Sudha Bharat.
പാലാഴിമഥനം = ധ്യാനം
ഒരു ആത്മീയ സാധകന്റെ യാത്രയെ അത്ഭുതകരമായൊരു കഥയായി പാലാഴിമഥനത്തിലൂടെ വിവരിച്ചിരിക്കുന്നു.
ധ്യാനത്തിലൂടെ മനസ്സാകുന്ന സമുദ്രത്തെ കടച്ചില്; അതില്കാണാതെ കിടക്കുന്ന, അതിനാല് മറയപ്പെട്ടുകിടക്കുന്ന അമൃത് കടഞ്ഞെടുക്കണം. അമൃത് എന്നുവച്ചാല് മരണമില്ലാതാക്കുന്ന ദിവ്യൗഷധം. അമൃതം എന്നാല് മരണമില്ലായ്മ. അമൃതം എന്നാല്ജ്ഞാനം.
ധ്യാനം എന്നാല് ഒരു ശുദ്ധീകരണപ്രക്രിയ തന്നെ. മനുഷ്യമനസ്സില് കാലാകാലങ്ങളായി കുടിയേറിയിരിക്കുന്ന പലവിധ വാസനകള്; അതില് ജനിക്കുമ്പോള് കൂടെ കൊണ്ടുവന്ന മുജ്ജന്മവാസനകള് ഉണ്ടാവും, ഇവിടെ ഇപ്പോള്ലോകത്തു വ്യവഹരിക്കവേ കയറിവന്ന പുതു വാസനകള്ഉണ്ടാവും. ഈ വാസനകളെ ശുദ്ധിചെയ്തെടുക്കുന്ന പ്രക്രിയയാണ് ധ്യാനം. ആയുര്വേദ ചികിത്സയില് ഒട്ടുമിയ്ക്ക അസുഖങ്ങള്ക്കും വയറിളക്കി കളയുമല്ലോ; അതിലൂടെ വയറ്റിലുള്ള ദുഷിച്ച പദാര്ത്ഥങ്ങള് പുറംതള്ളപ്പെടും, അങ്ങനെ ഒട്ടുമിയ്ക്ക അസുഖങ്ങളും മാറിക്കിട്ടും. മനസ്സിന്റെ വാസനകളെ ഇളക്കി പുറത്തുകളയുന്ന ഒരു ചികിത്സാപദ്ധതിയാണ് ധ്യാനം. വാസനാശൂന്യമായ മനസ്സെന്നാല് മനസ്സില്ലായ്മയാണ്. മനസ്സിന്റെ നിശ്ചലമായ സ്ഥിതിയാണ് ആത്മദര്ശനം.
ദേവന്മാരും അസുരന്മാരും ചേര്ന്ന് പാലാഴിമഥനം തുടങ്ങി. മനസ്സിന്റെ ദൈവീവാസനകളും ആസുരീവാസനകളും തമ്മില് സന്ധിചെയ്ത് ശുദ്ധീകരണപ്രക്രിയക്ക് തുടക്കം കുറിച്ചു. ദൈവീവാസനകളും ആസുരീവാസനകളും പരസ്പരം ഒത്തുപോകില്ലെങ്കിലും നിവൃത്തികേടുവന്നാല് (മനസ്സമാധാനം തകര്ന്നാല്) ചിലപ്പോള് സന്ധിചെയ്തെന്നു വരും.
മന്ദരപര്വ്വതം ആണ് കടകോല്, വാസുകി കയറും. അരണി കടഞ്ഞ് തീയ്യുണ്ടാക്കുന്നതുപോലെ നമ്മുടെ ശ്രദ്ധയും ഭക്തിയും പരസ്പരം സംഘംചേര്ന്ന് വേണം മനസ്സിന്റെ കടച്ചില്തുടങ്ങാന്. അങ്ങനെ സാധന തുടങ്ങിക്കഴിഞ്ഞു.
പാലാഴിമഥനം ആരംഭിച്ചു; കുറച്ചു സമയം കഴിഞ്ഞപ്പോള്തന്നെ ഒരു മഹാ അപകടമുണ്ടായി, കടച്ചിലിനിടയില് വാസുകിയുടെ വായില്നിന്നും ത്രിലോകങ്ങള്പോലും ഭസ്മീകരിച്ചുകളയാന്തക്ക ശക്തിയുള്ള ഹലാഹല വിഷം; ദേവന്മാരും അസുരന്മാരും ഭയന്നു പിന്മാറി. പരമകാരുണ്യമൂര്ത്തിയായ ത്യാഗരാജന്വിശ്വം രക്ഷിക്കാനായി ആ വിഷത്തെ കൈക്കുമ്പിളില്എടുത്തു കുടിച്ചു. ഭയന്നുവിറച്ച പാര്വതീദേവി പരമശിവന്റെ കണ്ഠത്തില് അള്ളിപ്പിടിച്ചു. വിഷത്തിന് അകത്തേക്കു കടക്കാന്പറ്റാതായി, പുറത്തേക്കു തുപ്പിയാല് വിശ്വം മുഴുവന്എരിഞ്ഞുപോകും. ത്യാഗരാജന് തന്റെ കണ്ഠത്തില്തന്നെ വിഷം പിടിച്ചുനിര്ത്തി, അങ്ങനെ പരമശിവന് നീലകണ്ഠനായി.
എന്താണ് ഇതിന്റെ സാംഗത്യം? ധ്യാനം അരംഭിക്കുന്നതിന്റെ കുറച്ചുകാലം സാധകനെ അവന്റെ വാസനകള്ശല്ല്യപ്പെടുത്തും. ധ്യാനസമയത്ത് അയാളുടെ വാസനകള്ഓരോന്നായി പുറത്തേക്കു വമിക്കാന് തുടങ്ങും. എന്നാല് ഇത് ഒരു ശുദ്ധീകരണപ്രക്രിയയാണെന്നറിഞ്ഞുകൊള്ളണം. മുമ്പു പറഞ്ഞകണക്കെ ആയുര്വേദത്തിലെ വയറിളക്കല്. വാസനകള് നീങ്ങിക്കിട്ടി മനം ശുദ്ധമായാല് മാത്രമേ ആത്മതത്വം തെളിയൂ. അതിനാല് ഈ 'കാളകൂടവിഷ'ത്തെ കണ്ടു ഭയപ്പെടുകയോ ധ്യാനത്തില്നിന്നും എന്നെന്നേക്കുമായി പിന്മാറുകയോ അരുത്. നാം പോലുമറിയാതെ ചില മാരകരോഗങ്ങള് കണ്ടുപിടിക്കപ്പെട്ടതിന് പരമേശ്വരനോടു നന്ദി പ്രകടിപ്പിച്ചുകൊണ്ട് മുന്നേറുക.
സദ്ഗുരുവാണ് ത്യാഗരാജന്, ശിഷ്യന്റെ മാരകവിഷങ്ങളെപ്പോലും ഏറ്റെടുത്ത് ശിഷ്യനെ രക്ഷിക്കാനുള്ള കൃപ. ഗുരു ശരീരത്തെ കടന്നുപോയ തത്വമായതുകൊണ്ട് ഗുരുവിനെ സംബന്ധിച്ച് ശാരീരികവ്യാധികള് കാര്യമാക്കാറില്ല. എല്ലാം ഏറ്റെടുത്ത് സംരക്ഷിക്കുന്ന കൃപാമൂര്ത്തിയാണല്ലോ ഗുരു.
അങ്ങനെ സാധനയുടെ ആദ്യപടി കഴിഞ്ഞു; അതായത് നമുക്കുള്ളിലെ രോഗത്തെക്കുറിച്ച് ഏതാണ്ടൊരു ധാരണയായി. ഇനി ശരിയായ ഔഷധംകൊണ്ട് ചികിത്സിച്ചാല് മാത്രം മതി. രോഗം ഇന്നതാണെന്നു കണ്ടുപിടിച്ചുകഴിഞ്ഞാല് ചികിത്സ പെട്ടെന്നു ഫലിക്കും. രോഗം കണ്ടുപിടിക്കപ്പെടാതെയാണ് ചികിത്സയെങ്കില് രോഗമൊട്ടു ഭേദപ്പെടുകയുമില്ല, പിന്നാലെ മറ്റു മാരകരോഗങ്ങള് പിടിപെടാനുള്ള സാധ്യത ഏറെയാണ്.
മനസ്സിന്റെ ശുദ്ധീകരണപ്രക്രിയ (ധ്യാനം) തുടരുന്നു. പാലാഴിമഥനം തുടര്ന്നു. ഇതിനിടയ്ക്ക് കടകോലായ മന്ഥരപര്വ്വതം സമുദ്രത്തിലേക്കു താണുപോയി. ഭഗവാന്കൂര്മ്മാവതാരം എടുത്ത് മന്ഥരപര്വ്വതത്തെ താണുപോകാതെ കാത്തുരക്ഷിച്ചു. (എന്നുവച്ചാല് ഈ മനസ്സ് പിന്നെയും അതിന്റെ വാസനകള്ക്കടിപ്പെട്ട് വീണ്ടും സംസാരസമുദ്രത്തിലേക്കു വീണു. ആമ അതിനെ ശത്രുക്കള്ആക്രമിച്ചാല് അതിന്റെ കൈകാലുകളും തലയും സ്വന്തം കവചത്തിനുള്ളിലേക്ക് വലിക്കുമല്ലോ; അതുപോലെ സാധകന് ഇത്രകാലത്തെ ധ്യാനപരിശീലനംകൊണ്ട് ഇന്ദ്രിയങ്ങളെ ഉള്ളിലടക്കാനുള്ള ഒരു ശക്തി കൈവന്നിരിക്കുന്നു. അങ്ങനെ പുറമേയ്ക്കു പോയ മനസ്സിനെ പിടിച്ച് വീണ്ടും ഉള്ളിലിരുത്താന്കഴിയുന്നു).
പാലാഴിമഥനം പിന്നെയും തുടര്ന്നു. സമുദ്രത്തില്നിന്നും അനേകം ദിവ്യവസ്തുക്കള് പൊന്തിവന്നു. ചിലവയെ ദേവന്മാരും ചിലവയെ അസുരന്മാരും തന്വശപ്പെടുത്തി. ഇനി ഇതിന്റെ സാംഗത്യം എന്തെന്നു നോക്കാം. സാധനമാര്ഗത്തില്സംഭവിച്ചേക്കാവുന്ന പലവിധ സിദ്ധികളെയാണ് ദിവ്യവസ്തുക്കളായി പറയുന്നത് (എല്ലാ സാധകരുടെയും കാര്യത്തില് സിദ്ധികള് പ്രകടമായിക്കൊള്ളണമെന്നില്ല, അതിനാല്, സിദ്ധികള് കൈവന്നാല് മാത്രമേ ആത്മീയജീവിതം പുരോഗമിച്ചതായി പറയാന്പറ്റൂ എന്നു ധരിക്കരുത്). എന്നാല്ഈ സിദ്ധികളിലും ഭ്രമിച്ചുനില്ക്കരുത്. കാരണം, സിദ്ധിയല്ല ലക്ഷ്യം, ആത്മസാക്ഷാത്കാരം എന്ന അമൃതാണ്.
കടച്ചില് വീണ്ടും തുടരുന്നു, സമുദ്രത്തില്നിന്നും ഒരു ശുഭമുഹൂര്ത്തത്തില് ഭഗവാന് ധന്വന്തരീമൂര്ത്തി അമൃതകുംഭവുമായി പൊന്തിവന്നു. അതായത് ഒരു ദിവ്യമുഹൂര്ത്തത്തില് സാധകന് തന്റെ ഉണ്മയെ അല്പമായി ബോധ്യപ്പെടുന്നു. എന്നാല് പൂര്ണ്ണാനുഭവം ഉണ്ടായില്ല. അതു മറഞ്ഞു. ഇതിനെയാണ് അസുരന്മാര് അമൃതകുംഭം തട്ടിയെടുത്തു കടന്നുകളഞ്ഞു എന്നുപറഞ്ഞത്. അതായത് ഇപ്പോഴും കിടക്കുന്ന ചില ആസുരീവാസനകള്പൂര്ണ്ണാനുഭവത്തെ മറച്ചു എന്നു സാരം. ഭഗവാന്മോഹിനീരൂപത്തില് ദേവന്മാരുടെ രക്ഷക്കെത്തി, ആസുരന്മാരില്നിന്നും അമൃതകുംഭം തട്ടിയെടുത്ത് ദേവന്മാര്ക്കു നല്കി. ദേവന്മാര് അമൃതു ഭക്ഷിച്ച് അമരന്മാരായിത്തീര്ന്നു. അതായത് സത്വഗുണത്താല്ഏര്പ്പെടുന്ന ഭഗവദ് ശരണാഗതികൊണ്ടും ശ്രദ്ധാഭക്തികൊണ്ടും ആത്മാനുഭൂതി പൂര്ണ്ണരൂപത്തില്അനുഭവമായി എന്നു സാരം.
സാധകന് പടികയറിവന്ന വഴികള് വിചിത്രമാണ്, അത്യത്ഭുതകരമാണ്. എത്തേണ്ടിടത്തെത്തിയേ സാധന അവസാനിപ്പിക്കാവൂ. പലപല വൈതരിണികള് കടന്നാകും യാത്ര. വാസധകളുടെ ഏറ്റക്കുറച്ചിലുകള്ക്കനുസരിച്ച് യാത്രയുടെ ദൈര്ഘ്യം കൂടിയും കുറഞ്ഞുമിരിക്കും. എന്തായാലും ലക്ഷ്യത്തിലെത്തുംവരെ ഭക്തിശദ്ധാവൈരാഗ്യങ്ങളോടെ മുന്നേറുക, ഭഗവാന്റെ അനുഗഹമുണ്ടെന്ന ഉറപ്പില്, പ്രതിബന്ധങ്ങള് ഉണ്ടാകുമ്പോള്അവയെ തരണം ചെയ്ത്, പതറാതെ, പിന്മാറാതെ ലക്ഷ്യത്തിലെത്തുംവരെ മുന്നേറുക. മനസ്സിന്റെ ഈ കടച്ചില്(നിരന്തര ധ്യാനം) ഇല്ലാതെ അമൃതാനുഭവം സാധ്യമല്ലതന്നെ.
എഴുതിവന്നപ്പോള് അല്പം ദീര്ഘമായിപ്പോയോ എന്നു സംശയം; എങ്കിലും ഏറ്റവും ചുരുക്കിയാണ് പറഞ്ഞത്. ധ്യാനത്തെ സംബന്ധിച്ച ചെറിയൊരു പരിശ്രമം!
No comments:
Post a Comment