Tuesday, June 16, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പതിനഞ്ചാം ദിവസം (2026 ജൂൺ 15) ധൃതരാഷ്ട്രരും ദുര്യോധനാദികളും പല കാരണങ്ങളാൽ അസ്വസ്ഥരായിരുന്നു. അനുഷ്ഠാനങ്ങളും ആരാധനകളും പാലിച്ചിരുന്ന പാണ്ഡവരായിരുന്നു ഭേദം. അതിഥികളായെത്തുന്ന ൠഷീശ്വരന്മാരുടെ അനുഗ്രഹവും മാർഗ്ഗദർശനവും അവർക്കുണ്ടായിരുന്നു. ബൃഹദശ്വമഹർഷിയോട് യുധിഷ്ഠിരൻ്റെ ചോദ്യം, തന്നെപ്പോലെ ദു:ഖം അനുഭവിക്കാനിടയായ ആരെങ്കിലും ഉണ്ടോ എന്നായിരുന്നു. മനസ്സിന് വിചിത്രമായ ചില രീതികളുണ്ട്. തൻ്റെ ദു:ഖത്തിനാണ് ഏറ്റവും തീവ്രത എന്ന് അതു വിശ്വസിക്കുന്നു. കദനത്തെ അഭിമാനമായി കൊണ്ടു നടക്കുന്ന ചിലരുമുണ്ട്. ഭവാനെക്കാൾ തീവ്രദു:ഖം അനുഭവിച്ച ഒരാളുടെ കഥ പറയാം, മഹർഷി പറഞ്ഞു. ദു:ഖിതനായ ഒരാൾക്ക് വേറൊരാളുടെ സമാനദു:ഖം ആശ്വാസമാകുന്നതെങ്ങനെ? അത്തരം ആശ്വസിപ്പിക്കൽ ഉചിതമാണോ എന്നു സ്വാമിജി ചോദിക്കുന്നു. സമാശ്വസിപ്പിക്കൽ കാരുണ്യപൂർവ്വമാകണം, അനുകമ്പയിൽ നിന്നാകണം. അത് സഹതാപത്തിൽ നിന്നാവരുത്. വ്യക്തിത്ത്വത്തിൻ്റെ ആഴങ്ങളിൽ, ഒരാളുടെ പൗരുഷത്തെ ഉണർത്താനും സ്വയം സച്ചിദാനന്ദമാണ്, ബ്രഹ്മമാണ് എന്ന പ്രാഥമിക ബോദ്ധ്യം ഉറപ്പിക്കാനും കഴിഞ്ഞാൽ സ്വീകരിക്കുന്ന ആൾക്ക് ധൈര്യം കിട്ടും. കാരുണ്യമുള്ള ആൾ ഈ ഭാവത്തെയാവും അഭിസംബോധന ചെയ്യുക. "ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ...." എന്നു പറയുന്നിടത്ത്, you are beyond that എന്ന ആത്മവിശ്വാസവും പ്രത്യാശയുമാണ് പകരുന്നത്. മറ്റൊരു നിരീക്ഷണം വേദനിക്കുന്നവരോട് ആശ്വാസവാക്കായി "സാരമില്ല" എന്നു പറയരുത്. അവർക്കത് സാരമുണ്ട്. തൻ്റെ അവസ്ഥയെ താൻ സാരമുള്ളതായി വിലയിരുത്തിയതിനെയാണ് നിങ്ങൾ അനാദരിക്കുന്നത്. സാരമുണ്ട് എന്ന കണ്ടെത്തലിനെ വിലമതിക്കുന്നു; എനിക്കു "മനസ്സിലാവുന്നുണ്ട് " എന്നാവണം നമ്മുടെ ഉചിതമായ പ്രതികരണം. താരതമ്യം ദു:ഖത്തിൻ്റെ കാര്യത്തിലും അനൗചിത്യമാണ്. മുന്നിലിരിക്കുന്ന വൃക്തിയെ അത് discount ചെയ്യുന്നു. എന്നാൽ വൈകാരികമായ പ്രയാസത്തിൽ നിന്നു മാറി ഒരു ബൗദ്ധിക വിശകലനത്തിന്, തത്ത്വചിന്താപരമായ വിചാരഗതി സ്വീകരിക്കുന്നതിന് സജ്ജമെങ്കിൽ, case study എന്ന നിലയിൽ പരിഗണിക്കാവുന്നതാണ് ഇത്. ഇവിടെ നള-ദമയന്തി കഥയാണ് മഹർഷി പറയുന്നത്. നളൻ്റെ ഉദ്യാനത്തിലെത്തുന്ന ഹംസങ്ങളിലൊന്നിനെ കൗതുകത്തിന് പിടിക്കുമ്പോൾ, തനിക്ക് സ്വാതന്ത്ര്യം നൽകിയാൽ, ദമയന്തിക്ക് ദൂതു പോകാം എന്നറിയിക്കുന്നു. അപ്രകാരം, വിദർഭയിലെത്തി ദമയന്തിയെ കണ്ട് നളൻ്റെ വിശേഷങ്ങളും അറിയിക്കുന്നു. നാരീരത്നമായ ഭവതി യോഗ്യനായ നളനെ വരിച്ചാൽ അത് ഏറ്റവും ഉചിതമായ സമർപ്പണമാവും. ദമയന്തിയിലെ അനുരാഗത്തിൻ്റെ പാരവശ്യം മനസ്സിലാക്കിയ രാജാവ് മകൾക്ക് സ്വയംവരം നിശ്ചയിക്കുന്നു. ഏതെങ്കിലും കുറവിനെ മനസ്സിലാക്കിയെത്തുന്ന മാരീച പ്രഭാവങ്ങളെ അതിജീവിച്ച്, പരസ്പരം അറിഞ്ഞ്, ആദരിച്ച്, സ്വാതന്ത്ര്യം നൽകിയുള്ള ബന്ധമാവണം അനുരാഗം. ശീലഗുണങ്ങളുടെ ചേർച്ച, സ്വയം പരീക്ഷിച്ച് ബോദ്ധ്യപ്പെടണം. ശാരീരിക ആവേശങ്ങൾക്കപ്പുറമുള്ള ഇണക്കം. അല്ലെങ്കിൽ ആജീവനാന്ത അടിമത്തമോ, വിട്ടുവീഴ്ച്ച ചെയ്ത് തുലഞ്ഞു പോകുന്നതോ ആവും ജീവിതം. ത്രിഭുവന സഞ്ചാരി ദേവർഷി, നാരദർ സ്വർഗ്ഗത്തിലെത്തുന്നു. ദമയന്തീ സ്വയംവരമാണ് ഭൂമിയിലെ വിശേഷം എന്നറിഞ്ഞതോടെ തങ്ങൾക്കും അതിൽ പങ്കെടുക്കണമെന്ന് ദേവേന്ദ്രനും അഗ്നി, വരുണൻ, യമൻ തുടങ്ങിയവർക്കും ആഗ്രഹമായി. വഴിമദ്ധ്യേ നളനെക്കണ്ട ദേവന്മാർ, തങ്ങളിലൊരാളെ വരിക്കണമെന്ന് ദമയന്തിയെ അറിയിക്കാൻ നളനെ നിയോഗിക്കുന്നു. ദമയന്തിയെ കണ്ട നളൻ ദേവന്മാരിൽ ഒരാളെ വരിക്കണമെന്ന് അറിയിച്ചു. താൻ നളനെ മാത്രമേ വരിക്കൂ, എന്നാൽ ദേവന്മാർക്ക് അപ്രിയം വരാതെ ഭവാനെ വരിക്കാൻ ഒരു ഉപായമുണ്ട്, ദമയന്തി പറഞ്ഞു. പ്രണാമം സ്വാമിജി സംഗ്രഹം; വിജയകുമാരൻ SF പാലക്കാട് 15.06.2026

No comments: