Friday, September 13, 2019

അഹിംസയിലധിഷ്ഠിതമായ ആഹാരം
--------------------


നിരുപദ്രകാരിയായ ഒരു ജീവിക്കും അറിഞ്ഞുകൊണ്ട് ഒരു പീഡയും ഏല്പിക്കരുതെന്നാണ് വേദങ്ങളുടെ കാഴ്ചപ്പാട്.അതുകൊണ്ട് വേദത്തിൽ പറയും,

അശ്വം ....മാ ഹിംസി ,ഗാ മാ ഹിംസി, അവിം....മാ ഹിംസി (യജുർവേദം 13.42,43,44 )

കുതിരയെ ഹിംസിക്കരുത് ,പശുവിനെ ഹിംസിക്കരുത്, ആടിനെ ഹിംസിക്കരുത് .

' മാ ഹിംസിഷ്ടം ദ്വിപദോ മാ ചതുഷ്‌പദ: ' (അഥർവേദം 11.2.1)
ഇരുകാലികളെയോ നാൽക്കാലികളെയോ ഒന്നിനെയും ഹിംസിക്കരുത്.

ജന്തുക്കളെ ഹിംസിക്കാതെ ഒരിക്കലും മാംസം ലഭിക്കുകയില്ല .അതുകൊണ്ട് മാംസാഹാരം കഴിക്കുന്നവർ കേവലം നാക്കിന്റെ ആറ് സെന്റിമീറ്റർ നീളമുള്ള ഉപരിതലത്തിലൂടെ ഭക്ഷണം കടന്നുപോകുമ്പോഴുണ്ടാകുന്ന രുചി എന്ന അനുഭവത്തിനു വേണ്ടി മറ്റൊരു ജീവിക്ക്
മരണവേദന നൽകുകയാണ് യഥാർഥത്തിൽ ചെയ്യുന്നത് .അങ്ങനെ പ്രതിദിനം ഒരു മാംസാഹാരി എത്ര വലിയപാതകമാണ് സഹജീവികളോട് ചെയ്യുന്നത് എന്നോർത്തു നോക്കുക. മാത്രമല്ല, പച്ചമാംസം ഒരു മനുഷ്യനും സ്വാദിഷ്ടമായി കഴിക്കാൻ സാധിക്കുകയില്ല . അവയിൽ മസാലകൾ ചേർത്ത് പാകം ചെയ്ത് കഴിക്കുവാനാണ് ഏവരും ഇഷ്ടപ്പെടുന്നത് .ഇവയെസ്വാദിഷ്ടമാക്കുന്നത് അവയിൽ ചേർത്ത മസാലകളാണ് എന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.ഈ മസലകളെല്ലാം തന്നെ സസ്യാഹാരവുമാണ്.

? ശരി സമ്മതിച്ചു.അങ്ങനെയെങ്കിൽ സസ്യങ്ങൾക്കും ജീവനില്ലേ?

സസ്യങ്ങളിൽ ജീവനുണ്ട് .എന്നാലത് സുപ്താവസ്ഥയിലാണ്. 'അന്ധേന തമസാവൃതാ:' എന്ന് യജുർവേദത്തിൽ പറയും.
ആധുനിക ശാസ്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ സസ്യങ്ങളിൽ ജന്തുക്കളിലേതുപോലെ നാഡീവ്യവസ്ഥയില്ല.വേദനയുടെ ഉദീപനങ്ങളെ സ്വീകരിക്കുവാനുള്ള നോസിസെപ്റ്ററുകളോ ,വേദനയെ വഹിച്ചുകൊണ്ടുപോകാനുള്ള സംവേദനനാഡികളോ ,വേദനയെ വേദനയായി അനുഭവിപ്പിക്കാനുള്ള മസ്‌തിഷ്‌ക്കമോ അവയിലില്ല.മാത്രമല്ല ,മാംസമെടുക്കുമ്പോൾ ആ ജീവി മരണവേദന അനുഭവിച്ചു മരിച്ചുപോകുകയാണ് ചെയ്യുന്നത്.എന്നാൽ പച്ചക്കറിയോ ,പഴങ്ങളോ പറിച്ചെടുക്കുമ്പോൾ സസ്യം നശിച്ചുപോകുന്നില്ല.ചീര ,മുരിങ്ങ ,പോലുള്ള ചെടികളിൽനിന്നും ഇല പറിച്ചെടുത്താലും അതിൽ വീണ്ടും ഇലകൾ തളിർക്കുന്നു. എന്നാൽ ജന്തുക്കളിൽ മാംസം ഇപ്രകാരം ഉണ്ടായിവരുന്നില്ല.അതുകൊണ്ടുതന്നെ ഇനി സസ്യാഹാരത്തിനായി ചെയ്യുന്നത് ഹിംസായാണെന്നുവെച്ചാൽതന്നെ അതിനെ മാംസാഹാരത്തിനായി ചെയ്യുന്ന ഈയൊരു വലിയ പാതകത്തോട് താരതമ്യം ചെയ്യുന്നതേ തെറ്റാണ്.ഒരു കൊലപാതകി മറ്റൊരുവനിൽ മോഷണക്കുറ്റം ആരോപിച്ചു അതുവഴി താൻചെയ്തമഹാപാതകത്തെ ന്യായീകരിക്കുംപോലെയാണ് സസ്യാഹാരത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ഇത്തരം ആക്ഷേപങ്ങളിലെ യാഥാർഥ്യം.

No comments: