Wednesday, March 21, 2018

ശ്രീരാമന്‍ വനവാസത്തിനുപോയപ്പോള്‍ സീതയോടൊപ്പം ലക്ഷ്മണനും കൂടെപ്പോകാന്‍ അനുവാദം ചോദിച്ചു. സുമിത്രാദേവിയുടെ അനുവാദത്തോടെ ലക്ഷ്മണന്‍ ശ്രീരാമനോടൊപ്പം പോയത് പിതൃതുല്യനായി ശ്രീരാമനെ ശുശ്രൂഷിക്കാനായിരുന്നു. രാമനെ ജ്യേഷ്ഠസഹോദരനായിട്ടല്ല ഗുരുതുല്യനായിട്ടാണ് ലക്ഷ്മണന്‍ കണക്കാക്കിയിരുന്നത്. രാമനെ സേവിച്ച് രാമനില്‍ നിന്നും ആത്മവിദ്യഗ്രഹിക്കണമെന്ന് ലക്ഷ്മണന് ആഗ്രഹമുണ്ടായിരുന്നു. ഇതറിഞ്ഞ ശ്രീരാമന്‍ നാലുപ്രാവശ്യം ലക്ഷ്മണന് ഉപദേശം നല്‍കുന്നുണ്ട്. 
അതില്‍ ആദ്യത്തേത് അയോദ്ധ്യാകാണ്ഡത്തിലാണ്. ശ്രീരാമന്റെ അഭിഷേകം മുടങ്ങിയതറിഞ്ഞ് ക്രോധാകുലനായി പിതാവിനെ ബന്ധിക്കാന്‍ നില്‍ക്കുന്ന ലക്ഷ്മണനെ ശ്രീരാമന്‍ സാന്ത്വനിപ്പിക്കുന്നതാണ് ഒന്നാമത്തെ ഉപദേശം. ലക്ഷ്മണ സാന്ത്വനം എന്നാണ് ഇതറിയപ്പെടുന്നത്. രണ്ടാമത്തെ ഉപദേശം ആരണ്യകാണ്ഡത്തിലാണ്. ശ്രീരാമന്‍ ഏകാന്തതയില്‍ വിശ്രമിക്കുമ്പോള്‍ ലക്ഷ്മണന്‍ അടുത്തുചെന്ന് മുക്തിമാര്‍ഗ്ഗം ഉപദേശിക്കണമെന്ന് ആവശ്യപ്പെടുന്നു. സാധകന് മുക്തികിട്ടാനുള്ള മാര്‍ഗ്ഗം ശ്രീരാമന്‍ ഉപദേശിച്ചുകൊടുത്തു. മൂന്നാമത്തെ ഉപദേശം കിഷ്‌കിന്ധാകാണ്ഡത്തിലാണ്. അവിടെ ലക്ഷ്മണന്‍ ചോദിച്ചത് ക്രിയാമാര്‍ഗ്ഗം ഉപദേശിക്കണമെന്നാണ്. കര്‍മ്മകാണ്ഡമായ പൂജാവിധികളെക്കുറിച്ചും അതിലൂടെ മുക്തിപ്രാപിക്കേണ്ട മാര്‍ഗ്ഗവും രാമന്‍ ഉപദേശിക്കുന്നു. നാലാമത്തെ ഉപദേശം ഉത്തരകാണ്ഡത്തിലാണ്. അധ്യാത്മരാമായണം മൂലത്തില്‍ ഉത്തരകാണ്ഡം അഞ്ചാം സര്‍ഗ്ഗത്തില്‍ 60 ശ്ലോകങ്ങളിലായി ശ്രീരാമന്‍ ലക്ഷ്മണന് ഉപേദേശിക്കുന്നതാണ് രാമഗീതയെന്നപേരില്‍  ആത്മീയാന്വേഷകര്‍ക്കിടയില്‍ പ്രസിദ്ധമായിരിക്കുന്നത്. ഈ ഉപദേശത്തില്‍ പൂര്‍ണ്ണമായി കര്‍മ്മകാണ്ഡത്തെ നിഷേധിക്കുന്നു. വളരെ അപൂര്‍വ്വവും വീജ്ഞാനപ്രദവുമാണ് രാമഗീത. ലൗകികജീവിതത്തില്‍ മുഴുകി ദുഃഖിക്കുന്നവര്‍ക്ക് മുക്തികിട്ടാനുള്ള വഴികളാണ് ഇവിടെ രാമന്‍ ലക്ഷ്മണന് ഉപദേശിച്ചുകൊടുക്കുന്നത്.  
കദാചിദേകാന്തമുപസ്ഥിതം പ്രഭും  
രാമം രമാലാളിതപാദപങ്കജം
സൗമിത്രിരാസാദിത ശ്രുദ്ധഭാവനഃ  
പ്രണമ്യ ഭക്ത്യാ വിനയാന്വിതോബ്രവീത് (1) 
  ഒരിക്കല്‍ ശുദ്ധവൃത്തിയോടുകൂടിയ ലക്ഷ്മണന്‍ രഹസ്യത്തില്‍ ഇരിക്കുന്നവനും പ്രഭുവും ശ്രീഭഗവതി പാദം തലോടുന്നവനുമായ രാമനെ സമീപിച്ച് ഭക്തിപൂര്‍വ്വം നമസ്‌കരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു. 
കുറിപ്പ്-ആത്മവിദ്യ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രഹസ്യമായി ഗുരുവിനെ സമീപിക്കണം .ഗുരുസേവ നടത്തി ഗുരുവിനെ പ്രസാദിപ്പിക്കണം. എന്നിട്ട് തന്റെ ആഗ്രഹം അറിയിക്കണം. 
ത്വം ശുദ്ധബോധോസി ഹി സര്‍വ്വദേഹിനാം  ആത്മാസ്യധീശോസി നിരാകൃതിസ്വയം
പ്രതീയസേ ജ്ഞാനദൃശാം മഹാമതേ പാദാബ്ജഭൃംഗാഹിതസംഗസംഗിനാം (2)
  അവിടുന്ന് പരിശുദ്ധജ്ഞാനവും സര്‍വ്വദേഹികളുടേയും ആത്മാവും എല്ലാവര്‍ക്കും സ്വാമിയും ആകൃതിയൊന്നുമില്ലാത്തവനുമാണ്. ഹേ മഹാമതേ അങ്ങയുടെ ഭക്തന്മാരുടെ പാദസംസര്‍ഗ്ഗം ലഭിച്ച ജ്ഞാനദൃഷ്ടികൊണ്ടുമാത്രമേ അങ്ങയെ ശരിയായി അറിയാന്‍ കഴിയൂ. 
കുറിപ്പ്- ഭഗവാനെക്കുറിച്ചുള്ള ജ്ഞാനമുണ്ടാകണമെങ്കില്‍ ഭഗവല്‍ഭക്തന്മാരുമായുള്ള സത്സംഗം വേണം. അവരില്‍ നിന്നാണ് ഈശ്വരനെക്കുറിച്ചറിയാന്‍ കഴിയുന്നത്...
sukumarananda

No comments: