Friday, June 22, 2018

പൃഥ്വീ സഗന്ധാ സരസാസ്തഥാപഃ 
സ്പര്‍ശീ ച വായുര്‍ജ്വലിതം ച തേജഃ
നഭഃ സശബ്ദം മഹതാ സഹൈവ
കുര്‍വന്തു സര്‍വേ മമ സുപ്രഭാതം
 ആളുകളോട് ഗുഡ് മോണിങ് പറയുന്നതിനു തുല്യമായ ഒരു ആചാര്യവുമില്ല. സാധാരണയായി നാം നമസ്‌തേ അല്ലെങ്കില്‍ നമോ നമഃ എന്നു പറഞ്ഞു പരസ്പരം എതിരേല്‍ക്കുന്നു. ഈ ശ്ലോകം കുറച്ചുകൂടി ഉയര്‍ന്ന മികവുറ്റ അഭിവാദ്യമാണ്. തന്നേത്തന്നെ അഭിവാദനം ചെയ്യുകയാണിവിടെ. വേറെ ആരുടേയും അഭിവാദനത്തിനു നാം കാത്തുനില്‍ക്കുന്നില്ല. നമ്മുടെ പ്രാര്‍ഥന കൊണ്ടും സങ്കല്‍പം കൊണ്ടും പ്രപഞ്ചഘടകങ്ങളായ പഞ്ചഭൂതങ്ങളെയും, മഹാസ്രഷ്ടൃ ബുദ്ധിയേയും കൊണ്ട് നമ്മെ അഭിവാദനം ചെയ്യിക്കുന്നു. മനുഷ്യമനസ്സിന്റെ വിശാലതയും വൈഭവവുമാണിത്.
ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവ പഞ്ചഭൂതങ്ങളാണ്. മഹത്ത് എന്ന സ്രഷ്ടൃബുദ്ധിയും നമ്മോടു നേരിട്ട് ഒന്നും പറയുന്നില്ല; എന്നാല്‍ പ്രപഞ്ചം മുഴുവന്‍ ഇവയില്‍ നിന്നുണ്ടായതാണ്. നമ്മുടെ ഇന്ദ്രിയശക്തിയും ആന്തരശക്തികളുമൊക്കെ നിര്‍ഗളിയക്കുന്നതും ഇവയില്‍നിന്നു തന്നെ. 
ഭൂമിയുടെ ഗുണം ഗന്ധവും, ജലത്തിന്റേതു രസവും, വായുവിന്റേതു സ്പര്‍ശവും, അഗ്നിയുടേതു പ്രകാശവുമാണ്. ആകാശത്തിന്റേതാണ് ശബ്ദം. ഈ ശ്ലോകത്തിലെ അനുഗ്രഹ സൂചന ഇതാണ്: സുഗന്ധമാര്‍ന്ന ഭൂമി, രസപൂരിതമായ ജലം, സ്പര്‍ശയുക്തമായ വായു, തേജസ്സിയന്ന അഗ്നി, ശബ്ദപ്രസരകമായ ആകാശം, ഇവ സ്രഷ്ടൃബുദ്ധിയോടു ചേര്‍ന്ന് എനിക്കു പ്രഭാതം മംഗളകരമാക്കട്ടെ. 
നാം പഞ്ചഭൂതങ്ങളില്‍നിന്നു ജനിച്ചവരാണ്. നമ്മുടെ ജീവന്റേയും ഇന്ദ്രിയങ്ങളുടേയും ശക്തികള്‍ അവയില്‍നിന്നുണ്ടായതാണ്. പഞ്ചഭൂതങ്ങളില്‍ ഈ ശക്തികളെല്ലാം സൂക്ഷ്മരൂപത്തില്‍ നിലകൊള്ളുന്നില്ലെങ്കില്‍, ഇതെങ്ങനെ സാധ്യമാവും?  അതു മാത്രമല്ല, ശ്വസിക്കുക, സംസാരിക്കുക, കാണുക, രുചിക്കുക എന്നിങ്ങനെയുള്ള വിവിധകര്‍മങ്ങളടങ്ങിയ നമ്മുടെ ജീവിതം ഈ പഞ്ചഭൂതങ്ങളുടെ പ്രഭാവവിശേഷം കൊണ്ടുമാത്രമാണ് സാധ്യവും സുഗമവുമാവുന്നത്. 
മുനിമാര്‍ പൊതുവേ ഏകാന്തജീവിതം നയിക്കുന്നു. കാടുകളില്‍ ജീവിച്ചിരുന്ന ഭരദ്വാജന്‍, വാല്മീകി, വേദവ്യാസന്‍, അംഗിരസ്സ് തുടങ്ങിയ മഹര്‍ഷിമാരെ ഓര്‍ക്കുക. അവരോടു ഗുഡ് മോണിങ് പറയാന്‍ ആരും പോകില്ലല്ലോ. തപസ്വികള്‍ വിശാലവും സാര്‍വലൗകികവുമായ മംഗളചിന്തയോടെ ഉണരുന്നവരാണ്. സ്വാഭാവികമായും അത്തരം വിചാരധാരകള്‍ അവരില്‍നിന്നും സദാ പുറപ്പെട്ടുകൊണ്ടേയിരിക്കും. അപൗരുഷേയമായ, പരമദിവ്യമായ, ഇത്തരം മഹത്സങ്കല്പങ്ങളും ഗാഢഭാവങ്ങളും താത്കാലികം പോലെ ദൂരവ്യാപകവുമായ ഫലങ്ങള്‍ ആനയിക്കുന്നവയാണ്.
ആത്മീയ ആവേശത്തിനും പ്രോത്സാഹനത്തിനും വേണ്ടി സദാ പുറത്തേക്കു നോക്കിയിരിക്കരുത്. പ്രചോദനം വേണമെങ്കില്‍ അതു സ്വയം ഉളവാക്കുക. ധന്യത വേണമെങ്കില്‍ ശ്രേഷ്ഠവിചിന്തനംകൊണ്ട് അതും ജനിപ്പിക്കുക. സാധാരണയായി മനസ്സു സങ്കുചിതാവസ്ഥയിലിരിക്കുന്നു. നല്ല ജീവിതം നയിക്കാന്‍ അതൊരുക്കമല്ല. ഈ ദുര്‍നയം തിരുത്തിയെടുക്കണം. വിശാലതയും വിവേകവും ഉന്നമനവും സ്വായത്തമാക്കാതെ പറ്റില്ല. അപ്പോഴേ സംഘര്‍ഷങ്ങളും അപസ്വരങ്ങളും ഒഴിവായി ജീവിതം മംഗളപൂരിതമാകയുള്ളു.
Website: www.swamibhoomanandatirtha.org

No comments: