Saturday, March 25, 2017

പരമാത്മാവും പരബ്രഹ്മവും
ആത്മാവും ബ്രഹ്മവും എന്താണെന്നും അവ തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാം മനസ്സിലാക്കി. സര്‍വ്വഭൂതങ്ങളെയും ഉള്‍ക്കൊള്ളുന്ന, എല്ലാറ്റിലും എവിടെയും വ്യാപിച്ചുനില്‍ക്കുന്ന,അഖണ്ഡചൈതന്യമാണല്ലോ ആത്മാവു്എന്നാല്‍, ഓരോ ഭൂതത്തിനുമുള്ള ഭൗതികപരിധി ഈ അഖണ്ഡതയ്ക്കു വിഘ്നം വരുത്തുന്നു എന്നൊരു പ്രതീതി ഉണ്ടാക്കുന്നുണ്ടു്ആ ഭൂതത്തിനുള്ളില്‍ വ്യാപിച്ചുനില്‍ക്കുന്ന ചൈതന്യം, അതിനു വെളിയിലുള്ള ചൈതന്യം എന്നിങ്ങനെ. അകവും പുറവും ഒരേ ചൈതന്യം തന്നെആത്മാവു്. എന്നാല്‍, ഭൗതികപരിധി മൂലം അകത്തുണ്ടെന്നു പ്രതീതമാകുന്ന ആത്മാവിനെ ആ ഭൂതത്തിന്‍റെ ആത്മാവു് (ദേഹിഎന്നു൦ എല്ലാ ഭൂതങ്ങളും ഒന്നുചേര്‍ന്നുള്ളതും ഭൗതികപരിധിക്കതീതവുമായ അഖണ്ഡചൈതന്യത്തെ പരമാത്മാവു് എന്നു൦ വ്യവഹരിക്കുന്നു.
ഇതിനുപോത്ബലകമായി ഭഗവദ്ഗീത പറയുന്നതു നോക്കുക: “ഈ ലോകത്തു പുരുഷന്‍ രണ്ടുവിധമാണു്; ഇതിലൊന്നു ക്ഷരവും (നശിച്ചുപോകുന്നതു്), മറ്റേതു് അക്ഷരവും. ഭൂതങ്ങളെല്ലാം ക്ഷരമാ കുന്നു. കൂടസ്ഥനാണു് അക്ഷരമായതു് (15.16)”. കൂടസ്ഥനെന്നാല്‍ ഉള്ളില്‍ വ്യാപിച്ചുനില്‍ക്കുന്ന മായാവിയായ ആത്മാവു് എന്നു വിവക്ഷ. ഗീത തുടര്‍ന്നുപറയുന്നു, “എന്നാല്‍, പരമാത്മാവു് എന്നറി യപ്പെടുന്ന ഉത്തമപുരുഷന്‍ ലോകത്രയം മുഴുവന്‍ നിറഞ്ഞുനിന്നു ഭരിക്കുന്ന അവ്യയനായ ഈശ്വരനാകുന്നു (15.17).
ആത്മാവും ബ്രഹ്മവും തമ്മിലുള്ള ബന്ധമെന്തോ അതുതന്നെ പരമാത്മാവും പരബ്രഹ്മവും തമ്മിലുള്ള ബന്ധം.
4.  പുരുഷൻ, പ്രകൃതിമായ
 മുകളില്‍ ആത്മാവിനെപ്പറ്റി പറഞ്ഞപ്പോള്‍ പുരുഷനെയും പ്രകൃതിയെയും കുറിച്ചു പരാമര്‍ശിക്കുകയുണ്ടായി. പലതായി പ്രത്യക്ഷനാകാനുള്ള ആത്മാവിന്‍റെ കഴിവിനെയാണു മായ അഥവാ പ്രകൃതി എന്നു വിളിക്കുന്നതെന്നും തന്‍റെ മായാശക്തിയായ ആ  പ്രകൃതിയെ ഉണര്‍ത്തി നില്‍ക്കുമ്പോള്‍ ആത്മാവു പുരുഷന്‍ എന്നാണു് അറിയപ്പെടുകയെന്നും നാം അവിടെ മനസ്സിലാക്കി. പുരുഷനായി നില്‍ക്കുന്ന ആത്മാവാണു പ്രകൃതിയെന്ന ഉപാധിയിലൂടെ എല്ലാ ഭൂതങ്ങളെയും പ്രകടിതമാക്കുന്നതും അന്ത്യത്തില്‍ പിന്‍വലിക്കുന്നതും (ഗീത 4.69.7 & 9.8ശ്വേതാശ്വതരോപനിഷത് 4.10).
പുരുഷ-പ്രകൃതി ദ്വന്ദ്വത്തിന്‍റെ അടിസ്ഥാനത്തില്‍ വീക്ഷിക്കുമ്പോള്‍ എല്ലാ ഭൂതങ്ങളിലും ഏറ്റവും സൂക്ഷ്മവും ശ്രേഷ്ഠവും പരമവുമായിട്ടുള്ളതു പുരുഷനാകുന്നു. കാരണംപുരുഷനില്‍നിന്നാണല്ലോ മറ്റുള്ളതെല്ലാം ഉദ്ഭൂതമായിട്ടുള്ളതു് (ബൃഹദാരണ്യകോപനിഷത് 1.4.1 മുതല്‍ 1.4.7). കഠോപനിഷത് പറയുന്നു, "ഇന്ദ്രിയങ്ങളെക്കാള്‍ പരമായിട്ടുള്ളതു് ഇന്ദ്രിയാര്‍ത്ഥങ്ങളും അവയെക്കാള്‍ മനസ്സും അതിനെക്കാള്‍ പരമായതു ബുദ്ധിയുമാകുന്നു. ബുദ്ധിയെക്കാള്‍ പരമായതു മഹാനാത്മാ. അതിനു പര൦ അവ്യക്തവും ഏറ്റവും പരമായതു പുരുഷനുമാകുന്നു” (3.10, 3.11). ഇതേ ആശയം കഠത്തില്‍ 6.76.8 എന്നീ മന്ത്രങ്ങളിലും കാണാം. മഹാനാത്മാ എന്നാല്‍ വ്യക്തിത്വത്തോടുകൂടിയഅതായതു് ഏതെങ്കിലും ഒരു വ്യക്തിയായി നില്‍ക്കുന്ന, ആത്മതത്ത്വം എന്നര്‍ത്ഥം. അവ്യക്തം എന്നാല്‍ വ്യക്തികളായി മാറാതെ നില്‍ക്കുന്നമാറുന്നതിനു മുന്‍പുള്ള, പ്രകൃതി-പുരുഷ ദ്വന്ദ്വാവസ്ഥ. വ്യക്താവ്യക്തങ്ങള്‍ക്കു് അതീതനായവനാണു പുരുഷന്‍.
5. ക്ഷേത്രംക്ഷേത്രജ്ഞന്‍
    പ്രകൃതിശക്തിയാല്‍ ഉത്പ്പന്നമാകുന്ന ഭൗതികശരീരത്തെയാണു ക്ഷേത്രം എന്നു വിളിക്കുന്നതു്. അതിലിരുന്നു് അതിനെ അറിയുന്ന ശക്തിയാണു ക്ഷേത്രജ്ഞന്‍. എല്ലാ ക്ഷേത്രങ്ങളിലെയും ക്ഷേത്രജ്ഞന്‍ ഒരാള്‍ തന്നെ; ആത്മാവു് (ഗീത 13.1, 13.2). പ്രകൃതി-പുരുഷന്മാരുടെ ഭൗതികപ്രകടനാവസ്ഥയെയാണു ക്ഷേത്ര-ക്ഷേത്രജ്ഞസംജ്ഞകള്‍ കുറി ക്കുന്നതെന്നു് ഇതില്‍നിന്നു മനസ്സിലാക്കാമല്ലോ. അതായതു്ഈ പ്രപഞ്ചത്തില്‍ സ്ഥാവരജംഗമങ്ങളായി എന്തെല്ലാമുണ്ടോ അവയെല്ലാം ക്ഷേത്ര-ക്ഷേത്രജ്ഞസം‍യോഗം കൊണ്ടുണ്ടായിട്ടുള്ളതാണു് (ഗീത 13.26).
6. ഈശ്വരന്‍
ഈശ്വരന്‍ എന്നതിനു ഭരിക്കുന്നവന്‍ എന്നാണര്‍ത്ഥമെന്നും സച്ചിദാനന്ദസ്വരൂപനായ ആത്മാവിനെയാണു ഉപനിഷത്തുകള്‍ ഈശ്വരനായി വാഴ്ത്തുന്നതെന്നു൦ നാം നേരത്തേ കണ്ടതാണു്. ഈശ്വരന്‍ ഏകനാണെന്നും അവന്‍ എല്ലായിടവും വ്യാപിച്ചുനില്‍ക്കുന്നുവെന്നും ഉപനിഷത്തുകളും ഭഗവദ്ഗീതയും പറയുന്നു. ഈശ്വരസ്വരൂപം സത്-ചിത്-ആനന്ദ൦ ആകയാല്‍ നിലനില്‍ക്കുക - അറിയുകഅറിയിക്കുക ആനന്ദിക്കുക എന്നിവയ്ക്കുള്ള പ്രേരകശക്തിയായിട്ടാണു് അവന്‍ എല്ലാവരിലും സ്ഥിതിചെയ്യുന്നതു്. ഈ മൂന്നു പ്രചോദനങ്ങളില്‍ അടങ്ങുന്നു, ഈശ്വരന്‍റെ ഭരണം. പ്രപഞ്ചവ്യാപാരങ്ങളെല്ലാം ഈ ഭരണത്തിനു കീഴ്പ്പെട്ടിരിക്കുന്നു. ഇതില്‍ ജാതി-മത-വര്‍ഗ്ഗഭേദമില്ല;ചരാചര, ജീവാജീവ വ്യത്യാസങ്ങളില്ല; എല്ലാം ഒരേ ഭരണത്തിനു കീഴ്പ്പെട്ടു നില്‍ക്കുന്നു. ഈശ്വരന്‍റെ ഏകത്വവും സ്വരൂപവും സ്ഥിതിയും ഇപ്രകാരം ലോകത്തിനായി ആദ്യം വിളംബരം ചെയ്തതു ഭാരതീയ തത്ത്വചിന്തയാണു്. വിവിധ പ്രാപഞ്ചിക ഗുണങ്ങളെ ദേവന്മാരായി ആരാധിച്ചിരുന്ന അതിപ്രാചീനമായ സമ്പ്രദായത്തില്‍നിന്നു ഏകത്വദര്‍ശനത്തിലേക്കു ഭാരതീയർ ചെന്നെത്തിയിട്ടു്,ആധുനികഗവേഷകരുടെ കണക്കുകൂട്ടലനുസരിച്ചുപോലും, മൂവായിരത്തിലേറെ വര്‍ഷങ്ങളായിരിക്കുന്നു. ഉപനിഷത്തുകളുടെ രചനാകാലം അന്നാണു് ആരംഭിക്കുന്നതു്. അതുവരെ അഗ്നി, സൂര്യൻ, ചന്ദ്രൻ, വായു, പ്രജാപതി തുടങ്ങിയവരെയെല്ലാം ദേവന്മാരായി ആരാധിച്ചുവരുകയായിരുന്നു. എന്നാല്‍, അവരെല്ലാം യഥാര്‍ത്ഥത്തില്‍ വിശ്വസ്രഷ്ടാവായ ആത്മാവു തന്നെയെന്നാണു് ശ്വേതാശ്വതരോപനിഷത്തിന്‍റെ ഉദ്ബോധനം (4.2). എല്ലാ ദേവന്മാരും ആത്മാവു തന്നെയെന്നു ബൃഹദാരണ്യകോപനിഷത്തും പ്രഖ്യാപിക്കുന്നു (2.4.6). ആത്മാവിന്‍റെ ഏകത്വത്തെപ്പറ്റിയുള്ള ദര്‍ശനങ്ങള്‍ ഉപനിഷത്തുകളിലുടനീളം കാണാം. ഉദാഹരണം:ബൃഹദാരണ്യകം 1.4.17ശ്വേതാശ്വതരം 3.7, 4.1, 4.16, 6.11; ഐതരേയ൦ 1.1.1; മാണ്ഡൂക്യ൦ 7, 12; കഠം 5.9, 5.10, 5.11.
ആത്മാവു് അരൂപിയാണെന്നു നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ. അതിനര്‍ത്ഥം ഈശ്വരന്‍ അരൂപിയാണെന്നാണു്. ഹിന്ദുമതത്തില്‍ അനേകം ദൈവങ്ങളെ ആരാധിക്കുന്നതു് ഓരോ ദൈവവും പ്രതിനിധാനം ചെയ്യുന്ന പ്രാപഞ്ചികഗുണങ്ങളെ സാക്ഷാത്കരിക്കാന്‍ വേണ്ടിയാണു്. വിദ്യയ്ക്കുവേണ്ടി സരസ്വതിയെയും വിഘ്നമകറ്റാന്‍ ഗണപതിയെയും ദുരിതനിവാരണത്തിനു കൃഷ്ണനെയുമൊക്കെ ആളുകള്‍ ഭജിക്കുന്നു. ഇതെല്ലാം ഐഹികസുഖങ്ങള്‍ക്കുവേണ്ടിയുള്ള പ്രയത്നങ്ങളല്ലാതെ മറ്റൊന്നുമല്ല. യഥാര്‍ത്ഥ ഈശ്വരഭക്തി ആത്മസാക്ഷാത്കാരത്തിനുവേണ്ടിയുള്ളതാണു്. കാരണംആത്മാവിലാണു് ഈ ദൈവങ്ങളെല്ലാം ഒന്നുചേര്‍ന്നിരിക്കുന്നതു് (ബൃഹദാരണ്യകം 1.4.7; ഛാന്ദോഗ്യം 8.1.1 മുതല്‍ 8.1.5 വരെ). എന്നുമാത്രമല്ല,ഈ ദൈവങ്ങളില്‍നിന്നു് നാം എന്തെല്ലാം പ്രതീക്ഷിക്കുന്നുവോ അവയെല്ലാം യഥാര്‍ത്ഥത്തില്‍ ആത്മാവില്‍നിന്നാണു ലഭ്യമാകുന്നതു് (ബൃഹദാരണ്യകം 1.4.15). ഐഹികസുഖങ്ങള്‍ക്കതീതമായ ആനന്ദം നമുക്കു് ആത്മസാക്ഷാത്കാരത്തിലൂടെ ലഭിക്കുന്നുവെന്നു താത്പര്യം.
ദൈവാരാധനയുടെ ഏറ്റവും പ്രാകൃതവും ഗര്‍ഹണീയവുമായ മുഖം വഴിപാടുകളുടെയും നേര്‍ച്ചകളുടെയുമാണു്. പ്രീതിപ്പെടുത്തിയാല്‍ പ്രസാദിക്കുകയും അല്ലെങ്കില്‍ ശപിക്കുകയും ചെയ്യുന്ന ദൈവങ്ങള്‍ മനുഷ്യസ്വഭാവത്തിലെ അല്‍പത്തത്തിന്‍റെ പ്രതീകങ്ങളാണു്. വഴിപാടുകളും നേര്‍ച്ചകളും സ്വീകരിച്ചിട്ടു ദൈവങ്ങള്‍ നമുക്കു തരുന്നു എന്നു നാം കരുതുന്ന കാമിതങ്ങള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെതന്നെ ആത്മശക്തിയാല്‍ നാം സ്വയം നേടുന്നവയാണു് (പ്രശ്നോപനിഷത് 3.10ഗീത 5.145.15,7.207.217.22)പ്രപഞ്ചത്തില്‍ ഓരോ വസ്തുവും അതതിന്‍റെ സ്വഭാവമനുസരിച്ചാണു പ്രവര്‍ത്തിക്കുന്നതു്. നമ്മളും അങ്ങനെതന്നെ. എന്നാല്‍ ഏതെങ്കിലും ഒരു കാര്യം ചെയ്യണമെന്നോ നേടണമെന്നോ നാം ശക്തിയായി ഇച്ഛിച്ചാല്‍, ആ ഇച്ഛയുടെ ശക്തിക്കനുസരിച്ചു നമ്മുടെ പ്രാണങ്ങളും അന്തഃകരണവുമെല്ലാം പ്രവര്‍ത്തിക്കും. നമ്മുടെ ആത്മശക്തി‍ അവയെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ ഇച്ഛാസാഫല്യത്തിനാവശ്യമായ ചിന്തയിലേക്കും പ്രവൃത്തികളിലേക്കും നമ്മുടെ ശ്രദ്ധ തിരിയുന്നു. ഇച്ഛയുടെ ശക്തിക്കനുസരിച്ചായിരിക്കും ലക്ഷ്യത്തിലേക്കുള്ള നമ്മുടെ മുന്നേറ്റം. ആത്മശക്തിയില്‍നിന്നുണ്ടാകുന്ന ഈ ഉത്തേജനത്തെയാണു് ഈശ്വരാനുഗ്രഹം എന്നു നാം വിളിക്കുന്നതു്. അതില്ലാതെ ഒരു കാര്യവും നടക്കുന്നില്ല. അതു നേടാനാണു പ്രാര്‍ത്ഥനകൊണ്ടു നാം ശ്രമിക്കുന്നതു്.
 നമ്മില്‍നിന്നന്യമായി വെളിയിലെവിടെയോ വസിക്കുന്ന ഈശ്വരന്‍ നമ്മുടെ പ്രാര്‍ത്ഥന കേട്ടു ദയ തോന്നി അനുഗ്രഹങ്ങള്‍ ചൊരിയുന്നു എന്നു വിശ്വസിക്കുന്നതു മൂഢത്വമാണു്. കാരണം, ഈശ്വരന്‍ എല്ലായിടവും വ്യാപിച്ചു്, എല്ലാവരിലും അന്തര്യാമിയായി നിലകൊള്ളുന്ന ഒരു ശക്തിയാകുന്നു. ഈ സത്യം നാം ഇതിനോടകം മനസ്സിലാക്കിയിട്ടുള്ളതാണു്. എല്ലാ ഉപനിഷത്തുകളും ഇക്കാര്യം ഊന്നിയൂന്നി പ്രഖ്യാപിക്കുന്നുണ്ടു് (ഛാന്ദോഗ്യം 3.14.2ബൃഹദാരണ്യകം 3.7.1 മുതല്‍ 3.7.23 വരെകഠം 2.20ഈശം 5മുണ്ഡകം 1.1.62.2.6ശ്വേതാശ്വതരം 1.151.163.73.93.113.134.176.11)ഗീതയും ഇക്കാര്യംതന്നെയാണു പഠിപ്പിക്കുന്നതു് (10.20, 13.17, 15.1518.61). ഹിന്ദുക്ഷേത്രങ്ങള്‍ ഈ സത്യത്തെ വിളംബരം ചെയ്യുന്ന പ്രതീകങ്ങളാണു്. എല്ലാ ഭൂതങ്ങളുടെയും ഹൃദയഭാഗത്തു്ഗുഹയില്‍, ഗൂഢമായി,ആത്മാവായ ഈശ്വരന്‍ സ്ഥിതിചെയ്യുന്നു എന്ന ഉപനിഷദ്ദര്‍ശനത്തിന്‍റെ ഭൗതികമാതൃകയായിട്ടാണു് ക്ഷേത്രത്തിന്‍റെ ഹൃദയഭാഗത്തുതന്നെ ഗുഹയില്‍ വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നതു്. മാതൃകകളിലൂടെ മനുഷ്യരെ തത്ത്വം പഠിപ്പിക്കുന്നതിനുള്ള ഒരു ശ്രമമാണിതു്. അതിനെ ഏറ്റവും ദുഷിപ്പിച്ചുകളഞ്ഞിരിക്കുന്നു, അന്ധതയുടെ വക്താക്കള്‍.
ഉപനിഷന്മതപ്രകാരം സച്ചിദാനന്ദസ്വരൂപനായ ആത്മാവല്ലാതെ മറ്റൊരു ഈശ്വരനില്ല. സം‍ഹിതകളും പുരാണങ്ങളും ഇതിഹാസങ്ങളും പാടിപ്പുകഴ്ത്തുന്ന ദേവന്മാരും ദേവികളുമെല്ലാം ആത്മാവിന്‍റെ ഭൗതികപ്രകടനങ്ങളിലെ ഏതെങ്കിലും അംശങ്ങളുടെ മൂര്‍ത്തിമദ്ഭാവങ്ങള്‍ മാത്രമാകുന്നു. എന്നാല്‍, ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാര്‍ എന്ന ത്രിമൂര്‍ത്തികള്‍ കുറെക്കൂടി ഉയര്‍ന്ന തലത്തില്‍ സങ്കല്‍പ്പിക്കപ്പെട്ടിട്ടുള്ളവരാണു്. ബ്രഹ്മാവു സച്ചിദാനന്ദത്തിലെ സത്തിനെയും വിഷ്ണു ചിത്തിനെയും മഹേശ്വരന്‍ ആനന്ദത്തെയും പ്രതിനിധാനം ചെയ്യുന്നു. ഈ മൂന്നിന്‍റെയും ഏകത്വമായ ആത്മാവിനെ അറിയുന്നവര്‍ക്കു് ദേവകളെ പ്രസാദിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല. ആത്മജ്ഞാനമെന്ന പരമജ്ഞാന൦ നേടിയവനാണു യഥാര്‍ത്ഥ ബ്രാഹ്മണന്‍ (ബൃഹദാരണ്യകം 3.8.10). അവന്‍ ദേവപൂജ എന്ന കങ്കാണിപ്പണി ചെയ്യേണ്ടവനല്ല. ഭൗതിക നേട്ടങ്ങള്‍ക്കും മോക്ഷപ്രാപ്തിക്കും വേണ്ടിയെന്ന പേരില്‍ യജ്ഞങ്ങളും മറ്റും നടത്തുന്ന ബ്രാഹ്മണമ്മന്യന്മാര്‍ ഉപനിഷത്തുകളിലെ ഉന്നത വിജ്ഞാനം തേടാത്തവരാണു്. പുരാണപ്രോക്തങ്ങളായ അവര കര്‍മ്മങ്ങള്‍ (താണപടിയിലുള്ളവ) അടങ്ങിയ യജ്ഞങ്ങള്‍ ദുര്‍ബ്ബലയാനങ്ങളാണെന്നും അവ സംസാരസാഗരം കടക്കുന്നതിനു സഹായകമല്ല എന്നും മുണ്ഡകം പ്രഖ്യാപിക്കുന്നു (1.2.7). അത്തര൦ യജ്ഞങ്ങള്‍ ശ്രേയസ്ക്കരമാണെന്നു പുകഴ്ത്തുന്നവര്‍ മൂഢന്മാരാണെന്നു൦ ഉപനിഷത് തുടര്‍ന്നു പറയുന്നു.
ഋഷിദര്‍ശനങ്ങളുടെ അവസാന വാക്കാണു് ഉപനിഷന്മതം. ഭൗതികവൈവിദ്ധ്യങ്ങള്‍ക്കപ്പുറത്തുള്ള‍ ഏകത്വത്തെ കാണാന്‍ പഠിപ്പിക്കുന്ന അതാണു യഥാര്‍ത്ഥ ഹിന്ദുമതം. അതിനെ അവഗണിച്ചു്,ജാതിയുടെ പേരില്‍ വര്‍ണ്ണമേല്‍ക്കോയ്മ അവകാശപ്പെട്ടു് ഉച്ചനീചത്വങ്ങള്‍ ആചരിക്കുന്ന മതചിന്ത കാടത്തമാണു്. ആ കാടത്തം ജീവിതത്തില്‍ അനുവര്‍ത്തിക്കുന്നവര്‍ യഥാര്‍ത്ഥ ഹിന്ദുക്കളല്ല;അസംസ്കൃതരും മൃഗതുല്യരുമായ കാട്ടാളവര്‍ഗ്ഗമാണു്. 
source fromnet