Friday, June 19, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പതിനെട്ടാം ദിവസം (2026 ജൂൺ 18) നദിയുടെ ഉറവിടവും ഋഷിയുടെ ഭൂതകാലവും അന്വേഷിക്കുന്നത് ഉചിതമല്ല എന്നു പറയാറുണ്ട്. പ്രയാണത്തിൽ പരിശുദ്ധിയാർജ്ജിക്കുന്നു നദിയും മഹാത്മാവും. വലിയൊരു കാര്യത്തിനു വേണ്ടി പ്രതിബദ്ധതയോടെ സഞ്ചരിക്കുമ്പോൾ പൂർവ്വാശ്രമത്തിന് പ്രസക്തിയില്ല. ശാസ്ത്രാചാര്യ-പാരമ്പര്യാനുഗ്രഹം കൊണ്ട് ഭൂതകാലത്തെ അതിക്രമിച്ച് സംതൃപ്തരായി വന്നവരാണ് സന്യാസിമാർ; അവർക്ക് വിധി- നിഷേധങ്ങൾ ഇല്ല. പഠിച്ച ശാസ്ത്രങ്ങൾ വ്യാഖ്യാനിച്ച് മറ്റുള്ളവർക്കു പഠിപ്പിച്ചു വേണം അവയെ സംരക്ഷിക്കാൻ, നാരദഭക്തിസൂത്രങ്ങളിൽ പറയുന്നു: " നിശ്ചയദാർഢ്യാദൂർദ്ധ്വം ശാസ്ത്രരക്ഷണം." അന്ത:കരണശുദ്ധിക്കും ഏകാഗ്രതയ്ക്കും സാധനാനുഷ്ഠാനങ്ങൾ പഠിച്ച പ്രകാരം നിർവ്വഹിക്കുകയും വേണം. വ്യാഖ്യാനങ്ങൾ സാമ്പ്രദായികമായി നിർവ്വഹിക്കപ്പെട്ടില്ലെങ്കിൽ ദുർവ്യാഖ്യാനങ്ങൾക്കും, ലളിതമായ ശാസ്ത്രതത്ത്വങ്ങളെ സങ്കീർണ്ണമാക്കി അവയുടെ പതനത്തിനും ഇടയാക്കും. ഈ ആശങ്ക നാരദമുനിയും ഭഗവദ്പാദരുമൊക്കെ പങ്കുവെയ്ക്കുന്നുണ്ട്. ഒരു വ്യാഴവട്ടക്കാലം കാത്തിരുന്നാണ് കലിയ്ക്ക് നളനിൽ പ്രവേശിക്കാനുള്ള പഴുതു കിട്ടിയത്. അനുഷ്ഠാനങ്ങളിൽ ന്യൂനത വന്നാൽ കലിയുടെ സ്വാധീനത്തിലാവും, "തസ്മാത് ജാഗ്രത ജാഗ്രത. " ധർമ്മാനുഷ്ഠാനങ്ങളിൽ വീഴ്ച്ച വരുത്തരുത്. ജന്മജന്മാന്തരങ്ങളായ വാസനാ സ്വാധീനങ്ങളാൽ അപ്പോഴപ്പോഴായി വരുന്ന വീഴ്ച്ചകളെ അതിക്രമിക്കാൻ ഭഗവാനെയും സദ്ഗുരുവിനെയും സമാശ്രയിക്കുക, മുറുകെപ്പിടിക്കുക. സങ്കുചിത താല്പര്യങ്ങളാൽ വലിച്ചിഴക്കപ്പെടാതെ നമ്മുടെ താദാത്മ്യങ്ങളെ വിസ്തൃതമാക്കുക. ഭർത്താവിനെ ഓർത്തുള്ള ശോകത്താൽ പീഡിതയായ ദമയന്തി ആ ഘോരവനത്തിൽ ഒന്നിനേയും ഭയപ്പെട്ടില്ല. ഒരിക്കലും പിരിയില്ലെന്ന് തനിക്കു നൽകിയ പ്രതിജ്ഞ ലംഘിക്കപ്പെട്ടാൽ ഇന്നുവരെയുള്ള അങ്ങയുടെ സത്യനിഷ്ഠ വിഫലമാവില്ലേ, ദമയന്തി നളനെയോർത്ത് വിലാപം തുടരുന്നു. ദുരന്തമുഖത്തേക്ക് ആരു വരും ? നളനെ ആരോട് അന്വേഷിക്കും ? നേർക്കു വരുന്ന വ്യാഘ്രത്തോടും പർവ്വത ശ്രേഷ്ഠനോടുമൊക്കെ അപേക്ഷിച്ച് വിലപിച്ച് മൂന്നു ദിവസം നടന്ന ശേഷം ഒരു തപോവനം മുന്നിൽ കണ്ടു. അവിടുത്ത താപസന്മാർ വിസ്മയത്തോടെ ആരെന്നന്വേഷിക്കുമ്പോൾ, ദമയന്തി, വിദർഭയിലെ രാജപുത്രി, നിഷധ രാജാവ് നളൻ്റെ പത്നി, തൻ്റെ ശോകകഥ പറയുന്നു. നിഷധരാജനെ കണ്ടുമുട്ടും ശോകമുക്തി ഉണ്ടാവും, ആ തപോധനന്മാർ അറിയിച്ചു. പിന്നീട് നിമിഷാർദ്ധം കൊണ്ട് അവിടം ശൂന്യമായി കണ്ടു. തുടർന്നുള്ള യാത്രയിൽ, ചേദിരാജ്യത്തെ സുബാഹുവിൻ്റെ വിപണന കേന്ദ്രത്തിലേക്കു പോകുന്ന വിപുലമായ ഒരു വണിക് സംഘത്തെ കണ്ടു. അനുവാദത്തോടെ അവരെ പിൻതുടർന്നു. തടാകക്കരയിൽ രാത്രിയിൽ വിശ്രമിക്കുന്നതിനിടെ അവിടെയെത്തിയ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ വലിയ നാശനഷ്‌ടങ്ങൾ ഉണ്ടായി. അതിൻ്റെ കാരണം ദമയന്തിയിൽ ആരോപിച്ചതോടെ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പാപമൊന്നും ചെയ്യാത്ത തന്നിൽ ഇതൊക്കെ വന്നു പതിക്കുന്നല്ലോ എന്നോർത്ത് ദമയന്തി വ്യാകുലപ്പെട്ടു. വർത്തക സംഘത്തിലെ ബ്രാഹ്മണരെ അനുഗമിച്ച്, ചേദിരാജ്യത്തെത്തിയ ദമയന്തി രാജവീഥിയിലൂടെ അലയുമ്പോൾ, ദൂരെ തൻ്റെ മാളികയിൽ നിന്ന് മഹാറാണി ആ കാഴ്ച്ച കണ്ടു. ദമയന്തിയിൽ ഒരു ദിവ്യത്വം ദർശിച്ച മഹാറാണി, അവരെ കൂട്ടിക്കൊണ്ടുവരാൻ ധാത്രിയെ അയക്കുന്നു. തുടരും പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 18.06.2026

No comments: