Tuesday, June 19, 2018

17-14)
ശരീരംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടുമാണ് തപസ്സ് അനുഷ്ഠിക്കേണ്ടത്. അഭേദത്തെയാണ് പറയുന്നത്. ത്രിഗുണകാര്യമായ ഭേദംപിന്നീട് 17-ാം ശ്ലോകം മുതല്‍ വിവരിക്കുന്നുണ്ട്.
ദേവ-ദ്വിജ-ഗുരു-പ്രാജ്ഞ-പൂജനം- മനുഷ്യന്‍ പരമപ്രദ പ്രാപ്തിക്കുവേണ്ടി, ആത്മീയചര്യ അനുഷ്ഠിക്കുവാന്‍ വേണ്ടി, ശാരീരികമായ യോഗ്യത ആദ്യം നേടേണ്ടതുണ്ട്. ഒന്നാമത്തേത് ദേവപൂജ- ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സൂര്യന്‍, അഗ്‌നി മുതലായ ദേവന്മാരെ പൂജിച്ച് അനുഗ്രഹം പ്രാര്‍ത്ഥിക്കണം. അങ്ങനെ ദേവന്മാരെ പൂജിക്കുമ്പോള്‍ ദേവന്മാര്‍ ശ്രീകൃഷ്ണഭഗവാന്റെ വിഭൂതികള്‍ ആണെന്നും, ഭഗവാന്റെ അവയവങ്ങളില്‍ അവര്‍ സ്ഥിതിചെയ്യുന്നുവെന്നുമുള്ള അവബോധം മനസ്സില്‍ ഉണ്ടായിരിക്കണം. കാരണജലത്തില്‍ ആദിപുരുഷനായി ശയിക്കുന്ന ഭഗവാന്റെ നാഭിയില്‍ ബ്രഹ്മാവും നെറ്റിത്തടത്തില്‍ രുദ്രനും സ്വയം ഭഗവാന്‍ വിഷ്ണുരൂപത്തിലും അഗ്‌നി മുഖത്തിലും സൂര്യന്‍ നേത്രങ്ങളിലും ചന്ദ്രന്‍ മനസ്സിലും സ്ഥിതിചെയ്യുന്നുവെന്ന ബോധം നിലനിര്‍ത്തണം. സര്‍വദേവദേവീസ്വരൂപനായ ശ്രീകൃഷ്ണനെ പൂജിച്ചാല്‍ എല്ലാ ദേവന്മാരും പൂജിക്കപ്പെടകയും ചെയ്യും. വൃക്ഷത്തിന്റെ ചുവട്ടില്‍ ഒഴിക്കുന്ന വെള്ളം വേരുകള്‍ സ്വീകരിച്ച്, കൊമ്പുകളിലും ഇലകളിലും എത്തിക്കുന്നത് പോലെ എന്ന് ശ്രീനാരദ മഹര്‍ഷി പറഞ്ഞിട്ടുണ്ട്-
''യഥാതരോര്‍ മൂലനിഷേയനേന
തൃപ്യന്തിതത്‌സ്‌കന്ധഭുജോപശാഃ''
(ഭാഗ-4 - 31-14)
അന്യദേവന്മാരില്‍ അര്‍പ്പിക്കപ്പെടുന്ന പൂജ ഞാന്‍തന്നെയാണ്- ഈ കൃഷ്ണന്‍തന്നെയാണ് സ്വീകരിക്കുന്നതും ആരാധകര്‍ക്ക് ആ ദേവന്മാര്‍ വഴി അനുഗ്രഹം കൊടുക്കുന്നത് എന്ന് ഭഗവാന്‍തന്നെ 7-ാം അധ്യായത്തില്‍ പറഞ്ഞിട്ടുമുണ്ട്-
''ലഭതേ ചതതഃ കാമാന്‍
മയൈവ വിഹിതാന്‍ ഹി താന്‍ 
(ഗീ 7-22) 
കാനപ്രം കേശവന്‍ നമ്പൂതിരി

No comments: