Friday, May 05, 2017

അഗ്നിമീളേ പുരോഹിതം

March 22, 2012
പുരോഹിതനും യജ്ഞത്തിന്റെ ദേവനും ഋതുക്കള്‍ക്ക്‌ കാരണഭൂതനും മഹാദാനിയും രത്നനിര്‍മ്മാതാവും അഗ്രണിയായ നായകനും ഞാന്‍ സ്തുതി ചെയ്യുന്നു.
കല്‍പ്പാരംഭത്തില്‍ മനുഷ്യര്‍ക്കുവേണ്ടി ഋഷിമാരിലൂടെ ഈശ്വരന്‍ അറിയിച്ചുകൊടുത്തതത്രെ വേദങ്ങള്‍. മനുഷ്യന്റെ കര്‍മ്മങ്ങളുടെ അനന്തരഫലമായി താളംതെറ്റുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നിലനിര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും മാനവകുലത്തിന്റെ ഉത്കര്‍ഷത്തിനും വേണ്ടി അപൗരുഷേയമായ വേദമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന യാഗങ്ങുടെ പരമ്പരതന്നെ ഭാരതത്തിലെ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. കാലത്തിന്റെ കുത്തൊഴുക്കില്‍ ഭാരതീയ ആചാരസംഹിതകള്‍ക്ക്‌ ലോപം സംഭവിച്ചുവെങ്കിലും ഭാരതീയതയുടെ ഉണര്‍വിന്റെ ഭാഗമായി മൃതപ്രായമായിരുന്ന ചടങ്ങുകള്‍ കഴിഞ്ഞ രണ്ടരപതിറ്റാണ്ടുകളായി പുനര്‍ജീവിക്കുന്നകാലഘട്ടത്തിലാണ്‌ നാമിപ്പോള്‍.
നൂറ്റിപ്പന്ത്രണ്ട്‌ വര്‍ഷത്തിനിപ്പുറത്ത്‌ ആശ്വലായന ബൗദ്ധായന സംയുക്തമായ ‘പകഴിയം’ സമ്പ്രദായത്തിലുള്ള അതിബൃഹത്തായ വൈദീകചടങ്ങുകളാല്‍ ക്രിയാസമ്പുഷ്ടമായ 12 ദിവസം നീളുന്ന അതിരാത്രമെന്ന മഹായാഗത്തിന്‌ ഇന്ന്‌ മറ്റത്തൂര്‍കുന്നില്‍ ശുഭാരംഭമാകും. പ്രകൃതിയുടെ നിലനില്‍പ്പിനുതന്നെ ആധാരഭൂതമായ സൗരോര്‍ജ്ജത്തിന്റെ ലഭ്യത കണക്കിലെടുത്ത്‌ യജമാനന്റെ അളവിനനുസരിച്ച്‌ ശുല്‍ഭശാസ്ത്രപ്രകാരം പ്രക്രമം എന്ന മുഴക്കോല്‍ കൊണ്ടളന്ന്‌ നിര്‍മ്മിച്ച യാഗഭൂമിയില്‍ 1005 ഇഷ്ടികകള്‍കൊണ്ടു നിര്‍മ്മിക്കുന്ന ശ്വേനചിതിയിലാണ്‌ യാഗത്തിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുക.
നാലായിരം വര്‍ഷത്തെ പഴക്കമുള്ള കൈമുക്ക്‌ മനയിലാണ്‌ യാഗം നടക്കുന്നത്‌. 2006ല്‍ നടന്ന സോമയാഗത്തോടെ അതിരാത്രം നടത്താന്‍ അര്‍ഹതനേടിയ കൈമുക്ക്‌ വൈദികന്‍ രാമന്‍ സോമയാജിപ്പാട്‌ യജമാനനായും പത്നി ആര്യദേവി പത്തനാടി യജമാനപത്നിയായും നിര്‍വഹിക്കപ്പെടുന്ന യാഗത്തിന്റെ വൈദികച്ചടങ്ങുകള്‍ നിര്‍വഹിക്കുന്നത്‌ കൈമുക്ക്‌ വൈദികന്‍ ശ്രീധരന്‍ നമ്പൂതിരിയാണ്‌. ചടങ്ങില്‍ പ്രധാനമായി 17 ഋത്വിക്കുകളാണ്‌ പങ്കെടുക്കുക. അദ്ധ്വരു, ഹോതന്‍, ഉദ്ഗാതാവ്‌, ബ്രഹ്മന്‍, മേല്‍നോട്ടത്തിനായി സദസ്യന്‍ എന്നിവര്‍ക്കു പുറമേ ഋക്‌,സാമ,യജുര്‍ വേദങ്ങളിലായി 51 പേര്‍ക്കൂടി ഋത്വിക്കുകളെ സഹായിക്കാന്‍ ഉണ്ടാകും. ഇന്നു വൈകീട്ട്‌ ആചാര്യന്മാരെ വരിച്ച്‌ ശാലയിലേക്ക്‌ പ്രവേശിച്ച്‌ അരണികടഞ്ഞ്‌ അഗ്നിജ്വലിപ്പിക്കുന്നതോടെ യാഗചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന്‌ 12ദിവസം നീളുന്ന ചടങ്ങുകള്‍ക്കുശേഷം യാഗശാല അഗ്നിക്കുതന്നെ സമര്‍പ്പിക്കുന്നതോടെ പരിസമാപ്തിയാകും.
യാഗത്തിലെ പ്രധാന ഹവിസ്സ്‌ സോമലതയെന്ന ഔഷധച്ചെടിയില്‍നിന്ന്‌ പിഴിഞ്ഞെടുക്കുന്ന സോമരസത്തിനായി സോമലത കഴിഞ്ഞ ദിവസം കൊല്ലങ്കോടുനിന്ന്‌ ഭക്ത്യാദരപൂര്‍വ്വം യാഗശാലയിലെത്തിച്ചു. ഋത്വിക്കുകള്‍ക്ക്‌ വിവിധ ഹോമകര്‍മ്മങ്ങള്‍ക്കായി വ്രതപൂര്‍വ്വം വിവിധ അളവുകളില്‍ നിര്‍മ്മിച്ച മണ്‍പാത്രങ്ങളും മരപ്പാത്രങ്ങളും ദിവസങ്ങള്‍ക്കുമുന്‍പ്‌ യാഗശാലയിലെത്തി. ഒരു വര്‍ഷം മുമ്പുതന്നെ അതിരാത്രത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. തൈക്കാട്‌ വൈദികന്‍ കേശവന്‍ നമ്പൂതിരി, കൈമുക്ക്‌ വൈദികന്‍ ശ്രീധരന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ യാഗ- ഋത്വിക്കുകള്‍ക്കുള്ള പരിശീലനം കൈമുക്കുമനയില്‍ നടന്നുവരികയാണ്‌. കൊടകര ശിവരാമന്‍ ആചാരിയുടെ മുഖ്യനേതൃത്വത്തിലാണ്‌ ഈ യജ്ഞശാല ഒരുക്കിയിരിക്കുന്നത്‌. യാഗത്തിനുവേണ്ട മണ്‍പാത്രങ്ങള്‍, മറ്റു യജ്ഞോപകരണങ്ങള്‍, രണ്ടു കുതിരകള്‍ എന്നിവ എടപ്പാളില്‍നിന്നും യജ്ഞശാലയില്‍ എത്തിക്കഴിഞ്ഞു. വിദേശികളടക്കമുള്ള അഞ്ചുലക്ഷത്തിലേറെപേര്‍ ‘പകഴിയം’ അതിരാത്രം കാണുവാനും മനസിലാക്കുവാനും എത്തുമെന്നാണ്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്‌.
ഒരു നാടിന്‌ ഏറെ പുണ്യം നല്‍കുന്ന ഈ മഹത്തായ യജ്ഞത്തിന്‌ ആതിഥേയത്വം വഹിക്കുന്നത്‌ ഏറെ ശ്രേഷ്ഠപാരമ്പ്യമുള്ള മറ്റത്തൂര്‍കുന്ന്‌ കൈമുക്കുമനയാണ്‌. ചരിത്രപരമായി ഏറെ പ്രാധാന്യമാണ്‌ കൈമുക്ക്‌ മനയ്ക്കുള്ളത്‌. പരശുരാമന്‍ തന്റെ വീരഹത്യദോഷപരിഹാരത്തിനായി വരുണനെ പ്രീതിപ്പെടുത്തി സമുദ്രത്തില്‍ നിന്ന്‌ വീണ്ടെടുത്ത്‌ നല്‍കിയ ഭൂമിയാണ്‌ കേരളം. ആ ഭാര്‍ഗവക്ഷേത്രത്തില്‍ അനേകം ക്ഷേത്രങ്ങളും സ്ഥാപിച്ചിരുന്നു. ഈ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും പൂജാദികര്‍മ്മങ്ങള്‍ക്കുമായി 12 ബ്രാഹ്മണ ശ്രേഷ്ഠന്മാരെകൊണ്ടുവന്നിരുന്നു. ഇതില്‍ത്തന്നെ പ്രധാനം തരണനെല്ലൂരും താഴമണ്‍ പോറ്റിയുമാണ്‌. ഇതോടൊപ്പം വൈദിക കാര്യങ്ങള്‍ക്കും വേദം പഠിപ്പിക്കുന്നതിനുമായി ഏഴ്‌ വൈദിക കുടുംബങ്ങളെയും പാര്‍പ്പിച്ചു. കൈ തിളച്ച നെയ്യില്‍ മുക്കി തപഃശക്തി തെളിയിച്ചതിനാലാണ്‌ കൈമുക്കുമന എന്ന പേര്‌ പിറന്നതെന്നും പറയപ്പെടുന്നു. ഇതുപ്രകാരം പരശുരാമന്‍ ആനയിച്ച്‌ കൊണ്ടുവന്ന ബ്രാഹ്മണര്‍ക്കെല്ലാം ആചാരാനുഷ്ഠാന കര്‍മ്മങ്ങള്‍ നിശ്ചയിക്കുകയും അതിന്റെയെല്ലാം ആഗമപുരോഹിതരായി കൈമുക്ക്‌ വൈദികരെ അവരോധിക്കുകയുമായിരുന്നു.
ഉദ്ദേശം 200 വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌ കൈമുക്ക്‌ മനയില്‍ അവസാനമായി അതിരാത്രം നടന്നത്‌. അന്ന്‌, മഹാനായ നാരായണന്‍ നമ്പൂതിരിയാണ്‌ അതിന്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചത്‌. ഇരിങ്ങാലക്കുട കൂടല്‍മാണിക്യസ്വാമി ഗ്രാമ പരദേവതയും വയലൂരപ്പന്‍ കുടുംബപരദേവതയുമാണ്‌. വൈദികം-പൗരോഹിത്യം-തന്ത്രം-സ്മാര്‍ത്തം തുടങ്ങി നാലിനും പൂര്‍ണ അധികാരമുള്ള മനയാണ്‌ കൈമുക്ക്‌.
ഇനിയുള്ള പന്ത്രണ്ട്‌ നാളുകള്‍ വേദത്തെ അടുത്തറിയാന്‍, യാഗം എന്തെന്ന്‌ മനസിലാക്കാന്‍ ഓരോ നാട്ടിടവഴികളും കടന്ന്‌ ലക്ഷങ്ങള്‍ അതിരാത്ര ഭൂമിയായ മറ്റത്തൂര്‍ കൈമുക്ക്‌ മനയിലെത്തും. ലോകം തന്നെ ഏറെ ആകാംക്ഷയോടെയാണ്‌ 112 വര്‍ഷങ്ങള്‍ക്കുശേഷമുള്ള മഹത്തായ യജ്ഞത്തെ നോക്കികാണുന്നത്‌. തൃശൂരിനെ സംബന്ധിച്ച്‌ കുണ്ടൂര്‍, കുഴൂര്‍, പാഞ്ഞാള്‍ എന്നിവിടങ്ങളില്‍ അതിരാത്രവും തൃശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ സോമയാഗവും നടന്നിരുന്നു. ഇതെല്ലാം ഫലപ്രാപ്തിയിലെത്തി എന്നതും ശ്രദ്ധേയമാണ്‌.
കൃഷ്ണകുമാര്‍ ആമലത്ത്‌


ജന്മഭൂമി

No comments: