Friday, December 21, 2018

*ശ്രീമദ് ഭാഗവതം 7*

ഭഗവദ് കഥകൾ ഹൃദയത്തിനെ ദ്രവമാക്കും. ഭക്തന്റെ ഹൃദയം ദ്രവിക്കുമ്പോ,  ഭക്തന്റെ ഹൃദയം ഉരുകുമ്പോ, ഭഗവാൻ അല്പം ഒന്ന് കട്ട പിടിക്കും. അതാണ് സാന്ദ്ര ആനന്ദ അവബോധാത്മകം .ഗുരുവായൂരപ്പൻ കട്ട പിടിച്ചു. സാന്ദ്രം ന്നാ ഘനീഭവിച്ചത്. ഭക്തന്റെ ഹൃദയം ദ്രവിക്കുമ്പോ ഭഗവാൻ നമുക്ക് പ്രിയമായിട്ട് അംശാവതാരമൂർത്തിയായി വന്നു നില്ക്കും. കേരളത്തില് മൂർത്തി വിഗ്രഹം എന്നാ പറയാ. ശ്രീവൈഷ്ണവസമ്പ്രദായത്തിൽ വിഗ്രഹം എന്ന് പറയേ ഇല്ല്യ .അംശാവതാരം ന്നാ പറയാ. എപ്പഴും നമുക്ക് അർച്ചിക്കാനായിട്ടുള്ള അവതാരമാണ് ഗുരുവായൂരപ്പനായി നമ്മുടെ മുന്പില് വന്നു നില്ക്കണത്.

ഗുരുവായൂരപ്പനേയും കാണാൻ വയ്യെങ്കില് അവിടെ വലിയ തിരക്കാണ് കാണാൻ വിഷമംണ്ട് എന്നൊക്കെ പറയുമ്പോ ഗുരുവായൂരപ്പൻ തന്നെ ഓരോ ഭക്തന്മാരുടെ ഹൃദയത്തിൽ കയറി സവാരിക്കിറങ്ങുന്നതാണ്. അങ്ങനെ സർക്കീട്ടടിക്കലാണ് ഗുരുവായൂരപ്പന്റെ ജോലി. ജനിച്ച ദിവസം തുടങ്ങിയതാണേ ഈ സർക്കീട്ട്  ജനിച്ച ദിവസം രാത്രയിൽ തന്നെ തുടങ്ങിയതാണ്. ഇപ്പഴും ആ സർക്കീട്ട് നടക്കണു. എത്രയോ ഭക്തന്മാരുടെ ഹൃദയത്തില്.

ഭാഗവതത്തിൽ ഏറ്റവും അധികം പ്രാമുഖ്യം കൊടുത്തിരിക്കണ കാര്യമാണ് സത്സംഗം എന്നുള്ളത്.  വേറെ ഒന്നും സാധിച്ചില്ലെങ്കിലും  നാമജപം പോലും സാധിച്ചിട്ടില്ലെങ്കിലും  സാധുക്കളുടെ സംഗത്തിൽ ചെന്നിരുന്നാൽ മതി.

തുക്കാറാം മഹാരാജ് ഒരു കീർത്തനത്തിൽ പാടുന്നു. ഹേ പാണ്ഡുരംഗാ, എനിക്ക് നാമം ജപിക്കാൻ പുറപ്പെടുമ്പോ ഉറക്കം വരണുവല്ലോ എന്ന് പറഞ്ഞ് കരയാ. അപ്പോ ജപം പോലും എളുപ്പം ല്ല. പക്ഷേ സാധുസംഗം, സത്സംഗം എന്നുള്ളത് ഭഗവത് കൃപ ആണ്.  ഭാഗവതത്തിൽ മുചുകുന്ദൻ പറയുന്നു. ഞാൻ ഇവിടെ കിടന്ന് ഉറങ്ങാണ്.  എനിക്ക് യാതൊന്നും ചെയ്യാൻ വയ്യ. ജപം ഇല്ല്യ പൂജ ഇല്ല്യ യാതൊന്നും ഇല്ല്യ. അങ്ങനെ ഇരിക്കുമ്പോ ഭഗവാന്റെ കൃപ ഒരു ഭക്തന്റെ മേലെ വീഴുമ്പോ അവന് സത്സംഗം കൊടുക്കും ന്നാണ്. എപ്പോ സത്സംഗം ഉണ്ടാവുന്നുവോ അപ്പോ നമുക്ക് ഭഗവാനിൽ ഹൃദയം നില്ക്കും.

അഭിജേത്സുദുരാചാരാ
പരമദുരാചാരി ആണെങ്കിൽ പോലും എന്നെ ഭജിക്കാണെങ്കിൽ അവനെ സാധു ആയിട്ട് കണക്കാക്കണം.  ഇവിടെ മഹാത്മ്യത്തിലുള്ള ദുരാചാരി ആയ ആള് അയാള് ഭജിച്ചൊന്നുമില്ല്യ. പ്രേതമായിട്ട് പോയി. ദുർമരണം കൊണ്ട് പ്രേതമായി അലഞ്ഞിട്ടും ഒരു ഭക്തന്റെ സമാഗമം കൊണ്ട്  ഗോകർണൻ എന്ന ഭക്തൻ ഭാഗവതം പറഞ്ഞ് കേൾപ്പിച്ച് ആ പ്രേതം മുക്തനായി തീർന്നു. ഉത്തമാധികാരി ആണേ ഈ പ്രേതം. ഒറ്റ ശ്രവണം കൊണ്ട് ആ പ്രേതം ഭഗവദ് പ്രാപ്തി നേടീന്നാണ്.

അതിലംഘിതമര്യാദ
എത്ര ദുരാചാരി ആണെങ്കിലും ഭക്തനാണെങ്കിൽ വിമുക്തി ണ്ട്. നമുക്ക് ലോകത്തിൽ ഒരു വസ്തുവിനോടും സംബന്ധമില്ല്യ. ഭഗവാനോട് ഒരിക്കലും സംബന്ധവിച്ഛേദമേ ഉണ്ടായിട്ടില്ല്യ.

 എന്താ ,

മമൈവാംശോ ജിവലോകേ
ജീവഭൂതസനാതന:

ഭഗവാനോട് സനാതനമായ സംബന്ധം നമുക്ക് ഓരോരുത്തർക്കുംണ്ട്. ആ സംബന്ധത്തിനെ അംഗീകരിക്കണതു തന്നെ ഭക്തി ആണ്. ഭഗവാനോടാണ് എനിക്ക് സംബന്ധം.

അതാണ് പിംഗള ഭാഗവതത്തിൽ പറയണത്.  എനിക്ക് സംബന്ധമില്ലാത്തവരോടൊക്കെ ഇത്ര കാലം ഞാൻ സംബന്ധം വെച്ചു. ആരോടാണോ എനിക്ക് നിത്യസംബന്ധമുള്ളത്. അയാൾ എപ്പോഴും എന്റെ കൂടെ ഉണ്ട്. ഞാൻ അറിഞ്ഞുമില്ല്യ.

സന്തം സമീപേ രമണം രതിപ്രദം
വിത്തപ്രദം നിത്യമിമം വിഹായ
അകാമദം ദു:ഖ ഭയാദി ശോക
മോഹപ്രദം തുച്ഛമഹം ഭജേജ്ഞാ

അടുത്തുള്ള ഭഗവാനെ വിട്ടിട്ട് മറ്റു പല വസ്തുക്കളോടും സംബന്ധം വെച്ചുവല്ലോ.
നമുക്കൊന്നും ആ ദൂഷ്യമില്ല്യ. എത്രയോ വിഷമങ്ങളുടെ നടുവില് അതൊക്കെ വിട്ടിട്ട് ഭാഗവതം കേൾക്കാൻ വന്നിരിക്കണ്ടല്ലോ. ഇനിയിപ്പോ ഭക്തി തരാ എന്നുള്ളത് ഭഗവാന്റെ കൈയ്യിലാണ്. ഭക്തി എന്താ. ഭഗവാന്റെ പ്രേമമാണ് ഭക്തി. ആ പ്രിയം ഭഗവാൻ തന്നെ തരണം.

മള്ളിയൂർ തിരുമേനി ഒരിക്കൽ പറഞ്ഞു. കഥാശ്രവണം കൊണ്ട് എന്താ പ്രയോജനം വെച്ചാ ഭാവാവേശം വരും. ആ ഭാവാവേശം ണ്ടാവണം. ജീവന് ഭഗവാനോട് സംബന്ധം ഉണ്ടാവുമ്പോ ഭാവം ണ്ടാവും. ഒരു ഉദാഹരണം പറയാ ഈ സുനാമി വന്ന സമയത്ത്  ഒരു ഭക്തൻ അദ്ദേഹം ഓഫീസില് പോവാണ്,  എന്താ കാര്യം ന്നറിഞ്ഞില്ല കുറേ ആളുകള് പാലത്തിന്റെ മുകളിൽ നിന്നിട്ട് ചോട്ടിലേക്ക് നോക്കണു. അദ്ദേഹം കാറ് നിർത്തിയിട്ട് അവരോട് എന്താ താഴേക്ക് നോക്കണേ ന്ന് ചോദിച്ചു. മനസ്സിലായില്ലേ ഇപ്പൊ ഈ അഡയാർ നദി നേരേ എതിർവശത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. എന്താ സമുദ്രം ഉള്ളിലേക്ക് കയറിയിരിക്കാ. അപ്പോ നദിയുടെ ഉള്ളിലേക്ക് സമുദ്രം കയറിയിട്ട് നദി നദിയുടെ ആകാരത്തിൽ ഇരുന്നു കൊണ്ട് തന്നെ സമുദ്രമായി മാറിയിരിക്കണു. കാണാൻ നദിയാണ്. പക്ഷേ വെള്ളം എടുത്തു കുടിച്ചു നോക്കിയാൽ സമുദ്രജലമാണ്. പുറമേക്ക് നദി. പക്ഷേ ഉള്ളത് സമുദ്രം.

അതേ പോലെ പുറമേക്ക്,  ആകാരത്തിൽ മനുഷ്യശരീരം. പക്ഷേ അകമേക്ക് ആ അനന്തമായ ഭഗവാൻ ഇങ്ങടേക്ക് അടിച്ചു കയറാ. ഈ ജീവൻ അങ്ങട് പോകുന്നതിന് പകരം ഭഗവാൻ ഇങ്ങടേക്ക് അടിച്ചു കയറുന്നതാണ് ഭാവാവേശം. സമുദ്രം നദിയിലേക്ക് കയറുന്നതുപോലെ ഭഗവാന്റെ കൃപ ജീവനിലേക്ക് വീഴുമ്പോൾ ഉണ്ടാവുന്ന അനുഭവം അത് ഭഗവദ് കഥാശ്രവണം കൊണ്ട്  നേടാം.
ശ്രീനൊച്ചൂർജി
 *തുടരും......*.......lakshmi Prasad 

No comments: