''ഇത്യേവം വദന്തി ജനജല്‍പനിര്‍ഭയാഃ ഏകമതാഃ
കുമാര; വ്യാസ, ശുക, ശാണ്ഡില്യ, ഗാര്‍ഗ, വിഷ്ണു
കൗണ്ഡിന്യ ശേഷോദ്ധവാരുണി ബലി,
ഹനുമദ്വിഭീഷണാദയോ ഭക്താചര്യാഃ''
നിര്‍ഭയമായി എല്ലവരും തന്നെ അംഗീകരിക്കും ഭക്ത്യാചാര്യന്മാരില്‍ ഏറ്റവും ശ്രേഷ്ഠന്മാരാണ് സനത്കുമാരാദികളെന്ന്. സനത്കുമാരന്‍, സനകന്‍, സനന്ദനന്‍, സനാതനന്‍, വ്യാസന്‍, ശുകന്‍, ശാണ്ഡില്യന്‍, ഗര്‍ഗന്‍, വിഷ്ണു, കൗണ്ഡിന്യാന്‍, ആദിശേഷന്‍, ഉദ്ധവര്‍, ആരുണി, മഹാബലി, ഹനുമാന്‍, വിഭീഷണന്‍ തുടങ്ങിയവരെല്ലാം ഭക്ത്യാചരണത്തില്‍ ഉത്തമന്മാരായിരുന്നുവെന്ന് പണ്ഡിതന്മാരെല്ലാം ഏകാഭിപ്രായത്തില്‍ പറയും.
എന്നാല്‍ വിനയം കൊണ്ടാകാം ഈ പട്ടികയില്‍ നാരദര്‍ സ്വന്തം പേര് പരാമര്‍ശിച്ചിട്ടില്ല. തന്റെ ശിഷ്യന്മാരായ പ്രഹ്ലാദന്റെയും ധ്രുവന്റെയും പ്രിയവ്രതന്റെയും പ്രാചീന ബര്‍ഹിസിന്റെയും പേരുകളൊന്നും ഇതില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ശിഷ്യനായ ശ്രീ വേദവ്യാസന്റെ പേര് പരാമര്‍ശിക്കുകയും ചെയ്തു. അഷ്ടാദശ പുരാണങ്ങളുടെ കര്‍ത്താവായ വേദവ്യാസനെ, ഭഗവാന്‍ വേദവ്യാസനെ ഇക്കാര്യത്തില്‍ പരാമര്‍ശിക്കാതിരിക്കാനാവില്ല. വേദവ്യാസനെ പരാമര്‍ശിക്കാതെ ശുകമഹര്‍ഷിയുടെ പേര് പരാമര്‍ശിക്കാനുമാവില്ലല്ലോ.
ഇവിടെ നാരദര്‍ ചൂണ്ടിക്കാട്ടിയതില്‍ ആദ്യ പേര് സനത്കുമാരന്മാര്‍ എന്നും സനകാദികള്‍ എന്നും അറിയപ്പെടുന്ന സനത്കുമാരന്‍, സനകന്‍, സനന്ദനന്‍, സനാതനന്‍ എന്നീ നാലുപേരുടേതാണ്. ഭക്തിജ്ഞാന വൈരാഗ്യാദികളുടെ രക്ഷയ്ക്കായി പണ്ട് നാരദമഷര്‍ഷിക്ക് ഭാഗവതം ഉപദേശിച്ചത് ഈ സനത്കുമാരാദികളാണ്.
വ്യാസന്‍ പറഞ്ഞുകൊടുത്ത ഭാഗവതം പരീക്ഷിത്തിനു പറഞ്ഞുകൊടുത്തത് ശുകമഹര്‍ഷിയാണ്. ഭക്തിസൂത്രം രചിച്ചയാളാണ് ശൗണ്ഡില്യമഹര്‍ഷി. ശ്രീകൃഷ്ണന്റെ കുലഗുരുവാണ് ഗര്‍ഗമഹര്‍ഷി. അനേക സ്മൃതികളുടെ കര്‍ത്താവാണ് വിഷ്ണു. ഭക്തിസാധനകളെക്കുറിച്ച് വിശദമാക്കിയ മറ്റൊരു മഹര്‍ഷിയാണ് കൗണ്ഡിന്യന്‍.
ഹയഗ്രീവാദികള്‍ക്ക് ഭഗവത് തത്വങ്ങള്‍ ഉപദേശിച്ചത് ആദിശേഷനായ സങ്കര്‍ഷണനാണ്. ശ്രീകൃഷ്ണ ഭഗവാന്‍ നേരിട്ട് ഉപദേശം നല്‍കിയ ബുദ്ധിസത്തമനാണ് ബൃഹസ്പതി ശിഷ്യനായ ഉദ്ധവര്‍. ഭക്തിയുടെ മാഹാത്മ്യത്തെ വിശദമാക്കി ഒരാചാര്യനാണ് ആരുണി. സര്‍വവും ഭഗവത്പാദത്തില്‍ സമര്‍പ്പിച്ച് ശിരസില്‍ ഭഗവത് പാദങ്ങള്‍ അണിഞ്ഞവനാണ് മഹാബലി. ദാസ്യഭക്തിയുടെ ആചാര്യനാണ് മാരുതി ഹനുമാന്‍. രാമപാദസേവക്കു വേണ്ടി വംശത്തെത്തന്നെ ഉപേക്ഷിച്ചയാളാണ് വിഭീഷണന്‍.
ഇവരെല്ലാം സങ്കോചം കൂടാതെ ആരെയും ഭയപ്പെടാതെ ഭഗവത് മാഹാത്മ്യങ്ങള്‍ പ്രചരിപ്പിച്ച ആചാര്യന്മാരാണ്...janmabhumi
No comments:
Post a Comment