Saturday, March 25, 2017

ഭഗവാന്റെ ആയുധമാകുന്നു സുദർശനം; ഏറ്റവും ആവശ്യമെന്നു തോന്നുന്നപക്ഷം, ഭഗവാൻ അറ്റകൈയ്ക്കായി സുദർശനമുപയോഗിച്ച് തന്നെ എതിർക്കുന്നവരുടെ തലയറുത്തുമാറ്റുന്നു. അതോടെ അതിൽനിന്നും ഒരു ചേതന ഭഗവാനിലേക്കു ലയിക്കുന്നു.
മനസ്സ്, അഹങ്കാരം, വ്യക്തിത്വം ഇതൊക്കെത്തന്നെ തല. ഈ തലയെയാണ് ഭഗവാൻ അറുത്തുമാറ്റി ജീവനെ മുക്തനാക്കിത്തീർക്കുന്നത്. "സു"ദർശനമെന്നാൽ നല്ല ദർശനം, ശരിയായ ദർശനം എന്നർത്ഥം. അതുവരെയുണ്ടായിരുന്ന ജീവാഹന്തയെന്ന ജന്മജന്മാന്തരങ്ങളായുള്ള അജ്ഞാനം ഒരു സദ്ഗുരു കാണിച്ചുതരുന്ന, അന്തരാത്മാവായി വിളങ്ങുന്ന, ഭഗവാന്റെ ദർശനംകൊണ്ട് നീങ്ങിക്കിട്ടുന്നു. എത്ര ദുരാചാരിയായിക്കൊള്ളട്ടെ, എത്ര മഹാപാപിയായിക്കൊള്ളട്ടെ, ഈ ഒറ്റ ദർശനംകൊണ്ടുതന്നെ അയാളുടെ സകല പ്രാരാബ്ധങ്ങളും അവസാനിച്ചു. മനസ്സും അഹങ്കാരവും പ്രത്യേക വ്യക്തിത്വവുമൊക്കെയാകുന്ന "തല"യാണ് ഭഗവദ് ദർശനമെന്ന സുദർശനത്താൽ അറുത്തുമാറ്റപ്പെടുന്നത്.
ഓരോ നമസ്കാരവും ഈ തലയറുത്തുമാറ്റലാണ്; ഈശ്വരദർശനംകൊണ്ടാണ്, ഈശ്വരസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് അഹങ്കാരത്തിന്റെ തലയറുത്തു മാറ്റപ്പെടുന്നത്. സദാ ഈശ്വരവിചാരത്തിൽ മുഴുകുന്ന ഒരാൾക്ക്, സദാ ഈശ്വരാശ്രയയായിരിക്കുന്ന ഒരാൾക്ക്, സദാ സുദർശനദർശനവുമുണ്ടാകും.
സ്വന്തം മനസ്സിനെ ഭഗവാനു കൊടുക്കുക; അതത്രേ ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം. മനസ്സിനെ ഭഗവാനു കൊടുത്തിട്ടില്ലെങ്കിൽ ശരീരം വെട്ടിയിട്ട വാഴകണക്കെ വീണുകിടന്നാലും പ്രത്യേകിച്ചൊരു പ്രയോജനവുമുണ്ടാകാൻപോകുന്നില്ല.