Thursday, February 14, 2019

കൃഷ്ണന്‍ ശ്യാമവര്‍ണ്ണനായും ബലരാമന്‍ ശ്വേതവര്‍ണ്ണനായും ജനിക്കാന്‍  കാരണം.
ജനമേജയന്‍ പറഞ്ഞു: 'മഹര്‍ഷേ കശ്യപാംശമായി വസുദേവര്‍, ശേഷാംശമായി സങ്കര്‍ഷണന്‍, വിഷ്ണ്വംശമായി കൃഷ്ണന്‍ എന്നിവര്‍ ജന്മമെടുത്തു എന്ന് മനസ്സിലായി. ഭൂമിദേവിയുടെ അഭ്യര്‍ത്ഥനയെ മാനിച്ച് ഭൂഭാരം കുറയ്ക്കുവാനായിട്ടാണല്ലോ ഇവരെല്ലാം അവതരിച്ചത്. ബാക്കിയുള്ള കഥാപാത്രങ്ങള്‍ ഏതൊക്കെ അംശാവതാരങ്ങള്‍ ആണെന്നുകൂടി പറഞ്ഞു തന്നാലും.'
വ്യാസന്‍ പറഞ്ഞു: 'എല്ലാം ഞാന്‍ ചുരുക്കിയൊന്നു വിവരിക്കാം. കശ്യപാംശന്‍ വസുദേവര്‍,അദിതി- ദേവകി,ബലഭദ്രന്‍- അനന്തന്‍,ശ്രീനാരായണന്‍ സ്വയം വാസുദേവനായിപ്പിറന്നു. നരന്‍ അര്‍ജ്ജുനനായിപ്പിറന്നു. യുധിഷ്ഠിരന്‍- ധര്‍മ്മത്തിന്‍റെ അംശം, ഭീമന്‍ -വായുവിന്‍റെ, മാദ്രിയുടെ പുത്രന്മാരായ നകുലനും സഹദേവനും അശ്വിനീദേവകളുടെ അംശം. കര്‍ണ്ണന്‍ ആദിത്യന്റെ അംശവും വിദുരന്‍ ധര്‍മ്മാംശവുമാണ്. ദ്രോണര്‍ ബൃഹസ്പതിയുടെയും ദ്രോണപുത്രന്‍ ശിവന്റെ അംശവുമാണ്. ശന്തനു സമുദ്രാംശം. അദ്ദേഹത്തിന്‍റെ ഭാര്യ ഗംഗാംശം.
ദേവകന്‍- ഗന്ധര്‍വപതി. ഭീഷ്മര്‍ വസുവിന്‍റെ അംശം. മരുത്ഗണങ്ങളുടെ അംശം വിരാടരാജാവ്. ദൈത്യനായ അരിഷ്ടന്റെ മകനായ ഹംസന്റെ കുലമാണ് ധൃതരാഷ്ട്രന്റേത്. കൃപരും കൃതകര്‍മ്മാവും മരുത് ഗണാംശം തന്നെ. ദുര്യോധനന്‍ കലിയുടെ അംശം. ശകുനി ദ്വാപരന്റെ അംശം. ധൃഷ്ടധ്യുമ്നന്‍ അഗ്നിയംശം. ശിഖണ്ഡി രാക്ഷസാംശം. പ്രദ്യുമ്നന്‍ സനല്കുമാരന്റെ അംശം. ദ്രുപദന്‍ വരുണാംശം. ദ്രൌപദി ലക്ഷ്മിയുടെ അംശമാണ്. വിശ്വദേവകളുടെ അംശമാണ് പാഞ്ചാലിയുടെ പുത്രരായ അഞ്ചുപേര്‍. കുന്തി, ഗാന്ധാരി, മാദ്രി എന്നിവര്‍ യഥാക്രമം സിദ്ധിയും ബുദ്ധിയും ക്ഷമയും അംശാവതാരമെടുത്തവരാണ്. ശ്രീകൃഷ്ണന്റെ പത്നിമാരായി വന്നത് ദേവനാരിമാരാണ്. അസുരന്മാര്‍ ഭൂമിയിലെ രാജാക്കന്മാരായി ജനിച്ചു. ഹിരണ്യകശിപുവിന്റെ അംശമാണ് ശിശുപാലന്‍. വിപ്രചിത്തിയാണ് ജരാസന്ധന്‍. പ്രഹ്ലാദനാണ് ശല്യരായത്. കേശി ഹയഗ്രീവന്റെ, കംസന്‍ കാലനേമിയുടെ,അരിഷ്ടന്‍ എന്ന കാളയായി വന്നവന്‍ ബലിയുടെ പുത്രന്‍റെ ഇങ്ങിനെയാണ്‌ അംശങ്ങള്‍. ചാണൂരനും മുഷ്ടികനുമായത് വരാഹന്‍,കിശോരന്‍ എന്നീ രണ്ടു രാക്ഷസരാണ്. കുവലയാപീഠം എന്ന ആനയായി വന്നത് ദിതിയുടെ പുത്രനായ അരിഷ്ടനാണ്. പൂതന ബലിയുടെ പുത്രിയായിരുന്നു. അവളുടെ അനുജന്‍ ബകന്‍. കാമം, ക്രോധം, യമന്‍,രുദ്രന്‍ എന്നിവയുടെയെല്ലാം അംശഭൂതനാണ് ദ്രോണന്റെ പുത്രനായി ജനിച്ച ആശ്വത്ഥാമാവ്‌.
അങ്ങിനെ കൃഷ്ണാവതാരത്തിനു മുന്‍പായിത്തന്നെ അതിനു തയ്യാറെടുത്ത് രാക്ഷസ വര്‍ഗ്ഗവും ദേവന്മാരും അതത് അംശങ്ങളായി ഭൂമിയില്‍ അവതരിച്ചിരുന്നു. പുരാണപ്രസിദ്ധമായ അംശാവതാരങ്ങള്‍ ആരൊക്കെയെന്നു ഞാന്‍ വിവരിച്ചുവല്ലോ. ബ്രഹ്മാദികള്‍ മഹാവിഷ്ണുവിന്‍റെ അടുത്ത് അപേക്ഷയുമായി ചെന്ന സമയത്ത് ഭഗവാന്‍ കറുപ്പും വെള്ളയുമായ രണ്ടു മുടിയിഴകള്‍ നല്‍കിയത്രേ!. കൃഷ്ണന്‍ ശ്യാമവര്‍ണ്ണനായും ബലരാമന്‍ ശ്വേതവര്‍ണ്ണനായും ജനിക്കാന്‍ ഇതാണത്രേ കാരണം. ഭൂഭാരം തീര്‍ക്കാനായി അവതരിച്ച ഇവരുടെ ചരിതം കേള്‍ക്കുന്നത് തന്നെ സകലപാപങ്ങളെയും ഇല്ലാതാക്കും.
ദിവസം 89. ശ്രീമദ്‌ ദേവീഭാഗവതം. 4. 22. അംശാവതരണം.

No comments: