Tuesday, June 26, 2018

ഭൂമാവ് എന്ന ബ്രഹ്മം ഏകവും അദ്വയവും നിരാകാരവും നിര്‍ഗുണവും നിഷ്‌ക്രിയവും നിര്‍വികല്പവും നിത്യവും സത്യവുമായതാണെന്ന് അറിയണം. അതിനാലാണ് അത് അമൃതമായത്.
ഇന്ദ്രിയങ്ങള്‍, മനസ്സ് തുടങ്ങിയവയെക്കൊണ്ട് തന്നില്‍ നിന്ന് വേറെയുള്ള ഒന്നിനെയേ അറിയാനാകൂ.... ബ്രഹ്മത്തില്‍ അന്യദര്‍ശനമോ വിഷയങ്ങളോ ഇല്ല. ക്രിയാ കാരക ഫലം മുതലായ ഭേദങ്ങളും ഇല്ലാത്തതിനാല്‍ സംസാരം ഉണ്ടാകില്ല.
അന്യനെ കാണുന്നതും അറിയുന്നതും അവിദ്യയുടെ ഫലമാണ്. അറിവില്ലായ്മയിലുണ്ടാകുന്ന അനുഭവങ്ങള്‍ അറിവ് നേടുമ്പോള്‍ ഇല്ലാതാകും. ഇവയ്ക്ക് അല്പകാലത്തേക്ക് മാത്രമേ നിലനില്‍പ്പുളളൂ. സ്വപ്
ന ലോകം സ്വപ്‌ന സമയത്ത് മാത്രമാണ് ഉള്ളത്. രണ്ടില്ലാത്ത ഒന്നു മാത്രമായ ഭൂമാവിലേക്ക് ഉണര്‍ന്നാല്‍ നാമരൂപങ്ങളോട് കൂടിയ ഈ ജഗത്ത് വെറും സ്വപ്‌ന ലോകം പോലെയാകും. ഒന്നിനേയും ആശ്രയിക്കാത്ത ഭൂമാവ് മാത്രമേ വാസ്തവത്തില്‍ ഉളളൂ ..
ഗോ അശ്വമിഹ മഹിത്യാചക്ഷതേ ഹസ്തി 
ഹിരണ്യം ദാസഭാര്യം......
ലോകത്തില്‍ പശുക്കള്‍, കുതിരകള്‍, ആനകള്‍ സ്വര്‍ണ്ണം, ദാസന്‍മാര്‍, ഭാര്യമാര്‍, വയലുകള്‍, വീടുകള്‍ എന്നിവയെയൊക്കെ മഹിമാവായി പറയുന്നു. ഞാന്‍ അങ്ങനെയുള്ള മഹിമാവിനെയല്ല പറയുന്നത്.  എന്തുകൊണ്ടെന്നാല്‍ മറ്റൊന്നാണല്ലോ മറ്റൊന്നില്‍ പ്രതിഷ്ഠിതമായിരിക്കുന്നത്.
 സ്വന്തം മഹിമാവില്‍ പ്രതിഷ്ഠിതമെന്നും അല്ലെങ്കില്‍ പ്രതിഷ്ഠിതമല്ലെന്നും പറയുന്നത് അന്യോന്യ വിരുദ്ധമായി തോന്നാന്‍ ഇടയുണ്ട്. ഒരാള്‍ മഹിമാവിനെ ആശ്രയിച്ചു എന്ന് പറയുമ്പോള്‍ വീട്, കുടുംബം, സ്വത്ത് മുതലായവയെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഭൂമാവിനെ സംബന്ധിച്ചിടത്തോളം തന്നില്‍ നിന്ന് അന്യമായി മറ്റൊന്ന് ഇല്ലാത്തതിനാല്‍ വേറെ ആശ്രയം ഉണ്ടാകാന്‍ വഴിയില്ല.
സ ഏവാധസ്താത സ ഉപരിഷ്ടാത് സ പശ്ചാത് സ പുരസ്താത് സ ദക്ഷിണത: സ ഉത്തരത: സ ഏവേദം സര്‍വ്വ മിത്യാ ഥാ തോ ള ഹങ്കാരാദേശ ഏവാഹമേവാധസ്താദഹമുപരിഷ്ടാദ ഹം പശ്ചാദഹം പുരസ്താഹം ദക്ഷിണ തോള ഹമുത്തര തോള ഹമേവേദം സര്‍വ്വമിതി.
ആ ഭൂമാവ് തന്നെയാണ് താഴെയും മുകളിലും മുന്നിലും പിന്നിലും വലത്തും ഇടത്തും എല്ലാം. ഇതെല്ലാം ആ ഭൂമാവ് തന്നെ. ഇനി അഹം എന്ന ഭാവത്തെക്കുറിച്ചുള്ള ആദേശം പറയുന്നു.ഞാന്‍ തന്നെയാണ് താഴേയും മേലേയും പിന്നിലും മുന്നിലും .വലത്തും ഇടത്തും ഞാന്‍ തന്നെ. ഇതെല്ലാം ഞാന്‍ തന്നെയാണ്.
എല്ലായിടത്തും ഭൂമാവല്ലാതെ മറ്റൊന്നുമില്ല. ഈ കാണുന്നതെല്ലാം ഭൂമാവ് തന്നെയാകുന്നു.
 ഭൂമാവല്ലാതെ വേറൊന്നുണ്ട് എങ്കില്‍ ഭൂമാവ് അതില്‍ പ്രതിഷ്ഠിതമാണ് എന്ന് പറയാമായിരുന്നു.എന്നാല്‍ അങ്ങനെ ഒന്നില്ല എന്നതിനാല്‍ ഒന്നിലും പ്രതിഷ്ഠിതമല്ല എന്ന് പറയുന്നു. സ്വന്തം മഹിമയില്‍ പ്രതിഷ്ഠിതമാണെന്ന് പറഞ്ഞത്  അല്പബുദ്ധികളായവരെ തൃപ്തിപ്പെടുത്താനാണ്. വ്യാവഹാരിക തലത്തില്‍ വൈവിധ്യം തോന്നാറുണ്ട്, അത് ബ്രഹ്മത്തിന്റെ മഹിമാവാണ് ആ കാഴ്ചപ്പാടില്‍ അങ്ങനെ പറയാം.
ജീവനില്‍ നിന്ന് വേറെയാണ് ഭൂമാവ് എന്ന സംശയത്തെ നീക്കാനാണ് അഹങ്കാരാദേശം പറഞ്ഞത്. ഞാന്‍... ഞാന്‍.. എന്നഭിമാനിക്കുന്ന ജീവാത്മാവും എല്ലാമായിരിക്കുന്ന ഭൂമാത്മാവും ഒന്നു തന്നെയെന്നറിയണം. ഭൂമാവ് എല്ലാ ദിക്കിലും നിറഞ്ഞവനാണ്. പശ്ചാത്, പുരസ്താത് തുടങ്ങിയവ പടിഞ്ഞാറ് തുടങ്ങിയ ദിക്കുകളേയും സൂചിപ്പിക്കുന്നു. ഞാന്‍ തന്നെയാണ് എല്ലായിടത്തും എന്ന് ബോധ്യപ്പെടണം.
 അഥാത ആത്മാദേശ ഏവാത്മൈ 
വാധസ്താദാത്മോ പരിഷ്ടദാത്മാ.........
ഇനി ആത്മാവിനെപ്പറ്റിയുള്ള ആദേശമാണ് 
എല്ലായിടത്തും ആത്മാവിനെ കാണുകയും മനനം ചെയ്യുകയും അറിയുകയും ചെയ്യുന്നയാള്‍ ആത്മാവില്‍ തന്നെ രമിക്കുകയും ക്രീഡിക്കുകയും ദ്വന്ദ്വ സുഖം അനുഭവിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു. അയാള്‍ എല്ലാ ലോകങ്ങളിലും ഇഷ്ടം പോലെ സഞ്ചരിക്കുന്നു. ഇങ്ങനെയല്ലാതെ മറ്റു വിധത്തില്‍ അറിയുന്നവര്‍ക്ക് വേറെ രാജാക്കന്‍മാരും ക്ഷയിക്കുന്ന ലോകങ്ങളുമാകും കിട്ടുക. എല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകില്ല...janmabhumi

No comments: