Tuesday, June 26, 2018

ജനകസഭയില്‍ നടന്നതെല്ലാം സശ്രദ്ധം വീക്ഷിക്കുകയായിരുന്നു തപസ്വിനിയായ ഗാര്‍ഗ്ഗി. വചക്നുവിന്റെ പുത്രിയായ ഗാര്‍ഗ്ഗി ശാസ്ത്രബോധത്തിലും സദാചാരനിഷ്ഠയിലും അങ്ങേയറ്റം ഉന്നതനിലയിലുള്ള അത്ഭുതപ്രതിഭാസമായിരുന്നു. ഇത്രയധികം പാണ്ഡിത്യമേറിയ ഒരു സ്ത്രീ അക്കാലത്ത് അപൂര്‍വ്വവ്യക്തി തന്നെയായിരുന്നു. ബ്രഹ്മനിഷ്ഠന്മാരില്‍ താനാണ് കേമനെന്ന് തെളിയിക്കുന്നതിനും യാജ്ഞവല്ക്യനെ ശാസ്ത്രസംവാദത്തില്‍ പരാജയപ്പെടുത്താനുമുള്ള ബ്രഹ്മണപണ്ഡിതന്മാരുടെ കഠിനശ്രമങ്ങള്‍ നിഷ് പ്രയോജനങ്ങളാകവേയാണ് ഗാര്‍ഗ്ഗിയുടെ രംഗപ്രവേശനം.
ഒറ്റവാക്കില്‍ ഉത്തരം പറയേണ്ടുന്ന അനേകം ചോദ്യശരങ്ങളെ ഗാര്‍ഗ്ഗി തുടരെത്തുടരെ യാജ്ഞവല്ക്യനെതിരെ തോടുത്തുവിട്ടു. യാജ്ഞവല്ക്യന്‍ വസ്മയിച്ചു പോയി.
ഗാര്‍ഗ്ഗി ചോദിച്ചു:
“യാജ്ഞവല്ക്യ, ഈ കാണുന്ന ഭൂമി, ജലത്തില്‍ ഊടും പാവും വ്യാപിച്ചിരിക്കുകയാണെങ്കില്‍ ജലം എന്തില്‍ വ്യാപ്തമായിരിക്കുന്നു.”
യാജ്ഞവല്ക്യന്റെ മറുപടിയ്ക്ക് ചോദ്യത്തേക്കാള്‍ വേഗമുണ്ട്.
“വായുവില്‍.”
“വായുവോ?”
“അന്തരീക്ഷത്തില്‍.”
“അന്തരീക്ഷലോകങ്ങളോ?”
“ഗന്ധര്‍വ്വലോകങ്ങളില്‍.”
“ഗന്ധര്‍വ്വലോകങ്ങളോ?”
“ആദിത്യലോകത്തില്‍.”
“ആദിത്യലോകങ്ങളോ?”
“ചന്ദ്രലോകത്തില്‍.”
“ചന്ദ്രലോകങ്ങളോ?”
“നക്ഷത്രലോകങ്ങളില്‍.”
“നക്ഷത്രലോകങ്ങളോ?”
“ദേവലോകങ്ങളില്‍.”
“ദേവലോകങ്ങളോ?”
“ഇന്ദ്രലോകങ്ങളില്‍.”
“ഇന്ദ്രലോകങ്ങളോ?” ”
“പ്രജാപതിലോകങ്ങളില്‍”
“പ്രജാപതിലോകങ്ങളോ”
“ഹരിണ്യഗര്‍ഭലോകത്തില്‍,”
“ഹരിണ്യഗര്‍ഭലോകങ്ങളോ?”
‌”ഗാര്‍ഗ്ഗീ, നീ അതിരുകടന്നു ചോദിക്കരുത്! ഹിരണ്യഗര്‍ഭലോകത്തിനപ്പുറം യുക്തിക്കോ അനുമാനത്തിനോ അവസരമില്ല. അത് ആഗമനം കൊണ്ടു നേരിട്ടറിയേണ്ടതാണ്. അവിടെ ചോദ്യത്തിന് അര്‍ത്ഥമില്ല. അതിരുകടന്ന നീ അതിപ്രശ്നം ചെയ്യരുത്. സ്ഥൂലശരീരത്തിന് അറിയാന്‍ കഴിയാത്തതിനെ നീ അറിയാന്‍ ഇപ്പോള്‍ ആഗ്രഹിച്ചാല്‍ അത് നിന്റെ മരണത്തിനിടയാക്കും. അതിനാല്‍ നിന്റെ തല ഭൂമിയില്‍ ഭൂമിയില്‍ പതിക്കാനിടയുള്ള ചോദ്യത്തില്‍ ഇപ്പോള്‍ പിന്‍തിരിയുക.”
അതുകേട്ടപ്പോള്‍ ഗാര്‍ഗ്ഗി തെല്ലമ്പരന്നു. ചോദ്യങ്ങളില്‍ നിന്ന് തല്ക്കാലം പിന്തിരി‍‍ഞ്ഞു. യാജ്ഞവല്ക്യന്റെ വാക്കുകള്‍ ഫലിക്കാതിരിക്കാന്‍ ഗാര്‍ഗ്ഗി ശ്രദ്ധിച്ചു.
ഗാര്‍ഗ്ഗി പിന്തിരിയുന്നതു കണ്ട് അരുണപുത്രനായ ഉദ്ദാലകന്‍ സഭാതലത്തിലിറങ്ങി. പണ്ഡിതന്മാര്‍ക്കുകൂടി പേടിസ്വപ്നമായിരുന്ന ഉദ്ദാലകമഹര്‍ഷി വാഗ്‍വാദത്തിനു തയ്യാറായി വന്നപ്പോള്‍ ജനകമഹാരാജാവിന്റെ സഭയാകെ കോരിത്തരിച്ചു പോയി. ഗാര്‍ഗ്ഗിയുടെ അറിവ് അപാരമാണ്. യാജ്ഞവല്ക്യനോട് ഇനിയും പലരും ചോദിക്കണമെന്നും ആത്മീയസംവാദം തുടരണമെന്നും ഗാര്‍ഗ്ഗിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അധികം ചോദിച്ചാല്‍ തലപതിക്കുമെന്ന യാജ്ഞവല്ക്യന്റെ താക്കീത് ഗാര്‍ഗ്ഗിയെ ചിന്താകുഴപ്പത്തിലാക്കി. ശരീരനാശത്തില്‍ ലേശം ഭയം പോലും ഗാര്‍ഗ്ഗിക്കില്ല. എങ്കിലും സഭയെ മാനിച്ച് തല്‍ക്കാലം മിണ്ടാതിരുന്നു.
എല്ലാം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഉദ്ദാലകമഹര്‍ഷിയുടെ പുറപ്പാട്. തികച്ചും ശാന്തനായി അദ്ദേഹം യാജ്ഞവല്ക്യനോട് ചോദിച്ചു:
“അല്ലയോ യാജ്ഞവല്ക്യ, മഹാപണ്ഡിതന്മാരുടെ ഈ സഭയില്‍ ഏറ്റവും ശ്രേഷ്ഠനുവേണ്ടി ജനകമഹാരാജാവ് നീക്കിവെച്ച പശുക്കളെ നീ സ്വന്തമാക്കാന്‍ ശ്രമിച്ചു. അന്തര്യാമിയായ ആത്മാവിനെ അറിയാതെയാണ് നീ ബ്രഹ്മജ്ഞര്‍ക്കുള്ള പശുക്കളെ കൊണ്ടു പോകുന്നതെങ്കില്‍ നിന്റെ തല തെറിച്ചുപോകും! എന്റെ ചോദ്യങ്ങള്‍ക്ക് നീ ശരിയായ ഉത്തരം തരണം.” ഉദ്ദാലകന്‍ താക്കീതു നല്കി. അതോടെ മഹാസഭ വീര്‍പ്പടക്കി കാത്തിരുന്നു.
“അവിടുന്ന് ചോദിച്ചാലും.” യാജ്ഞവല്ക്യന്‍ സന്തോഷത്തോടെ സമ്മതിച്ചു. ഉദ്ദാലകന്‍ തന്റെ സംവാദം ആരംഭിച്ചു.
“യാജ്ഞവാല്ക്യ, ഞാനും കൂട്ടുകാരും പണ്ട് മദ്രദേശത്ത് പതഞ്ചലന്റെ വീട്ടില്‍ യജ്ഞശാസ്ത്രം പഠിച്ചുകൊണ്ടു താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ പത്നിക്ക് മിക്കവാറും ഒരു ഗന്ധര്‍വ്വബാധ ഉണ്ടാകുമായിരുന്നു. അപ്പോള്‍ ആ സ്ത്രീ ഗന്ധര്‍വ്വ രീതിയില്‍ പെരുമാറും.” ഒരിക്കല്‍ ഗന്ധര്‍വ്വന്‍ അവരുടെ ശരീരത്തില്‍ ആവേശിച്ചപ്പോള്‍ ഞങ്ങള്‍ അവളോട് ചോദിച്ചു.
“നീ ആരാണ്?”
“ഞാന്‍ ഗന്ധര്‍വ്വനാണ്. അഥര്‍വ്വന്റെ പുത്രനായ കബന്ധനാണ്!”
ഗന്ധര്‍വ്വന്റെ സംഭാഷണം കേട്ട് പതഞ്ചലനും മറ്റും ചുറ്റും കുടിനിന്നു. അപ്പോള്‍ ഗന്ധര്‍വ്വന്‍ പതഞ്ചലനോടും മറ്റുള്ളവരോടും പലതും ചോദിക്കാനാരംഭിച്ചു.
പതഞ്ചലന്റെ ഗന്ധര്‍വ്വബാധിതയായ പത്നി പതഞ്ചലനോട് ചോദിച്ചു:
“അല്ലയോ, പതഞ്ചലാ, നിങ്ങള്‍ എന്റെ ചോദ്യത്തിന് ഉത്തരം പറയുക. ഈ ജന്മവും വരും ജന്മവും എല്ലാ ഭൂതങ്ങളും പരസ്പരം കെട്ടപ്പെട്ടിരിക്കുന്നത് ഏതൊരു സൂത്രത്തിലാണെന്ന് അറിയാമോ?”
എനിക്കറിയില്ലെന്ന് പതഞ്ചലന്‍ പറഞ്ഞു.
ആ സ്ത്രീയില്‍ ആവേശിച്ചിരിക്കുന്ന ഗന്ധര്‍വ്വന്‍ അവിടെ കുടിയിരിക്കുന്നവരോട് വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചു നോക്കി.
ആര്‍ക്കും മറുപടി അറിയില്ലാതെ വന്നപ്പോള്‍ ആ ഗന്ധര്‍വ്വന്‍ സര്‍വ്വാന്തര്യാമിയായ ആത്മാവിനെക്കുറിച്ച് ഞങ്ങള്‍ക്കു പറഞ്ഞുതന്നു. അതുകൊണ്ട് അത് എനിക്കറിയാം. അല്ലയോ യാജ്ഞാവല്ക്യ, ഈ വിധം ഞങ്ങള്‍ അറിഞ്ഞ ആ ചരട് എന്താണെന്ന് ഇപ്പോള്‍ ഈ സഭയില്‍ പറയുക. അതറിയില്ലെങ്കില്‍ നിന്റെ തല തെറിച്ചുപോകും.”
ഈ വിധത്തിലുള്ള ഉദ്ദാലകമഹര്‍ഷിയുടെ താക്കീതു കേട്ടിട്ട് തെല്ലും പരിഭ്രമമില്ലാതെ യാജ്ഞവല്ക്യന്‍ പ്രതികരിച്ചു.
“ഗൗതമ, ആ സൂത്രത്തെയും അന്തര്യാമിയെയും എനിക്കറിയാം.”
“എനിക്കറിയാം എന്ന് ഏതൊരുവനും പറയാം. നിനക്കറിയാമെങ്കില്‍ അറിയുന്നതുപോലെ പറയുക.”
“ഗൗതമാ, എല്ലാത്തിനേയും ബന്ധിപ്പിക്കുന്ന ആ ചരട് വായുവാകുന്നു. വായുവിനാലാണ് ഈ ലോകവും പരലോകവും എല്ലാ ഭൂതങ്ങളും കെട്ടപ്പെട്ടിരിക്കുന്നത്.”
“ശരി. എങ്കില്‍ ഇനി അന്തര്യാമിയെക്കുറിച്ചു പറയുക.”
“ഭൂമി, ജലം, അഗ്നി, അന്തരീക്ഷം , വായു, ദ്യുലോകം, ആദിത്യന്‍, ദിക്കുകള്‍, ചന്ദ്രന്‍, ആകാശം, തമസ്സ്, തേജസ്സ്, പ്രാണന്‍, ഇന്ദ്രിയങ്ങള്‍, ബുദ്ധി, മനസ്സ് എന്നിവയുടെയെല്ലാം ഉള്ളില്‍ ഇരിക്കുന്നവനും ഇവയെല്ലാം നിയന്ത്രിക്കുന്നവനും എന്നാല്‍ ഇവകള്‍ക്കൊന്നും അറിയാന്‍ കഴിയാത്തവനുമാണ് ആ അന്തര്യാമി. നിന്റെ ആത്മാവും ആ അന്തര്യാമിയാകുന്നു. ഇവന് നാശമില്ല. ഇതൊഴിച്ചുള്ളതെല്ലാം നശിക്കുന്നു. ഇവന് നാശമില്ല. ഇതൊഴിച്ചുള്ളതെല്ലാം നശിക്കുന്നതാകുന്നു.”
ഇത്രയും കാര്യങ്ങളില്‍ ഓരോന്നിനേയും യാജ്ഞവല്ക്യന്‍ പ്രത്യേകം വിശദീകരിച്ചതോടെ അരുണപുത്രനായ ഉദ്ദാലകന്‍ സംവാദനത്തില്‍ നിന്നു പിന്മാറി.
ഉടനെ ഗാര്‍ഗ്ഗി ബ്രാഹ്മണന്മാരുടെ അനുവാദത്തോടെ സഭയിലേയ്ക്കു ചാടിയിറങ്ങി. അവിടെക്കുടിയിരുന്നവരോട് പറഞ്ഞു.
“പൂജ്യന്മാരായ ബ്രാഹ്മണന്മാരേ, ഇപ്പോള്‍ ഞാന്‍ ഇദ്ദേഹത്തിനോട് രണ്ടു ചോദ്യങ്ങല്‍ ചോദിക്കാം. ആ രണ്ടു ചോദ്യങ്ങള്‍ക്ക് എന്നോട് ഉത്തരം പറയുന്നുവെങ്കില്‍ നിങ്ങളില്‍ ആര്‍ക്കും ഇദ്ദേഹത്തെ ബ്രഹ്മവാദത്തില്‍ ജയിക്കുവാന്‍ സാധിക്കുകയില്ല.”
“ഗാര്‍ഗ്ഗീ, ഭയം വേണ്ട. ഞങ്ങള്‍ക്കുവേണ്ടി നീ തന്നെ ചോദിച്ചാലും.” സഭാവാസികള്‍ ഗാര്‍ഗ്ഗിക്ക് അനുവാദം കൊടുത്തു. അതോടെ ഗാര്‍ഗ്ഗിക്കു ഭയമെല്ലാം മാറി. അധികം ചോദിച്ചാല്‍ തന്റെ തല തെറിച്ചു പോകുമെന്ന് ഭീഷണിപ്പെടുത്തി തന്നെ സംവാദത്തില്‍ നിന്ന് പിന്തിരിപ്പിച്ച യാജ്ഞവല്ക്യനോട് വീണ്ടും ഏറ്റുമുട്ടുകയാണ്. ജനകമഹാരാജാവും ബ്രാഹ്മണ ശ്രേഷ്ഠന്മാരും അനുമതി നല്കിയതിനാല്‍ ഇനി ഭയപ്പെടേണ്ടതില്ല.
“അല്ലയോ, ശ്രേഷ്ഠനായ യാജ്ഞവല്ക്യ! ഞാന്‍ വീണ്ടും താങ്കളോട് സംവാദത്തിന് വരികയാണ്. ഇതില്‍ ഒരുപക്ഷേ താങ്കളുടെ വിജയം നിശ്ചയിക്കപ്പെടും. രണ്ടേ രണ്ടു ചോദ്യശരങ്ങള്‍ മാത്രമാണ് ഞാന്‍ താങ്കള്‍ക്കെതിരെ പ്രയോഗിക്കുന്നത്. ശൗര്യത്തിനു വിശ്രുതനായ കാശി രാജാവോ ശൂരവംശജനായ വിദേഹരാജാവോ യുദ്ധം കഴിഞ്ഞ് അഴിച്ചുവെച്ച വില്ലില്‍ വീണ്ടും ഞാണ്‍ കെട്ടി ശത്രുക്കളുടെ നേരെ ഏറ്റവുമധികം ശക്തിയേറിയ അമ്പുകളുമായി എഴുന്നേറ്റുവരുന്നതു പോലെ, താങ്കളുടെ മുമ്പില്‍ ഞാനും രണ്ടു ചോദ്യശരങ്ങളുമായി എഴുന്നേറ്റു നില്ക്കുകയാണ്. സാധ്യമെങ്കില്‍ ഇവയെ നേരിട്ട് ഉത്തരം തരിക. അല്ലെങ്കില്‍ പരാജയപ്പെട്ടതായി കരുതപ്പെടും. ഇതുവരെയുള്ള താങ്ങളുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത വിജയത്തെ ഈ ശരങ്ങള്‍ എതിരിടുന്നു.”
“ഗാര്‍ഗ്ഗീ, നീ ചോദിച്ചുകൊള്ളുക.”
കാഠിന്യമേറിയ ചോദ്യങ്ങള്‍ തന്നെയാകണം ഗാര്‍ഗ്ഗി പ്രയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കും മുന്‍കൂട്ടി വ്യക്തമായി.
“യാജ്ഞവല്ക്യ, ഈ അണ്ഡകപാലങ്ങളുടെ മുകളിലും താഴെയും മധ്യത്തിലും പണ്ടേ ഉണ്ടായിരുന്നതും ഇപ്പോള്‍ ഉള്ളതും ഇനി ഉണ്ടാകുവാന്‍ പോകുന്നതുമായ ഈ ജഗത്ത് ഏതിലാണ് ഊടും പാവും ഏകീഭവിക്കപ്പെട്ടിരിക്കുന്നത്? പറയൂ.”
“ആകാശത്തില്‍.”
യാജ്ഞവല്ക്യന്‍‍ ശരിയുത്തരം പറയുന്നതും ഗാര്‍ഗ്ഗി തല കുമ്പിട്ടു നമസ്കരിച്ചു. ഉടനെ രണ്ടാമത്തെ ചോദ്യം ഉന്നയിച്ചു
“ആ ആകാശം ഏതിലാണ് ഏകീഭവിച്ചിരിക്കുന്നത്?”
ആകാശം കാലദേശങ്ങള്‍ക്ക് അതീതമായതുകൊണ്ട് മറഞ്ഞു മനസ്സിലാക്കാന്‍ നന്നേ വിഷമമാണ്. അതുകൊണ്ട് ആകാശത്തിന് ഏകീഭാവം വരുന്നിടം പറഞ്ഞു മനസ്സിലാക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നു ഗാര്‍ഗ്ഗി കരുതി. വിശദീകരിക്കാനും പ്രയാസം. ഉത്തരം പറയാന്‍ വേഗം സാധ്യമല്ലാത്തതിനാല്‍ യാജ്ഞവല്ക്യന്‍ പരാജയപ്പെടുമെന്ന് ഗാര്‍ഗ്ഗി കരുതി.
“ഗാര്‍ഗ്ഗി, നീ ചോദിക്കുന്ന വസ്തു ഒരിക്കലും നാശമില്ലാത്തതാണ്. അതിന്റെ ഉപമ അതുതന്നെ. അതിനെ മറ്റോന്നിനോടും ഉപമിക്കാനാവുകയില്ല. അതുതന്നെ. അതല്ലാതെ മറ്റൊന്നില്ല. സാക്ഷാത് ബ്രഹ്മമാണത്. നാശമില്ലാത്ത ഇതിനെ അറിയാതെ ഹോമമോ യാഗമോ തപസ്സോ ചെയ്തിട്ടും ഫലമില്ല. ഇതിനെ അറിയാതെ മരിക്കുന്നവന്‍ കൃപണനാകുന്നു. അറിഞ്ഞവന് പിന്നെ പുനര്‍ജ്ജന്മമില്ല. അവന്‍ ബ്രഹ്മവുമായി ഏകീഭവിച്ചിരിക്കുന്നു. മുക്തനാകുന്നു.” തുടര്‍ന്ന് ബ്രഹ്മത്തെപ്പറ്റി ഗാര്‍ഗ്ഗിയോട് യാജ്ഞവല്ക്യന്‍ വിശദീകരിച്ചു. അതെല്ലാം കേട്ടിട്ട് ഗാര്‍ഗ്ഗി പരാജയം സമ്മതിച്ചു. മറ്റു ബ്രഹ്മണരോട് യാജ്ഞവല്ക്യനെ നമസ്ക്കരിക്കുവാനും നിങ്ങളുടെ കൂട്ടത്തില്‍ ഒരുവനും ബ്രഹ്മജ്ഞസംവാദത്തില്‍ യാജഞവലക്യനെ തോല്പ്പിക്കാനാവില്ലന്നും വ്യക്തമാക്കി.
ജനകസഭയില്‍ ഗാര്‍ഗിയുടെ തീക്ഷ്ണമായ ചോദ്യങ്ങള്‍ക്ക് അനായാസമാണ് യാജ്ഞവല്ക്യന്‍ ഉത്തരം നല്കിയത്. അതുകേട്ട് സംതൃപ്തയായി ഗാര്‍ഗ്ഗി. ഈ സഭയില്‍ യാജ്ഞവല്ക്യനേക്കാള്‍ വലിയൊരു പണ്ഡിതനുണ്ടാകാന്‍ സാധ്യതയില്ലെന്ന് അവള്‍ സമ്മതിച്ചു. ബ്രഹ്മജ്ഞരില്‍ ശ്രേഷ്ഠനുവേണ്ടി ജനകമഹാരാജാവ് വാഗാദാനം ചെയ്ത പശുക്കളെ യാജ്ഞവല്ക്യന്‍ സ്വീകരിച്ചതില്‍ അനുചിതമൊന്നുമില്ലെന്നും സഭയ്ക്കു ബോധ്യമായി. അവിടെക്കൂടിയ എല്ലാ ബ്രഹ്മണര്‍ക്കും അദ്ദേഹത്തിന്റെ ബ്രഹ്മിഷ്ഠത്വത്തെ സമ്മതിച്ചു കൊടുക്കാതെ തരമില്ലെന്നായി.
ഗാര്‍ഗ്ഗിയുടെ വിശദീകരണം യാജ്ഞവല്ക്യനെ പുകഴ്ത്തിക്കൊണ്ടായി. അദ്ദേഹത്തിന്റെ ശിഷ്യത്വം നേടുന്നതാണ് നല്ലതെന്നുവരെ അവള്‍ പറഞ്ഞുതുടങ്ങി.
ഇതെല്ലാം കണ്ടും കേട്ടും അവിടെ ഇരിക്കുകയായിരുന്ന ശകല്യന്റെ പുത്രനായ വിദഗ്ധന്‍ ഗര്‍വ്വോടെ എഴുന്നേറ്റു. അനേകം ശിഷ്യന്മാരോടൊപ്പമാണ് വിദഗ്ധന്‍ അവിടെ എത്തിയത്. സകലശാസ്ത്രങ്ങളിലും അറിവുള്ളവന്‍ എന്ന അഹങ്കാരവുമുണ്ട്. ശാകല്യന്‍ എന്ന പേരില്‍ പ്രസിദ്ധനുമാണ് അദ്ദഹം കുബുദ്ധികളായ ചിലര്‍ ശാകല്യനെ പുകഴ്ത്തി.
യാജ്ഞവല്ക്യനെതിരെ പറഞ്ഞ് പോരാട്ടത്തിനിറക്കി. യാജ്ഞവാല്ക്യനോട് ശാകല്യന്‍ ഇനി ചോദിച്ചറിയാനാണെന്ന് മറ്റുചിലര്‍ സംശയിച്ചു. എങ്കിലും പ്രഗത്ഭനും പ്രശസ്തനും ആചാര്യസ്ഥാനത്ത് പലരാലും പ്രതിഷ്ഠിക്കപ്പെട്ടവനുമായ ശാകല്യന്റെ രംഗപ്രവേശനം സഭയില്‍ ജിജ്ഞാസയും ആകാംക്ഷയും ഉളവാക്കി.
പ്രൗഢിയോടെ ശാകല്യന്‍ അഭിസംബോധന ചെയ്തു തുടങ്ങി.
“യാജ്ഞവല്ക്യാ, അവിടുത്തെ പാണ്ഡിത്യം പ്രശംസനീയം തന്നെ. എങ്കിലും ചിലത് ചോദിക്കാനുണ്ട്”
“അങ്ങ് ചോദിച്ചാലും.”
ഇത് ഒരു സംവാദമല്ല. ഏറ്റുമുട്ടലാണെന്നു തോന്നി. എന്തോ കഠിനമായി ഭാവിച്ചുകൊണ്ടാണ് സാകല്യന്‍ നില്ക്കുന്നത്. എന്തിനും തയ്യാറായി ശാകല്യന്റെ ശിഷ്യന്മാരും അനുചരന്മാരും ഭൃത്യന്മാരുമുണ്ട്.
സഭാവാസികള്‍ക്ക് ചെറിയ പരിഭ്രാന്തിയായി. ജനകമഹാരാജാവിന്റെ സഭയില്‍ വെച്ചാണന്നുള്ള ആശ്വാസം മിക്കവാറുമുണ്ട്.
“ചോദിക്കാം.” യാജ്ഞവല്ക്യന്റെ സ്വരവും കടുത്തു തുടങ്ങി.
“യാജ്ഞവല്ക്യരേ, ദേവന്മാരുടെ സംഖ്യ എത്ര?”
“വൈശ്യദേവന്റെ മന്ത്രപദശാസ്ത്രത്തില്‍ എത്ര സംഖ്യ പറയുന്നുവോ അത്രയുമുണ്ട്.”
“അതെത്രയാണ്?”
“മുന്നുറ്റിമൂന്നും മൂവായിരത്തിമൂന്നും വരും.”
“ശരിതന്നെ” എന്നു സമ്മതിച്ചു കൊടുത്തിട്ട് ശാകല്യന്‍ വീണ്ടും ചോദിച്ചു.
“വാസ്തവത്തില്‍ ഈ ദേവന്മാര്‍ എത്രയുണ്ടെന്ന് അറിയാമോ?”
“മുപ്പത്തിമൂന്ന്.”
“ശരി. മുപ്പത്തിമൂന്നുതന്നെ.”
ദേവന്മാരുടെ അനന്തതയില്‍ നിന്ന് ക്രമേണയുള്ള സാങ്കോചത്തേയും ആത്മാവിന്റെ സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേയ്ക്കുള്ള ഗതിയേയും അറിയാനാണ് ശാകല്യന്‍ വീണ്ടും വീണ്ടും ചോദിക്കുന്നത്. സഗുണോപാധിയായ ദേവതാഭേദങ്ങള്‍ ബ്രഹ്മത്തിനില്ല. സാക്ഷാത്ബ്രഹ്മം രൂപരഹിതമാണ്. ഏതൊരുവിധ ഭേദങ്ങളുമില്ല. ഉപാധിരഹിതമാകുമ്പോള്‍ നിശ്ചലത്വമാണ്. ഉപാധിയോടു ചേര്‍ത്താണ് ദേവന്മാര്‍ക്ക് എണ്ണം മറ്റുള്ളവര്‍ കല്പിക്കുന്നത്. ബ്രഹ്മത്തിന്റെ പാരമാര്‍ത്ഥിക ഭാവത്തിലാണ് ശാകല്യന്‍ ചോദിക്കുന്നത്. ചോദ്യത്തിന്റെ ലക്ഷ്യം കണ്ടെത്തിയുള്ള ഉത്തരമാണ് യാജ്ഞവാല്ക്യന്‍ നല്കുന്നതും. സഭയാകെ വിസിമയത്തിലാണ്.
“ഏതാണ് ആ മുപ്പത്തിമൂന്നുപേര്‍”
ശാകല്യന്‍ ചോദ്യം തുടര്‍ന്നു.
“​അഷ്ടവസുക്കളും ഏകാദശരുദ്രന്മാരും ദ്വാദശ ആദിത്യന്മാരും ഇന്ദ്രനും പ്രജാപതിയും കൂടി ചേര്‍ന്ന് മുപ്പത്തിമൂന്ന്!”
“വസുക്കള്‍ ആരെല്ലാമാണ്?”
“അഗ്നി, പൃഥ്വി, വായു, അന്തരീക്ഷം, ആദിത്യന്‍, ദ്യോവ്, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ഇവയാണ് വസുക്കള്‍.”
“വസുക്കള്‍ എന്നാല്‍ അര്‍ത്ഥമെന്താണ്? വിശദീകരിക്കാമോ?”
“വസുക്കളിലാണ് ഈ ജഗത്ത് വച്ചിരിക്കുന്നത്. പ്രാണികളെയെല്ലാം വസിപ്പിക്കുന്നത് ആണ് വസു. ജീവികളുടെ ശരീരാവയവങ്ങളെ നിര്‍മ്മിക്കുകയും അവയെ നിലനിര്‍ത്തുകയും പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും കര്‍‍‍‍മ്മഫലം അനുഭവിപ്പിക്കുകയും ചെയ്യുന്നത് വസുക്കളാണ്.‍ യാജ്ഞവല്ക്യന്‍ വിശദീകരിച്ചു.
തുടര്‍ന്ന് രുദ്രന്മാര്‍, ആദിത്യന്‍, പ്രജാപതി, ഇന്ദ്രന്‍ എന്നിവയെല്ലാം കുറിച്ച് ശാകല്യന്‍വിശദമായി ചോദിച്ചു. യാജ്ഞവല്ക്യന്‍ എല്ലാത്തിനും ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോള്‍ ശാകല്യന്‍’വാസ്തവത്തില്‍ ദേവന്മാരെത്രയുണ്ടെന്ന്’ വീണ്ടും ചോദിച്ചു. ശരിക്കും പറഞ്ഞല്‍ ദേവന്മാര്‍‍’ആറ്’ എണ്ണം മാത്രമേയുള്ളൂവെന്നായി യാജ്ഞവല്ക്യന്‍. ആ ആറെണ്ണത്തെക്കുറിച്ച് വളരെനേരം അനേകം സംശയങ്ങള്‍ ശാകല്യന്‍ ഉന്നയിച്ചു.
അഗ്നി, ഭൂമി, വായൂ, അന്തരീക്ഷം, ആദിത്യന്‍, ദ്യോവ് എന്നിവയെ എല്ലാം കുറിച്ച് യാജ്ഞവല്ക്യന്‍ വിസ്തരിച്ചു പറഞ്ഞു. എന്നിട്ടും ശാകല്യന് സംശയം കെട്ടടങ്ങിയില്ല. ശരിക്കും ദേവന്മാര്‍ എത്രയെന്ന് വ്യക്തമാക്കണമെന്നായി. എങ്കില്‍ ദേവന്മാര്‍ മൂന്നാണെന്നും അവ ‘ത്രിലോകങ്ങള്‍’ തന്നെയാണെന്നും യാജ്ഞവല്ക്യന്‍ സഭാവാസികള്‍ക്കു ബോധ്യപ്പെടുത്തിക്കൊടുത്തു. ഈ ലോകങ്ങളെ ആശ്രയിച്ചാണ് മറ്റു ദേവാദികള്‍ സ്ഥിതിചെയ്യുന്നത്.
അതെല്ലാം കേട്ടിട്ടും ‘ശരിക്കും ദേവന്മാര്‍ എത്രയാണെന്ന്’ ശാകല്യന്‍ ആരാഞ്ഞു.
“ദേവന്മാര്‍ രണ്ട്” മാത്രമാണ് യാജ്ഞവല്ക്യന്‍ വിശദീകരിച്ചുകൊടുത്തു.
അന്നവും പ്രാണനും. ഇവയില്ലെങ്കില്‍ ജീവന് നിലനില്പില്ല.”
“അപ്പോള്‍ ദേവന്മാര്‍ രണ്ടു തന്നെയെന്നത് വാസ്തവത്തില്‍ ശരിയാണോ? അതെത്രമാത്രമുണ്ട്?”
“അവര്‍ ഒന്നര വരും.”
“ഒന്നര എന്നാല്‍ എന്താണ്?”
“ഈ പവനം ചെയ്യുന്നവന്‍. അതായത് വായു എന്നര്‍ത്ഥം.”
“വായു ഒന്നായിട്ടു വീശുന്നതാണല്ലോ? പിന്നിങ്ങനെ അങ്ങനെ പറയാനാകും.” എന്നായി ശാകല്യന്‍. ഈ വായുവില്‍ അധിഷ്ഠിതമായിരിക്കുന്ന ജഗത്തെല്ലാം വൃദ്ധിയെ പ്രാപിക്കുന്നതിലാണ് അങ്ങനെ പറയുന്നത്.
യഥാര്‍ത്ഥതത്തില്‍ എല്ലാത്തിനും ദേവനായി സര്‍വ്വാന്തര്യാമിയായി ഒന്നുമാത്രമേയുള്ളൂ. അതിന് രൂപവും ഭാവവുമില്ല.
“എങ്കില്‍ ആ ദേവനാരാണെന്ന് വ്യക്തമാക്കിയാലും.”
“അത് എല്ലാത്തിന്റേയും പ്രാണനാണ്. ആ പ്രാണന്‍ ബ്രഹ്മമാകുന്നു. സര്‍വ്വദേവന്മാര്‍ക്കും ആത്മാവായിരിക്കുന്ന ബ്രഹ്മത്തിന്റെ വിഭൂതികളാണ് മുമ്പ് പറഞ്ഞ ദേവന്മാരെല്ലാം. മുന്നൂറ്റിമൂന്നും മൂവായിരത്തിമൂന്നും എന്ന് മുമ്പ് പറഞ്ഞത് ഈ വിഭൂതികളെ ഉദ്ദേശിച്ചാണ്. പാരമാര്‍ത്ഥികതലത്തില്‍ ബ്രഹ്മം നിര്‍ഗുണമാണ്. ബ്രഹ്മത്തിന്റെ സഗുണാവസ്ഥ കല്പനയാണ്. സര്‍വ്വാന്തര്യാമിയായിട്ടിരിക്കുന്ന സ്വസ്വരൂപത്തെ അറിഞ്ഞ് അതിലിരിക്കുന്നവനാണ് ബ്രഹ്മജ്ഞന്‍. എല്ലാം അറിയുന്നു. അവന് മരണമില്ല. അവന്റെ ദേവത അമൃതം ആകുന്നു.”
“പൃഥ്വിയാകുന്ന ശരീരത്തോടുകൂടിയവനായി ഒരു പുരുഷനുണ്ട്. ഏകദേവന്‍ അവനാണ്. അഗ്നികൊണ്ട് അവന്‍ എല്ലാം ദര്‍ശിക്കുന്നു. പ്രകാശസ്വരൂപമായ മനസ്സുകൊണ്ട് സങ്കല്പവികരണസംഘാതങ്ങള്‍ക്കും ആശ്രമമായിരുന്ന ആ പുരുഷനെ അറിയുന്നവന്‍ മാത്രമാണ് ജ്ഞാനി. ബ്രഹ്മിഷ്ഠന്‍. യാജ്ഞവല്ക്യ, നീ ആ പുരുഷനെ അറിയുമോ?”
യാജ്ഞവല്ക്യനും ശാകല്യനും തമ്മില്‍ ഈ വിധത്തില്‍ കടുത്ത സംവാദം തുടര്‍ന്നു.
ശാകല്യന്റെ ചോദ്യങ്ങള്‍ക്കല്ലാം യാജ്ഞവല്ക്യന്‍ ഉത്തരം നല്കി. അവസാനം ഇനി എന്തു ചോദിക്കണമെന്ന് ശാകല്യന് സംശയമായി. എങ്കിലും വീറോടെ പലതും ചോദിച്ചു.
“യാജ്ഞവല്ക്യ, നിന്റെ അറിവിനെ ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ നീ ആ പരമപുരുഷനെ അറിഞ്ഞിട്ടില്ല. അതു കൊണ്ട് ബ്രഹ്മിഷ്ഠനല്ല.”
“ശാകല്യ, നീ അവകാശപ്പെടുന്ന പുരുഷനെ എനിക്കറിയാം. ഈ ശരീരത്തിലുള്ള പുരുഷന്‍ തന്നെയാണ് അവന്‍, അല്ലേ? എന്തു പറയുന്നു?”
ശാകല്യന് ഉത്തരം മുട്ടി. ഇനിയൊന്നും ചോദിക്കാനില്ലാതെയായി. വല്ലാതെ നിന്നു വിഷമിക്കുന്നതു കണ്ട് യാജ്ഞവല്ക്യന്‍ പ്രോത്സാഹിപ്പിച്ചു.
“ശാകല്യ, മടിക്കുന്നതെന്തിന്? പഴയതുപോലെ ഇനിയും ചോദിച്ചുകൊള്ളുക. നിന്റെ ചോദ്യങ്ങളൊക്കെ അവസാനിച്ചുവോ?”
“യാജ്ഞവല്ക്യ, നിന്റെ പാണ്ഡിത്യം കേമംതന്നെ. പക്ഷേ, നീ വെറുതെ ഓരോന്നു പറയുന്നതാണോ അതോ ബ്രഹ്മത്തെ അറിഞ്ഞവനാണോ എന്ന് ഇവിടെ ഇപ്പോള്‍ തെളിയിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ ബ്രഹ്മനിഷ്ഠനാകുകയുള്ളു.” എന്നുക്രുദ്ധനായി പറ‍ഞ്ഞുകൊണ്ട് ശാകല്യന്‍ വളരെനേരം യാജ്ഞനെന്ന് അവകാശപ്പെടുന്ന യാജ്ഞവല്ക്യനോട് ആത്മാവിന്റെ ആകാശം, ദിക്കുകള്‍, പ്രകാശം, പഞ്ചഭൂതങ്ങള്‍, മനസ്സ്, പ്രാണാദികള്‍ തുടങ്ങിയ വിഭൂതികളിലെല്ലാം ഇങ്ങനെ സ്ഥിതിചെയ്യുന്നുവെന്ന് ചോദിച്ചറി‍ഞ്ഞു.
യാജ്ഞവല്ക്യന്റെ ഉത്തരങ്ങള്‍ കേട്ട് ശാകല്യന്‍ മിണ്ടാതെയായി.
തനിക്കുമുമ്പില്‍ വിഷാദിച്ചു നില്ക്കുന്ന ശാകല്യനെ യാജ്ഞവല്ക്യന്‍ പ്രോത്സാഹിപ്പിച്ചു.
“ശാകല്യാ, നിന്നെ ഈ ബ്രാഹ്മണര്‍ തീയില്‍ ചാടിച്ചിരിക്കുകയാണ്. ഇവര്‍ നിന്നെ ചുട്ടുപഴുത്ത തീക്കനലെടുക്കുവാനുള്ള കൊടിലാക്കി ഉപയോഗിച്ചു. അവര്‍ക്ക് ചൂടറിയുകയില്ല. പക്ഷേ കനലായ എന്നോടേറ്റ നിനക്ക് ചൂടറിയും. ചുട്ടു പഴുക്കും. ചാമ്പലാകും. പക്ഷേ നീ അതറിയുന്നില്ല.”
“അധിക്ഷേപിക്കുകയാണോ?”
“അല്ല. നീ അറിയാത്തതിനെക്കുറിച്ച് പറഞ്ഞു തരികയാണ്.”
“നീ ബ്രഹ്മത്തെ അറിയുന്നവനാണെങ്കില്‍ കുരുദേശത്തു നിന്നും പാഞ്ചാലദേശത്തുനിന്നുമൊക്കെ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന ബ്രഹ്മണരെ ഇങ്ങനെ അധിക്ഷേപിച്ചത് എന്തിന്? നീ ബ്രഹ്മിഷ്ഠനല്ല. എനിക്കിനിയും സംശയമുണ്ട്.” പരാജിതനും പരവശനും ക്രുദ്ധനുമായി തീര്‍ന്ന ശകല്യന്‍ വീണ്ടും ചോദിച്ചു. എല്ലാത്തിനും യാജ്ഞവല്ക്യന്‍ ഉത്തരം നല്കി.
യാജ്ഞാവല്ക്യന്റെ ബ്രഹ്മനിഷ്ഠ സഭയില്‍ വ്യക്തമായി. എല്ലാവരും ബഹുമാനപുരസ്സം എഴുന്നേറ്റു നിന്നു. അവരോട് ബ്രഹ്മത്തെക്കുറിച്ച് യാജ്ഞവല്ക്യന്‍ ഉപദേശം നല്കി.
പക്ഷേ എന്നിട്ടും ശാകല്യന്റെ ഗര്‍വ്വ് അടങ്ങിയിരുന്നില്ല. പണ്ഡിതംമന്യനായ അവന്‍ വീണ്ടും തര്‍ക്കിക്കുവാന്‍ ശ്രമിച്ചു. അപ്പോള്‍ യാജ്ഞവലക്യന്‍ പറ‍ഞ്ഞു.
“സഭാവാസികളേ, ഇത്രയൊക്കെ നിങ്ങള്‍ എന്നോട് ചോദിച്ചുവല്ലോ? ഇനി ഞാന്‍ നിങ്ങളോട് ചോദിക്കുവാന്‍ വിചാരിക്കുന്നു.”
“ചോദിക്കാം.” ശാകല്യന്റെ അഹങ്കാരം ശമിച്ചിട്ടില്ല.
“അല്ലയോ ശാകല്യ, നിന്നോടുതന്നെ ഞാന്‍ ചോദിക്കുന്നു. ഔപനിഷദപുരുഷനായിരിക്കുന്ന ആ പരമപുരുഷനെപ്പറ്റി നിനക്കറിയാമോ? ആ ഏകദേവനായ പുരുഷനെപ്പറ്റി നീ അറിഞ്ഞ‍ത് എന്നോട് പറയുക . നിനക്ക് അതരാണെന്ന് അറിയുമോ? നിനക്കറിയില്ലെങ്കില്‍ നിന്റെ തല തെറിച്ചു പോകട്ടെ!”
യാജ്ഞവല്ക്യന്റെ വാക്കുകള്‍ പൂര്‍ത്തിയായതും ശാകല്യന്റെ ശിരസ്സ് ഉടലില്‍ നിന്ന് വേര്‍പെട്ട് താഴെ വീണു. പിന്നാലെ ശരീരവും വീണു പിടഞ്ഞ് നിശ്ചലമായി. ഒന്നു നിലവിളിക്കാന്‍ കൂടി സമയം കിട്ടിയില്ല. രക്തവും മാംസവുമെല്ലാം തറയില്‍കിടന്ന് ദഹിച്ചുപോയി. ശിഷ്യന്മാര്‍ ഓടിവന്ന് ശാകല്യന്റെ അസ്ഥികള്‍ പെറുക്കി എടുത്ത് പട്ടുതുണികളില്‍ കെട്ടി വേഗം നാട്ടിലേയ്ക്കു മടങ്ങി. വഴിയ്ക്ക് കള്ളന്മാര്‍ അവരെ കണ്ടു, പട്ടുതുണിക്കൊട്ട് ദിവ്യമായിക്കൊണ്ടു പോകുന്നതിനാല്‍ എന്തോ വിലയേറിയത് അതിനുള്ളില്‍ ഉണ്ടെന്ന് കരുതി. പട്ടുതുണിക്കെട്ട് ധനമോ രത്നങ്ങളോ ആണെന്നു കരുതി ആക്രമിച്ചു കീഴടക്കി.
ബ്രഹ്മനിഷ്ഠയില്ലാതെ വേഷം കെട്ടി ശിഷ്യന്മാരോടെപ്പം സഭകള്‍ തോറും അഹങ്കരിച്ചു നടന്ന ശാകല്യന്റെ അന്ത്യം മറ്റു ബ്രാഹ്മണന്മാര്‍ക്ക് ഒരു താക്കീത് ആയിരുന്നു. ബ്രഹ്മജ്ഞാനികളുടെ അടുത്ത് വിനയപൂര്‍വ്വം പെരുമാറണം. ഉപനിഷദ്തത്ത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പരിഭവമുണ്ടാക്കരുത്. വേഷഭൂഷാദികളും ശിഷ്യഭൃത്യഗണങ്ങളും പെരുമകളും ഉണ്ടെന്നു കരുതി ധര്‍മ്മിഷ്ഠരോട് കുതര്‍ക്കത്തിനുപോയാല്‍ ജന്മം നഷ്ടമാകുമെന്ന് സഭാവാസികള്‍ക്കു ബോധ്യമായി. യാജ്ഞവല്ക്യന്‍ ഭയചകിതരായി നില്ക്കുന്ന സഭാവാസികളോട് ഉറക്കെ പ്രഖ്യാപിച്ചു.
“ഹേ സഭാവാസികളേ, പൂജ്യന്മാരായ ബ്രാഹ്മന്മാരേ, പണ്ഡിതന്മാരേ, ഇനിയും നിങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും ആത്മതത്ത്വത്തെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ മടിക്കണ്ട. ആ വ്യക്തിയ്ക്ക് എന്നോട് ചോദിക്കാം. അല്ലെങ്കില്‍ നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് എന്നോട് ചോദിച്ചു കൊള്ളുവിന്‍.”
അതിന് ആരും ധൈര്യപ്പെട്ടില്ല. യാജ്ഞവല്ക്യന്‍ സഭാ തലത്തിലിറങ്ങി ഉറക്കെ ചോദിച്ചു:
“എന്താണ് ആരും ഒന്നും ചോദിക്കരുത്. സംശയങ്ങളൊക്കെ അവസാനിച്ചുവോ? നിങ്ങളോട് വേണമെങ്കില്‍ ഞാന്‍ ചോദിക്കാം. ആരെങ്കിലും ആഗ്രഹിക്കുന്നു വെങ്കില്‍ ഞാന്‍ അവരോട് ചോദിക്കാം. അല്ലെങ്കില്‍, നിങ്ങള്‍ എല്ലാവരോടും ചോദിക്കാം. എന്തുവേണം?”
നിശ്ശബ്ദത. ആര്‍ക്കും ധൈര്യമില്ല. മറുപടി ഇല്ല. എല്ലാവരും തലകുനിച്ചു നിന്നു. ആത്മജ്ഞാനിയായ ജനകമഹാരാജാവ് ഇതെല്ലാം കണ്ടും കേട്ടും സാക്ഷിസ്വരൂപനായി നിലകൊണ്ടു. അദ്ദേഹം യാജ്ഞവല്ക്യനെ നോക്കി മന്ദഹസിച്ചു. തന്റെ മുമ്പില്‍ തൊഴുകരങ്ങളുമായി നില്ക്കുന്ന ബ്രാഹ്മണന്മാരോടും പണ്ഡിതകേസരികളോടും യാജ്ഞവല്ക്യന്‍ ആത്മോപദേശപ്രഭാഷണം നടത്തി. ആത്മസാക്ഷാത്ക്കാരത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഉപദേശിച്ചിട്ട് ജനകമഹാരാജാവിനോട് യാത്രപറഞ്ഞ് സഭവിട്ടിറങ്ങി ആശ്രമത്തിലേയ്ക്ക് നടന്നു.
ഓം തത് സത്
അലംബം – ബൃഹദാരണ്യകോപനിഷത്ത്.
sreyas

No comments: