Monday, March 26, 2018

ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ!
ശ്രീനാഥ നാരായണ വാസുദേവ!...
*മഹാഭാരതം_കഥാരൂപത്തിൽ 7*
ഹസ്തനപുരിയിൽ എത്തിയ ഉടനെ അംബ സത്യവതിയോടു താൻ നേരത്തെ തന്നെ ശൽവ രാജാവിനെ വിവാഹം ചെയ്തതാണെന്ന സത്യം അറിയിച്ചു. അറിഞ്ഞ ഉടനെ തന്നെ ഭീഷ്മർ ഒരു വലിയ സൈന്യത്തോടൊപ്പം എല്ലാ ആദരവോടും കൂടി അംബയെ ശൽവ രാജ്യത്തേക്ക് അയച്ചു. ഈ കാര്യം നേരത്തെ അറിഞ്ഞിരുനെങ്കിൽ അംബയെ ഭീഷ്മർ ബലമായി പിടിച്ചു കൊണ്ട് വരില്ലായിരുന്നു എന്ന് പറഞ്ഞു അംബയോട് ഭീഷ്മർ മാപ്പ് പറഞ്ഞു..
പക്ഷെ അംബയെ ഭീഷ്മർ യുദ്ധം ചെയ്തു ജയിച്ചതിനു ശേഷം ഭിക്ഷയായി തനിക്കു തരുന്നത് അപമാനിക്കാൻ വേണ്ടിയാണ് എന്നാണ് ശാൽവ രാജാവ് കരുതിയത്.
അത് കൊണ്ട് അയാൾ അംബയെ സ്വീകരിക്കാൻ തയ്യാറായില്ല അവൾ അയാളുടെ കാല് പിടിച്ചു കേണിട്ടും ഭീഷ്മരുടെ ദാനം സ്വീകരിക്കുന്നത് രാജാവെന്ന നിലയിൽ തനിക്കു അപമാനമാണെന്ന് അയാൾ അംബയോട് തീർത്തു പറഞ്ഞു. നിവൃത്തിയില്ലാതെ അംബ, ഭീഷ്മരുടെ അടുത്തേക്ക് തന്നെ മടങ്ങി. തന്റെ അവസ്ഥ പറഞ്ഞു അവൾ സത്യവതിയുടെയും ഭീഷ്മരിന്റെയും കാലിൽ വീണു കരഞ്ഞു പറഞ്ഞു. ഇനി ഞാൻ കൊട്ടാരത്തിലേയ്ക്ക് മടങ്ങി പോയാൽ അവിടെയുള്ളവർ എന്നെ പരിഹസിക്കും, എനിക്ക് ഇനി യാതൊരു ആശ്രയവും ഇല്ല. തന്റെ ഈ അവസ്ഥയ്ക്ക് കാരണം ഭീഷ്മർ ആണ് അത് കൊണ്ട് ഭീഷ്മർ തന്നെ വിവാഹം ചെയ്യണം എന്ന് അവൾ ഭീഷ്മരിനോട് യാചിച്ചു. പക്ഷെ തന്റെ പ്രതിജ്ഞ തെറ്റിക്കാൻ കഴിയില്ല അത് കൊണ്ട് വിവാഹം ചെയ്യാൻ കഴിയില്ല എന്നും ഭീഷ്മർ പറഞ്ഞു.
ഇനി എന്ത് തന്നെ പറഞ്ഞാലും ഭീഷ്മർ തന്നെ സ്വീകരിക്കാൻ തയ്യാറാവില്ല എന്ന് മനസ്സിലാക്കിയ അംബയുടെ ഭാവം മാറി. അവൾ ഭീഷ്മരെ തന്റെ ആജന്മ ശത്രുവായി കണ്ടു തുടങ്ങി.കോപം അടക്കാനാകാതെ അംബ ആ സദസ്സിൽ വെച്ച് തന്റെ സഹോദരിമാരും ഭീഷ്മരും സത്യവതിയും മറ്റു സഭാംഗങ്ങളും കേൾക്കെ ശപഥം ചെയ്തു. എത്ര ജന്മം എടുക്കേണ്ടി വന്നാലും ഇനി ഭീഷ്മരിന്റെ മരണം ആണ് തന്റെ ലക്ഷ്യമെന്നും സ്വയം അതിനു കഴിഞ്ഞില്ലെങ്കിൽ അതിനുള്ള കാരണമെങ്കിലും താൻ ആകും എന്നും ..എന്നിട്ട് അവൾ ആ രാജസദസ്സിൽ നിന്നും ഇറങ്ങി പോയി.
വിചിത്രവീര്യൻ അംബികയെയും അംബാലികയെയും വിവാഹം ചെയ്തു. അയാൾക്ക്‌ രാജ്യകാര്യങ്ങളിൽ തീരെ ശ്രദ്ധയുണ്ടായിരുന്നില്ല .ഭീഷ്മരായിരുന്നു രാജ്യകാര്യങ്ങൾ നോക്കിയിരുന്നത്.
അയാൾ മുഴുവൻ സമയവും ഭാര്യമാരോടൊപ്പം ചിലവഴിച്ചു. പക്ഷെ പെട്ടെന്നൊരിക്കൽ രോഗം ബാധിച്ചു വിചിത്രവീര്യൻ മരണപെട്ടു. ഇതിനെ തുടർന്നു രാജ്യം വീണ്ടും അനാഥമായി.
തന്റെ ആഗ്രഹമാണ് രാജ്യത്തിന്റെ ഈ അവസ്ഥക്ക് കാരണമെന്നും താൻ തന്റെ മകനെ രാജാവാക്കുന്നതിനു വേണ്ടി ഭീഷ്മരിനെ രാജാവാകാൻ അനുവദിക്കാതിരുന്നതിന്റെ ഫലമാണ് രണ്ടു പുത്രൻമാരും മരിച്ചതെന്നും ഓർത്തു സത്യവധി വേദനപ്പെട്ടു. ഈ അവസരത്തിൽ ഭീഷ്മരിന്റെ പ്രതിജ്ഞ ആണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു. രാജനീതി അനുസരിച്ച് ഭീഷ്മർ അംബികയെയും അംബാലികയെയും വിവാഹം ചെയ്തു സന്താനങ്ങളിലൂടെ രാജ്യാവകാശം നിലനിർത്തണം.. എന്ന് സത്യവതി ഭീഷ്മരിനോട് പറഞ്ഞു .
💠💠💠💠💠💠💠💠💠
*മഹാഭാരതം കഥാരൂപത്തിൽ -8*
ഭീഷ്മർ ധർമ സങ്കടത്തിലായി.അദ്ദേഹം എന്ത് തീരുമാനം എടുക്കണം എന്നാലോചിച്ചു. തന്റെ ശപഥം തെറ്റിക്കാൻ ആവില്ല എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. ഒടുവിൽ സത്യവതി തന്റെ അച്ഛനെ കണ്ടു കാര്യങ്ങൾ പറഞ്ഞു. അദ്ദേഹത്തിനു കൊടുത്ത വാക്ക് കാരണമാണ് ഭീഷ്മർ തന്റെ ശപഥം തെറ്റിക്കാൻ തയ്യാറാകാത്തത് എന്നാണു സത്യവതി വിചാരിച്ചത്.അങ്ങനെ ദശരാജൻ ഭീഷ്മറെ കണ്ടു സംസാരിച്ചു. അദ്ദേഹം പറഞ്ഞു, ഞാൻ കാരണം ആണ് നീ ശപഥം ച്യ്തത് ഇപ്പോൾ ഞാൻ നിന്നെ നിന്റെ ശപഥത്തിൽ നിന്നും മോചിപ്പിക്കുന്നു.
പക്ഷെ ഭീഷ്മർ പറഞ്ഞു ക്ഷത്രിയൻ ശപഥം തെറ്റിക്കുന്നത് മരിക്കുന്നതിനെകാൾ ഭീകരമാണ്. അത് കൊണ്ട് ഈ ഭീഷ്മർ ശപഥം തെറ്റിക്കില്ല.
ഇത് കേട്ട സത്യവതി ഭീഷ്മറോട് പറഞ്ഞു ഇനി ഇതിനുള്ള ഉത്തരം വേദവ്യാസന് മാത്രമേ തരാൻ കഴിയൂ വേഗം തന്നെ നീ വേദവ്യാസനെ കൂട്ടികൊണ്ട് വരൂ.
ഇത് കേട്ട ഭീഷ്മർ എന്ത് കൊണ്ട് വ്യാസനെ ഇതിൽ ബന്ധപെടുത്തണം എന്നു ചോദിച്ചു.
സത്യവതി : അതിനുള്ള ഉത്തരം നിനക്ക് വേദവ്യാസനിൽ നിന്നും ലഭിക്കും.
ഉടൻ തന്നെ ഭീഷ്മർ വേദവ്യാസനെ ചെന്ന് കണ്ടു നടന്നത് എല്ലാം പറഞ്ഞു.
വേദവ്യാസൻ: ഭീഷ്മർ നീ സത്യവതി പറഞ്ഞത്‌ അനുസരിക്കതിരുന്നത് അവർ നിന്റെ സ്വന്തം അമ്മയല്ലാത്തത് കൊണ്ടാണ്. പക്ഷെ അവരുടെ ആജ്ഞ അനുസരിക്കാതിരിക്കാൻ എനിക്കാവില്ല കാരണം ഞാൻ അവരുടെ സ്വന്തം മകനാണ്.
അത് കൊണ്ട് സത്യവതി എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചേ പറ്റൂ.കാരണം മാതാവിന്റെ വാക്ക് ഏത് വലിയ തപസ്സിനെകാളും വലുതാണ്‌.
എന്നിട്ട് വേദവ്യാസൻ തന്റെ ജന്മരഹസ്യം വെളിപെടുത്തി.
.............
പണ്ട് സത്യവതി യമുനാ നദീ തീരത്ത് കടത്തുകാരിയായിരുന്ന കാലത്ത് പരാശരന്‍ എന്ന ഒരു മഹാമുനി സത്യവതിയുടെ വള്ളത്തിൽ യാത്രചെയ്തു. അദ്ദേഹം ദിവ്യ ദൃഷ്ടിയിൽ സത്യവതിയുടെ ഭാവി കാണുകയും സത്യവതിക്ക് ചരിത്രത്തിൽ വലിയ ഒരു പങ്കു വഹിക്കാൻ ഉണ്ടെന്നും അതിനു വേണ്ടി ഇപ്പോൾ തന്നെ ഒരു കുട്ടിയെ ഗർഭം ധരിച്ചു പ്രസവിക്കേണ്ടത് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.അങ്ങനെ സത്യവതി, പരാശരന്റെ മന്ത്രശക്തിയാൽ ദിവ്യഗർഭം ധരിച്ചു വ്യാസനെ പ്രസവിച്ചു. ദിവ്യഗർഭമായതിനാൽ സത്യവതി കന്യകയായി തന്നെ ഇരിക്കും എന്നും പരാശരമുനി പറഞ്ഞിരുന്നു.
വൈകാതെ ഭീഷ്മർ വ്യാസനെ സത്യവതിയുടെ അടുത്ത് എത്തിച്ചു.
സത്യവതി : നീ എന്റെ മൂത്ത പുത്രനാണ്. അത് കൊണ്ട് അംബികയും അംബാലികയും വഴി ഈ തലമുറ നിലനിർത്തേണ്ടത് നിന്റെ കടമയാണ്. രാജ്യത്തിനു അവകാശികളെ നല്കേണ്ടത് നിന്റെ ധർമം ആണ്.
വ്യാസൻ തപസ്സിലായിരുന്നതിനാൽ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും മാതാവിന്റെ വാക്ക് അനുസരിക്കുന്നതാണ് ഏറ്റവും വലിയ കാര്യം എന്ന് സത്യവതി പറഞ്ഞപ്പോൾ വ്യാസൻ സമ്മതിച്ചു.
വേദവ്യാസൻ പറഞ്ഞത് അനുസരിച്ച് കൊട്ടാരത്തിലെ ഒരു മുറിയിൽ അദ്ദേഹത്തെ ഇരുത്തിയ ശേഷം സത്യവതി ആദ്യം അംബികയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വ്യാസന്റെ അടുക്കലേക്കു അയച്ചു. മനസ്സില്ലാമനസ്സോടെ അവൾ വ്യാസന്റെ അടുത്തെത്തി വ്യാസന്റെ രൂപം കണ്ടു പേടിച്ച അംബിക കണ്ണുകൾ അടച്ചുകളഞ്ഞു.അത് കൊണ്ട് അംബികയ്ക്ക് ഉണ്ടാകുന്ന കുട്ടി അന്ധനായിരിക്കും എന്ന് വ്യാസൻ സത്യവതിയെ അറിയിച്ചു. ഇത് അറിഞ്ഞ സത്യവതി അംബാലികയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിനോടൊഒപ്പം കണ്ണുകൾ അടക്കാതെ നോക്കാൻ പ്രതേകം പറഞ്ഞയച്ചു...

No comments: