BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, June 26, 2026
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി:
മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം)
ഇരുപത്തിഅഞ്ചാം ദിവസം.
(2026 ജൂൺ 25)
കാര്യസാദ്ധ്യം നിർവ്വഹിച്ചു വരും വരെ
അർജ്ജുനനെയോർത്ത് സങ്കടപ്പെട്ടിരിക്കാതെ തീർത്ഥയാത്ര ചെയ്യാം എന്ന് ധർമ്മപുത്രാദികൾ തീരുമാനിച്ചിരിക്കെയാണ്, ദേവലോകത്തു നിന്ന് ദേവേന്ദ്രൻ്റെയും
പാർത്ഥൻ്റെയും സന്ദേശവുമായി ലോമശമഹർഷി എത്തുന്നത്. വേണ്ടത്ര
അസ്ത്രശസ്ത്രാദികൾ നേടിയ അർജ്ജുനൻ, ദേവകാര്യാർത്ഥം തപസ്സിലേർപ്പെട്ടിരിക്കുന്നു.
ഏറെ വൈകാതെ തിരിച്ചു വരും.
ഒരു കാര്യം നേടിയെടുക്കാൻ തപസ്സിനോളം ഉചിതമായ മാർഗ്ഗം
ഇക്കാലത്തും ഇല്ല. "തപഃ ആലോചനേ,"
മനസ്സും ഇന്ദ്രിയങ്ങളും ഏകോപിപ്പിച്ചു
നിർത്തിയുള്ള ആലോചനയിൽത്തന്നെ
കാര്യം പകുതി നിർവ്വഹിച്ചതായി കരുതാം.
സമുദ്രലംഘനത്തിന് തയ്യാറെടുക്കുന്ന
മാരുതിയിൽ ആ തപസ്സിൻ്റെ മാതൃകയുണ്ട്. കേന്ദ്രീകരിച്ച ലക്ഷ്യത്തിൽ എത്തിയതായി ചിന്തിച്ചുള്ള മനോനില,
"ജഗാമ ലങ്കാം മനസാ മനസ്വീ..." എന്ന
നിശ്ചയം. "തപസോ ഹി പരം നാസ്തി തപസാ വിന്ദതേ മഹത് " തപസ്സു കൊണ്ട്
മഹത്തായതൊക്കെ നേടാനാവും.
ദേവേന്ദ്രനെ ഉദ്ധരിച്ച് ലോമശമഹർഷി പറയുന്നു, 'കർണ്ണനെ എനിക്കും അറിയാം. മഹാബലവാനാണ്, ഉത്സാഹശാലിയാണ്,
ശിവപുത്രൻ സുബ്രഹ്മണ്യനു തുല്യനാണ്
ആദിത്യൻ്റെ പുത്രനുമാണ്. ആ കർണ്ണനെ വധിക്കാനുള്ള ചിന്തയാൽ
സദാ ആകുലമാണ് യുധിഷ്ഠിരൻ്റെ മനസ്സ്. അർജ്ജുനൻ്റെ പ്രഭാവത്തെ ഒട്ടും
കുറച്ചു കാണണ്ട. കർണ്ണനെച്ചൊല്ലിയുള്ള ഭയത്തെ അകറ്റൂ. ഇപ്പോൾ തീർത്ഥയാത്ര ചെയൂ.
ധനനിദാനമായി ധർമ്മത്തിൽ തല്പരനാകണം, ധനമാർജ്ജിക്കണം എന്നാണ് അർജ്ജുനൻ അറിയിച്ചത്.
ഭവാനെ സകല ഭയങ്ങളിൽ നിന്നും രക്ഷിച്ചുകൊണ്ട് ലോമശ മഹർഷി
തീർത്ഥാടനത്തിൽ സഹായിക്കും, മഹേന്ദ്രൻ ആശംസിക്കുന്നു.
ഭയം നീക്കാൻ തീർത്ഥയാത്ര സഹായിക്കും, അനാസക്തനാവാനും.
അസത്യവാൻ, അവിദ്വാൻ, പാപി, വക്രബുദ്ധി തുടങ്ങിയവർ തീർത്ഥാടനം
ചെയ്തിട്ടു കാര്യമില്ല.
തീർത്ഥയാത്രയുടെ ഒരു രാജകീയ നിയമമാണ്, ലഘുവായിരിക്കുക, സ്വൈര്യമായി നടത്തിവരാൻ അതാവശ്യമാണ്. വിശപ്പും
ദാഹവും ശീതാദികളും മറ്റു യാത്രാ ക്ലേശങ്ങളും സഹിക്കാനാവത്തവരെ
ഒഴിവാക്കി, ഏതാനും വനവാസി ബ്രാഹ്മണരെ അനുവദിച്ചും യാത്രയ്ക്കു
തയ്യാറായി. വേദവ്യാസനും പർവ്വതമുനിയും നാരദരും അനുഗ്രഹിച്ചു.
ധൗമൃനും ലോമശ മഹർഷിയും അനുഗമിക്കാൻ തയ്യാറായി.
ശുദ്ധ തീർത്ഥങ്ങളിൽ മന:ശുദ്ധി പ്രധാനമാണ്. ശരീരതലത്തിലുള്ള
മാനുഷവ്രതവും, മനോ-ബുദ്ധി- പ്രാണ
നിയന്ത്രണമുള്ള ദൈവവ്രതവും പാലിക്കണം. കിഴക്കു ദിശയിലേക്കാണ്
യാത്ര ആരംഭിച്ചത്.
യാത്രയിൽ യുധിഷ്ഠിരനെ ബാധിച്ച
ആധിയായിരുന്നു, സദ്ഗുണങ്ങളുള്ള
തങ്ങൾക്ക് ദു:ഖാനുഭവങ്ങളും സദ്ഗുണങ്ങളില്ലാത്ത ദുര്യോധനാദികൾക്ക് സമൃദ്ധിയും.
അധർമ്മത്തിൻ്റെ പാതയിൽ പുരോഗമിച്ചവർ വിജയത്തിൻ്റെ അഹന്തയാലും ക്രോധത്താലും സങ്കോചമില്ലാത്ത അമംഗളകർമ്മത്താലും സമൂലം നശിക്കും. വ്യാകുലത വേണ്ട, രാജ്യശ്രീയെ നേടും, യുധിഷ്ഠിരനെ
ലോമശ മഹർഷി അനുഗ്രഹിച്ചു.
തീർത്ഥയാത്രയെ സംബന്ധിക്കുന്ന ചില
ചിന്തകൾ കൂടി പങ്കുവെയ്ക്കുന്നു.
ശാശ്വതസുഖവും നിർഭയമായ ആനന്ദവുമാണ് മനുഷ്യൻ്റെ ആത്യന്തിക
ലക്ഷ്യം. പരിചിതമായ വിഷയസുഖത്തിൻ്റെ പരിമിതികൾ, അത് ഇന്ദ്രിയങ്ങളുടെ തേജസ്സ് നശിപ്പിക്കും, ജര ബാധിക്കും, ലഭ്യത കുറയും തുടങ്ങിയവയാണ്. "സർവ്വേന്ദ്രിയാണാം ജരയന്തി തേജഃ..."
ബാഹ്യവിഷയാധിഷ്ഠിതമല്ല സുഖം. നിത്യ ജീവിതം എളുപ്പമാക്കാനുള്ള സൗകര്യങ്ങൾക്കു വേണ്ടി ബാഹ്യവിഷയങ്ങൾ സജ്ജീകരിക്കാം.
അവ ആനന്ദം ഉറപ്പാക്കില്ല. ആനന്ദം ആത്മനിഷ്ഠമാണ്, അതിൻ്റെ വഴി ശുദ്ധിയുടെയും ജ്ഞാനത്തിൻ്റെയുമാണ്,
യോഗയുക്തമാണ് അതിലേക്കുള്ള ഗതി.
തീർത്ഥാടനവും സഹായിക്കും.
ലൗകിക ജീവിതം നയിക്കുന്നവർക്കും
തീർത്ഥാടനം ഊർജ്ജദായകമാണ്.
നിർഗ്ഗുണതീർത്ഥാടനം എന്ന ആത്മതീർത്ഥാടനത്തെ ആരുണിയിലൂടെ കണ്ടു. ഈ
കഠോപനിഷദ് മന്ത്രം പ്രസക്തമാവുന്നു.
കഠോപനിഷത്തിലെ പ്രസിദ്ധമായ ശ്ലോകം ഇപ്രകാരമാണ്:
"യച്ഛേത് വാങ്മനസീ പ്രാജ്ഞസ്തദ് യച്ഛേത് ജ്ഞാന ആത്മനി
ജ്ഞാനം ആത്മനി മഹതി നിയച്ഛേത് തദ് യച്ഛേത് ശാന്ത ആത്മനി "
അലഞ്ഞുതിരിയുന്ന മനസ്സിനെ നിയന്ത്രിച്ച് പരമമായ സത്യത്തിൽ അല്ലെങ്കിൽ ഈശ്വരനിൽ ലയിപ്പിക്കുന്ന
ധ്യാനരീതിയെ വൃക്തമാക്കുന്നു.
സംസാരത്തെയും ഇന്ദ്രിയങ്ങളെയും ആദ്യം മനസ്സിൽ ലയിപ്പിക്കണം. ആ മനസ്സിനെ ബുദ്ധിയിൽ ചേർക്കണം.
ബുദ്ധിയെ മഹത്തായ ആത്മാവിലും, അതിനെ പരമമായ ശാന്തതയിലും ലയിപ്പിക്കണം. ഇതാണ് നിർഗുണ തീർത്ഥാടനം.
തീർത്ഥാടന സംബന്ധിയായി സ്വാമിജി
മുമ്പെഴുതിയ വരികൾ സമന്വയിച്ച്
ശ്രീമതി. രാധാദേവി ദേവരാജൻ എഴുതിയത്, തുടർന്നുദ്ധരിക്കുന്നു.
"കാഴ്ചയുടെ ലോകത്ത് നിന്ന് വേണ്ട പക്വതയും വിവേക വൈരാഗ്യവും ആർജ്ജിച്ച് കാഴ്ചക്കാരനിലേക്ക് ഉന്മുഖമായി നടത്തുന്ന തീർത്ഥാടനം.
മാതാവ് തൈപ്പിച്ച് അണിയിച്ച കാല ദേശത്തിന്റെ പൊന്നുടയാട അഴിഞ്ഞ് അകന്ന് ഞാൻ അസ്തമിക്കുന്ന തീർത്ഥയാത്ര...
ആദിയിൽ ഉദിച്ച അനാഹത നാദത്തിന്നുറവിടം തേടുന്ന യാത്ര... കാലത്തിൻ തേരുരുളെത്താത്ത ബോധത്തിൻ ആഴത്തിൽ ചെന്ന് വിലീനമാകുന്ന യാത്ര...
വായനയെ വാതായനമായിട്ട്, കവാടമായിട്ട് ചിത്രീകരിച്ചുകൊണ്ട് സ്വാമിജി എഴുതിയ കുറിപ്പ് :
"നഗരം താണ്ടി കാടും കുന്നും മേടും കലിതുള്ളും കടലും കടന്ന് മാമലകൾക്കപ്പുറത്ത്, ജ്വലിക്കുന്ന സൂര്യനും ആകാശ നീലിമയ്ക്കും നക്ഷത്രപ്പെരുമയ്ക്കും അപ്പുറത്ത്, ഇരുളും വെളിച്ചവും അസ്തമിക്കുന്ന നിഷ്പന്ദ സൗന്ദര്യ മൗനം...
അറിയപ്പെട്ട നക്ഷത്രങ്ങളുടെ ലോകം എത്രയോ നിസ്സാരം...
സ്ഥൂലതലത്തിൽ നക്ഷത്രങ്ങളിലേക്ക് അന്വേഷണം തേടിപ്പോയാലും, സൂക്ഷ്മ തലത്തിൽ ആറ്റത്തിന്റെ അന്തർ രഹസ്യം തേടിപ്പോയാലും...
അല്ലെങ്കിൽ അകത്തേക്ക് :
"ഇന്ദ്രിയഭോഗ കിനാവുകൾക്കും, മനസ്സിന്റെ കാമത്തിന്നും കരുതലിനും, ക്രൂര വൈകാരിക വൈജാത്യ വികാരങ്ങൾക്കും, സ്നേഹാനുകമ്പാമസൃണമായ നിലാവിനും, കാവ്യഭാവനാ നടന ചാരുതയ്ക്കും, വൈജ്ഞാനിക സ്വദ്വാനുഭൂതിക്കും അപ്പുറം ദേശകാല അതിരുകൾ പൊഴിഞ്ഞ് വീഴുന്ന ധ്യാന പ്രഭാതത്തിലേക്കുള്ള വാതായനം....
ഇങ്ങനെ, തീർത്ഥാടനം എന്നത് നമ്മുടെ ജീവിത യാത്രയിൽ അനവരതം സാധിക്കാവുന്ന കാര്യമായി മാറുന്നു ...
കൂട്ടത്തിൽ ഇപ്പോൾ ആസ്വദിക്കുന്ന മഹാഭാരതശ്രവണ തീർത്ഥാടനവും...
ഇങ്ങനെ എല്ലാ യാത്രകളെയും തീർഥാടനമാക്കാൻ ജാഗ്രതയുണ്ടായാൽ വളരെ ഉപകാരപ്രദമാവും...
മനീഷാ പഞ്ചകം - ശ്ലോകം 1
"ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ"
ജാഗ്രത്, സ്വപ്ന, സുഷുപ്തി അവസ്ഥകളിൽ യാതൊരു മങ്ങലും ഇല്ലാതെ ജ്വലിച്ച് നിൽക്കുന്ന ബോധം...
ആ ബോധം എന്റെ ഉള്ളിൽ എന്നാണ് നാം പ്രാഥമികമായിട്ട് മനസ്സിലാക്കുക...
പക്ഷേ ശങ്കര ഭഗവത്പാദർ ചൂണ്ടിക്കാണിക്കുന്നു - പ്രപഞ്ചത്തിലെ സകല സ്ഥൂല ശരീരങ്ങളും - ബ്രഹ്മാവിന്റെ ശരീരം തൊട്ട് ഇങ്ങേയറ്റത്തെ ഉറുമ്പിന്റെയോ പുൽക്കൊടിയുടെയോ ശരീരം വരെ - അവിടെയും അന്തര്യാമിയായിട്ട് പ്രകാശിക്കുന്നത് ഈ ബോധതത്വം ആണ്...
ഞാൻ എന്റെ ഉള്ളിലേക്ക് ഊളിയിട്ട് ഇറങ്ങി എന്റെ ആത്മാവിനെ സ്പർശിക്കുമ്പോൾ ഞാൻ പ്രപഞ്ചത്തിന്റെ മർമ്മത്തെയാണ് സ്പർശിക്കുന്നത്...
അങ്ങനെ ഔതപ്രോക്തമായി ജഗത്തിന്റെ മുഴുവൻ സാക്ഷിയായിട്ട് പരിലസിക്കുന്ന ചൈതന്യം...
എന്റെ ഉള്ളിലും എല്ലാവരുടെ ഉള്ളിലും ഒന്ന്...
ആ ചൈതന്യമാണ് ഞാൻ, അല്ലാതെ ഈ ദൃശ്യ വസ്തു അല്ല എന്നുള്ള ദൃഢ ബുദ്ധി ഉള്ള ഒരാളെക്കുറിച്ച് ശങ്കര ഭഗവത്പാദര്‍ പറയുകയാണ് - അയാൾ ചണ്ഡാളൻ ആവട്ടെ, ബ്രാഹ്മണൻ ആവട്ടെ - അദ്ദേഹം എന്റെ ഗുരുവാണ്, ആ ഗുരുവിനായിക്കൊണ്ട് എന്റെ പ്രണാമങ്ങൾ..."
പ്രണാമം സ്വാമിജി,
സംഗ്രഹം:
വിജയകുമാരൻ
SF പാലക്കാട്
25.06.2026
Subscribe to:
Post Comments (Atom)
No comments:
Post a Comment