Thursday, June 11, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പത്താം ദിവസം (2026 ജൂൺ 10) ധർമ്മപുത്രർ അവലംബിക്കുന്ന ശമം ക്ഷത്രിയനു ചേർന്ന രീതിയാണോ, ഈ വിധം പിൻവാങ്ങി നിൽക്കുന്നത് സമുചിതമാണോ എന്നാണ് ഉന്നയിക്കുന്ന ചോദ്യം. ക്ഷണികമായ മർത്യജീവിതത്തിൽ ദീർഘമായ പതിമൂന്നു വർഷം കാത്തിരിക്കേണ്ടി വരിക. വിപുലമായ കീർത്തിയുള്ള വിശ്രുതവീരന്മാരായ പാണ്ഡവർക്ക് അജ്ഞാതവാസവും എളുപ്പമല്ല. ഈ വിധം ക്ലേശാനുഭവങ്ങളെ ആരും അഭിനന്ദിക്കില്ല. ക്ഷത്രിയ പ്രഭാവത്തെ മറച്ചു വെക്കുന്ന ഈ രീതിയിൽ കുന്തീമാതാവടക്കം എല്ലാവരും ഖിന്നരാണ്. മറുപുറത്ത് കൗരവർ ആവുന്നത്ര ബന്ധുബലം ആർജ്ജിച്ചു കൊണ്ടിരിക്കുന്നു. അമർഷം പുകയുന്ന മനസ്സുമായി കർണ്ണ പ്രഭൃതികൾ സജ്ജരാണ്. ധ്യാനപൂർവ്വം യുധിഷ്ഠിരൻ മറുപടി നൽകുന്നു. ധർമ്മപാഠമെല്ലാം അറിയാം. അതിനനുസരിച്ച് ഭാവി ആസൂത്രണം ചെയ്യാം. എന്നാൽ പ്രതിജ്ഞയെ ലംഘിക്കുന്നത് ശരിയല്ല. എടുത്തുചാടിയുള്ള സാഹസങ്ങളെയും പ്രോത്സഹിപ്പിക്കാനാവില്ല. വേണ്ട സന്നാഹങ്ങൾ സജ്ജമാക്കി നേർവഴിക്കു നേടേണ്ടതാണ് ജയം. അപ്പോൾ ദൈവാനുഗ്രഹവും ഉണ്ടാവും. പാണ്ഡവരെ സന്ദർശിച്ച വേദവ്യാസൻ യുധിഷ്ഠിരൻ്റെ ഹൃദയത്തിൽ കൗരവരെക്കുറിച്ചുള്ള ഭയം നീക്കാൻ " പ്രതിസ്മൃതി " എന്ന വിദ്യ ഉപദേശിക്കുന്നു. സകല വിജയങ്ങളുടെയും മൂർത്തിയായ ഈ വിദ്യയാൽ ശത്രുജയത്തിനാവശ്യമായ ദിവ്യാസ്ത്രങ്ങളുടെ നേട്ടത്തിനായി അർജജുനനെ തപസ്സിനു നിയോഗിക്കുന്നു. ദ്വൈതവനം വിട്ട് കാമ്യകവനത്തിൻ്റെ മറ്റൊരു ഭാഗത്തേക്ക് താമസം മാറാനും ഉപദേശിക്കുന്നു. പാണ്ഡവർ അപ്രകാരം പ്രവർത്തിക്കുന്നു. പരമേശ്വരനെയും വരുണ-കുബേര-യമധർമ്മാദികളെയും തപസ്സുചെയ്യാൻ പുറപ്പെടുന്ന അർജ്ജുനെ അല്പദൂരം അനുഗമിക്കാം, തുടർന്നു വരുന്ന ഭാഗങ്ങളിൽ, സ്വാമിജി കഥാഭാഗം ഇന്നത്തേക്ക് ഉപസംഹരിച്ചു. ഇതുവരെ നടന്ന സംവാദത്തെ പുരസ്കരിച്ച് ചില അനുബന്ധ ചിന്തകളിലേക്കു കടക്കുന്നു. രാഷ്ട്രധർമ്മത്തെ നിർവ്വഹിച്ച്, പ്രകൃതിയുമായി സമരസപ്പെട്ട്, നമ്മുടെ വളർച്ചയും വികാസവും അവയോട് ഇണക്കി വേണം പൗരധർമ്മം പാലിക്കാൻ. മറ്റൊരു പാഠം ബ്രഹ്മ-ക്ഷത്ര സമന്വയമാണ്. വരിഷ്ഠദർശനത്തിൻ്റെയും കർമ്മകുശലതയുടെയും സമന്വയം. കാഴ്ച്ചപ്പാടും ആസൂത്രണവും; അത് പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള ജാഗ്രതയും വേണം. പാഞ്ചാലിയും ഭീമസേനനും ധർമ്മപുത്രരുമായി നടത്തുന്ന സംവാദത്തിലെ അച്ചടക്കം ശ്രീനാരായണ ഗുരുദേവൻ്റെ ഇക്കാര്യത്തിലുള്ള ഉപദേശത്തെ ഓർമ്മിപ്പിക്കുന്നു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്. പ്രതിപക്ഷം പറയുന്നത് ആദരപൂർവ്വം കേൾക്കാനും വേണ്ടി വന്നാൽ നിലപാടിൽ മാറ്റം വരുത്താനും തയ്യാറാവണം. അതിന് മുൻവിധിയും പിടിവാശിയും ഉപേക്ഷിക്കാൻ കഴിയണം. മാർക്കണ്ഡേയമുനി, ബലത്തിലാണ് ധർമ്മം പ്രതിഷ്ഠിതമായിരിക്കുന്നത് എന്ന് ഓർമ്മിപ്പിച്ചു. ബലം എവിടെ നിന്നു വരുന്നു? "ആത്മനാ വിന്ദതേ വീര്യം " - എന്ന കേനോപനിഷത് വാക്യം നൽകുന്ന സൂചന, അവരവരെക്കുറിച്ചുള്ള ബോദ്ധ്യത്തിൽ നിന്നാണ് ബലമുണ്ടാകുന്നത് എന്നാണ്. ഞാൻ ദുർബ്ബലൻ എന്ന തലത്തിൽ നിന്ന് പ്രവർത്തിക്കുമ്പോൾ, ബലത്തിന് ആളല്ല എന്ന ചിന്ത അധർമ്മത്തിലേക്കു നയിക്കും എന്നാണ് വാദം. ആത്മബലം ഉണ്ടാവുന്നത് ഉള്ളിൻ്റെ ഉള്ളിൽ തന്നെക്കുറിച്ചുള്ള പ്രതിഛായയിൽ നിന്നാണ് (Self image). സ്വബലം തിരിച്ചറിയണം; ആരും ദുർബ്ബലർ അല്ല. "ഉദ്ധരേദാത്മനാത്മാനം . നാത്മാനമവസാദയേത് " എന്ന ഗീതാവാക്യം ഓർക്കാം. നിയോഗങ്ങൾക്ക് സമർത്ഥനാണ് എന്ന് ഓർമ്മിക്കുക. വിധിയേയും പുരുഷപ്രയത്നത്തേയും ബന്ധപ്പെട്ടാണ് അടുത്ത ചിന്ത. പൂർവ്വകർമ്മഫലസംബന്ധിയായ വാസനാ സ്വാധീനമാണ് വിധി. വിധിബലം സ്വാധീനിക്കവേ ധർമ്മാചരണം എങ്ങനെ സാധിക്കും. i) വിധി തിരുത്താനാവില്ല. വിലയിരുത്തുന്നതും പ്രതികരിക്കുന്നതും എങ്ങനെയാവണമെന്നു തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ട്. സമുചിതമായ പ്രതികരണത്തിനു പിറകിൽ മൗനം, വിവേകം, വിചിന്തനം, ധ്യാനം ഉണ്ടായിരിക്കും. വികാരാവേശം സ്വാധീനിച്ച് കാര്യങ്ങൾ സങ്കീർണ്ണമാക്കാതെ നോക്കിക്കാണാനുള്ള വിവേക പക്വത വേണം. ii) വിധി എങ്ങനെയൊക്കെയാന്നെങ്കിലും സാധ്യതകളും അതിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. വിവേകം പുലർത്തിയുള്ള പുരുഷപ്രയത്നത്തിന് സാദ്ധ്യതയുണ്ട്. പ്രകൃതം ഇങ്ങനെയാണ് എന്ന നിസ്സഹായത പ്രകടിപ്പിക്കുന്ന രാവണനോ, അറിഞ്ഞ ധർമ്മം പ്രവർത്തിക്കാനാവുന്നില്ല എന്നു കേഴുന്ന ദുര്യേധനനോ തിരുത്താനുള്ള പുരുഷ പ്രയത്നം നടത്തുന്നില്ല. ധർമ്മം അവലംബിക്കുന്നതിൽ ഇവിടെ ഓരോരുത്തർക്കും വ്യത്യസ്‌ത നിലപാടാണ് ഉള്ളത്. ധർമ്മത്തെ സംബന്ധിക്കുന്നത്, "വേദോ അഖിലോ ധർമ്മമൂലം സ്മൃതി ശീലേ ച തദ്വിദാം ആചാരശ്ചൈവ സാധൂനാം ആത്മനസ്തുഷ്ടിരേവ ച " എന്ന് മനുസ്മൃതി. ഭഗവദ്പാദർ നിർദ്ദേശിക്കുന്ന പദ്ധതി സത്സംഗമാണ്. "ഗേയം ഗീതാ നാമ സഹസ്രം ധ്യേയം ശ്രീപതി രൂപമജസ്രം നേയം സജ്ജനസംഗേ ചിത്തം ദേയം ദീനജനായ ച വിത്തം " iii) ഇക്കാലത്തെ സജ്ജനങ്ങൾ എങ്ങനെ വർത്തിക്കുന്നു എന്നു വിശകലനം ചെയ്യുക. നേടിയ വിജ്ഞാനത്തിനനുസരിച്ച്, ആത്മസ്വരൂപാനുസൃതം സന്തോഷം നേടാം.' ആത്മന:തുഷ്ടി രേവച...." സദ്ഗുരു ബോധാനന്ദജി ഓർമ്മിപ്പിക്കുന്നു: തെറ്റ് കണ്ടിരിക്കാൻ ധൈര്യമുള്ളവർക്കു മാത്രമേ തിരുത്താനുള്ള അവകാശമുള്ളൂ. അസ്വസ്ഥരാണെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് ഭേദം. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 10.06.2026

No comments: