ചാതുര്‍വര്‍ണ്ണ്യം- ഇത് വൈദികവുമായി ബന്ധപ്പെട്ട മറ്റൊരു ചര്‍ച്ചാവിഷയമാണ്. പലരും ഇന്ന് വര്‍ണ്ണവും ജാതിയും ഒന്നാണ് എന്നു കരുതുന്നു. എന്താണ് ജാതി? പ്രമുഖ സോഷ്യോളജിസ്റ്റ് ആയ എം. എന്‍. ശ്രീനിവാസന്‍- ജാതി എന്നത് ഇന്ത്യയിലെമ്പാടും കാണപ്പെടുന്ന കൂട്ടായ്മകളാണ്. അത് പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ്. വിവാഹം അതാതു ജാതിക്കുള്ളില്‍ മാത്രം നടക്കുന്നു. ഓരോ ജാതിക്കും ഒന്നോ രണ്ടോ തൊഴിലുമായി പാരമ്പര്യബന്ധമുണ്ടായിരിക്കും- എന്നു പറയുന്നു.
സാമൂഹ്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത നിരവധി തൊഴില്‍ മേഖലകളുണ്ട്. കൃഷിപ്പണി, പലതരം മണ്‍പാത്രങ്ങള്‍ ഉണ്ടാക്കല്‍, ലോഹപ്പാത്രനിര്‍മ്മാണം, വസ്ത്രം നെയ്‌തെടുക്കല്‍ തുടങ്ങി ഇത്തരം ഒട്ടേറെ തൊഴിലുകള്‍ ഉണ്ടല്ലോ. തുടക്കത്തില്‍ ഈ പണികള്‍ ആര്‍ക്കും ഒരു പരിധിവരെ ചെയ്യുവാന്‍ കഴിഞ്ഞിരിക്കും. ക്രമേണ ക്രമേണ ഈ തൊഴിലുകളില്‍ സങ്കീര്‍ണ്ണതകള്‍ കൂടിക്കൂടി വന്നതോടെ പ്രത്യേകവൈദഗ്ധ്യം കൂടിയേ തീരൂ എന്ന നില വന്നു. ഉത്പ്പന്നങ്ങള്‍ക്കു മാറ്റു കൂട്ടുന്ന, നിര്‍മ്മാണത്തിന്റെ വേഗം കൂട്ടുന്ന, അനുഭവ പരിചയവും തൊഴില്‍ മര്‍മ്മങ്ങളും, പാരമ്പര്യം വഴി (പിതാവില്‍ നിന്നും പുത്രനിലേക്ക്- പിതൃദായം, അമ്മാവനില്‍ നിന്നും മരുമകനിലേക്ക്-മാതൃദായം) പകരുന്ന കുലത്തൊഴിലുകളായി ഇവ മാറി. ഇത്തരം കുലത്തൊഴിലുകള്‍ പരമ്പരയാ കൈകാര്യം ചെയ്തു വന്ന വിഭാഗങ്ങള്‍ ഗ്രാമ-പുരങ്ങളില്‍ ഇന്നും നമുക്കു കാണാമല്ലോ. വൈദികവും വൈദികേതരവുമായ ഹിന്ദുഗോത്രങ്ങളില്‍ ഈ വിഭാഗങ്ങള്‍ പൊതുവായിരുന്നിരിക്കണം. അതായത് വൈദികഗോത്രങ്ങളില്‍ ചാതുര്‍വര്‍ണ്ണ്യം (ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍) രൂപപ്പെടുന്നതിനും മുമ്പുതന്നെ ഇവ നിലനിന്നിരുന്നു എന്നു സ്വാഭാവികമായും കരുതേണ്ടിയിരിക്കുന്നു.
ഒരാള്‍ക്കു ചെയ്യുവാന്‍ കഴിയുന്ന അഗ്നിഹോത്രം പോലുള്ള ഒരു ചടങ്ങ് ആയിരുന്നിരിക്കാം തുടക്കത്തില്‍ യാഗം. ഇന്നും ഈ മൂലരൂപം നിലനിന്നുപോരുന്നുണ്ടല്ലോ. മാത്രമല്ല, ഹാരപ്പന്‍ നാഗരികതയിലെ കാളീബംഗന്‍ പ്രദേശത്തു നടത്തിയ ഉല്‍ഖനനങ്ങള്‍ വഴി അവിടത്തെ വീടുകളില്‍ ഹോമകുണ്ഡത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാം കണ്ടു. യാഗക്രിയ ക്രമേണ സങ്കീര്‍ണ്ണമായി. വൈവിധ്യങ്ങള്‍ കൂടിവന്നതോടൊപ്പം ഓരോ ചടങ്ങിനും പ്രത്യേകം വൈദഗ്ധ്യവും കൂടിയേ തീരൂ എന്നു വന്നു.
ഋക്കുകള്‍ എല്ലാം മുറതെറ്റാതെ ഓര്‍ത്തുവെക്കണം. ഉച്ചാരണപ്പിഴവു വരാതെ സ്വരസഹിതം ചൊല്ലാന്‍ കഴിയണം. അര്‍ത്ഥം മനസ്സിലാക്കണം. സാമഗാനം ആലപിക്കാന്‍ കഴിവു നേടണം. സങ്കീര്‍ണ്ണങ്ങളായ യാഗക്രിയകള്‍ സമയവും അടുക്കും തെറ്റാതെ ചെയ്തുതീര്‍ക്കണം. ഈ കഴിവുകള്‍ എല്ലാം ഒരാളില്‍ ഉണ്ടായി എന്നു വരില്ല. അപ്പോള്‍ പ്രത്യേകവൈദഗ്ധ്യം, താല്‍പ്പര്യവും പരിശീലനവും വഴി കൂടിയേ തീരൂ എന്ന നില വന്നു. അതായത് പുരോഹിതരായ ബ്രാഹ്മണരില്‍ത്തന്നെ ക്രമേണ തൊഴില്‍പരമായ വിഭജനം രൂപംകൊണ്ടു. നിരവധി പേരുടെ ചിട്ടയാര്‍ന്ന പങ്കാളിത്തം കൊണ്ടുമാത്രം, ധനശേഷി ഉള്ള യജമാനന്മാര്‍ക്കു മാത്രം, നടത്താന്‍ കഴിയുന്ന ഒരു വലിയ സംരംഭമായി ക്രമേണ, യാഗം വളര്‍ന്നു എന്നു കാണാം.
സാഗ്നികം അതിരാത്രം എന്ന യാഗത്തില്‍ ഇത്തരം പതിനാറ് ഋത്വിക്കുകള്‍ വേണമെന്നു നാം കണ്ടു. ഇതു കൂടാതെ മേല്‍നോട്ടത്തിന് എല്ലാ ക്രിയകളും വിധികളും അറിയുന്ന ഒരു സദസ്യനും വേണം. ചില യാഗങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളും കൊണ്ടേ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും കാണുന്നു. ബ്രാഹ്മണരില്‍ത്തന്നെ ഋഗ്വേദി, യജുര്‍വേദി, സാമവേദി, അഥര്‍വവേദി, ദ്വിവേദി (രണ്ടു വേദങ്ങള്‍ അറിയുന്ന ആള്‍), ത്രിവേദി, ചതുര്‍വേദി, അഗ്നിഹോത്രി എന്നിങ്ങനെ വിഭാഗങ്ങള്‍ ഉടലെടുത്തു. ക്രമേണ ഈ വിഭജനങ്ങള്‍ ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള പാരമ്പര്യമായി എന്നു കാണാം.
കാശ്മീര രാജവംശത്തിന്റെ ചരിത്രം കല്‍ഹണന്‍ (സി.ഇ.പന്ത്രണ്ടാം ശതകം) എന്ന കവി സംസ്‌കൃതകാവ്യരൂപത്തില്‍ എഴുതിയിട്ടുണ്ട്. രാജതരംഗിണി എന്നാണ് ആ കാവ്യത്തിന്റെ പേര്. അതില്‍ പഞ്ചഗൗഡ (വിന്ധ്യനു വടക്കുള്ളവരായ സാരസ്വത്, ഗൗഡ-ബംഗാള്‍, കന്യാകുബ്ജ- ഉത്തരേന്ത്യന്‍, മൈഥിലി, ഉത്ക്കല വിഭാഗങ്ങള്‍), പഞ്ചദ്രാവിഡ (വിന്ധ്യനു തെക്കുള്ള കന്നഡ, തൈലംഗ-തെലുഗു, ദ്രാവിഡ- തമിഴ്-കേരള, മഹാരാഷ്ട്രക, ഗുര്‍ജര (?)-ഗുജറാത്തി, മാര്‍വാരി, മേവാരി) എന്നീ ബ്രാഹ്മണവിഭാഗങ്ങളെ പരാമര്‍ശിക്കുന്നു. സ്‌കന്ദപുരാണത്തിലും ഇതു കാണാം.
ലോഗന്റെ മലബാര്‍ മാന്വല്‍ എന്ന പുസ്തകത്തില്‍ മലബാര്‍ ഭാഗത്തെ എട്ടുതരം ബ്രാഹ്മണവിഭാഗങ്ങളെക്കുറിച്ചു വിവരിക്കുന്നു. ഭൃഗകച്ഛത്തില്‍ (ഗുജറാത്ത്) നിന്നുള്ളവരും, ഗോദാവരീതടത്തില്‍ നിന്നുള്ള പന്ത്രണ്ടു താന്ത്രികകുടംബക്കാരും, വടക്കേ ഇന്ത്യയിലെ ഏകചക്രപ്രദേശത്തു നിന്നുള്ള കരിക്കാടുകാരും പരശുരാമനിര്‍ദ്ദേശത്താല്‍ അയ്യായിരം കൊല്ലം മുമ്പു (കേരളത്തിലേക്കു) വന്നവരാണെന്നു വിശ്വസിക്കുന്നു എന്ന് അഡ്വക്കേറ്റ് അത്രശ്ശേരി അഗ്നിശര്‍മ്മന്‍ നമ്പൂതിരി പ്രസ്താവിക്കുന്നു.
എല്ലാ ബ്രാഹ്മണര്‍ക്കും ഷഡ്കര്‍മ്മങ്ങള്‍ ചെയ്യാനുള്ള അര്‍ഹത ഇല്ലെന്ന് വാചസ്പതി പരമേശ്വരന്‍ മൂസത് തന്റെ പാരമേശ്വരി എന്ന അമരകോശവ്യാഖ്യാനത്തില്‍ പ്രസ്താവിച്ചതു നാം കണ്ടു. തൊഴില്‍പരമായി, ശ്രദ്ധേയമായ വൈജാത്യങ്ങള്‍ വിഭിന്ന ബ്രാഹ്മണവിഭാഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്നതായി എം. എന്‍ ശ്രീനിവാസന്‍ പറയുന്നുണ്ട്. അതുപോലെ ഭക്ഷ്യവസ്തുക്കള്‍ അനുസരിച്ചും ബ്രാഹ്മണരില്‍ ഭേദങ്ങളുണ്ട്. കാശ്മീരി, ബെംഗാളി, സാരസ്വതര്‍ എന്നീ വിഭാഗങ്ങള്‍ മാംസഭക്ഷണം ശീലിക്കുന്നവരാണെന്ന് ശ്രീനിവാസന്‍ ചൂണ്ടിക്കാണിക്കുന്നു.
അതുപോലെ പഞ്ചാബ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ ബ്രാഹ്മണര്‍ക്ക് ലൗകികമായി താഴ്ന്ന പദവിയാണുള്ളത്. ഗുജറാത്ത് (ഉദാഹരണത്തിന് തപോധന്‍ എന്ന വിഭാഗം), ബെംഗാള്‍, മൈസൂര്‍ (മാര്‍ക്കവിഭാഗം) എന്നിവിടങ്ങളിലെ ചില ബ്രാഹ്മണവിഭാഗങ്ങള്‍ക്ക് മതപരമായ വിശുദ്ധിയില്‍ താഴ്ന്ന സ്ഥാനവുമാണ് എന്നും ശ്രീനിവാസന്‍ പറയുന്നു. വളരെ രസകരമായ മറ്റൊരു വസ്തുത എം. എന്‍. ശ്രീനിവാസന്‍ ചൂണ്ടിക്കാണിക്കുന്നു- കര്‍ണ്ണാടകത്തിലെ ഒക്കലിഗ (കര്‍ഷകര്‍) വിഭാഗവും കുരുബ (ആട്ടിടയര്‍) വിഭാഗവും മാര്‍ക്കബ്രാഹ്മണര്‍ എന്ന ബ്രാഹ്മണവിഭാഗക്കാരുടെ പക്കല്‍ നിന്നും വെള്ളമോ പാകം ചെയ്ത ഭക്ഷണമോ സ്വീകരിക്കാറില്ല (സോഷ്യല്‍ ചെയ്ഞ്ച് ഇന്‍ മോഡേണ്‍ ഇന്‍ഡ്യ). .
vamanan.
No comments:
Post a Comment