Friday, June 26, 2026

"ഈ ദ്വാദശി പുലരിയിൽ അത്യന്തം സങ്കടത്തോടെ എന്റെ പ്രിയ സുഷമ ചേച്ചി(ശ്രീമതി. സുഷമാ രാജീവ്) അറിയിച്ച വാർത്ത കേട്ടാണ് ഞാൻ ഉണർന്നത്. കുഞ്ഞേ......... പെരുമ്പള്ളിയദ്ദേഹം....ഗുരുവായൂരപ്പന്റെ പാദാരവിന്ദത്തിൽ ലയിച്ചിരിക്കുന്നു. ശ്രീമദ് ഭാഗവതത്തെ ഹൃദയത്തോടു ചേർത്ത് വെച്ച് ഭക്തർക്ക് പകർന്നു പങ്കിട്ട പാരായണവും, ഭഗവത് കഥാ പ്രഭാഷണങ്ങളും... ഒരു നിമിഷം എന്റെ മനസ്സിലൂടെ കടന്നു പോയി. ഞാനെന്നൊരു ഭാവമില്ലാതെ, മറ്റു ഭാവഭേദങ്ങളൊന്നുമില്ലാതെ, ശാന്തനായി, സാത്വികഭാവമോടെ അമ്പലപ്പുഴ നാടകശാലയിൽ ചമ്രം പടിഞ്ഞിരുന്ന്, ഗുരുവായൂരപ്പദാസ സ്വാമികളോടൊപ്പവും, അല്ലാതെയും ഏറെ ദിനങ്ങളിൽ ആചാര്യനായും നമുക്ക് പകർന്നു തന്ന ആ ഭാഗവതപീയൂഷത്തിന്റെ മാധുര്യം, ആ വാത്സല്യ സ്വാദ്,ആ മുഖത്തെ ശാന്ത ഭാവം അവ ഇന്നും മങ്ങാതെ, മായാതെ മേഥയിലും മനസ്സിലും പ്രകാശമാനമാർന്ന് നിലകൊള്ളുന്നു.... ഹേ.... ഭാഗവതാചാര്യാ...... അങ്ങയെ ഈയുള്ളവന് മറക്കാനാവില്ല... ഞാനെഴുതിയ സോപാന രചനകൾ വിജയൻ പാടുന്നത് കേട്ട് വാത്സല്യത്തോടെ ചേർത്തുനിർത്തിയത് മറക്കില്ല... മള്ളിയൂരിന്റെ സ്നേഹഭാജനം തന്നെയാണ് മധു.... എന്നു പറഞ്ഞ ആ...... വാക്കുകൾ ഒരു പുരസ്കാരമായി ഇന്നും മനസ്സിലുണ്ട്. ഒരു കവിതയെഴുതാൻ പ്രോത്സാഹിപ്പിച്ചതും ഇന്നും ഓർമ്മയിൽ മായാതെയുണ്ട്. വളരെ വർഷങ്ങൾക്ക് മുൻപ് ഗുരുവായൂര് ആചാര്യന്മാരാൽ നടത്തിയ ഒരു സപ്താഹത്തിന്റെ ഒരു ദിനത്തിലെ പ്രഭാതത്തിൽ നമ്മുടെ കുഞ്ഞ് വിജയകുമാറിന്റെ (അന്ന് അദ്ദേഹം ചെറിയ കുട്ടിയായിരുന്നു.... ട്ടോ.. ) സോപാന സംഗീത പരിപാടി നടത്തുവാൻ നിശ്ചയിച്ച് ക്ഷണിക്കുകയുണ്ടായി... വിജയൻ അക്കാര്യം എന്നോട് പറയുകയും ചെയ്തിരുന്നു. അത് വിജയകുമാറിന്റെ ഗുരുവായൂരെ ആദ്യ പരിപാടിയാണെന്നാണ് എന്റെ വിശ്വാസം. ആ ക്ഷണം വലിയ ആഹ്ലാദമായി.. സാക്ഷാൽ വൈകുണ്ഠനാഥന്റെ മുന്നിൽ ഒരു പരിപാടി അവതരിപ്പിക്കുക എന്നത് മഹാഭാഗ്യവുമാണല്ലോ....... ഗുരുവായൂര് നടന്ന ആ സപ്താഹത്തിന് കുറച്ച് മാസങ്ങൾക്ക് മുൻപ് അമ്പലപ്പുഴ നാടകശാലയിൽ നടന്ന ഒരു സപ്താഹത്തിൽ ആചാര്യനായി പെരുമ്പള്ളിലദ്ദേഹം വരികയുണ്ടാകയും, ആ ദിനങ്ങളിലെ ഒരു സന്ധ്യാവേളയിൽ അപ്രതീക്ഷിതമായി ഞങ്ങൾ തമ്മിൽ കാണുകയും ചെയ്തു.... ആ കൂടികാഴ്ചയിൽ നടന്ന സംസാരത്തിനിടയിൽ വിജയനെ ഗുരുവായൂര് സപ്താഹത്തിൽ പാടാൻ ക്ഷണിച്ച വിവരത്തിനൊപ്പം തന്നെ.. ." മള്ളിയൂരിന്റെ വാത്സല്യ ഭാജനമേ..... താങ്കൾ..... ഗുരുവായൂരപ്പന് സമർപ്പിച്ച് ഒരു കവിതയെഴുതി ആ വേദിയിൽ പാടാനായി തയ്യാറാക്കി വിജയന് കൊടുക്കണം... സത്യത്തിൽ ആ വാക്കുകൾ കേട്ട്....അന്നു വരെ ഗുരുവായൂരപ്പനെ നേരിൽ കാണാത്ത.....എന്റെ അമ്മൂമ്മ പാടി പഠിപ്പിച്ച ബ്രഹ്മശ്രീ. ചേന്നാസ് ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ ശ്ലോകങൾ ജപിച്ച് ഞാൻ ശൂന്യതയിലേക്ക് നോക്കി നിന്നതും.... പെരുമ്പള്ളിയദ്ദേഹം നടന്നു മറയുന്നതും ഇന്നും മങ്ങാതെ മറയാതെ ഓർമ്മയിലുണ്ട്. അങ്ങിനെ പരിപാടിക്ക് പാടാനായി, എന്റെ അകതാരിലെ അകക്കണ്ണിനു മാത്രമറിയുന്ന, അതായത് അന്നുവരെ ഗുരുവായൂരിൽ പോയി ദർശനം നടത്താൻ കഴിയാത്ത.....എനിക്ക്... ആ ധരഭാരമറിയുന്ന..... ആ...ആശ്രിത വത്സലനായ ആ.....കരുണമയനായ രമാകാന്തനെ...... ആ... മഹനീയാഭ ചൂടുന്ന ജഗന്നാഥനെ .ആ......ജനാർദ്ദനനെ.... ആ... മുകുന്ദനെ... മഥുരാധിപതിയായി മരുവുന്ന സാക്ഷാൽ ഗുരുവായൂരപ്പനെ മനസ്സിൽ ചേർത്ത് നിർത്തി തൊഴുത്..സമർപ്പിച്ച് ഭഗവത് കൃപയാലും തിരുമേനിയുടെ അനുഗ്രഹത്തോടെയും അഞ്ചു ഖണ്ഡികയിൽ കവിതയെഴുതുകയും, ആ കവിത വിജയന് നൽകിയതും അവിടെ നടന്ന ആ സപ്താഹ ദിനങ്ങളിലെ ഒരു സുദിന പ്രഭാതത്തിൽ തന്നെ വിജയകുമാർ അനൂപുമൊത്ത് പാടി അവതരിപ്പിച്ചതും ദിവ്യ സ്മരണയോടെ ഇന്നും എന്റെ മനസ്സ് സൂക്ഷിക്കുന്നു. ഭാഗവതം സ്നേഹമാണ്, അമൃതാണ്, കൂട്ടി ചേർത്തു നിർത്തുന്ന ആനന്ദ പീയൂഷമേറിടുന്ന ആഹ്ലാദസാഗരമാണത്......എന്നൊക്കെ തികഞ്ഞ ശാന്തതയോടെ നമുക്ക് പറഞ്ഞ് തന്ന സാക്ഷാൽ നാരായണ പാദങ്ങളിൽ ലയിച്ച ഭാഗവത നവശുകൻ ബ്രഹ്മശ്രീ. പെരുമ്പള്ളി കേശവൻ നമ്പൂതിരി അവർകളുടെ ഓർമ്മകൾക്കു മുന്നിൽ അശ്രുപുഷ്പങ്ങൾ സമർപ്പിച്ച് എന്റെ സാഷ്ടാംഗപ്രണാമം.." (Madhu Ambalapuzha)

No comments: