Wednesday, June 07, 2017

ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി ഇവ മൂന്നും ആധാരങ്ങളെ അനുസരിച്ചിരിക്കുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ-ഇപ്രകാരം ആധാരങ്ങള്‍ ആറ്. ജീവന്‍, മനസ്സ്, അഹങ്കാരം എന്നീ മൂന്നവസ്ഥകള്‍ നമുക്കുണ്ട്. ഇതില്‍ ‘ഞാന്‍’ എന്ന അഹങ്കാരത്തിനുള്ള മൂന്നവസ്ഥകളാണ് നാം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
സ്വപ്‌ന, സുഷുപ്ത്യാദികളുടെ ക്രമം, ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നല്ല; സ്വപ്‌നം, സുഷുപ്തി, ജാഗ്രത്ത് എന്നാണവയുടെ ക്രമം. അതായത് സ്വപ്‌നത്തിന്റെയും ജാഗ്രത്തിന്റെയും ഇടയില്‍ സുഷുപ്തി. അപ്പോള്‍ ആദ്യം സ്വപ്‌നവും, പിന്നെ സുഷുപ്തിയും അതില്‍പിന്നെ ജാഗ്രത്തുമാകുന്നു. എന്നാല്‍ അനുഭവം അപ്രകാരമല്ല.
ആദ്യം സുഷുപ്തി, അതായത് ഉറക്കം, ശേഷം ഉറക്കത്തില്‍ സ്വപ്‌നവും, സ്വപ്‌നത്തിനുശേഷം പൊടുന്നനവേ ഉറക്കം തെളിഞ്ഞു ജാഗ്രതയുമായിട്ടാണ് കാണുന്നത്. ഇതെല്ലാം അഹങ്കാരത്തിന്റെ അനുഭവങ്ങളാകുന്നു. ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത് ”ഞാന്‍” എന്ന അഹങ്കാരത്തിനുള്ള ”ജാഗ്രത്”- ആയതു മനസ്സിന്റെ പ്രവൃത്തിയാണ്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഉറങ്ങുന്നതും അനുഭവിക്കുന്നതും ആ ഉറക്കത്തിലുള്ള സ്വപ്‌നമാകുന്നു. എന്നാല്‍ ഉറക്കമായതിനാല്‍ നമ്മളതറിയുന്നില്ല.
നമ്മള്‍ സാധാരണ ഉറങ്ങുകയും സ്വപ്‌നം കാണുകയും ചെയ്യാറുണ്ട്. ഉറക്കു തെളിയുമ്പോള്‍ മാത്രമേ അതുവരെ അനുഭവപ്പെട്ടതു സ്വപ്‌നമാണെന്നറിയുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നാം ഉറങ്ങുന്നു. ഇപ്പോള്‍ അനുഭവിക്കുന്നതൊക്കെയും സ്വപ്‌നമാണ്. ഈ ഉറക്കു തെളിയുമ്പോള്‍ മാത്രമേ ആ സത്യം അറിയുകയുള്ളൂ. സുഷുപ്തിയില്‍ മനസ്സ് പ്രവര്‍ത്തിക്കുന്നത് അതായത് വ്യാപാരം ചെയ്യുന്നതത്രെ, ഇപ്പോള്‍ നാം അനുഭവിക്കുന്ന ‘ജാഗ്രത്ത്.’
ഈ ജഡം ലോകമാണ്. അതിന്റെ അടിഭാഗം പ്രവൃത്തിസ്ഥലവും മേല്‍ഭാഗം വീടുമാണ്. മനസ്സ് സ്വന്തം വീട്ടില്‍നിന്നു പുറത്തുവന്നു പ്രവൃത്തിക്കുന്നതാണ് നാമിപ്പോള്‍ അനുഭവിക്കുന്ന ജാഗ്രത്ത്. അതായത് അഹങ്കാരത്തിന്റെ ജാഗ്രത്ത്. ഇത് മനസ്സിന്റെ പ്രവര്‍ത്തിസമയമാണ്. അതുപോലെ നാമിപ്പോള്‍ ഉറക്കമെന്ന് പറയുന്ന അവസ്ഥയും അഹങ്കാരത്തിനുള്ളതാണ്.
അപ്പോള്‍ മനസ്സ് പ്രവൃത്തിസ്ഥലം വിട്ടു സ്വന്തം വീട്ടിലിരിക്കുന്നതിനാല്‍, അത് മനസ്സിന്റെ പ്രവൃത്തിവിട്ട സമയമാണ്. ആ ഉറക്കില്‍ കാണുന്ന സ്വപ്‌നവും അഹങ്കാരത്തിന്റെതാണ്. മനസ്സ് നാം ചെയ്ത പ്രവൃത്തികളെപ്പറ്റിയും ചെയ്യേണ്ടതായ പ്രവൃത്തികളെക്കുറിച്ചും ആലോചിക്കുന്നതാണ് ”സ്വപ്‌നാവസ്ഥ.”
അഹങ്കാരാവസ്ഥയില്‍ അത് സ്വപ്‌നമായി തോന്നുന്നു. ഈ മൂന്നവസ്ഥകളും നാമിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മൂന്നവസ്ഥകളെയും വിട്ടു ഞാന്‍ എന്ന അഹങ്കാരം തന്റെ ഉത്ഭവസ്ഥാനമായ മനസ്സില്‍ പോയി ചേരുന്നതാണ് ഒന്നാമത്തെ സ്ഥാനം-അത് ഉല്‍പ്പത്തിസ്ഥാനമായ മൂലാധാരം. അപ്പോള്‍ പുറത്തിനുള്ളില്‍ വല്ലതും സങ്കല്‍പ്പിക്കുവാനോ, അറിയുവാനോ മനസ്സിനു സാധിക്കുന്നതല്ല. ചിലതു സ്വപ്‌നംപോലെ കാണുവാനും കേള്‍ക്കുവാനും കഴിയും. അത് മനസ്സിന്റെ സ്വപ്‌നാവസ്ഥയാണ്.
സ്വാധിഷ്ഠാനം:-മനസ്സ് സ്വസ്ഥാനത്തു ചേരുന്നതു സ്വാധിഷ്ഠാനം. എപ്പോള്‍ അഹങ്കാരം മനസ്സില്‍ ഒതുങ്ങുന്നുവോ അപ്പോള്‍ മനസ്സിന്റെ വ്യാപാരം നിലച്ചു, സ്വസ്ഥാനത്തു പ്രവേശിക്കുന്നു. ആ സമയത്തു മനസ്സിനു യാതൊരറിവോ പ്രകാശമോ ഇല്ലാതെ ശുദ്ധ ഇരുട്ടായി ഒന്നും അറിയാതെ ഇരിക്കുന്ന അവസ്ഥയാകുന്നു. അത് മനസ്സിന്റെ സുഷുപ്തി(ഉറക്കം).
മണിപൂരകം:-മനസ്സ് സ്വസ്ഥാനത്തു പ്രവേശിക്കുമ്പോള്‍ ഇരുട്ടായിതോന്നുന്നു. ആ മനസ്സ് പുറത്തിനുള്ളില്‍ വ്യാപിക്കാതെ തന്റെ സ്വസ്ഥാനത്തില്‍ത്തന്നെ ജീവനോടുചേര്‍ന്ന് അടങ്ങി നിറഞ്ഞപ്പോള്‍ അവിടെ നല്ലസുഖമായി വെളിപ്പെട്ടു കാണുകയും, അറിയുകയും ചെയ്യും. ഇത് മനസ്സിന്റെ ജാഗ്രതാവസ്ഥ. അതായത് മണിപൂരകം: മണി= മനസ്സ്. പൂരകം= നിറയ്ക്കല്‍.
അനാഹതം:-അപ്രകാരം സ്വസ്ഥാനത്തുനിറഞ്ഞ മനസ്സു താന്‍ ഉത്ഭവിച്ചതായ ജീവനില്‍ ലയിക്കുന്നതു അനാഹതം. അനാഹതം=അന+ഹതം, അന=അഗ്നി, ഹതം=നാശം. അതായത് അഗ്നിസ്വരൂപമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന മനം ജീവനില്‍ ചേര്‍ന്നു ലയിക്കുന്നതാണ്. അപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ശോഭ-പ്രകാശം ഇന്നതെന്നറിയാന്‍ വയ്യാതെ സ്വപ്‌നതുല്യമായിരിക്കും. അതു ജീവനു ”സ്വപ്‌നം” (ജീവസ്വപ്‌നം)ആകുന്നു.
വിശുദ്ധി:-മനസ്സിലുള്ള എല്ലാ കളങ്കങ്ങളും നശിച്ചു ജീവനില്‍ ലയിച്ചു ജീവന്‍ മാത്രമായി-ഒന്നുമറിയാതെ; നിര്‍മലമായിരിക്കുന്നതു ‘വിശുദ്ധി’ വിശുദ്ധി = വി+ ശുദ്ധി, വി=വിശേഷം (അറിവ്). ശുദ്ധി = നിര്‍മലത: അതായത് മനസ്സ് നശിച്ച ജീവനത്രെ അറിവ്. മനസ്സ് നശിച്ചപ്പോള്‍ ജീവന്‍ നിര്‍മലമാകുന്നു. അത് ജീവന്റെ സുഷുപ്തി-ഉറക്കം ആകുന്നു.
ആജ്ഞ:-ജീവന്‍ മറ്റൊന്നില്ലാതെ താന്‍ മാത്രമായി തന്റെ ഉത്ഭവസ്ഥാനമായ ശിവനാകുന്ന ആനന്ദത്തില്‍ ലയിച്ച് മറ്റൊന്നില്ലാതെ ആനന്ദിച്ചുകൊണ്ടിരിക്കുന്നത്-ആജ്ഞ. അത് ജീവന്റെ ജാഗ്രത്ത്. അതാണ് ബ്രഹ്മാനന്ദം.
അപ്രകാരമാണ് ഷഡാധാരങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി. മറ്റു യാതൊരു സ്ഥാനങ്ങളും ആധാരമെന്ന പേരില്‍ എവിടെയും ഇല്ല. അഹങ്കാരവും മനസ്സും ജീവനും ഒന്നായി ചേരുമ്പോഴുള്ള അവസ്ഥയാണവ. അപ്രകാരം ജീവന്‍ മറ്റൊന്നില്ലാതെ ആനന്ദിച്ചുകൊണ്ടിരിക്കുന്നതാണ് ജാഗ്രത്ത്. ഈ അവസ്ഥ പ്രാപിച്ചവരാണ്, യഥാര്‍ത്ഥ ജ്ഞാനികള്‍-സര്‍വജ്ഞര്‍.
ജാഗ്രതാവസ്ഥ:-നാശമില്ലാത്ത-അക്ഷരമായിരിക്കുന്ന താന്‍, അഹങ്കാരമായി നശിച്ചുകൊണ്ടിരിക്കുന്നതിനെ തടഞ്ഞു, അക്ഷരമായിരിക്കുന്ന തന്നില്‍ത്തന്നെ സ്ഥാപിക്കുമ്പോള്‍, അത് ജാഗ്രതാവസ്ഥ.
”അക്ഷരാണാം ‘അ’കാരം ഞാന്‍”: അക്ഷരമായ ‘താന്‍’ അകാരമായി ഭവിച്ച്, ജീവനും മനസ്സും അഹങ്കാരത്തോട് ചേര്‍ന്ന് ക്ഷരിച്ചു-നശിച്ചുകൊണ്ടിരിക്കുന്നു. അഹങ്കാരവും മനസ്സും തിരിയെ ജീവനില്‍ ചേര്‍ന്നു ലയിക്കുമ്പോള്‍ പഴേയപടി അക്ഷരമായിതീരുന്നു. അപ്പോള്‍ മറ്റൊന്നില്ലാതെ താന്‍ മാത്രമായ് ശൂന്യപദവിയായ ആനന്ദം സിദ്ധിക്കുന്നു.
അമ്പത്തൊന്നക്ഷരാളീ:-എന്നതും മുന്‍പറഞ്ഞ ജാഗ്രതാവസ്ഥയെ സൂചിപ്പിക്കുന്നു. അല്ലാതെ അമ്പത്തൊന്നക്ഷരങ്ങളൊന്നുമില്ല. അക്ഷരം ഒന്നേ ഉള്ളൂ. അത് താന്‍ തന്നെയാണ്. താനായിരിക്കുന്ന ശിവന്റെ ശക്തി-അതായത് തോഴി (ആശ) പഞ്ചേന്ദ്രിയങ്ങള്‍ വഴി ദശവൃത്തികളായി പുറത്തേക്ക് പോയി നാശമടയുന്നു. അപ്രകാരം അഞ്ചിന്ദ്രിയങ്ങള്‍ വഴി നാശമടയുന്ന ദശവൃത്തികളെ നശിക്കാതെ ഒന്നാക്കി-അക്ഷരമായപ്പോള്‍ ഐംപത്ത് ഒന്നക്ഷരമെന്ന് പറയപ്പെട്ടു. ഇപ്രകാരം അക്ഷരമാര്‍ഗത്തെ അഭ്യസിച്ച് ധാതു ഉണരുമ്പോള്‍ അക്ഷരത്തെ അറിയാം.
രേചകം:-സദാ ചഞ്ചലിച്ചുകൊണ്ടിരിക്കുന്ന മനസ്സിനെ, ചലിക്കാതെ ഹൃദയത്തില്‍ നിറുത്തി-നാട്ടി, നാനാത്വം വിട്ട് ഏകത്വമായി, ജീവനെ നടത്തിയാല്‍ ഡംഭാദിനിലയാറും കടക്കാം. അപ്പോള്‍ തന്നില്‍ ആത്മാവ് പ്രകാശിച്ചുകൊണ്ടിരിക്കും. അതാണ് രേചകം. ‘രേചകം’ -കം= ആകാശം, ‘രേസ്സ്’ = പ്രകാശം, പ്രകാശിച്ചുകൊണ്ടിരിക്കുന്ന അഗ്നിയെ അതിന്റെ ഉത്ഭവസ്ഥാനമായ ആകാശത്തില്‍ (ശിരസ്സില്‍) കയറ്റുന്നത് രേചകം.
പൂരകമെന്നാല്‍-തന്നിലിരിക്കുന്ന ശക്തിയെ നശിപ്പിക്കാതെ തങ്കല്‍ തന്നെ നിറുത്തുന്നത്. അതായത്, വിശേഷമായി, അറിവായിരിക്കുന്ന ജീവനെ പഞ്ചേന്ദ്രിയങ്ങള്‍ വഴി വെളിയെ വിടാതെ ഗാത്രക്ഷേത്രത്തില്‍ കൂടി നടത്തി, വിഗ്രഹമാകുന്ന ഭ്രൂമദ്ധ്യത്തില്‍ ഉറപ്പിച്ചാല്‍ മോക്ഷമടയാം. അല്ലാതെ പ്രതിമകളെ പൂജിക്കുന്നതല്ല വിഗ്രഹാരാധന-സ്വരൂപാരാധനയാണത്.
സ്വരൂപാരാധന:-വിഗ്രഹാരാധനയെന്നാല്‍ സ്വരൂപാരാധന-സ്വരൂപാനുസന്ധാനം. സ്വരൂപം=തന്റെ രൂപം, തന്റെ രൂപം കളങ്കരഹിതമാണ്. അതിന് നാമരൂപാദികളില്ല. ജീവന്റെ പരിശുദ്ധനില പ്രാപിക്കാനുള്ള പരിശീലനമാണ് സ്വരൂപാരാധന. അതു ”തൂങ്കാമല്‍ തൂങ്കുകിറ”- ഉറങ്ങാതെ ഉറങ്ങുന്ന അവസ്ഥയാകുന്നു.
ഈ പരിശീലനംകൊണ്ടു തന്റെ നിഷ്‌ക്കളങ്കമായ സ്വരൂപപ്രാപ്തി ഉണ്ടാകുന്നു. അപ്പോള്‍ താനായി തന്മയമായി; ആത്മസാക്ഷാല്‍ക്കാരമാകുന്ന ഈശ്വരസാക്ഷാല്‍ക്കാരം സിദ്ധിക്കും. ഇതാണ് സ്വരൂപാരാധന. അതായത് വിഗ്രഹാരാധന.


ജന്മഭൂമി: http://www.janmabhumidaily.com/news640930#ixzz4jKQNYkiQ

No comments: