.” “ഇതു ധരിപ്പാന്‍ വളരെ പ്രയാസം. ഇടവിടാതെ കേട്ടുകൊണ്ടിരുന്നിട്ടും ഇതു പലര്‍ക്കും മനസ്സിലാകുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഇതു പറയുന്നവന്‍ അസാമാന്യനായിരിക്കണം. കേള്‍ക്കുന്നവനും ആവിധമിരിക്കണം. വൃഥാവാദങ്ങളെക്കൊണ്ട് ബുദ്ധി കലങ്ങാതിരിക്കയും വേണം. ഇതു തര്‍ക്കവിഷയമല്ല, വാസ്തവകാര്യമാണ്.” വിശ്വാസമുണ്ടായിരിക്കണമെന്ന് എല്ലാ മതങ്ങളും സിദ്ധാന്തിക്കുന്നതു നാം കേട്ടിട്ടുണ്ട്. ചോദ്യം ചോദിക്കാതെ വിശ്വസിച്ചുകൊള്ളണമെന്നു നമ്മോട് ഉപദേശിച്ചിട്ടുണ്ട് കണ്ണുമൂടി വിശ്വസിക്കണം എന്നത് ആക്ഷേപാര്‍ഹംതന്നെ, സംശയമില്ല. എന്നാല്‍ അതില്‍ ഒരു തത്ത്വം കിടപ്പുണ്ടെന്നു സൂക്ഷ്മം നോക്കിയാലറിയാം. അതു വാസ്തവത്തില്‍ എന്താണെന്നാണ് നാം ഉപനിഷത്തില്‍ വായിക്കുന്നത്. വെറും തര്‍ക്കംകൊണ്ടു മനസ്സിനെ കലക്കരുത്. തര്‍ക്കം ഈശ്വരജ്ഞാനത്തിനു സഹായിക്കില്ല. അതു തര്‍ക്കവിഷയമല്ല: വസ്തുദര്‍ശനമാണ്. വാദവും തര്‍ക്കവുമെല്ലാം നമുക്കുള്ള ചില വിഷയജ്ഞാനങ്ങളെ ആസ്പദിച്ചിരിക്കുന്നു. മുമ്പനുഭവപ്പെട്ടിട്ടുള്ള ചില വിഷയങ്ങളെ തമ്മില്‍ താരതമ്യപ്പെടുത്തുന്ന പദ്ധതിയാണ് തര്‍ക്കം. അങ്ങനെയൊരനുഭവജ്ഞാനം മുമ്പേ ഇല്ലെങ്കില്‍ തര്‍ക്കത്തിനു വകയില്ല. ഈ സംഗതി ബാഹ്യലോകത്തെസ്സംബന്ധിച്ചു ശരിയാണെങ്കില്‍, എന്തുകൊണ്ട് ആന്തരലോകത്തെസ്സംബന്ധിച്ചും ശരിയല്ല?.
SWAMI VIVEKANANDAN.

No comments: