Friday, September 14, 2018

ഉപനിഷത്തിലൂടെ -261
Saturday 15 September 2018 2:53 am IST
ബൃഹദാരണ്യകോപനിഷത്ത്- 60
അഥ ഹ വച്കനവ്യുവാച, ബ്രാഹ്മണാ 
ഭഗവന്തോ...
പിന്നീട് വചക്‌നുവിന്റെ മകളായ ഗാര്‍ഗി പറഞ്ഞു പൂജ്യന്മാരായ ബ്രാഹ്മണരേ... ഞാന്‍ ഇപ്പോള്‍ ഇദ്ദേഹത്തോട് രണ്ട് ചോദ്യങ്ങള്‍ ചോദിക്കാം. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായാല്‍ നിങ്ങളില്‍ ആര്‍ക്കും ഇദ്ദേഹത്തെ ബ്രഹ്മവാദത്തില്‍ ജയിക്കാനാവില്ല. അപ്പോള്‍ ബ്രാഹ്മണര്‍ ഗാര്‍ഗിക്ക് ചോദിക്കാന്‍ അനുവാദം നല്‍കി.
നേരത്തെ ഹിരണ്യഗര്‍ഭ ലോകത്തിനപ്പുറമുള്ളതിനെ ചോദിച്ചാല്‍ തല തെറിച്ച് പോകുമെന്നു യാജ്ഞവല്‍ക്യന്‍  വിലക്കിയതുകൊണ്ട് മാത്രമാണ് ഗാര്‍ഗി പിന്‍വാങ്ങിയത്. ഇപ്പോള്‍ മറ്റുള്ള ബ്രാഹ്മണരുടെ അനുമതിയോടെയാണ് ചോദിക്കുന്നത്.
സര്‍വാന്തര്യാമിയായ ബ്രഹ്മത്തെക്കുറിച്ച് തന്നെ വീണ്ടും വിവരിക്കുകയാണ് ഇവിടെ. നേരത്തെ ബ്രഹ്മത്തിന്റെ ഉപാധിയുമായി ബന്ധപ്പെട്ട ഭാവത്തെയാണ് വിവരിച്ചത്. ഇനി ബ്രഹ്മത്തിന്റെ നിരുപാ
ധിക ഭാവത്തെ കാണാം.
സാ ഹോവാച, അഹം വൈ ത്വാ യാജ്ഞവല്‍ക്യ യഥാ കാശ്യോ...
വില്ലാളിവീരന്മാരായ കാശിരാജാവോ വിദേഹ രാജാവോ വില്ലില്‍ ഞാണ്‍ കെട്ടി ശത്രുക്കളെ പീഡിപ്പിക്കുന്ന തരത്തില്‍ രണ്ട് അമ്പുകള്‍ തൊടുക്കും പോ
ലെ ഞാന്‍ അങ്ങേക്ക് മുന്നില്‍ രണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ എഴുന്നേല്‍ക്കുന്നു, എനിക്ക് ഉത്തരം തരൂ, എന്ന് യാജ്ഞവല്‍ക്യനോട് ഗാര്‍ഗി ആവശ്യപ്പെട്ടു.
ചോദിച്ചു കൊള്ളാന്‍ അദ്ദേഹത്തിന്റെ അനുമതിയും കിട്ടി.
സാ ഹോവാച, യദൂര്‍ധ്വം യാജ്ഞവല്‍ക്യ, 
ദിവഃ യദവാക് പൃഥിവ്യാ...
ദ്യോവിന് മേലേയും ഭൂമിക്ക് താഴെയും രണ്ടിന്റെയും നടുക്കുള്ളതെന്നും. ഭൂതം വര്‍ത്തമാനം ഭാവി എന്നും പറയുന്നതുമായത് ഏതിലാണ് ഓതവും പ്രോതവുമായത് എന്ന് ഗാര്‍ഗി യാജ്ഞവല്‍ക്യനോട് ചോദിച്ചു.
സ ഹോവാച, യദൂര്‍ധ്വം ഗാര്‍ഗി, ദിവഃ 
യദവാക് പൃഥിവ്യാ...
ദ്യോവിന് മുകളിലും ഭൂമിക്ക് താഴെയും ഇവയുടെ നടുക്കും ഉള്ളതെന്നും. ഭൂതം, വര്‍ത്തമാനം, ഭാവി എന്നും പറയുന്നതായ ഈ വ്യാകൃതമായ ജഗത്ത് അവ്യാകൃതമായ ആകാശത്തിലാണ് ഓതവും പ്രോ
തവുമായിരിക്കുന്നത്. ഈ ലോകം അവ്യാകൃതമായ ആകാശത്തില്‍ ആണ്. വ്യാകൃത ലോകത്തിന്റെ ഉല്‍പ്പത്തിയും സ്ഥിതിയും പ്രളയവും അവ്യാകൃത ആകാശത്തിലാണ്.
സാ ഹോവാച, നമസ്‌തേ സ്തു 
യാജ്ഞവല്‍ക്യ...
എന്റെ ചോദ്യത്തിന് നന്നായി ഉത്തരം നല്‍കിയ അങ്ങേയ്ക്ക് നമസ്‌കാരം. ഇനി മറ്റൊരു ചോദ്യം ചോദിക്കാമെന്ന് ഗാര്‍ഗി പറഞ്ഞു. ചോദിക്കൂ എന്ന് യാജ്ഞവല്‍ക്യനും.
 സ ഹോവാച, യദൂര്‍ധ്വം യാജ്ഞവല്‍ക്യ 
ദിവഃ യദവാക് പൃഥിവ്യാ...
ദ്യോവിന് മുകളിലും ഭൂമിക്ക് താഴെയും രണ്ടിന്റേയും നടുക്കും ത്രികാലങ്ങളെന്ന് പറയുന്നതും ഏതിലാണ് ഓത പ്രോതമായിരിക്കുന്നത് എന്ന് ഗാര്‍ഗി വീണ്ടും ചോദിച്ചു.
 സ ഹോവാച, യദൂര്‍ധ്വം ദിവഃ യദവാക് 
പൃഥിവ്യാഃ ...
ദ്യോവിന് മുകളിലും ഭൂമിക്ക് താഴെയും രണ്ടിന്റേയും നടുക്കും ഉള്ളതും ത്രികാലങ്ങളെന്നു പറയുന്നതുമായ ജഗത്ത് അവ്യാകൃത ആകാശത്തിലാണ് ഓത പ്രോതമായിരിക്കുന്നതെന്ന് യാജ്ഞവല്‍ ക്യന്‍ പറഞ്ഞു.
നേരത്തെ പറഞ്ഞ തത്ത്വത്തെ ഒന്നുകൂടി ഉറപ്പിക്കാനാണ് ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നത്.
 ഇത്രയും കേട്ട് തൃപ്തനായ ഗാര്‍ഗി യാജ്ഞവല്‍ക്യനെ ശരിക്കും പരീക്ഷിക്കുന്ന തരത്തില്‍ ഉത്തരം നല്‍കാന്‍ പ്രയാസമുള്ള അടുത്ത ചോദ്യം ചോദിച്ചു.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments: