മക്കളേ,
ഏതൊരു മനുഷ്യനും ഉണ്ടായിരിക്കേണ്ട ഉത്തമഗുണങ്ങളില്‍ ഏറ്റവും പ്രധാനമേതാണ്? 'നന്ദി' എന്ന രണ്ടക്ഷരമാണ് അതിനുള്ള ഉത്തരം. നമ്മുടെ ജീവിതത്തിലെ ഓരോ വിജയത്തിനു പി
ന്നിലും നമുക്കു ചുറ്റുമുള്ള എത്രയോ പേരുടെ സഹായവും പ്രോത്സാഹനവും മാര്‍ഗ്ഗദര്‍ശനവും നമുക്കു ലഭിച്ചിട്ടുണ്ടാകും. അവരോടൊക്കെ നമ്മള്‍ നന്ദിയുള്ളവരായിരിക്കണം. അതുപോലെതന്നെ നമ്മുടെ ഏതൊരു പ്രയത്‌നവും സഫലമാക്കുന്നത് ഈശ്വരകൃപയാണെന്നതിനാല്‍ അവിടുത്തോടും നമ്മള്‍ നന്ദിയുള്ളവരായിരിക്കണം. ജീവിതം വച്ചുനീട്ടുന്ന കയ്‌പേറിയ അനുഭവങ്ങളില്‍നിന്നുപോലും നമുക്കു പലതും പഠിക്കുവാന്‍ കഴിയും. നമ്മെ ശുദ്ധീകരിക്കാനും കരുത്തരാക്കുവാനും അവയൊക്കെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ ജീവിതത്തോടുതന്നെ നമ്മള്‍ നന്ദിയുള്ളവരായിരിക്കണം. സംതൃപ്തിയും കൃതജ്ഞതാഭാവവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം.
ഒരു യാചകന് വഴിയില്‍നിന്നും ഒരു സഞ്ചി നിറയെ പഴയ സ്വര്‍ണ്ണനാണയം കിട്ടി. അയാള്‍ രാജകൊട്ടാരത്തില്‍ചെന്ന് അത് രാജാവിനു കാഴ്ച്ചവെച്ചു. കുറേക്കാലങ്ങളായി നഷ്ടപ്പെട്ട ഈ അമൂല്യമായ നാണയങ്ങള്‍ തിരിയെ കിട്ടിയപ്പോള്‍ രാജാവ് വളരെ സന്തോഷിച്ചു. യാചകന്റെ സത്യസന്ധതയില്‍ രാജാവിന് മതിപ്പു തോന്നി. രാജാവ് ചിന്തിച്ചു ''ഈ നാണയം വിറ്റിരുന്നെങ്കില്‍ ഇദ്ദേഹത്തിന് എത്രയോ ധനം കിട്ടിയേനെ. ഒരു യാചകനായിട്ടുകൂടി ഇത്രയും സത്യസന്ധത കാണിച്ചതിനാല്‍ ഇയാളെ കൊട്ടാരം ഖജനാവിന്റെ ചുമതലയുള്ള മന്ത്രിയാക്കണം.'' യാചകന്‍ മന്ത്രിസ്ഥാനം ഏറ്റെടുത്തു. പക്ഷേ മറ്റു മന്ത്രിമാര്‍ക്ക് ഈ നീക്കം ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഖജനാവില്‍നിന്നും ചില സാധനങ്ങള്‍ കാണാതെയാവുന്നുണ്ടെന്ന്് ഈ മന്ത്രിമാര്‍ രാജാവിനോട് പരാതിപ്പെട്ടു. ''യാചകന്‍ ആയിരുന്ന മന്ത്രിയാണ് ഇതിന്റെ പിന്നില്‍'' എന്നവര്‍ ആരോപിച്ചു. എല്ലാ ദിവസവും ഈ മന്ത്രി കൊട്ടാരത്തില്‍ വരുമ്പോള്‍ ഒരു പെട്ടിയുമായി ഒരു വേലക്കാരനും കൂടെയുണ്ടാകും. ആ പെട്ടിയുടെ ഉള്ളില്‍ നിന്നും ഒരു ഭാണ്ഡക്കെട്ടുമായി ഈ മന്ത്രി ഖജനാവിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമായിരുന്നു. കുറച്ചു നേരം കഴിഞ്ഞ് ഈ ഭാണ്ഡവുമായി ഇദ്ദേഹം തിരിച്ചു വരും. എന്നിട്ട് ഈ ഭാണ്ഡത്തെ ആ പെട്ടിയില്‍ വെച്ച് വൈകുന്നേരം അയാള്‍ തിരിച്ച് വീട്ടിലേക്ക് മടങ്ങും. ഇത് നിത്യസംഭവമായിരുന്നു. ''ഖജനാവിലെ സാധനങ്ങള്‍ ഈ ഭാണ്ഡത്തിലാക്കി ഈ മന്ത്രി വീട്ടിലേക്ക് കടത്തുന്നു'' എന്നായിരുന്നു മറ്റ് മന്ത്രിമാരുടെ ആരോപണം. ഈ വിവരം കേട്ട് രാജാവ് ആകെ പരിഭ്രാന്തനായി. ഇത് സത്യമാണെങ്കില്‍ ഈ മന്ത്രിയെ തൂക്കിലേറ്റണമെന്ന് രാജാവ് നിശ്ചയിച്ചു. പക്ഷേ രാജാവിന് ഇത് പൂര്‍ണ്ണമായും വിശ്വസിക്കാനും കഴിഞ്ഞില്ല. അദ്ദേഹം അത് നേരില്‍ കാണാന്‍തന്നെ തീരുമാനിച്ചു. ഒരു ദിവസം രാജാവ് ഖജനാവിന്റെ തട്ടിന്‍പുറത്ത് കയറി ഒളിച്ചിരുന്നു. അവിടെനിന്നും ഒരു ദ്വാരത്തിലൂടെ അദ്ദേഹം മന്ത്രി ഖജനാവില്‍ കയറിവരുന്നത് നിരീക്ഷിച്ചുകൊണ്ടിരുന്നു. പതിവുപോലെ മന്ത്രി ഭാണ്ഡവുമായി ഖജനാവില്‍ എത്തി. ആ ഭാണ്ഡം തുറന്ന് അദ്ദേഹം കുറേ പഴന്തുണികള്‍ പുറത്തെടുത്തു. തന്റെ വസ്ത്രം മാറ്റി, അദ്ദേഹം ആ കീറിയ ഷര്‍ട്ടുംമുണ്ടും എടുത്തുടുത്തു. തന്റെ രണ്ടുകൈയ്യും നീട്ടി അദ്ദേഹം ഒരു കണ്ണാടിയുടെ മുന്നില്‍നിന്നു. അദ്ദേഹം സ്വയം സംസാരിക്കാന്‍ തുടങ്ങി, ''ഈ മന്ത്രിയാകുന്നതിനുമുമ്പ് നീ ആരായിരുന്നു എന്നു നീ ഓര്‍ക്കണം. ഈശ്വരകൃപകൊണ്ട് നീ ഈ പദവിയില്‍ എത്തി. അതിന് എപ്പോഴും നന്ദി പുലര്‍ത്തണം. ഇന്ന് നീ എന്താണോ അത് നാളെ മാറിയേക്കാം. മാറ്റം ലോകത്തിന്റെ സ്വഭാവമാണ്. നാം
നമ്മുടെകൂടെ ഒന്നും കൊണ്ടുവന്നുമില്ല. ഒന്നും കൊണ്ടുപോവുകയും ഇല്ല. ജീവിതത്തില്‍ എല്ലാ അനുഭവങ്ങളേയും സ്വാഗതം ചെയ്യുക. ജീവിതത്തോട് നന്ദിയുള്ളവരായിരിക്കുക.''
ഈ സംഭവമെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന രാജാവ് ഉടനെ താഴെ ഇറങ്ങി. രാജാവിന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹം മന്ത്രിയെ മാറോടണച്ചു. രാജാവിന് പിന്‍ഗാമികളില്ലാതിരുന്നതിനാല്‍ ഈ മന്ത്രിയെതന്നെ രാജാവ് തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. അതിനിടയില്‍ മോഷണംപോയ സാധനങ്ങള്‍ കണ്ടുപി
ടിച്ചതായി ഭടന്മാര്‍ രാജാവിന് വിവരം നല്‍കി. അസൂയാലുക്കളായ ആ മന്ത്രിമാരായിരുന്നു അതിന്റെ പിന്നില്‍.
ഈ കഥയിലെ മന്ത്രിയെപ്പോലെ നമ്മളും എപ്പോഴും കൃതജ്ഞതാപൂ
ര്‍ണ്ണമായ ഒരു മനസ്സു കാത്തുസൂക്ഷിക്കണം. നമ്മുടെ വലുതും ചെറുതുമായ വിജയങ്ങളില്‍ നമ്മള്‍ അഹങ്കരിക്കരുത്. ജീവിതത്തില്‍ നമുക്കു മാര്‍ഗ്ഗദര്‍ശനം നല്കിയവരോടും നമ്മുടെ വിജയത്തിനു കാരണമായ സാഹചര്യങ്ങളോടും സര്‍വ്വോപരി ഈശ്വരനോടും നമ്മള്‍ എപ്പോഴും നന്ദിയുള്ളവരായിരിക്കണം.
വിജയവും പരാജയവും അവിടുത്തെ കൈകളിലാണെന്ന സത്യം തിരിച്ചറിഞ്ഞ് ഈശ്വരങ്കല്‍ ഒരു അര്‍പ്പണഭാവം നമ്മളില്‍ വളര്‍ത്തണം. ആ അര്‍പ്പണമനോഭാവം ഉണ്ടെങ്കില്‍ മാത്രമേ, ഏതു സാഹചര്യത്തിലും തളര്‍ന്നുപോകാതെ നമ്മുടെ മുഴുവന്‍ കഴിവുകളും ഉണര്‍ത്തുവാന്‍ നമുക്കു കഴിയൂ.
മാതാ അമൃതാനന്ദമയീ
No comments:
Post a Comment