ജീവിതത്തിന് പല മാനങ്ങളുണ്ട് – ജനനം, ശൈശവം, ബാല്യം, യൌവ്വനം, വാര്‍ദ്ധക്യം … സ്നേഹവും, സന്തോഷവും, കാരുണ്യവും, അത് പോലെ തന്നെ ദു:ഖവും, ചവര്‍പ്പും, വേദനയും, പിന്നെ വിജയത്തിന്റെ ആഹ്ലാദവും, നഷ്ടങ്ങളെക്കുറിച്ചുള്ള നൈരാശ്യവവും.
ജീവിതത്തിന് പല മാനങ്ങളുണ്ട് – ജനനം, ശൈശവം, ബാല്യം, യൌവ്വനം, വാര്‍ദ്ധക്യം … സ്നേഹവും, സന്തോഷവും, കാരുണ്യവും, അത് പോലെ തന്നെ ദു:ഖവും, ചവര്‍പ്പും, വേദനയും, പിന്നെ വിജയത്തിന്റെ ആഹ്ലാദവും, നഷ്ടങ്ങളെക്കുറിച്ചുള്ള നൈരാശ്യവവും. ഇതൊക്കെ ജീവിതത്തിന്റെ ഭാഗങ്ങളാണ്. സാമാന്യമായൊരു സമചിത്തത പാലിക്കാന്‍ സാധിക്കുന്ന മനസ്സിന് ഇതെല്ലാം അതാതിന്റെ രീതിയില്‍ മനസ്സിലാക്കാനാവും. എന്നാല്‍ ഒരു ജീവിതത്തിന്റെ ഏറ്റവും മുഖ്യമായ സംഗതി അതിന്റെ അവസാനമാണ് – അതായത് മരണം… അതേവര്‍ക്കും അനിവാര്യമാണ്, അത് സാധാരണ മനസ്സിന് മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നല്ല, അതു നമ്മുടെ അറിവിന്റെ പരിധിക്കപ്പുറത്തുള്ളതാണ്.
ജനിച്ചുവോ എങ്കില്‍ മരണവും സുനിശ്ചിതമാണ്. ജീവിതത്തിന്റെ അടിസ്ഥാന രേഖയാണ് മരണം. അതെന്താണ് എന്നറിയുമ്പോഴേ ജീവിതം എന്താണെന്ന് മനസ്സിലാക്കാനാവൂ. ജീവിതം വേണ്ടവിധം കൈകാര്യം ചെയ്യാനും മരണത്തെക്കുറിച്ച് ഒരു സാമാന്യ ധാരണ ഉണ്ടായിരിക്കണം, കാരണം ജീവിതവും, മരണവും രണ്ടല്ല, ഒന്നാണ് – ശ്വാസോച്ഛ്വാസങ്ങള്‍ പോലെ, ഒന്നില്‍നിന്നും മറ്റതിനെ ഇഴ പിരിച്ചെടുക്കാനാവില്ല. മരണത്തെ അഭിമുഖീകരിക്കുമ്പോഴാണ് സാധാരണയായി മനുഷ്യമനസ്സില്‍ ആദ്ധ്യാത്മീയ ചിന്ത ഉയരുന്നത്. അത് നമ്മുടെതന്നെ മരണമാകാം, അല്ലെങ്കില്‍ നമുക്ക് വേണ്ടപ്പെട്ട മറ്റൊരാളുടെതാകാം. മരണം ആസന്നമാണെന്ന ബോദ്ധ്യം വരുമ്പോള്‍ എല്ലാവരും അവനവനോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമാണ് “ഇതിന്റെയൊക്കെ അര്‍ത്ഥമെന്താണ്? ഇതിനപ്പുറമുള്ളതെന്താണ്?
ജീവിതത്തിലെ അനുഭവങ്ങളെ ഒരു യാഥാര്‍ത്ഥ്യമായിക്കണ്ടുകൊണ്ടിരിക്കേ, പൊടുന്നനെ ഒരു നിമിഷത്തില്‍ അതവസാനിക്കുകയാണ് എന്ന് തോന്നിയാല്‍, അത് വിശ്വസിക്കാന്‍ ആര്‍ക്കായാലും ബുദ്ധിമുട്ടുണ്ടാകും. മരണം തൊട്ടുമുമ്പില്‍ വന്നു നില്‍ക്കേ, ആ സമയമാണ് അതിനപ്പുറം എന്തോ ഉണ്ട് എന്നു വിശ്വസിക്കാന്‍ മനസ്സ് തിടുക്കം കൂട്ടുന്നത്. പക്ഷെ ആ വിശ്വാസം എത്രതന്നെ ഉറപ്പിക്കാന്‍ ശ്രമിച്ചാലും അതിനെക്കുറിച്ച് ഒരു അനിശ്ചിതത്വം ബാക്കി നില്ക്കുകതന്നെ ചെയ്യും, കാരണം അനുഭവങ്ങളില്‍നിന്നും ആര്‍ജ്ജിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനസ്സ് പ്രവര്‍ത്തിക്കുന്നത്. മരണത്തെക്കുറിച്ച് മനസ്സിന് കേട്ടറിവല്ലേയുള്ളൂ, നേര് അനുഭവം ഇല്ലല്ലോ!
ജീവിതം മരണം എന്ന് പ്രത്യേക ദിശകളില്ല, എല്ലാം ചേര്‍ന്ന് ഒരു ലീലയാണത്. ജീവിതം സൃഷ്ടിയുടെ സ്രോതസ്സാണ്, പ്രപഞ്ചത്തിന്റെ പശ്ചാത്തലമാണ്.
മാലാഖമാരെക്കുറിച്ചും, സ്വര്‍ഗ്ഗത്തിനെക്കുറിച്ചും നരകത്തിനെക്കുറിച്ചുമൊക്കെ നമ്മള് വേണ്ടുവോളം കേട്ടിട്ടുണ്ട്- മരണാനന്തരം മനുഷ്യന് ഈശ്വരന്റെ മടിത്തട്ടില്‍ ചെന്നിരിക്കുന്നു എന്നൊക്കെ. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ത്തന്നെ പോവുകയല്ലേ ഉചിതം? ഇത്രയും വലിയൊരു ഭാഗ്യം – അത് വെച്ചുനീട്ടുന്നതെന്തിന്?ഞാന്‍ പറഞ്ഞു വരുന്നതെന്തെന്നാല്‍, മരണാനന്തര ജീവിതത്തെക്കുറിച്ച് ആലോചിച്ച് സമയം പാഴാക്കേണ്ടതില്ല, എത്ര ആലോചിച്ചാലും ഒരെത്തും പിടിയും കിട്ടില്ല, കാരണം അത് നിങ്ങളുടെ ചിന്താഗതിയില്‍ ഒതുങ്ങുന്നതല്ല.
മരണത്തെ മനസ്സിലാക്കാന്‍ പ്രജ്ഞയിലൂടെ മാത്രമേ സാദ്ധ്യമാകൂ, അതായത് അതിസൂക്ഷ്മമായ ബോധം. അറിവിന്റെ ഏറ്റവും ഉന്നതമായ തലമാണ് പ്രജ്ഞ. പ്രജ്ഞ, അതുണ്ടെങ്കില്‍ നമ്മുടെ ചുറ്റുമുള്ള ജീവിതത്തെ വേണ്ട രീതിയില്‍ നിരീക്ഷിച്ചാല്‍ തന്നെ മതിയാകും, പല കാര്യങ്ങളും ഗഹനമായി മനസ്സിലാക്കാന്‍. ആ വിഷയത്തിനെക്കുറിച്ചുള്ള വസ്തുതകള്‍ സഭരിക്കാതെ തന്നെ, ഒരുപാട് അതിനെക്കുറിച്ചു പഠിക്കാതെയും ചിന്തിക്കാതെയും തന്നെ നിങ്ങള്‍ക്കതിനെ കുറിച്ചറിയാന്‍ കഴിയും.
ചിന്തിച്ചു നോക്കൂ… ജനിച്ചുവീണപ്പോള്‍ മുതല്‍ നിങ്ങള്‍ ശ്വസിക്കുന്നു. ശ്വാസോച്ഛ്വാസം ചെയ്യാന്‍ ആരാണ് നമ്മളെ പഠിപ്പിച്ചത് – അതിനെപറ്റി നമ്മള് എപ്പോഴെങ്കിലും ചിന്തിച്ചിട്ടെങ്കിലും ഉണ്ടോ? ആ പ്രക്രിയ സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനുപുറകിലുള്ളത് പ്രപഞ്ചസ്രഷ്ടാവിന്റെ വൈഭവമാണ്, അല്ലാതെ നിങ്ങളുടെ ബുദ്ധിയോ മിടുക്കോ അല്ല. നിങ്ങളുടെ ഇടപെടലുകള്‍ കൂടാതെ, അറിവോ അനുവാദമോ കൂടാതെ നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ട്. മനുഷ്യശരീരമെന്ന ഈ മികവുറ്റ, എന്നാല്‍ അത്രയുംതന്നെ സങ്കീര്‍ണമായ ഈ യന്ത്രം നിങ്ങളുടെ ഇഷ്ടത്തിന് ഈശ്വരന് വിട്ടുതന്നിരുന്നുവെങ്കില്‍, നിങ്ങളതിനെ ഏതൊക്കെ തരത്തില്‍ തകിടം മറിക്കുമായിരുന്നു?
മനസ്സിനും അപ്പുറത്താണ് പ്രജ്ഞയുടെ സ്ഥാനം. അതിനെ തൊട്ടറിയാനായാല് ജീവിതത്തിനും മരണത്തിനും ഇടയിലുണ്ടെന്നു കരുതപ്പെടുന്ന അതിര്‍വരമ്പ് നിങ്ങള്‍ക്കു ലംഘിക്കാനാകും. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു അതിര്‍ത്തിരേഖയില്ല. ഈ നിമിഷത്തില്‍തന്നെ നിങ്ങള്‍ ജീവിക്കുന്നുണ്ട്, മരിക്കുന്നുമുണ്ട്. ഒരാള്‍ ഇന്നുണ്ട്, നാളെയില്ല. ജനനം, മരണം, അത് സമൂഹത്തിന്റെ ദൃഷ്ടിയില്മാത്രമാണ്. നമ്മുടെ പരിമിതമായ അറിവും അനുഭവവും അടിസ്ഥാനമാക്കി നമ്മള് എത്തിച്ചേരുന്ന ഒരു നിഗമനമാണ് ജനനവും മരണവും. എന്നാല്‍ പ്രപഞ്ച പശ്ചാത്തലത്തില്‍ ജീവിതവും മരണവുമില്ല, എല്ലാം ഒരു ലീലയാണ്.
എല്ലാം ലീല എന്നുപറയുമ്പോള്‍, എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളതാണ്. ജീവിതത്തില്‍നിന്നും ശൈശവത്തേയും, ബാല്യത്തേയും, കൌമാരത്തേയും, വാര്ദ്ധക്യത്തേയുമൊക്കെ എടുത്തുമാറ്റാന്‍ പറ്റുമോ?എല്ലാം ഒന്നിനോടൊന്നു ചേര്ന്നുകിടക്കുന്നതല്ലേ? ആ അര്‍ത്ഥത്തിലാണ് ജീവന്മരണങ്ങളേയും കാണേണ്ടത്. രണ്ടിനുമിടയില്‍ അതിര്‍വരമ്പിട്ടു കഴിഞ്ഞാല്‍ അത് ലീലയല്ലാതാകും. നിങ്ങള്‍ ഇവിടെയിരിക്കുമ്പോള്‍ ആ മരത്തിനും നിങ്ങള്‍ക്കുമിടയില്‍ ശ്വാസത്തിന്റെ ഒരു കളി നടക്കുന്നുണ്ട്. “ഞാന്‍ എന്റെ രീതിയില്‍ ശ്വസിക്കുന്നു, മരം അതിന്റെ രീതിയില്‍ ശ്വസിച്ചോട്ടെ,” എന്ന് പറഞ്ഞ് നിങ്ങള്‍ക്കൊഴിഞ്ഞു മാറാനാകുമോ? വ്യക്തിയുടേയും സമഷ്ടിയുടേയും കാര്യവും അത് തന്നെയാണ്. ഈ പ്രപഞ്ചത്തെ വ്യക്തിയില്‍നിന്നും മാറ്റിനിര്‍ത്താനാവില്ല. പരമാണുവും (atomic) അനന്തമായ ഈ വിശ്വപ്രകൃതിയും (cosmic) വേറെയല്ല, ഒന്നാണ്. അതുപോലെ തന്നെ, ജീവന്മരണങ്ങളെ വേര്‍തിരിക്കാനാവില്ല. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാത്രമേ ജീവിതവും മരണവും രണ്ടായി കാണപ്പെടുന്നുള്ളൂ, പ്രകൃതിയുടെ കാഴപ്പാടില്‍ രണ്ടും ഒന്നാണ് – ഒരേ കളിയുടെ തുടര്‍ച്ച മാത്രം.
ആരുടെ കാര്യത്തിലായാലും അമരത്വം സ്വാഭാവികമായ ഒരവസ്ഥയാണ്, മരണമാണ് തെറ്റായ ധാരണ, അത് സ്വയം കല്പിച്ചുണ്ടാക്കിയതുമാണ്. മരണം ഉണ്ടോ ഇല്ലയോ, അത് തന്നെ വ്യത്യസ്തമായ കാഴ്ച്ചപ്പാടു മാത്രമാണ്. ഭൌതിക ശരീരത്തെ സംബന്ധിച്ചിടത്തോളം അതിന്റെ അവസാനമാണ്ശരീരത്തിന്റെ നാശം, അത് അനിര്വാര്യവുമാണ്. പക്ഷെ, ഞാനൊരു ശരീരമാണെന്നതിനു പകരം ഞാനൊരു ജീവനാണ് എന്ന ബോധം ഉള്ളിലുറച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ മരണമില്ലാത്തവനായി.
അതുകൊണ്ടാണ് അറിവിന്റെ പരമാവസ്ഥയെ സാക്ഷാത്കാരം എന്നുപറയുന്നത്. അതൊരു സ്ഥാനലബ്ദിയോ ഗുണവിശേഷമൊ അല്ല, യഥാര്‍ത്ഥത്തില്‍ അത് നിങ്ങളില്‍തന്നെ ഉള്ളതാണ് – കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഉണ്ട്, കണ്ടെത്താത്തിടത്തോളം കാലം ഇല്ല. പ്രജ്ഞയുടെ പ്രകാശത്തില്‍ സ്വയം ബോധ്യമാകും ‘താന്‍ ശരീരമല്ല, ജീവനാണ്’ എന്ന്, അതോടെ നിങ്ങള്‍ അമരനായി. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് ബോധിക്കാനാവുന്ന ഒന്നല്ല അമരത്വം. അതിന് പ്രജ്ഞയുടെ വെളിച്ചമുണ്ടായേ തീരൂ.
അമരത്വം സ്വാഭാവികമായ ഒരവസ്ഥയാണ്, മരണമാണ് തെറ്റായ ധാരണ, അത് സ്വയം കല്പിച്ചുണ്ടാക്കിയതുമാണ്.
നിങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നില്ല, അതുകൊണ്ടുമാത്രം അത് നിങ്ങളുടെ കണ്‍വെട്ടത്ത് വരുന്നില്ല. മറ്റു പല തിരക്കുകളില്‍ വ്യാപൃതമായ നിങ്ങളുടെ മനസ്സിന് അതിനെക്കുറിച്ച് ആലോചിക്കാന്‍ സമയമില്ല. ജീവിതത്തേക്കാള്‍ പ്രധാനം അവനവന്റെ ഉദ്ദ്യോഗവും ഭാവിയുമാണ് എന്നായിരിക്കുന്നു ഇപ്പോഴത്തെ സ്ഥിതി. പ്രണയവും കുടുംബജീവിതവും വളരെയധികം ശ്രദ്ധ അര്‍ഹിക്കുന്ന വിഷയങ്ങളാണ്, അയല്‍ക്കാരനുമായോ സഹപ്രവര്‍ത്തകനുമായോ ഉണ്ടാകുന്ന ചെറിയൊരു തര്‍ക്കം പലര്‍ക്കും ജീവന്മരണ പ്രശ്നമാണ്, എന്ത് ധരിക്കണം, എങ്ങനെ ഒരുങ്ങണം എന്നതൊക്കെ ഏറെ ചിന്തിച്ചുറപ്പിക്കേണ്ട വിഷയങ്ങളാണ്. ചില ഉദാഹരണങ്ങള്‍ ഞാന്‍ എടുത്തുപറഞ്ഞു എന്നു മാത്രം. ജീവിതത്തെക്കുറിച്ച് പല തെറ്റായ ധാരണകളും നമ്മള് വച്ചുപുലര്‍ത്തുന്നു, അതുകൊണ്ടുതന്നെ ജീവിതവും അതിന്റെ ശരിയായ മുഖം നമുക്ക് കാട്ടിത്തരാതെ ഒഴിഞ്ഞു മാറുന്നു. വാസ്തവത്തില്‍ ജീവിതം നിങ്ങളെ അകറ്റി നിര്‍ത്തുകയല്ല ചെയ്യുന്നത്, നിങ്ങളാണ് എപ്പോഴും ജീവിതത്തില്‍നിന്നും അകന്നുമാറുന്നത്.
ശരീരവും, മനസ്സും മനുഷ്യന് പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുള്ള ശ്രേഷ്ടമായ രണ്ട് ഉപാധികളാണ്, പക്ഷെ അതു മനസ്സിലാക്കാതെ രണ്ടിനേയും നമ്മള് ദുരുപയോഗം ചെയ്യുന്നു. ജീവിതത്തില്‍ പലപ്പോഴും കയ്പും, വേദനയും നിറഞ്ഞ അനുഭവങ്ങളുണ്ടാകാറുണ്ട്. ജീവിതത്തെ അതിനു കാരണമായി കാണരുത്. സ്വന്തം ശരീരത്തേയും, മനസ്സിനേയും നിങ്ങള്‍ വേണ്ടതുപോലെ ശ്രദ്ധിച്ചില്ല, നിയന്ത്രിച്ചില്ല, അതിന്റെ ഫലമാണ് നിങ്ങള്‍ അനുഭവിക്കുന്നത് – ജീവിതത്തില്‍ ക്ലേശങ്ങളും നഷ്ടങ്ങളുമായി. ജീവിതം ഒരിക്കലും നിങ്ങളുടെ ഒരു തരത്തിലുള്ള ദുരവസ്ഥക്കും കാരണമാകുന്നില്ല. ദുഃഖവും, നഷ്ടവും, വേദനയും നിങ്ങളില്‍നിന്നു തന്നെ നാമ്പെടുക്കുന്നതാണ്. ജീവിതം ആ കാര്യത്തില്‍ തികച്ചും നിരപരാധിയാണ്.
ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നവരോട് എനിക്ക് പറയാനുള്ളത്: അതിന് വിശേഷിച്ച് ഒരര്‍ത്ഥവുമില്ല, അതൊരു മഹാ പ്രതിഭാസമാണ്. ഒരു ചട്ടക്കൂട്ടില്‍ നമുക്കതിനെ ഒതുക്കാനാവില്ല. ഒരു ഗീതയിലോ, ബൈബിളിലോ, ഡിക്ഷ്ണറിയിലോ അതിന്റെ നിര്‍വചനം കണ്ടെത്താനാവില്ല, അതിനെല്ലാം അതീതമായൊരു പ്രതിഭാസമാണ് ജീവിതം. നമ്മുടെ മനസ്സുകൊണ്ട് അതിനെ അളന്നു തിട്ടപ്പെടുത്താനാവില്ല. എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ജീവിതം. ജീവിതം മരണം എന്ന് പ്രത്യേക ദിശകളില്ല, എല്ലാം ചേര്‍ന്ന് ഒരു ലീലയാണത്. ജീവിതം സൃഷ്ടിയുടെ സ്രോതസ്സാണ്, പ്രപഞ്ചത്തിന്റെ പശ്ചാത്തലമാണ്. പ്രത്യേകിച്ച് ഒരു സംഭവമോ പ്രവര്‍ത്തിയോ അല്ല ജീവിതം – അത് പ്രകൃതിതന്നെയാണ്…
മനുഷ്യജന്മം ജന്മജന്മാന്തരങ്ങളുടെ ഫലമായി ലഭിക്കുന്ന അസുലഭമായ ഒരുവസരമാണ്. പരിണാമത്തിന്റെ വഴികളിലൂടെ സഞ്ചരിക്കവേ ഈ മനുഷ്യജന്മത്തിലൂടെ ശ്രേഷ്ഠമായ സുബോധവും, ബുദ്ധിവൈഭവവും നമുക്കു ലഭ്യമായി. അന്നന്നത്തെ നിലനില്പിനുള്ള ജന്മവാസനയെ നിയന്ത്രിച്ച്, അനന്തമായി വികസിക്കാനുള്ള ജിജ്ഞാസയെ ഉണര്‍ത്തി മുന്‍നിരയിലേക്ക് കൊണ്ടുവരുവാനുള്ള ഈ അസുലഭമായ അവസരം പാഴാക്കിക്കളയരുത്. നേരത്തെ സൂചിപ്പിച്ച രണ്ടു ശക്തികളില്‍ ഒന്ന് എപ്പോഴും നിങ്ങളെ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നു, എന്നാല്‍ രണ്ടാമത്തേത്, സുബോധം, അതു നിങ്ങളുടെ ആത്മീയവികസന താല്പര്യങ്ങള്ക്ക് ഊര്‍ജം പകരുന്നു.
ജീവിതത്തിലെ അനുഭവങ്ങളെ ഒരു യാഥാര്‍ത്ഥ്യമായിക്കണ്ടുകൊണ്ടിരിക്കേ, പൊടുന്നനെ ഒരു നിമിഷത്തില്‍ അതവസാനിക്കുകയാണ് എന്ന് തോന്നിയാല്‍, അത് വിശ്വസിക്കാന്‍ ആര്‍ക്കായാലും ബുദ്ധിമുട്ടുണ്ടാകും
യഥാര്‍ത്ഥത്തില്‍ എന്താണ് ജീവിതം, എന്താണ് മരണം? അതറിയാനായി പഠനങ്ങളും പരീക്ഷണങ്ങളും എക്കാലത്തും നടന്നിട്ടുണ്ട്. എന്നാല്‍ ആ രീതിയിലൊന്നും മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു വിഷയമല്ല അത്. ആത്മാനുഭവത്തിലൂടെ മാത്രമേ അതിന്റെ നേരറിയാനാവൂ. പലരും എന്നോട് ചോദിക്കാറുണ്ട്, മരണാനന്തരം എന്ത് സംഭവിക്കുന്നു എന്ന്. സ്വയം അനുഭവിച്ചറിയൂ എന്ന്മാത്രമാണ് എനിക്ക് പറയാനുള്ളത്. അവര്‍ മരിക്കണം എന്നല്ല എന്റെ ഉദ്ദേശ്യം, അവര്‍ ജീവനെ അനുഭവിച്ചറിയണം എന്നതാണ്. സാധാരണ ഗതിയില്‍ എല്ലാവരും അനുഭവിച്ചറിയുന്നത് ശരീരത്തെ മാത്രമാണ്. അങ്ങനെയുള്ളവര്‍ക്ക് ഞാന്‍ പറയുന്നതിന്റെ സാരം പൂര്‍ണമായും ഗ്രഹിക്കാനാവില്ല. നിങ്ങളില്‍ തുടിക്കുന്ന ജീവന്, അതിനെയാണ് ഓരോരുത്തരും തൊട്ടറിയേണ്ടത്. കേവലം ശരീരത്തിന്റേയും മനസ്സിന്റേയും ചുറ്റുവട്ടത്തില്‍ കാലുറപ്പിച്ചിരിക്കുന്ന ഒരാള്‍ അതിനപ്പുറത്തുള്ളതിനെ എങ്ങനെ മനസ്സിലാക്കാന്‍? ജീവിതം, മരണം, അതിനപ്പുറമുള്ളത്, ഇതൊന്നും ഒരു രഹസ്യമല്ല. അതിവിടെയുണ്ട് – ഇപ്പോള്‍ – ഓരോരുത്തരുടെയും തൊട്ടു മുമ്പില്‍ത്തന്നെ!...sadguru
No comments:
Post a Comment