Saturday, June 20, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പത്തൊമ്പതാം ദിവസം (2026 ജൂൺ 19) വിവിധ കാഴ്ച്ചപ്പാടുകൾ വിശകലനം ചെയ്ത് വായനക്കാർക്ക് ആത്യന്തികമായ ശാന്തി, വിജയം, സ്വാതന്ത്ര്യം, സന്തോഷം ഇവയൊക്കെ ഉണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ് വേദവ്യാസർ ജയം എന്ന ഇതിഹാസ രചന നിർവ്വഹിച്ചത്. വിവിധ വികാരവിശേഷങ്ങളിലൂടെ കടന്നു പോയി അവസാനം ശാന്തിപർവ്വത്തിൽ അവസാനിക്കും വിധമാണ് ഈ രചന. സൂക്ഷ്മവികാരങ്ങൾക്ക് പ്രാധാന്യമുള്ള കഥകളിയിൽ പ്രതിഫലിപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള ഭാവം ശാന്തമാണ് എന്നു കാണാം. ഇപ്പോൾ കടന്നു പോകുന്ന നള- ദമയന്തി കഥയിലും എല്ലാ ദുരവസ്ഥകൾക്കും ശേഷം ശാന്തിയാണ് പ്രതീക്ഷിക്കുന്നത്. അപ്രകാരം ശാന്തിയിൽ പരിസമാപിക്കാത്തത് സോദ്ദേശ സാഹിത്യമാകുമോ? ദമയന്തിയുടെ പാതിവ്രത്യ നിഷ്ഠ എല്ലാ അപകടങ്ങളിലും രക്ഷയാകും എന്ന വിശ്വാസമാണ് അവരെ കാനനത്തിൽ ഉപേക്ഷിക്കാൻ നളന് ധൈര്യം നൽകിയത്. വായുവും സൂര്യനും അഗ്നിയും കാത്തു കൊള്ളും. തൻ്റേടമുള്ളവർക്ക് ഉള്ളിൽ നിസ്സഹായാവസ്ഥ ഉണ്ടാവില്ല. "ആത്മനാ വിന്ദതേ വീര്യം. " സാധനാബലം കൊണ്ട് ആർജ്ജിക്കപ്പെടുന്ന തൻ്റേടം, അത് ദമയന്തിയിൽ പ്രകടമായിരുന്നു. കൊടിയ ദൂ:ഖത്തിലും ദമയന്തിയിൽ കുലീനത ശോഭിച്ചിരുന്നത് രാജമാതാവ് ശ്രദ്ധിച്ചു. സീമാതീത ഗുണവാനായിരുന്ന തൻ്റെ ഭർത്താവ് മോഹബാധിതനായി തന്നെ ഉപേക്ഷിച്ചു; താൻ അദ്ദേഹത്തെ അന്വേഷിച്ചലയുകയാണ്, ദമയന്തി അറിയിച്ചു. കൊട്ടാരത്തിൽ താമസിച്ച് അന്വേഷിക്കാമെന്ന് രാജമാതാവ് ആശ്വാസിപ്പിച്ചു. ശുഭകരമായ വിശ്വാസത്തിൻ്റെ ആന്തരിക ബോദ്ധ്യത്തിൽ ഉടലെടുത്ത തൻ്റേടത്തോടെ, ഉച്ചിഷ്ടം തരരുത്, പാദധാവനം ഏല്പിക്കരുത്, നളൻ്റെ അന്വേഷണച്ചുമതലയുള്ള ബ്രാഹ്മണരോടല്ലാതെ അന്യപുരുഷന്മാരോട് സംസാരിക്കില്ല, അതിക്രമങ്ങളുണ്ടായാൽ ഭവതി സംരക്ഷിക്കണം തുടങ്ങിയ വ്യവസ്ഥയിൽ, രാജകുമാരിയുടെ തോഴിയായി അവിടെ താമസമാക്കി. ഇതേ സമയം വ്യാകുലചിത്തനായി വനത്തിൽ അലയുന്ന നളൻ, നാരദമുനിയുടെ ശാപത്താൽ കാട്ടുതീയിൽ അകപ്പെട്ട് ചലനശേഷി നഷ്ടപ്പെട്ട കാർക്കോടകനെ രക്ഷിക്കുന്നു. പ്രത്യുപകാരമായി ആ നാഗം നളനെ ദംശിക്കുന്നു. നളനെ ബാധിക്കാതെ ഉള്ളിലുള്ള കലിയെ ഈ വിഷബാധ പീഡിപ്പിക്കും, (കലി നളനാൽ ബഹിഷ്കൃതനാകും വരെ) നളൻ്റെ രൂപം തല്ക്കാലത്തേക്ക് മാറി ബാഹുകൻ എന്ന പേരിൽ വേഷപ്രച്ഛന്നനായി ജീവിക്കാനും നളനെ സഹായിക്കുന്നു. (ആവശ്യമുള്ളപ്പോൾ സ്വരൂപം സ്വീകരിക്കാം.) വളരെ മുൻപ്, ഈ കാർക്കോടകനെ നാരദമുനി ശപിക്കുന്ന സമയത്ത്, ഭാവിയിൽ അഗ്നിഅനുഗ്രഹമുള്ള നളൻ യഥാസമയം കാട്ടിലെത്തി കാർക്കോടകനെ രക്ഷിക്കാനിടവരുമെന്ന ശാപമോക്ഷം എങ്ങനെ നൽകുന്നു? കാർക്കോടകൻ നളൻ്റെ ജീവിതത്തിൽ പ്രസക്തമാകുമെന്ന് നാരദർ അന്നേ കണ്ടിരുന്നോ? ഇതൊക്കെ എത്ര വലിയ ഒരു GRAND DESIGN ൻ്റെ ഭാഗമാണ് എന്ന് ആശ്ചര്യം തോന്നും. കാർക്കോടകൻ ഉപദേശിച്ച പ്രകാരം നളൻ, അയോധ്യയിലെ സൂര്യവംശ രാജവ് ഋതുപർണ്ണൻ്റെ കൊട്ടാരത്തിൽ ബാഹുകൻ എന്ന പേരിൽ രാജാവിൻ്റെ തേരാളിയായി വർത്തിക്കുന്നു, തോഴനാവുന്നു. ശീഘ്രഗമനത്തിൽ ഉത്സുകനായ രാജാവിനെ ബാഹുകൻ അശ്വഹൃദയവിദ്യയും, പാചക നൈപുണിയും കൊണ്ട് സംപ്രീതനാക്കി. ശോകപീഡിതനായ ഒരു ഹതഭാഗ്യൻ്റെ വേദന ബാഹുകൻ പാട്ടുകളിലൂടെ വാർഷണേയനെയും ജീവലനെയും അറിയിക്കുന്നു. ദമയന്തിയെ ഓർത്ത് ഉള്ളിൽ വിലപിക്കുകയായിരുന്നു വേഷപ്രച്ഛന്നനായ ബാഹുകൻ എന്ന നളൻ. നളൻ്റെയും ദമയന്തിയുടെയും വിവരമറിഞ്ഞ ഭീമരാജാവ് അവരെ കണ്ടെത്താൻ ബ്രാഹ്മണരെ അയച്ച കൂട്ടത്തിൽ സുദേവൻ എന്ന വിപ്രൻ ചേദിരാജ്യത്തെത്തി, ദമയന്തിയെ തിരിച്ചറിഞ്ഞു. ദമയന്തി യഥാർത്ഥത്തിൽ തൻ്റെ സഹോദരീപുത്രിയാണെന്ന് രാജമാതാവ് തിരിച്ചറിഞ്ഞതോടെ, വലിയ ആശ്വാസവും ആഹ്ളാദവും ഉണ്ടായി. തുടരും പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 19.06.2026.

No comments: