Monday, May 01, 2017

പെരിയാറിന്റെ തീരത്ത് പിറന്ന ശ്രീശങ്കരന്‍ അദ്വൈത ദര്‍ശനം പുനഃസ്ഥാപിച്ച് അമലചരിതനായിത്തീര്‍ന്നു. ശ്രീശങ്കരന്റെ പാത പിന്തുടര്‍ന്ന് ആഗോളതലത്തില്‍ പ്രശസ്തരായ രണ്ട് സന്യാസിശ്രേഷ്ഠന്മാര്‍ പൂര്‍വാശ്രമത്തില്‍ മലയാളികളായിരുന്നു- സ്വാമി രംഗനാഥാനന്ദനും സ്വാമി ചിന്മയാനന്ദനും.
സംസാര സാഗരത്തിന്റെ മറുകരയിലേക്ക് നയിക്കുന്ന വേദാന്തവിജ്ഞാനം. ആ വിജ്ഞാനത്തിന്റെ പ്രചരണോപാധികള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കിയ സന്യാസിശ്രേഷ്ഠനായിരന്നു സ്വാമി ചിന്മയാനന്ദന്‍.
ശ്രീശങ്കരന്‍ തന്റെ ജന്മംകൊണ്ട് ഏത് ദേശത്തെയാണോ ലോകപ്രശസ്തമാക്കിയത്, ആ കേരള ദേശത്തില്‍ ശങ്കരദര്‍ശനത്തിന് എന്ത് പ്രചാരവും പ്രാധാന്യവുമാണ് ലഭിച്ചതെന്ന് ചിന്തിക്കുമ്പോഴേ സ്വാമി ചിന്മയാനന്ദന്റെ പരിവര്‍ത്തനങ്ങളുടെ പ്രസക്തി മനസ്സിലാക്കാനാകൂ. ശ്രീ ശങ്കരദര്‍ശനം അല്‍പ്പമാത്രമെങ്കിലും സമകാലീന മലയാളത്തില്‍ പ്രചരിപ്പിക്കുന്നുവെങ്കില്‍ അതിന് പിന്നില്‍ സ്വാമി ചിന്മയാനന്ദന്‍ എന്ന വേദാന്ത വനസഞ്ചാരിയുടെ പ്രഭാവമുണ്ട്.
സനാതന ധര്‍മ്മപ്രകാരമുള്ള സന്യാസ സമ്പ്രദായത്തെ ദശാനാമി സമ്പ്രദായത്തിലൂടെ സുസജ്ജമാക്കിയ മഹാത്മാവാണ് ശങ്കരാചാര്യസ്വാമികള്‍. ശ്രീശങ്കര ശിഷ്യന്മാരില്‍ സ്ഥാപിതമായതെന്ന് കരുതുന്ന സ്വാമിയാര്‍ മഠങ്ങളുടെ കേന്ദ്രം തൃശ്ശൂരാണെങ്കിലും അവയുടെ ശാഖകള്‍ കേരളത്തിലങ്ങോളമിങ്ങോളം ഉണ്ട്. ‘തത്ത്വത്തില്‍ നാം ശ്രീശങ്കരനെ പിന്തുടരുന്നു’ എന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരുവും അദ്വൈതദര്‍ശനത്തിന്റെ പ്രയോക്താവായിരുന്നു.
ശ്രീശങ്കരന്‍ മുതല്‍ ശ്രീനാരായണഗുരുവരെ നിരവധി സന്യാസിശ്രേഷ്ഠന്മാര്‍ക്ക് ജന്മം നല്‍കിയ നമ്മുടെ നാട് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നു വിശേഷിപ്പിക്കുവാന്‍ വിധം അര്‍ഹമായിട്ടുണ്ടോ?
മറ്റെല്ലാ ദര്‍ശനങ്ങളെയുംപോലെ അദ്വൈതദര്‍ശനവും ആധുനിക കേരളത്തില്‍ ശങ്കിക്കപ്പെട്ടു. പ്രത്യേകിച്ചു വിദ്യാസമ്പന്നരെന്ന് സ്വയം കരുതുന്നവരാല്‍. ഇത്തരക്കാരുടെ സംശയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സ്വാമി ചിന്മയാനന്ദന്‍ പരിശ്രമിച്ചു. അതില്‍ ഒരു പരിധിവരെ അദ്ദേഹം വിജയിക്കുകയും ചെയ്തു. സ്വാമി ചിന്മയാനന്ദന്‍ തന്നെ ഒരിക്കല്‍ പറയുകയുണ്ടായി: ”ഭാരതത്തിന്റെ ഇതര ഭാഗങ്ങളില്‍ സന്യാസിയെ ആദ്യം വിശ്വസിക്കും. പിന്നീടോ, സംശയിക്കും. എന്നാല്‍ കേരളത്തില്‍ സന്യാസിയെ ആദ്യം സംശയിക്കും. പിന്നീട് പരീക്ഷിക്കും. അതില്‍ വിജയിച്ചാലേ വിശ്വസിക്കൂ.”
സന്യാസം ആത്മീയവും സാംസ്‌കാരികവും എന്നതിനുപരി സാമുദായികവും ഭൗതികവുമായി രൂപാന്തരപ്പെട്ടുകൊണ്ടിരുന്ന കാലത്ത് സന്യാസത്തെ കാലോചിതമാക്കാന്‍ ശ്രമിച്ചപ്പോഴും സന്യാസ സമ്പ്രദായത്തെ അവഗണിക്കാത്ത മനീഷിയായിരുന്നു സ്വാമി ചിന്മയാനന്ദന്‍. അദ്ദേഹം, ചട്ടമ്പിസ്വാമികളും രമണമഹര്‍ഷിയും ശിവാനന്ദ സ്വാമികളും സ്വാമി തപോവനവും എല്ലാം പിന്തുടര്‍ന്ന ശ്രീശങ്കര പാതയില്‍നിന്നും സ്വാംശീകരിച്ച് തന്റേതായ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറക്കുകയാണ് ചെയ്തത്.


ജന്മഭൂമി

No comments: