Wednesday, March 21, 2018

ഗൃഹങ്ങളിലെ ശുഭകര്‍മ്മങ്ങള്‍, സമീപത്തുള്ള ക്ഷേത്രങ്ങളിലെ ഉത്സക്കാലത്ത് ഒഴിവാക്കാറുണ്ട്. ക്ഷേത്ര ദേവതയ്ക്ക് ഗ്രാമദേവതയായി ഗ്രാമത്തലവന്റെ സ്ഥാനം നല്‍കുന്നു. അവിടുത്തെ വിശേഷത്തെക്കാള്‍ വലിയതായൊന്നും വ്യക്തി ഈ ദിനത്തില്‍ നടത്തരുതെന്ന സങ്കല്‍പത്തിലാണ് ക്ഷേത്രോത്സവ സമയത്ത് മറ്റ് വിശേഷങ്ങള്‍ നടത്താത്തത്.
എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും നോക്കുന്നത് കര്‍മ്മദിവസത്തില്‍ ജ്യോതിര്‍ഗോളങ്ങളുടെയും രാശിചക്രത്തിന്റെ ഭാഗങ്ങളുടെയും സ്ഥിതിയും അതിലുള്ള നക്ഷത്ര സമൂഹത്തിന്റെ പ്രത്യേകതയും, ചന്ദ്ര-സൂര്യന്മാരുടെ സാന്നിദ്ധ്യവും തന്നെയാണ്. ഏതെങ്കിലും കര്‍മ്മത്തിന്, ജനുവരി 10-ാം തീയതി അല്ലെങ്കില്‍ കുംഭം 21-ാം തീയതി തെരഞ്ഞെടുക്കുന്നത്, ആ പ്രത്യേക ദിവസത്തിലെ പ്രത്യേക സമയത്തിലെ പ്രപഞ്ചത്തിലെ ഗോളസ്ഥിതിയുടെ അടിസ്ഥാനത്തിലാണെന്നു പറയുമ്പോള്‍-അതു പൂര്‍ണമായും ശാസ്ത്രമാണെന്ന് വ്യക്തം. അതുമായി വ്യക്തിയെ ബന്ധപ്പെടുത്തി, അത് വ്യക്തിയുടെ ജനനസമയത്തെ പ്രപഞ്ചഗോളങ്ങളുടെ സ്ഥാനത്തെ സമയവുമായി താരതമ്യം ചെയ്താണ് കര്‍മ്മസമയം നിശ്ചയിക്കുന്നത്.
പ്രപഞ്ചത്തെ മാക്രോകോസം (ബ്രഹ്മാണ്ഡം) ആയി കണ്ടവര്‍, അതിന്റെ ഒരംശമായ മനുഷ്യനെ മൈക്രോകോസമായി (പിണ്ഡാണ്ഡം) കണ്ടു എന്ന് ആധുനികശാസ്ത്രം പറയുന്നു. അതിനാലായിരിക്കാം വ്യക്തിയേയും പ്രപഞ്ചത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് സമയത്തിലൂടെ ജ്യോതിര്‍ഗോളങ്ങളുടെ സ്ഥിതി നമ്മുടെ പൂര്‍വപിതാമഹന്മാര്‍ എടുത്തത്. ഇതിനെ താരതമ്യം ചെയ്യുവാന്‍ എളുപ്പമുള്ള ഒരു വിവരണമുണ്ട്. മാക്രോകോസം എന്ന പ്രപഞ്ചം അതിന്റെ ഭാഗമായ മൈക്രോകോസമിനെ സ്വാധീനിക്കുന്നു, അഥവാ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു. എങ്ങനെയെന്നാല്‍ ഗര്‍ഭകാലത്ത് അമ്മയുടെ ശാരീരികവും മാനസികവുമായ അവസ്ഥ അമ്മയുടെ ഭാഗമായി വളരുന്ന കുട്ടിയെ സ്വാധീനിക്കുന്നു, സ്വാധീനിച്ചികൊണ്ടേയിരിക്കുന്നു. 
പ്രപഞ്ചത്തിലെ ഓരോ സ്ഥിതിയും അതിന്റെ അംശമായ മനുഷ്യമൃഗാദികളേയും സ്വാധീനിക്കും. സമയനിര്‍ണയത്തില്‍ പൊതുവേ അനുശാസിക്കുന്ന നിയമങ്ങളുണ്ട്. വ്യക്തമായ ശാസ്ത്രീയാടിസ്ഥാന കാരണങ്ങളുണ്ടെങ്കിലും ധര്‍മ്മശാസ്ത്രത്തില്‍ വിവരണമുണ്ടെങ്കിലും ഈ ആചാര നിയമങ്ങള്‍ക്ക് ചിലപ്പോള്‍ ലംഘനവുമാകാം.
സാമാന്യമായി അനുശാസിക്കുന്ന ചില നിയമങ്ങളുണ്ട്. അത് ശീലത്തിന്റെ ഭാഗമാണ്. എല്ലാ ശുഭകര്‍മ്മങ്ങളും മധ്യാഹ്നത്തിനു മുന്‍പു നടത്തുന്നു. സൂര്യന്റെ ഉയര്‍ച്ചയുടെ സ്വാധീനം ലഭിക്കുവാനായിരിക്കും ഈ അനുഷ്ഠാനം. മനുഷ്യന്‍ ഊര്‍ജവാനായിരിക്കുന്നത് പ്രഭാതസമയത്താണല്ലോ! പൂജാകര്‍മ്മങ്ങള്‍ക്കുത്തമം പ്രഭാത, സായാഹ്ന സന്ധ്യകളാണ്. ഉദയാല്‍പര കര്‍മ്മങ്ങള്‍ നടത്തുന്നതാണ് ഉത്തമം പൂജാകര്‍മ്മങ്ങള്‍ക്ക് വെളുത്തവാവ് ദിവസം സന്ധ്യക്ക് ഉത്തമമാണ്. പിതൃകര്‍മ്മങ്ങള്‍ക്ക് കറുത്തവാവു ദിവസം പ്രഭാതത്തില്‍ ഉത്തമവും. ഇതില്‍ പുരാണത്തിന്റെയും സ്വാധീനമുണ്ട്. മംഗളകര്‍മ്മങ്ങള്‍ കറുത്തവാവു ദിവസവും, മറ്റു ദിവസങ്ങളില്‍ സൂര്യോദയത്തിനു മുന്‍പും നടത്താറില്ല. (ഗൃഹപ്രവേശം ഷോഡശകര്‍മ്മങ്ങള്‍ എന്നിവ) ചില പ്രത്യേക മാസങ്ങളില്‍ (ഉദാഃ കര്‍ക്കിടകമാസം) കേരളത്തില്‍ ഉയര്‍ന്ന വര്‍ഷപാതസമയമായതിനാല്‍ വിവാഹാദി മംഗള കര്‍മ്മങ്ങള്‍ വര്‍ജ്ജിക്കാറുണ്ട്. ഇതിന് മറ്റ് ജ്യോതിശാസ്ത്ര പ്രത്യേകതകളുള്ളതായി കാണുന്നില്ല.
കൃഷിയിറക്കുവാനും, കൊയ്യാനും ഭൂമി, സൂര്യ ചന്ദ്രന്മാര്‍ ഇവരുടെ ശുഭസ്ഥാനമാണ് സമയനിര്‍ണയത്തിനുപയോഗിക്കുന്നത്. അതായത് മാസം, പക്ഷം, തിഥി എന്നിവ (ഇവ സൂര്യ-ചന്ദ്ര-ഭൂവിനെ ആസ്പദമാക്കിയിരിക്കുന്നു.
ജ്യോതിഷത്തിലെ പ്രശ്‌നം, നിമിത്തം എന്നീ കാര്യങ്ങളില്‍ ആധുനിക ശാസ്ത്രത്തിന് വ്യക്തമായി ഒന്നുംതന്നെ പറയാനുണ്ടെന്ന് തോന്നുന്നില്ല. ദേവപ്രശ്‌നം ഈശ്വരീയ കര്‍മ്മങ്ങള്‍ക്കും, ക്ഷേത്രാചാരങ്ങള്‍ക്കും, വേണ്ടി പ്രപഞ്ച ശക്തിയുടെ ഉപദേശം തേടുന്നതുപോലുള്ള ഒരു ചടങ്ങാണ്. ഒരേ പ്രശ്‌നം, പല പ്രാവശ്യം ആവര്‍ത്തിച്ചാല്‍ ഒരേ ഉത്തരം ലഭിച്ചു എന്നുവരികില്ല. ആധുനിക ശാസ്ത്രത്തില്‍ പുനരാവര്‍ത്തനഫലവും പ്രാധാന്യമര്‍ഹിക്കുന്നു. പ്രശ്‌നത്തില്‍ അത് സാധ്യമാണെന്നു പറയുക അസാദ്ധ്യം.
നിമിത്തം/ശകുനം
സംസ്‌കാരത്തിന്റെ ആവിര്‍ഭാവഘട്ടം മുതല്‍ക്ക് ശകുനത്തിനും നിമിത്തത്തിനും മനുഷ്യരില്‍ സ്വാധീനമുണ്ടായിരുന്നു. ആധുനിക ശാസ്ത്രത്തിന്റെ വേലിയേറ്റത്തോടെ പലതും ഇല്ലാതായി.  മനുഷ്യനെ സ്വാധീനിക്കുന്ന പ്രപഞ്ചശക്തികള്‍ മനുഷ്യകര്‍മ്മത്തിന്റെ ആരംഭത്തില്‍ ശുഭാശുഭ സൂചനകള്‍ നല്‍കുമെന്ന് വിശ്വസിച്ചിരുന്നു. ഇതാണ് നിമിത്തത്തിനും ശകുനത്തിനും അടിസ്ഥാനം. ധൂമകേതു പ്രത്യക്ഷപ്പെടുന്നത് രാജ്യത്ത് തിക്തഫലങ്ങളുണ്ടാക്കുമെന്ന് ധരിച്ചിരുന്നു. ഇതുപോലെ ഉല്‍ക്കാപതനവും ചന്ദ്രന്റെ നിറം മാറുന്നതും തുടര്‍ച്ചയായി ഗ്രഹണങ്ങള്‍ ഉണ്ടാകുന്നതും രാഷ്ട്രം അഭിമുഖീകരിക്കുവാന്‍ പോകുന്ന ദുഃഖത്തിന്റെ ദുഃശകുനങ്ങളായി കണക്കാക്കിയിരുന്നു.
ചില കര്‍മ്മാരംഭത്തില്‍ കാണുന്ന പ്രതിഭാസങ്ങളും നിമിത്തങ്ങളായി എടുക്കാറുണ്ട്. ഭഗവദ്ഗീതയില്‍ (യുദ്ധാരംഭത്തിന് മുന്‍പ്) അര്‍ജുനന്റെ വരികള്‍ ശ്രദ്ധേയമാണ്. നിമിത്താനി ച പശ്യാമി വിപരീതാനി കേശവ വിപരീതങ്ങളായ നിമിത്തങ്ങള്‍, ഹേ കേശവാ ഞാനിതാ കാണുന്നു! ഒരു പക്ഷേ കര്‍മ്മാരംഭത്തിലെ നല്ല ശകുനങ്ങള്‍ വ്യക്തിക്ക് പ്രോത്സാഹനജനകമായി ഭവിച്ചേക്കാം. ദുഃശകുനങ്ങള്‍ പുനര്‍വിചിന്തനത്തിനും കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ നടത്തുന്നതിനുള്ള ശ്രമത്തിനും ഒരു സന്ദേശമായി എടുക്കുമെങ്കില്‍ അതില്‍ നന്മയുടെ ഒരു വശം കാണാം. ശവം, ഇറച്ചി തുടങ്ങിയവ നല്ല ശകുനമാണെന്നും ഭാണ്ഡം, പരുത്തി, ഒറ്റ ബ്രാഹ്മണന്‍ എന്നിവ കാണുന്നത് അശുഭമാണെന്നും പറയുന്നതുപോലുള്ളവ ആധുനിക കാലഘട്ടത്തില്‍ ശാസ്ത്രത്തിന് കയ്യൊഴിയേണ്ടിവരുന്നു.
വരാഹമിഹിരന്റെ ബൃഹത്‌സംഹിതയിലെ അനവധി അദ്ധ്യായങ്ങള്‍ ഇത്തരത്തിലുള്ള ശകുനത്തിന്റെയും നിമത്തത്തിന്റെയും വിവരണങ്ങള്‍ നല്‍കുന്നു. നായ, ചില പക്ഷികള്‍, കുറുക്കന്‍, പശുക്കള്‍, കുതിര, ആന, കാക്ക എന്നിവയുമായി ബന്ധപ്പെട്ട ശകുനവിവരണങ്ങള്‍ കാണാം. ആധുനിക കാലഘട്ടത്തില്‍ ഇവക്ക് പ്രത്യേക ശാസ്ത്രീയതയുണ്ടെന്ന് തോന്നുന്നില്ല...janmabhumi.

No comments: