Monday, May 01, 2017

ഭഗവദ്ഗീത ഒരു സ്‌നാനഘട്ടം

ഒരു കയ്യിലെ രണ്ട് വിരലഗ്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ മനുഷ്യനൊഴിച്ച് മറ്റൊരു ജീവിക്കും സാധ്യമല്ലെന്നു പണ്ഡിതമതം. ആദ്യകാലത്ത് മനുഷ്യനും ഇതാകുമായിരുന്നോ എന്നു നിശ്ചയമില്ല. ഏതായാലും മനുഷ്യന്‍ മൃഗത്വത്തില്‍നിന്നും ഉയരാന്‍ തുടങ്ങിയത് അതിനുശേഷമായിരിക്കണം. ഭാരതീയ ഋഷിമാര്‍ ജ്ഞാനമുദ്രയായി കണ്ടെത്തിയിട്ടുള്ളത് പെരുവിരലിന്റെയും ചൂണ്ടുവിരലിന്റെയും അഗ്രങ്ങള്‍ കൂട്ടിമുട്ടിച്ചാണ്.
ജ്ഞാനമാണ് മനുഷ്യനെയും മൃഗത്തെയും തമ്മില്‍ വേര്‍തിരിക്കുന്നത്. ബാഹ്യമായി കാണുന്ന കാര്യങ്ങള്‍ മാത്രം സത്യമെന്നു പറയുന്നവരെയാണ് ഭൗതികവാദികള്‍ എന്നു പറയുന്നത്. അവരുടെ എളിയ ബുദ്ധിക്കു വഴങ്ങാത്തതെല്ലാം ഇല്ലാത്തതാണെന്നാണ് വാദം. സാമാന്യമനുഷ്യനു കാണാനും കേള്‍ക്കാനും കഴിയാത്ത അനേകം ്രപതിഭാസങ്ങള്‍ പ്രപഞ്ചത്തിന്റെ നിഗൂഢതയിലുണ്ട്. യന്ത്രസഹായത്തോടെയും മനസിലാക്കാന്‍ കഴിയാത്ത അത്തരം കാര്യങ്ങളറിയാന്‍ സൂക്ഷ്മബുദ്ധി വേണം. സൂക്ഷ്മബുദ്ധിയുടെ അങ്ങേത്തലയ്ക്കല്‍ എത്തിയവരെയാണ് ഭാരതത്തില്‍ ആത്മജ്ഞാനികള്‍ എന്നു പറയുന്നത്.
ഈ ആത്മജ്ഞാനമാര്‍ജിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് ഭഗവദ്ഗീത ചര്‍ച്ച ചെയ്യുന്നത്.
ഏതുതരം അറിവു നേടണമെങ്കിലും കഠിനമായ തപസ്സുചെയ്യണം; അതു ശാസ്ത്രജ്ഞനാണെങ്കിലും സന്യാസിയാണെങ്കിലും. സത്യാന്വേഷണം ആരു നടത്തിയാലും അവരെ സന്യാസിയെന്നോ ശാസ്ത്രജ്ഞനെന്നോ വിളിക്കാം. ആരായാലും അറിവുനേടാന്‍ തപസ്സാണ് ആവശ്യം. തപസ്സെന്നാല്‍ കാട്ടില്‍ പോയി ഇരിക്കലല്ല. മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും ഏകാഗ്രത.
ഏതു വിജയത്തിന്റെയും പ്രധാനപ്പെട്ട ഒരു കാര്യം മനോ നിയന്ത്രണമാണ്. അത് കുടുംബകാര്യമാവാം. രാഷ്ട്രീയം, ഭരണം, ശാസ്ത്രരംഗം തുടങ്ങിയ ഏതു രംഗത്തിന്റെ വിജയവും തരുന്നത് മനോനിയന്ത്രണവും ഏകാഗ്രതയുമാണ്. അതുപക്ഷെ അത്ര എളുപ്പമല്ല. അത് കാറ്റിനെ തടയാന്‍ ശ്രമിക്കുന്നതുപോലെയാണെന്ന് അര്‍ജുനന്‍ പറയുന്നു.
ചഞ്ചലം ഹി മനഃ കൃഷ്ണ
പ്രമാഥി ബലവദ്ദൃഢം
തസ്യാഹം നിഗ്രഹം മന്യേ
വായോരിവ സുദുഷ്‌ക്കരം
ഗീത 6:34
ഇതിനുള്ള പരിഹാരനിര്‍ദ്ദേശമാണ് ഗീതയിലെ ആറാം അധ്യായം ആത്മസംയമയോഗം അഥവാ ധ്യാനയോഗം.
ആധുനിക ലോകത്തെ പുത്തന്‍ തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ മനോ നിയന്ത്രണമില്ലായ്മയാണ്. നിസ്സാരകാര്യങ്ങളില്‍ കുടുംബകലഹം ഉണ്ടാകുന്നു, ബന്ധം പിരിയുന്നു. ജോലിസ്ഥലത്തെ ചെറിയ പിണക്കം ജോലി ഉപേക്ഷിക്കുകയോ രാജിവയ്ക്കുകയോ ചെയ്യുന്ന അവസ്ഥയിലെത്തിക്കുന്നു. അല്‍പ്പമാത്ര പരാജയവും നിരാശയും ആത്മഹത്യയില്‍ ഒടുങ്ങുന്നു. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നവരുടെ നാടായി സാക്ഷരകേരളം അധഃപതിച്ചതിന്റെ കാരണം ഈ കെട്ടഴിഞ്ഞ മനസ്സാണ്. അതിനെ അടക്കുക അത്ര എളുപ്പമൊന്നുമല്ല.
മനോനിയന്ത്രണത്തിന് നിരന്തര പരിശീലനമാണാവശ്യമെന്നു ഭഗവദ്ഗീത പറയുന്നു. അതു ചെയ്യുമ്പോഴും വീണുപോകാം. പക്ഷെ മറ്റു മാര്‍ഗമൊന്നുമില്ല. കടിഞ്ഞാണറ്റ പുതുതലമുറയുടെ മനസ്സിന്റെ ആവേശങ്ങള്‍ക്ക് നിയന്ത്രണമുണ്ടാക്കാന്‍ ഭഗവദ്ഗീതയുടെ മാര്‍ഗദര്‍ശനം വളരെയേറെ വിലപ്പെട്ടതാണ്.
മനസിനെ സംസ്‌കരിക്കുകയും ബുദ്ധിയെ അധീനത്തിലാക്കുകയും വേണം ജീവിതവിജയത്തിന്. ഏതു തൊഴിലും കര്‍മ്മവും വിജയിക്കാന്‍ ചിന്താപരമായ സ്ഥിരത ആവശ്യമാണ്. സ്വസ്ഥമായി ചിന്തിക്കാന്‍ കഴിയാത്തവന് എങ്ങനെ പരീക്ഷയെഴുതാന്‍ കഴിയും; എങ്ങനെ പദ്ധതി ആസൂത്രണം ചെയ്യാന്‍ കഴിയും; എങ്ങനെ പരിപാടി സംഘടിപ്പിക്കാന്‍ കഴിയും, എങ്ങനെ നല്ല ഭരണാധികാരിയാകാന്‍ കഴിയും? സ്ഥിരബുദ്ധി സാമാന്യമനുഷ്യജീവിതത്തിനുപോലും ആവശ്യമാണ്.
കുരുക്ഷേത്രത്തില്‍ അര്‍ജുനന്‍ നേരിടുന്ന ഒരു പ്രശ്‌നം ഇതാണ്. യുദ്ധമല്ല വിഷയം. പടക്കളത്തില്‍ നില്‍ക്കുന്ന ഒരാളെ സംബന്ധിച്ച് യുദ്ധമെന്നാല്‍ വെടിയും പടയുമൊക്കെത്തന്നെയാണ്. അല്ലാത്തവരെ സംബന്ധിച്ച് യുദ്ധമെന്നാല്‍ അവര്‍ നേരിടുന്ന ജീവിതപ്രശ്‌നങ്ങളാണ്. രണ്ടുതരത്തില്‍ ഇതിനെ കൈകാര്യം ചെയ്യാം. ഒന്നുകില്‍ വെല്ലുവിളിയായി ഏറ്റെടുത്ത് നേരിടാം. അല്ലെങ്കില്‍ ഒളിച്ചോടാം. അര്‍ജുനന്‍ ഒളിച്ചോട്ടമാണ് തെരഞ്ഞെടുത്തത്. അതിന് ചില തൊടുന്യായങ്ങള്‍ പറഞ്ഞു എന്നുമാത്രം.
ഇന്ന് നമ്മളില്‍ പലരും ഒൡച്ചോട്ടമാണ് തെരഞ്ഞെടുക്കുന്നത്. അതിന് കപടമായ ന്യായങ്ങള്‍ നിരത്തുന്നു. മതേതരത്വം, അഹിംസ, ആഗ്രഹമില്ലായ്മ, നിസംഗത. ഒക്കെ ഈ ഒളിച്ചോട്ടത്തിന്റെ ഭാഗമാണ്. ശിഥിലമായ ബുദ്ധികളുടെ വ്യാജപ്രസ്താവം മാത്രം. അവരുടെ പ്രതിനിധിയാണ് തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്ന് വലിയ വായില്‍ വര്‍ത്തമാനം പറയുന്ന അര്‍ജുനന്‍.
ജീവിതവിജയം ആഗ്രഹിക്കുന്നവര്‍, അത് ഏതു രംഗത്തായാലും, പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും നേരിട്ടേ പറ്റൂ. അതിനാവശ്യം ശാന്തമായി ചിന്തിക്കാനുള്ള ബുദ്ധിയാണ്. ഇളകുന്ന വെൡച്ചത്തില്‍ ഒന്നും വ്യക്തമായി കാണാന്‍ സാധിക്കില്ല. അതുപോലെയാണ് ഇളകുന്ന ബുദ്ധിയിലും.
ബുദ്ധിയെ സ്ഥിരമാക്കാനുള്ള വഴിയാണ് യോഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനുള്ള എളുപ്പമാര്‍ഗമാണ് കര്‍മ്മയോഗം. ഫലം പരിഗണിക്കാതിതിക്കണമെന്നത് എടുക്കുന്ന തൊഴിലിന്റെ പൂര്‍ണതക്കാണ്. അല്ലാതെ കൂലി വാങ്ങരുതെന്നല്ല. ഇന്ന് വര്‍ഷാവര്‍ഷം നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ പടം പത്രങ്ങളില്‍ വരാറുണ്ട്. പരീക്ഷാഹാളില്‍ ആധിപൂണ്ടിരിക്കുന്ന കുട്ടികള്‍. എല്ലാവരുടെ മുഖവും വേവലാതി പൂണ്ടതാണ്. ഈ പരീക്ഷ ജയിച്ചില്ലെങ്കില്‍, റാങ്കു കിട്ടിയില്ലെങ്കില്‍, ഒന്നാമതെത്തിയില്ലെങ്കില്‍ എല്ലാം അവസാനിച്ചതായി അവര്‍ കരുതുന്നു. പ്രതീക്ഷിച്ചതുപോലെ സംഭവിച്ചില്ലെങ്കില്‍ എല്ലാം അവസാനിപ്പിക്കുകയും ചെയ്യുന്നു. ബുദ്ധിയുടെ ചാഞ്ചല്യം, മനസിന്റെ വികല്‍പം ജീവിതത്തില്‍നിന്നും സന്തോഷം നഷ്ടപ്പെടുത്തുന്നു.
അത്തരം ജീവിതവിജയം നേടിയവരാണ് തങ്ങളുടെ വിജയം, നേട്ടം സമൂഹത്തിനു സമര്‍പ്പിക്കുന്നത്. സമൂഹത്തിനായി ത്യജിക്കുന്നു. പക്ഷേ ഒന്നോര്‍ത്തുകൊള്ളുക, നേടാന്‍ കഴിയുന്നവനേ ത്യജിക്കാന്‍ കഴിയൂ. ഒന്നുമില്ലാത്തവന്‍ എന്തു ത്യജിക്കാന്‍?
നേട്ടം ഉണ്ടാക്കാന്‍ പണിയെടുക്കണം, വിയര്‍ക്കണം. കര്‍മ്മം വിജയിക്കണമെങ്കില്‍ മനസിന്റെ സംസ്‌കരണവും ബുദ്ധിയുടെ സ്ഥിരതയും ആവശ്യം. സാത്വികമനസ്സോടെ, സ്ഥിരബുദ്ധിയോടെ, തപസ്സ് ചെയ്യുമ്പോള്‍ ഫലം വന്നുചേരും. ഓരോ പ്രവൃത്തിയും ഒരു തപസ്സാണ്.
ഭഗവദ്ഗീത പഠിക്കാതിരിക്കുന്നതാണ് ഭാരതത്തിന്റെ അടിമത്ത കാരണം.
ഗീതയനുസരിച്ച് ജീവിക്കാതിരുന്നതാണ് ഉച്ചനീചത്വകാരണം. ഭാരതീയ തത്വചിന്തയുടെ ഈ മഹാസ്രോതസിനെ യുവജനങ്ങളുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച മഹാമനീഷിയുടെ നവതിയാേഘാഷമാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ”ഗീത യുവാക്കള്‍ക്ക്, ഗീത സമൂഹപരിവര്‍ത്തനത്തിന്” എന്ന മുദ്രാവാക്യവുമായി കേരളത്തിന്റെ മുക്കും മൂലയും സഞ്ചരിച്ച പി. പരമേശ്വര്‍ജിയുടെ നവതിയാഘോഷം. മഹാഭാരതമെന്ന പാരാവാരത്തില്‍ മുങ്ങിത്തപ്പി അതില്‍നിന്ന് ഈ അനര്‍ഘ മുത്തിനെ കണ്ടെടുത്ത് ലോകത്തിന് സമര്‍പ്പിച്ച ശ്രീശങ്കരാചാര്യരുടെ ജന്മദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം ഈ ഗീതാവിചാരം വീണ്ടും അവതരിപ്പിക്കുന്നു. ലോകചിന്തകരൊക്കെ ഭഗവദ്ഗീതയെ വാഴ്ത്തിപ്പാടിയിട്ടുണ്ട്.
1856 ല്‍ എമേഴ്‌സണ്‍ എഴുതിയ ‘ബ്രഹ്മ’ എന്ന കവിതയില്‍ ഭഗവദ്ഗീതയുടെ സാരം ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
വിദൂരത്തിലിരിക്കുന്നതും
വിസ്മരിക്കപ്പെട്ടതും
എന്റെ സമീപത്തുതന്നെയുണ്ട്.
നിഴലും വെയിലും എനിക്കൊരുപോലെ
ശങ്കാലുവും ശങ്കയും ഞാനാകുന്നു
പ്രബലരായ ദേവന്മാര്‍
എന്റെ ഇടം പ്രാപിക്കാന്‍ കൊതിക്കുന്നു.
സപ്തര്‍ഷികളും അതിനായി വൃഥാ കൊതി കൊള്ളുന്നു
സൗമ്യനായ നീയാകട്ടെ
എന്നെ കണ്ടെത്തുകയും
സ്വര്‍ഗത്തെ വെടിയുകയും ചെയ്യുന്നു.
ഭഗവദ്ഗീതയുടെ മഹത്വത്തെപ്പറ്റി വിഖ്യാത അമേരിക്കന്‍ ചിന്തകനായ തോറോ പറഞ്ഞതിങ്ങനെ: ”ഏതൊരു ഗ്രന്ഥത്തിന്റെ സൃഷ്ടിയാണോ അനേകം ദിവ്യവത്‌സരങ്ങള്‍ പിന്നിട്ടിരിക്കുന്നത്, ഏതൊന്നുമായി തട്ടിച്ചുനോക്കുമ്പോഴാണോ ആധുനികലോകവും അതിന്റെ സാഹിത്യവും മുരടിച്ചതും കഴമ്പില്ലാത്തതുമായി തോന്നുന്നത്, ആ ഭഗവദ്ഗീതയുടെ അത്യാശ്ചര്യകരവും പ്രചഞ്ചോല്‍പ്പത്തിപരവുമായ തത്വചിന്തയില്‍ ഞാന്‍ എന്റെ ബുദ്ധിയെ പ്രഭാതവേളയില്‍ സ്‌നാനം ചെയ്യിക്കുന്നു.”
ഭക്തന്റെ പ്രാര്‍ത്ഥനയായി ഭഗവദ്ഗീത വായിക്കപ്പെടുന്നു. തത്വചിന്തകന്റെ ദര്‍ശനഗ്രന്ഥമായി ഭഗവദ്ഗീത ചര്‍ച്ച ചെയ്യപ്പെടുന്നു. കര്‍മ്മം ചെയ്യുന്നവരുടെ കൈപ്പുസ്തകമായി ഭഗവദ്ഗീത ശോഭിക്കുന്നു. ഋഷിമാരുടെ ദര്‍ശനമായി ഭഗവദ്ഗീത പരിലസിക്കുന്നു. മുനിയുടെ മൗനമായി ഭഗവദ്ഗീത മനനം ചെയ്യപ്പെടുന്നു. ആ ഭഗവദ്ഗീത കൈചൂണ്ടിയ ഇടത്തേക്ക് നമുക്ക് മുന്നേറാം. ജീവിതവിജയം സുനിശ്ചിതം.


ജന്മഭൂമി

No comments: