അറിയപ്പെടാത്ത നരേന്ദ്ര മോദി രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായ നരേന്ദ്രമോദിയെ ക്കുറിച്ച് ഇപ്പോള്‍ നമുക്ക് നിരവധി കാര്യങ്ങളറിയാം. എന്നാല്‍ ആരാണ് യഥാര്‍ത്ഥ നരേന്ദ്രമോദി? ഈ രാഷ്ട്രീയ/ഭരണ നായകനെ നാം ശരിക്കും അറിയുമോ? എന്താണ് മോദിയുടെ വ്യക്തിപരമായ സ്വഭാവ രീതികള്‍ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. ബിജെപിയിലെ കരുത്തനും പന്ത്രണ്ട് വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയും പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിയെക്കുറിച്ച് രാഷ്ട്രീയ പ്രതിയോഗികളും ഒരുപറ്റം മാധ്യമങ്ങളും വരച്ചുകാട്ടിയ ചിത്രം മോദിയുടെ യഥാര്‍ത്ഥ വ്യക്തിത്വത്തോട് നീതിപുലര്‍ത്തുന്നതായിരുന്നില്ല . വിമര്‍ശനങ്ങളുടെ വന്‍മതിലുയര്‍ത്തി മോദിയെ ലക്ഷണമൊത്ത വില്ലനാക്കി മാറ്റാന്‍ ശ്രമിച്ചവര്‍ ത്യാഗപൂര്‍ണമായ ഒരു പൊതുജീവിതവും ആദര്‍ശസുരഭിലമായ രാഷ്ട്രീയ പ്രവര്‍ത്തനവും മാതൃകാപരമായ സ്വഭാവസവിശേഷതകളും ജനങ്ങളില്‍നിന്ന് മറച്ചുപിടിച്ചു. മോദിയുടെ ഭൂതകാലം ചികഞ്ഞ അപൂര്‍വം ചിലര്‍ തങ്ങളുടെ മുന്‍വിധികള്‍ക്ക് അനുസൃതമായ കാര്യങ്ങളാണ് ആജീവിതത്തില്‍നിന്ന് ‘കണ്ടെത്തിയത്.’ ഇങ്ങനെയൊക്കെയായിട്ടും സ്വയം മുന്നോട്ടുവന്ന് ‘ഇതാ യഥാര്‍ത്ഥ നരേന്ദ്ര മോദി’ എന്ന് ഒരിക്കല്‍പ്പോലും മോദി പറഞ്ഞില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല; അതിന് സമയവുമുണ്ടായിരുന്നില്ല. ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍പ്പെടുന്ന 2500 വര്‍ഷത്തിലേറെ ചരിത്ര-സാംസ്കാരിക പാരമ്പര്യമുള്ള വടനഗറില്‍ 1950 സെപ്തംബര്‍ 17 ന് ദാമോദര്‍ ദാസ് മൂല്‍ചന്ദ് മോദിയുടേയും ഹീരാ ബെന്നിന്റെയും ആറ് മക്കളില്‍ മൂന്നാമനായാണ് നരേന്ദ്രമോദിയുടെ ജനനം. ഉന്നതമായ സാസംക്കാരിക നിലവാരം പുലര്‍ത്തിയിരുന്ന വടനഗറില്‍ ഹിന്ദുധര്‍മവും ബുദ്ധമതവും ഒരുപോലെ വളര്‍ച്ച പ്രാപിച്ചിരുന്നു. പതിനേഴ് വര്‍ഷക്കാലം ഭാരതപര്യടനം നടത്തിയ ചൈനീസ് സഞ്ചാരി ഹുയാന്‍സാങ്ങ് തന്റെ സഞ്ചാരക്കുറിപ്പുകളില്‍ വടനഗറിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. നാല് സഹോദരന്മാരും ഒരു സഹോദരിയുമാണ് മോദിക്കുള്ളത്. ഇവരുമായി ആത്മബന്ധമുണ്ടെങ്കിലും കല്യാണമുള്‍പ്പെടെയുള്ള കുടുംബപരമായ ചടങ്ങുകളില്‍ മോദി പങ്കെടുക്കാറില്ല. എന്നാല്‍ എല്ലാ പിറന്നാള്‍ ദിനത്തിലും അമ്മയെപ്പോയി കണ്ട് അനുഗ്രഹം വാങ്ങും. പതിനേഴാമത്തെ വയസ്സില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പത്ത് വയസ്സുകാരിയായ യശോദയെ വിവാഹം ചെയ്തെങ്കിലും ഒരു ദിവസംപോലും വൈവാഹിക ജീവിതം നയിച്ചിട്ടില്ല. സമുദായ ആചാരപ്രകാരമുള്ള ഒരു ചടങ്ങ് മാത്രമായിരുന്നു ഇത്. തന്റെ ജീവിതം മേറ്റ്ന്തിനോ വേണ്ടിയുള്ളതാണെന്ന് മോദി വളരെ മുമ്പെ തിരിച്ചറിഞ്ഞിരുന്നു. വ്യക്തിജീവിതത്തില്‍ വൃത്തി സൂക്ഷിക്കുക എന്നത് കുട്ടിക്കാലം മുതലേ മോദിയുടെ ശീലമായിരുന്നു. അലക്കിത്തേച്ച വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാറുള്ളൂ. വസ്ത്രത്തില്‍ ഒരു കറപോലും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. രാഷ്ട്രീയ നേതാവും ഭരണാധികാരിയുമൊക്കെയായി മാറിയപ്പോഴും ശുചിത്വം എന്നത് മോദിക്ക് ഒരു വികാരമായിരുന്നു. ഓഫീസിലും വീട്ടിലും ഇക്കാര്യത്തില്‍ മോദി നിഷ്ക്കര്‍ഷ പുലര്‍ത്തി. വടനഗറില്‍ തന്നെയുള്ള ഭഗവതാചാര്യ നാരായണാചാര്യ സ്കൂളിലായിരുന്നു മോദിയുടെ വിദ്യാഭ്യാസം. പഠനത്തില്‍ ശരാശരി വിദ്യാര്‍ത്ഥിയായിരുന്നെങ്കിലും പ്രസംഗത്തിലും ചര്‍ച്ചകളിലും മോദിയെ ആര്‍ക്കും തോല്‍പ്പിക്കാനാവുമായിരുന്നില്ല . മോദി തന്റെ പ്രസംഗത്തില്‍ ഉടനീളം ഉപയോഗിക്കുന്ന ‘ഭായ് ഔര്‍ ബഹനോം’ എന്ന സംബോധനാ രീതി സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് സ്വീകരിച്ചതാണ്. സ്കൂളിനടുത്ത് തന്നെയുള്ള റെയില്‍വേ സ്റ്റേഷനില്‍ ചായക്കട നടത്തിയിരുന്ന അച്ഛനെ അവധി ദിവസങ്ങളില്‍ സഹായിക്കുക പതിവായിരുന്നു. സ്കൂള്‍ വിട്ടുവന്നാല്‍ കൂട്ടുകാരനുമൊത്ത് അടുത്തുള്ള ആര്‍എസ്‌എസ് ശാഖയില്‍ പോകും. സ്കൂള്‍ പഠനകാലത്ത് നാടകാഭിനയത്തില്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ച മോദിക്ക് നേതൃശേഷി കൂടപ്പിറപ്പായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്കൂള്‍വളപ്പ് മതില്‍കെട്ടി തിരിക്കാന്‍ നാടകം സംഘടിപ്പിച്ച് ധനസമാഹാരണം നടത്തിയയാളാണ് മോദി. എല്ലായിപ്പോഴും അച്ചടക്കം പാലിച്ചിരുന്ന മോദി ന്യായമായ ഏത് കാര്യവും അധ്യാപകരുള്‍പ്പെടെ ആരുടെ മുന്നിലും അവതരിപ്പിക്കാന്‍ മടിച്ചില്ല. കുട്ടിക്കാലം മുതലേ സത്യസന്ധനായിരുന്നു മോദി. ആരുടെയും ഒരു വസ്തുവും മോഹിച്ചില്ല. ഒന്നും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചുമില്ല. എത്ര തണുപ്പായിരുന്നാലും തണുത്ത വെള്ളത്തിലെ കുളിക്കുമായിരുന്നുള്ളൂ. വടനഗറിലുള്ള ശര്‍മിഷ്ട തടാകത്തില്‍ നീന്തുക മോദിയുടെ വിനോദമായിരുന്നു. തടാകത്തിന്റെ ഒത്തനടുവിലുള്ള പാറക്കെട്ടിലെ സ്തൂപത്തിലെപ്പോഴും ഒരു കാവിപതാക പാറിക്കളിക്കും. വര്‍ഷത്തില്‍ ഒരുതവണ ഈ പതാക മാറ്റുന്ന പതിവുണ്ട്. ഒരിക്കല്‍ തടാകം നിറഞ്ഞുകവിഞ്ഞ അവസ്ഥയില്‍ ചീങ്കണ്ണികളെ ഭയപ്പെടാതെ അതിസാഹസികമായി ഈ പാറക്കെട്ടില്‍ നീന്തിയെത്തി പതാക മാറ്റിയത് മോദിയായിരുന്നു. ഇതോടെ മോദി വടനഗറിലെ വീരനായകനായി മാറി. വക്കീല്‍ സാഹേബ് എന്നറിയപ്പെടുന്ന ലക്ഷ്മണ്‍ റാവു ഇനാംദാര്‍ വഴി എട്ടാമത്തെ വയസ്സിലാണ് മോദി ആര്‍എസ്‌എസ് ശാഖയിലെത്തുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ സ്വയംസേവകനെന്ന നിലയില്‍ സജീവമായിരുന്ന മോദി ജനസംഘ നേതാക്കളായിരുന്ന വസന്ത ഗജേന്ദ്രഗഡ്കര്‍, നഥാലാല്‍ ജഗ്ദ എന്നിവരുമായി ബന്ധം സ്ഥാപിച്ചു. രാഷ്ട്രീയ രംഗത്ത് എത്തിയശേഷം നേതൃത്വം പിടിച്ചുവാങ്ങിയ ആളായിരുന്നില്ല മോദി. ജന്മനാലുള്ള ദേശസ്നേഹമാണ് അദ്ദേഹത്തെ നേതാവാക്കിയത്. ഗുജറാത്ത് സംസ്ഥാന രൂപീകരണത്തിനുവേണ്ടിയുള്ള മഹാഗുജറാത്ത് പ്രക്ഷോഭത്തില്‍ കേവലം അഞ്ച് വയസ്സുകാരനായ മോദി തന്നാലാവും വിധം പങ്കെടുക്കുകയുണ്ടായി. ഈ പ്രക്ഷോഭത്തിന്റെ ബാഡ്ജും മറ്റും വിതരണം ചെയ്യാന്‍ മോദി അതീവ താല്‍പ്പര്യം കാണിച്ചു. 1965 ലെ ഇന്ത്യ-പാക് യുദ്ധ കാലത്ത് ഇന്ത്യന്‍സൈനികരെ സഹായിക്കുന്ന സന്നദ്ധ ഭടന്മാരുടെ സംഘത്തില്‍ ചേര്‍ന്നു. പതിനഞ്ചുകാരനായിരുന്ന മോദി അച്ഛന്റെ അനുവാദമില്ലാതെ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് സൈനികര്‍ തങ്ങിയിരുന്ന സ്ഥലത്തെത്തിയത്. 1967 ല്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനും പതിനേഴുകാരനായ മോദി മുന്നിലുണ്ടായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മോദിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവുണ്ടായി. ആരോടും പറയാതെ വീടുവിട്ടു. പതിനേഴ്, പതിനെട്ട് വയസ്സുകാലത്ത് മോദി എവിടെയായിരുന്നുവെന്ന് ആര്‍ക്കും അറിവുണ്ടായില്ല. വീടുപേക്ഷിച്ച മോദി നേരെപോയത് രാജ്കോട്ടിലെ രാമകൃഷ്ണാശ്രമത്തിലേക്കാണ്. അവിടെനിന്ന് പശ്ചിമബംഗാളിലെ ബേലൂര്‍ മഠത്തിലേക്കും തുടര്‍ന്ന് ഹിമാലയത്തിലേക്കും യാത്ര തിരിച്ചു. ഒരു ജോഡി ചെരുപ്പോ, നല്ല വസ്ത്രമോ, ഭക്ഷണമോ, പണമോ ഒന്നുമില്ലാതെ ഒരു പരിവ്രാജകനെപ്പോലെ അലഞ്ഞുനടന്നു. ഹിമാലയ സാനുക്കളില്‍ വച്ച് ചില യോഗീശ്വരന്മാരെ മോദി കണ്ടുമുട്ടിയിരുന്നുവെന്ന് പറയപ്പെടുന്നു. ഇക്കാലത്തെക്കുറിച്ച് മോദി അധികമൊന്നും സംസാരിക്കാറില്ല. ഹിമാലയത്തിലായിരുന്ന കാലത്തെ തന്റെ അപൂര്‍വമായ ചില ചിത്രങ്ങള്‍ ഇപ്പോഴും മോദിയുടെ കൈവശമുണ്ട്. ഭാരതപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മോദി വീണ്ടും ആര്‍എസ്‌എസില്‍ സജീവമായി. വക്കീല്‍ സാഹിബുമായുള്ള മോദിയുടെ ബന്ധം അപ്പോഴും ദൃഢമായിരുന്നു. തുടര്‍ന്ന് അദ്ദേഹം അഹമ്മദാബാദിലെ ആര്‍എസ്‌എസ് കാര്യാലയത്തിലേക്ക് താമസം മാറ്റി. അധികം വൈകാതെ മോദി ആര്‍എസ്‌എസ് പ്രചാരകനുമായി. ഗുജറാത്തിലെ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ചുമതലയായിരുന്നു മോദിക്ക് ലഭിച്ചത്. ഈ ചുമതല വഹിച്ചുകൊണ്ടാണ് അടിയന്തരാവസ്ഥക്കെതിരെ പോരാടിയത്. ഇക്കാലത്താണ് സോഷ്യലിസ്റ്റായ ജോര്‍ജ് ഫെര്‍ണാണ്ടസ്, മലയാളിയും കേന്ദ്രമന്ത്രിയുമായിരുന്ന രവീന്ദ്ര വര്‍മ എന്നിവരെ പരിചയപ്പെടുന്നത്. പല രാഷ്ട്രീയനേതാക്കളുടെയും ഒളിത്താവളമായിരുന്നു അന്ന് ഗുജറാത്ത്. ഒരു ദിവസം പച്ചത്തലപ്പാവ് ധരിച്ചെത്തിയ ഫെര്‍ണാണ്ടസിന്റെ ചിത്രം ഇപ്പോഴും മോദിയുടെ മനസ്സിലുണ്ട്. ഫെര്‍ണാണ്ടസിനെ സ്വീകരിച്ച് ഒളിയിടത്തില്‍ എത്തിച്ചത് മോദിയായിരുന്നു. കോണ്‍ഗ്രസ് ഭരണത്തിനെതിരെ ജയപ്രകാശ് നാരായണന്‍ ആഹ്വാനമനുസരിച്ചുള്ള പ്രക്ഷോഭത്തിന് ഗുജറാത്തില്‍ മോദി നല്‍കിയ നേതൃത്വം നിര്‍ണായകമായിരുന്നു. 1978 ല്‍ വിദൂര വിദ്യാഭ്യാസം വഴി ദല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത മോദി 1983 ല്‍ ആര്‍എസ്‌എസ് പ്രചാരകനായിരിക്കെ ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ഇതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അതേസമയം ഭാരതത്തെയും ഹിന്ദുധര്‍മത്തെയും സാമൂഹ്യ ജീവിതത്തെയും മോദി അടുത്തറിഞ്ഞത് ഔദ്യോഗിക വിദ്യാഭ്യാസത്തിലൂടെയല്ല, ആര്‍എസ്‌എസ് പ്രചാരകനെന്ന നിലയ്ക്കാണ്. രാജ്യത്തെ നൂറുകണക്കിന് ഗ്രാമങ്ങളില്‍ മോദി അന്തിയുറങ്ങിയിട്ടുണ്ട്. പുതുമയുള്ള ആശയങ്ങള്‍ക്കുവേണ്ടി മനസ്സിന്റെ വാതിലുകള്‍ എപ്പോഴും തുറന്നിടുന്ന മോദി പാര്‍ട്ടിക്കുവേണ്ടി ആകര്‍ഷകമായ മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കുന്നയാളുമാണ്. ക്ലോസ്ഡ് ഡോര്‍ മീറ്റിംഗുകളില്‍ മള്‍ട്ട-മീഡിയ പ്രസന്റേഷനാണ് ഇഷ്ടം. അനാവശ്യമായി ഒരു പൈസപോലും ചെലവഴിക്കില്ല. ഭരണാധികാരിയെന്ന നിലയില്‍ കരാറുകള്‍ ഒപ്പുവെക്കുമ്പോള്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭമെന്നതാണ് നയം. മൂന്ന് പതിറ്റാണ്ടുകാലം വളരെ കുറച്ച് പണംകൊണ്ട് ജീവിച്ച ഒരാളാണ് മോദി. രാഷ്ട്രീയക്കാരില്‍ പൊതുവായി കണ്ടുവരുന്ന പണത്തോടുള്ള ആര്‍ത്തി മോദിക്കില്ല. അഴിമതി തൊണ്ടുതീണ്ടാത്തതിന്റെ കാരണവും ഇതാണ്. ഒബാമ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറി ച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ഒ ബാ…മാ..’ എന്നാണ് ഗുജറാത്തിലെ കുട്ടികള്‍ അമ്മയെ വിളിച്ച് കരയുന്നതെന്നായിരുന്നു മോദിയുടെ പ്രതികരണം.ആര്‍എസ്‌എസിലൂടെ രൂപാന്തരം പ്രാപിച്ച വ്യക്തിത്വമായതിനാല്‍ മോദിയുടെ ഭാഷയും അഭിരുചിയും ആഭിമുഖ്യവും ഒരുതരത്തിലും പാശ്ചാത്യമല്ല. നവീനമായ സാങ്കേതികവിദ്യകളോട് വല്ലാത്തൊരു കമ്പം തന്നെയാണ് മോദിക്കുള്ളത്. റിസ്റ്റ്‌വാച്ചുകള്‍ ഏറെ ഇഷ്ടമാണ്. ആധുനികവല്‍ക്കരണമെന്നാല്‍ പാശ്ചാത്യവല്‍ക്കരണമല്ലെന്ന ഉറച്ച വിശ്വാസം മോദിക്കുണ്ട്. ഇംഗ്ലീഷ് അറിയാമെങ്കിലും ആശയവിനിയമയത്തിന് ഹിന്ദിയാണ് അധികവും ഉപയോഗിക്കാറുള്ളത്. സ്വാമി പരമാനന്ദിന്റെ ശിഷ്യയും വിശ്വഹിന്ദുപരിഷത്ത് മാര്‍ഗദര്‍ശക് മണ്ഡല്‍ അംഗവുമായ സാധ്വി ഋതംഭരയെ ഗുജറാത്തി ഭാഷ പഠിപ്പിച്ചത് മോദിയാണ്. സര്‍ഗാത്മക രചനകള്‍ക്ക് മാതൃഭാഷയായ ഗുജറാത്തിയാണ് മോദി ഉപയോഗിക്കാറുളളത്. ആനയുടെ ഓര്‍മശക്തിയാണ് മോദിക്കുള്ളതെന്ന് പകുതി കാര്യമായും പകുതി കളിയായും പറയാറുണ്ട്. മുഖ്യമന്ത്രിയായശേഷം താന്‍ പഠിച്ച സ്കൂളിന്റെ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിലേക്ക് ഒരിക്കല്‍ മോദിയെ ക്ഷണിക്കുകയുണ്ടായി. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും തങ്ങളുടെ പേരുവിവവരങ്ങള്‍ പോലും മോദി ഓര്‍ത്തിരിക്കുന്നത് അധ്യാപകരെയും സഹപാഠികളെയും അന്ന് അമ്പരിപ്പിക്കുകതന്നെ ചെയ്തു. അതിരാവിലെ അഞ്ച് മണിക്ക് മുമ്പെ ഉണരുന്ന ശീലക്കാരനായ മോദി നാല് മണിക്കൂര്‍ മാത്രമാണ് ഉറങ്ങാറുള്ളത്. വര്‍ഷത്തിലെ 365 ദിവസത്തില്‍ 300 ദിവസവും യോഗ ചെയ്യുന്ന ഒരേയൊരു രാഷ്ട്രീയനേതാവും ഒരുപക്ഷേ മോദിയായിരിക്കും. അപൂര്‍വമായി ഉണ്ടാകാറുള്ള നടുവേദന ഒഴികെ പറയത്തക്ക മറ്റൊരു അസുഖവും മോദിയെ ബാധിക്കാത്തതിന്റെ രഹസ്യം ഇതാണ്. തികഞ്ഞ സസ്യാഹാരിയായ മോദിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവിഭവം ഗുജറാത്തി രീതിയിലുള്ള ‘ഭക്രി’യും ‘കിച്ചഡി’യുമാണ്. നന്നായി പാചകം ചെയ്യുന്ന കാര്യത്തില്‍ അടല്‍ബിഹാരി വാജ്പേയിയുടെ പിന്‍ഗാമിയാണ് മോദി. ആത്മാന്വേഷണത്തിന് ഇറങ്ങിത്തിരിച്ച മോദി അരുണാചല്‍പ്രദേശിലെ അല്‍മോറയിലെത്തി സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ആശ്രമത്തില്‍ കുറെക്കാലം തങ്ങുകയുണ്ടായി. സന്ന്യാസിയാവുന്നതിന് മുമ്പ് നരേന്ദ്രനായിരുന്ന സ്വാമി വിവേകാനന്ദനാണ് നരേന്ദ്ര മോദിയുടെ എക്കാലത്തേയും പ്രേരണാപുരുഷന്‍.അടിമത്വത്തിലാ ണ്ടു കിടന്ന ഭാരതത്തിന്റെ മോചനം ആദ്യ നരേന്ദ്രന്റെ മനക്കണ്ണില്‍ തെളിഞ്ഞത് കന്യാകുമാരിയിലെ കടലിന് നടുവിലുള്ള പാറക്കെട്ടില്‍ നീന്തിയെത്തി ധ്യാനിക്കുമ്പോഴാണ്. സിംഹങ്ങള്‍ വിഹരിക്കുന്ന ഗുജറാത്തിലെ ഗീര്‍വനത്തില്‍ ഭയലേശമില്ലാതെ പ്രവേശിച്ച് ധ്യാനിക്കുമായിരുന്ന രണ്ടാമത്തെ നരേന്ദ്രന്റെ മനസ്സില്‍ സ്വതന്ത്രഭാരതത്തിന്റ ശോഭനമായ ഭാവി തെളിഞ്ഞിരിക്കണം. ജീവിതനിയോഗം തിരിച്ചറിഞ്ഞ് അമാനുഷികമായ ഇച്ഛാശക്തിയോടെ അത് നിറവേറ്റുകയാണ് ഈ നരേന്ദ്രന്‍............നരേന്ദ് രമോദി...(Received from manoj vakeel)
No comments:
Post a Comment